നേട്ടങ്ങൾ 7 കൂറുകാർക്ക്; മാർച്ച് മാസം നിങ്ങൾക്കെങ്ങനെ? സമ്പൂർണ മാസഫലം
Mail This Article
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ഒരുപാട് നല്ല കാര്യങ്ങൾ നടക്കാൻ സാധ്യതയുള്ള ഒരു മാസമാണ് ഇത്. എന്നാൽ ചില ദിവസങ്ങളിൽ തടസ്സങ്ങളും പ്രതിബന്ധങ്ങളും മനഃക്ലേശവും ഒക്കെ ഉണ്ടാകാനും ഇടയുണ്ട്. ഉപരിപഠനത്തിന് യോഗം കാണുന്നുണ്ട്. പല യാത്രകളും നടത്തേണ്ടതായി വരും. ചെലവുകൾ വർധിക്കും. കുടുംബ ജീവിതം സന്തോഷകരമായി തുടരും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. കാർഷിക ആദായം വർധിക്കും.
ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): കാലം അനുകൂലമായി വരുന്നത് അനുഭവപ്പെടും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. സൈനികർക്ക് അംഗീകാരങ്ങളും ബഹുമതികളും നേടാനാകും. തൊഴിൽ മാറാൻ ഉദ്ദേശിക്കുന്നവർക്ക് അതിനുള്ള സാധ്യതകളും തെളിയുന്ന താണ്. ബന്ധുക്കളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാൻ ഇടയുണ്ട്. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി): സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണിത്. പുതിയ ജോലിയിൽ പ്രവേശിക്കാൻ കഴിയും. നേരത്തെ തീരുമാനിച്ചിരുന്ന യാത്രകൾ മാറ്റി വയ്ക്കേണ്ടി വരും. അവിവാഹിതരുടെ വിവാഹം നടക്കും. പൂർവിക സ്വത്ത് കൈവശം വന്നുചേരും. ശത്രുക്കളെ കരുതി ഇരിക്കുക. രോഗങ്ങൾ പിടിപെടാനും ഇടയുണ്ട്. കടം കൊടുത്ത പണം മടക്കി കിട്ടും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റത്തിന് ഇടയുണ്ട്.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഒരുപാട് തടസ്സങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു കാലമാണിത്. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നെല്ലാം വിട്ടു നിൽക്കണം. അഗ്നിയിൽ നിന്നോ ആയുധങ്ങളിൽ നിന്നോ ബുദ്ധിമുട്ടുകൾ ഉണ്ടാവാതെ സൂക്ഷിക്കുക. സ്വന്തമായി ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം വിജയം വരിക്കാൻ കഴിയും പുതിയ ഒരു കാര്യവും തുടങ്ങാൻ അനുകൂലമായ സമയമല്ല. കോടതി കാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ടെസ്റ്റുകളിലും ഇൻറർവ്യൂകളിലും വിജയിക്കും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. മുൻകാല പ്രാബല്യത്തോടെയുള്ള ചില ആനുകൂല്യങ്ങൾ ലഭിക്കും. പങ്കാളിയുമായി ചില തർക്കങ്ങൾ ഉണ്ടാകാം. പുതിയ വീട്ടിലേക്ക് താമസം മാറും. ഈശ്വരാധീനം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കും.
കന്നി (ഉത്രം അവസാന മുക്കാ ൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ദൈവാധീനം കുറഞ്ഞ കാലമാണ്. നിയമം കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. ആഭരണങ്ങളും അലങ്കാരവസ്തുക്കളും സമ്മാനമായി ലഭിക്കും. രോഗങ്ങൾ പിടിപെടാതെ സൂക്ഷിക്കുക. വസ്തു ഇടപാടുകൾ ലാഭകരമായി തീരും. അവിവാഹിതരുടെ വിവാഹം നടക്കും. എതിരാളികളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാകും.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): പൊതുവേ ദൈവാധീനമുള്ള കാലമാണിത്. സൽക്കാരങ്ങളിലും മംഗളകർമങ്ങളിലും പങ്കെടുക്കാൻ ഇടയുണ്ട്. അവിവാഹിതരുടെ വിവാഹം നടക്കും. പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കുന്ന സമയമാണ്. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമായി മാറും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. തീർഥയാത്ര നടത്താൻ കഴിയും. പുതിയ സംരംഭങ്ങൾ വിജയിക്കും.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): പുതിയ പല അവസരങ്ങളും വന്നുചേരും. നിർത്തിവെച്ചിരുന്ന ബിസിനസുകൾ പുനരാരംഭിക്കും. ഉന്നത വ്യക്തികളുടെ സഹായം കൊണ്ട് നേട്ടം ഉണ്ടാകും. ദാമ്പത്യജീവിതം ഊഷ്മളമായി തീരും. ഭൂമി ക്രയവിക്രയം ചെയ്ത് ലാഭം ഉണ്ടാക്കും. പഠനം തുടരാൻ സാധിക്കും. വീട്ടിൽ ഒരു മംഗളകർമം നടക്കും. വിദേശയാത്രയ്ക്ക് അവസരം തെളിയും. ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): വാഹനം മാറ്റി പുതിയത് വാങ്ങും. പുതിയ ബിസിനസ് തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുങ്ങും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത ഉണ്ട്. വിദേശ ഉദ്യോഗത്തിന് ശ്രമിക്കുന്നവർക്ക് അത് ലഭിക്കാൻ ഇടയുണ്ട്. അമ്മയുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. മാസത്തിന്റെ ആരംഭത്തിൽ തന്നെ ചില സന്തോഷ വാർത്തകൾ എത്തിച്ചേരും.
മകരം (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി): എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. പുതിയ വീട് സ്വന്തമാക്കും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. വാക്ക് തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതെ സൂക്ഷിക്കുക. സാമ്പത്തിക ബാധ്യതകൾക്ക് പരിഹാരം ഉണ്ടാകും. പണയം വെച്ച ഉരുപ്പടികൾ തിരിച്ചെടുക്കാൻ കഴിയും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക.
കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ച തയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം): തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണ്. സാമ്പത്തിക സ്ഥിതി ഭദ്രമായി തുടരും. കുടുംബജീവിതം ഊഷ്മളമാകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക .പ്രായം ചെന്നവർക്ക് രക്തസമ്മർദം വർധിക്കാൻ ഇടയുണ്ട്. പല കാര്യങ്ങൾക്കും ചെറിയ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അതെല്ലാം തരണം ചെയ്ത് മുന്നോട്ടു പോകാൻ സാധിക്കും. വീട് നിർമാണം ആരംഭിക്കും. അകന്നു കഴിഞ്ഞവർ തമ്മിൽ ഒന്നിക്കും.
മീനം (പൂരുരുട്ടാതി അവസാന കാൽ ഭാഗം,ഉത്രട്ടാതി, രേവതി): സാമ്പത്തികമായി വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണ്. കുടുംബജീവിതം സന്തോഷകരമാകും. വിദേശ പര്യടനത്തിന് അവസരം തെളിയും. സ്തംഭിച്ചു നിൽക്കുന്ന നിലയിൽ നിന്ന് മുന്നോട്ടു പോകാനുള്ള വഴി തെളിയും. ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. അലസത ഒഴിവാക്കി പ്രവർത്തിക്കാൻ ശ്രദ്ധിക്കുക. മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരങ്ങൾ ലഭിക്കും. സാഹിത്യകാരന്മാർക്ക് അനുകൂലമായ സമയമാണ്.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337