ദോശക്കല്ല് തുരുമ്പ് പിടിച്ചോ? എളുപ്പം വൃത്തിയാക്കി ക്രിസ്പി ദോശ ചുടാൻ ഒരു വഴി
Mail This Article
ദോശയുണ്ടാക്കാൻ നോൺസ്റ്റിക് പാനിനെക്കാളും നല്ലത് ദോശക്കല്ലാണ്. പക്ഷേ കടകളിൽനിന്നു വാങ്ങുന്ന ദോശക്കല്ലിൽ ഉടനെ ദോശ ഉണ്ടാക്കാൻ പറ്റില്ല, മാവ് പറ്റിപ്പിടിച്ച് ദോശ ഇളകിവരാൻ പ്രയാസമാണ്. ആ ബുദ്ധിമുട്ട് ഒാർത്തിട്ടാണ് മിക്കവരും നോൺസ്റ്റിക്കിലേക്ക് തിരിയുന്നത്. ദോശക്കല്ല് ഉപയോഗിക്കാതെ വച്ചാൽ പെട്ടെന്നു തുരുമ്പ് പിടിക്കും. പിന്നീട് ദോശ ഇളകി വരാനും പാടാണ്. ചില എളുപ്പവിദ്യകൾ പരീക്ഷിച്ചാൽ ദോശക്കല്ലിൽ നല്ല മയത്തില്‍ ദോശ ചുട്ടെടുക്കാം.
തുരുമ്പ് പിടിച്ച ദോശക്കല്ല് ചെറിയ തീയിൽ വച്ച് ചൂടാക്കാം. അതിലേക്ക് കല്ലുപ്പ് ചേർക്കണം. എന്നിട്ട് ചെറുനാരങ്ങാ മുറിച്ച് ഒരു ഫോർക്കിന്റെ അറ്റത്ത് വച്ച് നല്ലവണ്ണം ഉരച്ച് കൊടുക്കണം. ഉപ്പും നാരാങ്ങാനീരും കല്ലിലെ തുരുമ്പ് ഇളക്കാൻ സഹായകമാണ്. കല്ല് ചൂടായതു കൊണ്ട് കൈ പൊള്ളാതെ നോക്കണം. ശേഷം ഇത്തിരി എണ്ണയും നാരങ്ങാനീരും ചേർത്ത് വീണ്ടും ഇളക്കണം. ശേഷം സ്ക്രബർ കൊണ്ട് നന്നായി ഉരച്ച് കഴുകി എടുക്കണം.
പാത്രം കഴുകുന്ന ഡിഷ്‍വാഷ് കൊണ്ട് നന്നായി ഉരച്ച് കഴുകി എടുക്കാം. ശേഷം ഉണങ്ങിയ തുണികൊണ്ട് നന്നായി തുടയ്ക്കണം. വെള്ളമയം ഉള്ളപ്പോഴാണ് ദോശക്കല്ല് പെട്ടെന്ന് തുരുമ്പ് പിടിക്കുന്നത്. തുടച്ചെടുത്തതിന് ശേഷം വാഴപ്പോള കൊണ്ട് ഉരച്ചെടുക്കാം. കല്ലിൽ തുരുമ്പിന്റെ അഴുക്ക് ഉണ്ടെങ്കിൽ പെട്ടെന്ന് പോകും. വീണ്ടും എണ്ണ പുരട്ടി ഒരുമണിക്കൂറോളം വെയിലത്ത് വയ്ക്കാം. ശേഷം ദോശക്കല്ല് ചൂടാക്കി സവാളയുടെ പകുതി മുറിച്ച് കല്ലിൽ ഉരച്ചിട്ട് മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം. ഒട്ടിപ്പിടിക്കാതെ നല്ല ക്രിസ്പിയായി ദോശ ചുട്ടെടുക്കാം.