കോളജ് പഠനകാലത്ത് വീട്ടിൽനിന്നു പുറത്താക്കി, തെരുവിലലഞ്ഞു; നക്ഷത്ര ഇന്ന് ഒരുപാടു പേരുടെ തണൽ
Mail This Article
ഒരു ട്രാൻസ്ജൻഡർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമൂഹത്തിന്റെയും വേണ്ടപ്പെട്ടവരുടെയും അവഗണനയാണ്. മനുഷ്യജീവിയെന്ന പരിഗണന പോലുമില്ലാതെ ഇന്നും അവരിൽ പലരും നാട്ടിൽനിന്നും വീട്ടിൽനിന്നും പോലും തിരസ്കരിക്കപ്പെടുന്നു. ജനിച്ചുവീണ വീട്ടിൽനിന്നും മാതാപിതാക്കളിൽനിന്നും ഒരിറ്റു സ്നേഹം ലഭിക്കാതെ തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്ന എത്രയോ പേർ. നക്ഷത്രയുടെ ജീവിതവും അതിൽനിന്നു വ്യത്യസ്തമല്ല. എന്നാൽ തന്നോടു മുഖം തിരിച്ചവരെ മാറ്റിനിർത്തി തന്നിലേക്ക് അനുകമ്പയോടെ നോക്കിയവരെ ചേർത്തുനിർത്താനാണ് നക്ഷത്ര തീരുമാനിച്ചത്. ആ തീരുമാനമാണ് തന്നെപ്പോലെ തെരുവിൽ ഒറ്റപ്പെട്ടവർക്ക് തലചായ്ക്കാനൊരിടം എന്ന വലിയ സ്വപ്നം. ബെംഗളൂരു സ്വദേശി നക്ഷത്രയെന്ന ട്രാൻസ്ജെൻഡർ ‘നമ്മനെ സുമ്മനേ’ എന്ന എൻജിഒ സ്ഥാപിച്ച് അതിലൂടെ, തനിക്കില്ലാതെ പോയ ഒരു വീട് സൃഷ്ടിക്കുകയാണ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഭിന്നശേഷിക്കാർ, ഭവനരഹിതർ, തെരുവിൽ ഉപേക്ഷിക്കപ്പെട്ട വയോധികർ, അനാഥർ എന്നിവരുൾപ്പെടെ 150 വ്യക്തികൾക്ക് തല ചായ്ക്കാൻ ഇടമൊരുക്കുന്നു. അവർക്കൊപ്പം നക്ഷത്രയും.
നഷ്ടമായ കുടുംബം സൃഷ്ടിക്കുന്ന നക്ഷത്ര
ബെംഗളൂരുവിൽ ജനിച്ചു വളർന്ന നക്ഷത്രയുടെ ബാല്യകാലം തിരസ്‌കരണവും പരിഗണനയ്ക്കായുളള ആഗ്രഹവും കലർന്നതായിരുന്നു. ആൺകുട്ടിയായിട്ടാണ് ജനിച്ചതെങ്കിലും ചെറുപ്രായം മുതൽ നക്ഷത്രയുടെ ഉള്ളിലെ സ്ത്രീത്വം തുടിച്ചുകൊണ്ടിരുന്നു. തന്റെ പ്രായത്തിലുള്ള മറ്റ് ആൺകുട്ടികളിൽനിന്ന് വ്യത്യസ്തത അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ മാതാപിതാക്കളെ അറിയിച്ചു. പക്ഷേ നേരിട്ടത് കൊടിയ അവഗണന മാത്രമായിരുന്നു. വീട്ടിലും സ്കൂളിലുമെല്ലാം കളിയാക്കലുകളും വഴക്കും പീഡനവും. ‘‘എന്റെ സ്‌ത്രൈണ സ്വഭാവം കാരണം ഒരുപാട് പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. അതുമൂലം പലപ്പോഴും എന്റെ യഥാർഥ വ്യക്തിത്വം മറച്ചുവയ്ക്കേണ്ടി വന്നു’’. നക്ഷത്ര ആ കഠിനകാലം വിശദീകരിക്കുന്നു. സ്വന്തം മാതാപിതാക്കൾക്ക് അംഗീകരിക്കാൻ കഴിയാത്ത താൻ എങ്ങനെ മറ്റുള്ളവരിൽനിന്നു സഹാനുഭൂതി പ്രതീക്ഷിക്കുമെന്നാണ് നക്ഷത്ര പറയുന്നത്. ഇന്ന് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും സാമൂഹിക പ്രവർത്തകയുമായ നക്ഷത്ര ജീവിതത്തിന്റെ നല്ല നാളുകളിലുടനീളം ആഗ്രഹിച്ചത് സ്വീകാര്യതയും സ്‌നേഹവും മാത്രമായിരുന്നു.
‘‘ഞാൻ ഞാനാകാൻ ശ്രമിക്കുമ്പോഴെല്ലാം വിധിയെ ഭയന്ന് യഥാർഥ സ്വത്വത്തെ അടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ വികാരങ്ങളെ അടിച്ചമർത്താൻ പരിമിതമായ സമയത്തേക്ക് മാത്രമേ കഴിയൂ; യഥാർഥ വ്യക്തി എപ്പോഴും പുറത്തുവരാൻ ശ്രമിച്ചുകൊണ്ടേയിരിക്കും, അതാണ് എന്റെ കാര്യത്തിലും സംഭവിച്ചത്.
മകൻ ഒരു ട്രാൻസ് വ്യക്തിയാണെന്ന് അംഗീകരിക്കാൻ കഴിയാതെ, അച്ഛൻ ബോർഡിങ് സ്കൂളിലേക്ക് അയച്ചു. എന്നാലത് എന്റെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി. ഒരു കുട്ടിക്ക് ഏറ്റവും അത്യാവശ്യം മാതാപിതാക്കളുടെ സ്നേഹമാണ്, എനിക്ക് അതു ലഭിച്ചില്ല.
ഇനി ഒറ്റയ്ക്കാണെന്ന തിരിച്ചറിവു വന്നതോടെ ഞാൻ കൂടുതൽ ശക്തയാകാൻ ശ്രമിച്ചു. ആ സമയത്താണ് എന്നെപ്പോലുള്ള ആളുകൾക്ക് ഒരു വീട് ഉണ്ടാക്കണമെന്ന് തീരുമാനിച്ചത്. ‘എന്നെപ്പോലുള്ള ആളുകൾ’ എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് പോകാൻ വീടില്ലാത്തവരെയാണ്. തുംകൂരിലെ കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിനു പഠിക്കുന്ന സമയത്താണ് എന്നെ വീട്ടിൽനിന്നു പുറത്താക്കിയത്. പോകാൻ ഒരിടമില്ലാതെ മാസങ്ങളോളം തെരുവിൽ താമസിച്ചു. ഒരുനേരത്തെ ഭക്ഷണത്തിനായി കൂലിപ്പണികൾ ചെയ്തു. തെരുവിലെ ജീവിതം എത്ര ബുദ്ധിമുട്ടാണെന്ന് അന്നു മനസ്സിലാക്കിയതാണ്. അതുകൊണ്ടാണ് അങ്ങനെയുള്ളവർക്കു തണലൊരുക്കണമെന്ന ചിന്ത തോന്നിത്തുടങ്ങിയത്’’.
എല്ലാവർക്കും വീട്
തെരുവിൽ കഴിഞ്ഞ കാലത്ത് നക്ഷത്ര ഒരു എൻജിഒയിൽ ചേർന്നിരുന്നു. അവിടെനിന്നു സമ്പാദിച്ച പണം ഉപയോഗിച്ചാണ് എല്ലാവർക്കുമായി ഒരു ഷെൽട്ടർ ഹോം തുറക്കാൻ പദ്ധതിയിടുന്നത്. സ്വന്തം സമ്പാദ്യത്തിന്റെയും ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിലെ ചില അംഗങ്ങളുടെയും സഹായത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഷെൽട്ടർ ഹോമിനുള്ള സ്ഥലം കണ്ടെത്തുന്നതും വെല്ലുവിളിയായിരുന്നു. ‘‘ഞാനൊരു ട്രാൻസ്ജെൻഡർ ആയതിനാൽ സ്ഥലം തരാൻ പലരും മടിച്ചു. മാസങ്ങളോളം തിരഞ്ഞതിനു ശേഷമാണ് നഗരത്തിൽ ഒരു സ്ഥലം കണ്ടെത്തിയത്’’. നക്ഷത്രയുടെ എൻജിഒ പ്രവർത്തനം 2018 ൽ ആരംഭിച്ചെങ്കിലും ഔദ്യോഗികമായി റജിസ്റ്റർ ചെയ്തത് 2020 ലാണ്. അങ്ങനെയാണ് ‘നമ്മനെ സുമ്മനേ’ എന്ന സ്വപ്നം യാഥാർഥ്യമായത്. 10 പേരുമായി തുടങ്ങിയ പാർപ്പിടം ഇന്ന് വ്യത്യസ്ത ജാതികളിലും മതങ്ങളിലുമുള്ള 150 പേരുടെ ഒരു വലിയ കുടുംബമാണ്. ഏകദേശം 100 വോളണ്ടിയർമാരുണ്ട് ഈ എൻജിഒയിൽ. ‘‘നമ്മനെ സുമ്മനെ എന്റെ വീടാണ്, താമസിക്കാൻ ഒരിടമില്ലാത്തവർക്ക് ആശ്രയം’’. നക്ഷത്രയുടെ വാക്കുകളിലെ തിളക്കം അവരുടെ നിശ്ചയദാർഢ്യത്തിന്റേതാണ്; അവർ താണ്ടിയ അവഗണനയുടേയും പരിഹാസങ്ങളുടേയും വഴിയിലെ വെളിച്ചം.