ADVERTISEMENT

മില്ലറ്റ് അഥവാ ചെറു ധാന്യങ്ങൾക്ക് രാജ്യത്തുടനീളം പ്രാധാന്യവും പ്രചാരവും നൽകുക എന്നത് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. മില്ലറ്റ് വിപ്ലവത്തിന് വേഗത കൂടുന്നതിനിടെ ഇതേ മില്ലറ്റുകൾകൊണ്ട് ജി 20 ഉച്ചകോടിയിൽ വരെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് ഒഡീഷയിൽ നിന്നുള്ള ഗോത്ര വംശജയായ ഒരു കർഷക. 30 അപൂർവയിനം മില്ലറ്റുകൾ സംരക്ഷിച്ചാണ് റൈമതി ഖിയുരിയ എന്ന വനിത ജി 20 ഉച്ചകോടിയുടെ ഭാഗമായത്. 

കർഷക കുടുംബത്തിൽ ജനിച്ചതിനാൽ കൃഷിയോടുള്ള താല്പര്യം സഹജമാണ്. സ്കൂളിൽ പോയി പഠിച്ച പാഠങ്ങൾ ഒന്നും ഓർമ്മയില്ലെങ്കിലും മില്ലറ്റുകൾ വളർത്തുന്നതിനെക്കുറിച്ചും അവ സംരക്ഷിക്കുന്നതിനെക്കുറിച്ചും തുടങ്ങി കൃഷിയിടത്തിൽ നിന്നു പഠിച്ച ഒരു കാര്യങ്ങളും റൈമതി മറന്നിട്ടില്ല. നൂറുകണക്കിന് ഇനം നെൽവിത്തുകൾ സംരക്ഷിച്ചതിന് പത്മശ്രീ പുരസ്‌കാരം നേടിയ കമല പൂജാരിയാണ് റൈമതിയുടെ റോൾ മോഡൽ. വിളകളുടെ പരാഗണത്തെക്കുറിച്ചും വിവിധയിനം ധാന്യങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും പരമ്പരാഗത കൃഷി രീതികളെ കുറിച്ചുമൊക്കെ കമലയിൽ നിന്നുതന്നെ റൈമതി നേരിട്ട് പഠിച്ചു. പതിനാറാം വയസ്സിൽ വിവാഹിതയായെങ്കിലും കൃഷിയോടുള്ള അഭിനിവേശം ഇവർ കൈവിട്ടിരുന്നില്ല.

millet-queen
റൈമതി ഖിയുരിയ, Image Credits: X

വീട്ടുജോലികൾക്കിടയിൽ ലഭിക്കുന്ന ഒഴിവ് നേരങ്ങളെല്ലാം തിനകൾ ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി മാറ്റിവച്ചു. ഇന്ന് നാല് ഏക്കർ വരുന്ന പ്രദേശത്ത് മില്ലറ്റുകൾ കൃഷി ചെയ്യുകയാണ് ഈ വനിത. കാലം മാറിയതനുസരിച്ച് കൃഷിയുടെ വിളവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന്  സാങ്കേതികവിദ്യയും ശാസ്ത്രീയ കൃഷിരീതികളും പിന്തുടരുന്നുമുണ്ട്. ഈ കാലയളവിനുള്ളിൽ 72 പരമ്പരാഗത നെല്ലിനങ്ങളും കുന്ദ്ര ബാത്തി മാൻഡിയ, ജസ്ര, ജുവാന, ജാംകോലി തുടങ്ങി മുപ്പതോളം അപൂർവയിനം മില്ലറ്റുകളും റൈമതി സംരക്ഷിച്ചിട്ടുണ്ട്.

ഇഷ്ട മേഖലയിൽ വളരുന്നതിനൊപ്പം തനിക്കു ചുറ്റുമുള്ള സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനാക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും റൈമതി പങ്കാളിയാണ്. ഗ്രാമ പ്രദേശത്തെ ദരിദ്രരായ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിന് സഹായകമായ തരത്തിൽ സാമ്പത്തിക വളർച്ചയ്ക്കുളള പദ്ധതികൾ ആവിഷ്കരിക്കുന്ന എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്. നൂറുകണക്കിന് സ്ത്രീകൾക്ക് പരിശീലനം നൽകാനും റൈമതിക്ക് സാധിച്ചു. ഇതിനുപുറമേ മില്ലറ്റ് കൃഷിയോടുള്ള താല്പര്യം കൈമുതലാക്കി തന്റെ ബ്ലോക്കിലെ  2500 കർഷകരെ മില്ലറ്റ് കൃഷി രീതികൾ  പരിശീലിപ്പിക്കുകയും ചെയ്തു. തങ്ങളുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് മില്ലറ്റുകൾ എന്ന് റൈമതി പറയുന്നു. മില്ലറ്റിൽ നിന്നും പക്കോറ, ലഡു തുടങ്ങിയവ നിർമ്മിക്കുന്ന വനിതാ കർഷകരുടെയും ഉൽപാദക കമ്പനികളുടെയും ഒരു സ്വയം സഹായ സംഘത്തിന് ഇവർ നേതൃത്വവും നൽകുന്നുണ്ട്. 

എന്നാൽ ഇതിലൊന്നും ഒതുങ്ങുന്നതല്ല റൈമതിയുടെ പ്രവർത്തനങ്ങൾ. തന്റെ ഗ്രാമത്തിൽ ഒരു ഫാം സ്കൂൾ ആരംഭിക്കുന്നതിനായി പൂർവികമായി ലഭിച്ച ഭൂമി റൈമതി സംഭാവന ചെയ്തിരുന്നു. ദേശീയ തലത്തിലും ജി ട്വന്റി ഉച്ചകോടിയിലെ പങ്കാളിത്തത്തിലൂടെ രാജ്യാന്തര തലത്തിലും ലഭിച്ച അംഗീകാരങ്ങൾക്ക് പുറമേ നിരവധി തവണ ബെസ്റ്റ് ഫാർമർ പുരസ്കാരവും റൈമതിയെ തേടിയെത്തിയിട്ടുണ്ട്. റൈമതിയുടെ പ്രവർത്തനത്തിന് സംസ്ഥാന തലത്തിൽ 'മില്ലറ്റ് ക്വീൻ' എന്ന പദവിയും ലഭിച്ചു. തന്റെ ഈ നേട്ടങ്ങൾ ഭർതൃ കുടുംബത്തിനും അഭിമാനമാണ് എന്നതാണ് റൈമതിയുടെ ഏറ്റവും വലിയ സന്തോഷം. ലഭിക്കുന്ന ഓരോ ആദരവും അംഗീകാരവും കൂടുതൽ മില്ലറ്റ് ഇനങ്ങൾ സംരക്ഷിക്കാനുള്ള പ്രചോദനമാണ് റൈമതിക്ക് നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com