നിത അംബാനിയുടെ സൗന്ദര്യത്തിന്റെ രഹസ്യം; ഇതാണ് ആ സ്പെഷൽ ജൂസ്
Mail This Article
വ്യായാമവും അതിനൊപ്പം ചിട്ടയായ ഭക്ഷണവും ഇവ രണ്ടുമുണ്ടെങ്കിൽ പ്രായത്തെ വരെ പിടിച്ചു നിർത്താൻ കഴിയുമെന്ന് തെളിയിച്ച നിരവധി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. ആ കൂട്ടത്തിൽ ഉൾപ്പെട്ട ഒരാളാണ് നിത അംബാനി. പ്രായം അറുപതുകളിലേക്ക് എത്തിയെങ്കിലും തന്റെ ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നതിൽ ജാഗരൂകയാണ് അംബാനി കുടുംബത്തിലെ മരുമകൾ. ഭർത്താവ് മുകേഷ് അംബാനിക്കൊപ്പം ബിസിനസ് രംഗത്തും സജീവമായ നിത കൃത്യമായ ഡയറ്റ് പിന്തുടരുന്നതിനൊപ്പം തന്നെ നൃത്തത്തിനും ഫിറ്റ്നസിനും സമയം കണ്ടെത്താറുണ്ട്.
പച്ചക്കറികൾ കൂടുതലായി ഉൾപ്പെടുത്തിയിട്ടുള്ള ഭക്ഷണക്രമമാണ് നിത അംബാനി പിന്തുടർന്നു പോരുന്നത്. കൂടെ പഴങ്ങളും നട്സും വിത്തുകളും കഴിക്കും. യോഗയും വ്യായാമവും പതിവായി ചെയ്യും. രാവിലെ നടക്കാൻ പോയി വന്നതിനു ശേഷമാണ് പ്രഭാത ഭക്ഷണം കഴിക്കുന്നത്. അതിൽ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഒരു ജൂസ് എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. ബീറ്റ്‌റൂട്ട് കൊണ്ടാണ് ആ ജൂസ് തയാറാക്കുന്നത്. ദിവസവും ഒന്നോ രണ്ടോ തവണ ബീറ്റ്‌റൂട്ട് ജൂസ് കുടിക്കുമെന്നു ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിത അംബാനി വ്യക്തമാക്കിയിരുന്നു.
ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്‌റൂട്ട്. കാലറി കുറവെന്നതിനൊപ്പം നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും ജൂസ് തയാറാക്കി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുള്ള പച്ചക്കറി കൂടിയാണിത്. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും വിളർച്ച പോലുള്ള പ്രശ്‍നങ്ങളെ പ്രതിരോധിക്കാനും ബീറ്റ്‌റൂട്ട് ഉത്തമമാണ്.
പച്ചക്കറികളും സൂപ്പും ഉൾപ്പെടുത്തിയാണ് നിത അംബാനി ഉച്ച ഭക്ഷണം പോഷക സമ്പുഷ്ടമാക്കുന്നത്. സംസ്കരിച്ച ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനൊപ്പം ഇലക്കറികൾ കൂടുതലായി ഉൾപ്പെടുത്തുകയും ചെയ്യും. മധുരവും ഉപ്പും കൂടുതലായി അടങ്ങിയ വിഭവങ്ങളോടു 'നോ' പറയാനും യാതൊരു മടിയും കാണിക്കാറില്ല. അറുപതുകളിലും യുവത്വം കാത്തുസൂക്ഷിക്കുന്നതിനു കുറച്ചു കഷ്ടപ്പെടണമെന്നു ചുരുക്കം.
ഗുണങ്ങളേറെയുണ്ട് ബീറ്റ്റൂട്ടിന്
ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ട്, ബീറ്റ് ഇലകൾ, ജൂസ് എന്നിവ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദം കുറയ്ക്കുകയും വ്യായാമം ചെയ്യുമ്പോൾ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതുൾപ്പെടെ ആരോഗ്യപരമായ പല ഗുണങ്ങളും ഉളളവയാണ്. ബീറ്റ്റൂട്ടിൽ ഉളള ന്യൂട്രേറ്റിന്റെ സ്വാധീനമാണ് ഇതിനു കാരണം. പാചകം ചെയ്തും അച്ചാർ ആയും ഉപയോഗിക്കുന്നു ബീറ്റ്റൂട്ട്. ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജൂസ് ദിവസവും കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കും എന്ന് പഠനം. ഡയറ്ററി നൈട്രേറ്റ് ധാരാളം അടങ്ങിയതാണ് ബീറ്റ്റൂട്ട് ജൂസ്. രക്തസമ്മർദം കുറയ്ക്കാനായി രക്തക്കുഴലുകള്‍ വികസിപ്പിക്കുന്ന സംയുക്തമാണിത്. ബീറ്റ്റൂട്ട് ജൂസിലൂടെ ലഭിക്കുന്ന നൈട്രേറ്റ് സപ്ലിമെന്റ് പേശികളെയും ശാന്തമാക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമായൊരു പച്ചക്കറിയാണിത്. ഇതില്‍ കാലറി വളരെ കുറവാണ്. ഭാരം കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് സ്മൂത്തിയായോ സാലഡിൽ ചേർത്തോ കഴിക്കാവുന്നതാണ്. നിത്യേന ഡയറ്റിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വ്യായമം ചെയ്യുന്നതിനു മുൻപ് 250 മില്ലി ബീറ്റ്റൂട്ട് ജൂസ് കുടിച്ചാൽ ശരീരത്തിലെ രക്തകോശങ്ങൾ ഉത്തേജിക്കപ്പെടുകയും അതുവഴി പ്രവർത്തി ചെയ്യാനുള്ള ഊർജം ലഭിക്കുകയും ചെയ്യുന്നു.