ADVERTISEMENT

എൽനിനോ പ്രതിഭാസം ജൂൺ മാസത്തോടെ അവസാനിക്കുമെന്നും രാജ്യത്ത് ഇത്തവണ മൺസൂൺ കൂടുതൽ ലഭിക്കുമെന്നും ആഗോള കാലാവസ്ഥാ ഏജൻസികൾ പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇപ്പോഴൊന്നും പറയാനായിട്ടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറയുന്നത്. രാജ്യത്തിന്റെ മൊത്തത്തിലുള്ള കാലാവസ്ഥാ മാറ്റത്തിന്റെ ഏകദേശ രൂപമാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. കേരളത്തിന്റെ കാര്യത്തിൽ ഇത് വ്യത്യസ്തമായിരിക്കുമെന്ന് അദ്ദേഹം ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു.

ഫെബ്രുവരി ആയതേയുള്ളൂ. ഇപ്പോൾ തന്നെ മൺസൂണിനെക്കുറിച്ച് പറയാനാകില്ല. പുറത്തുവന്ന റിപ്പോർട്ട് ഒരു പ്രാഥമിക സൂചന മാത്രമാണ്. കഴിഞ്ഞ വർഷവും കാലവർഷം ശക്തമാകുമെന്ന് പറഞ്ഞിരുന്നു. ഒടുവിൽ ജൂൺ ആയപ്പോഴേക്കും ബിപർജോയ് ചുഴലിക്കാറ്റ് എത്തുകയും കാലവർഷത്തെ വഴിതിരിച്ചുവിടുകയും ചെയ്തു.

കനത്ത വെയിലത്ത് പത്തനംതിട്ട സെൻട്രൽ ജംക്‌ഷനിലൂടെ കുടയുമായി നീങ്ങുന്നവർ. (File Photo: Nikhilraj P / Manorama)
കനത്ത വെയിലത്ത് പത്തനംതിട്ട സെൻട്രൽ ജംക്‌ഷനിലൂടെ കുടയുമായി നീങ്ങുന്നവർ. (File Photo: Nikhilraj P / Manorama)

സമുദ്രത്തിൽ സ്പ്രിങ് ബാരിയർ എന്ന പ്രതിഭാസം നിലനിൽക്കുന്നുണ്ട്. വേനലും മഴയും പ്രവചിക്കുന്നതുപോലെ സമുദ്രത്തിന്റെ താപനിലയെക്കുറിച്ച് ഇപ്പോൾ തന്നെ പറയാനാകില്ല. എല്ലായ്പ്പോഴും ഏപ്രിൽ അവസാനമാകുമ്പോൾ സമുദ്രത്തിൽ അസാധാരണ മാറ്റം ഉണ്ടാകാറുണ്ട്. അതുകൊണ്ട് മെയ് മാസം ആവുമ്പോൾ മാത്രമേ എൽനിനോ കുറയുമോ, ലാ നിനയ്ക്ക് സാധ്യതയുണ്ടോ എന്നെല്ലാം പറയാനാകൂ.

നിലവിൽ എൽനിനോ ശക്തമായി തന്നെയുണ്ട്. അതിനാൽ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ കേരളത്തിൽ കനത്ത ചൂടായിരിക്കുമെന്ന് കരുതുന്നു. ഈ വേനൽക്കാലം എങ്ങനെ തരണം ചെയ്യണമെന്നതിലാണ് നാം ശ്രദ്ധ പുലർത്തേണ്ടത്. കുംഭത്തിൽ മഴ പെയ്യാനുള്ള സാധ്യത നിലവിൽ കാണുന്നില്ല.– രാജീവൻ എരിക്കുളം പറഞ്ഞു.

Image Credit: Pratyush Jena/ Istock
Image Credit: Pratyush Jena/ Istock

∙ എന്താണ് സ്പ്രിങ് പ്രെഡിക്ടബിലിറ്റി ബാരിയർ?

മഞ്ഞുകാലത്തിൽനിന്ന് വസന്തകാലത്തിലേക്ക് മാറുന്ന സമയത്ത് കാലാവസ്ഥാ പ്രവചനം ദുഷ്കരമായി മാറുന്ന അവസ്ഥയെ ഗവേഷകർ വിളിക്കുന്ന പേരാണ് ‘ദ് സ്പ്രിങ് പ്രെഡിക്ടബിലിറ്റി ബാരിയർ’. അന്തരീക്ഷം, ‌കര, സമുദ്ര ഭാഗങ്ങൾ തമ്മിലുള്ള വിനിമയത്തിലുണ്ടാകുന്ന സങ്കീർണതകളാണ് ഇതിലേക്കു നയിക്കുന്നത്. ഉദാഹരണത്തിന്, വസന്തകാലം അടുത്തയാഴ്ച വരുമെന്നുള്ള കാലാവസ്ഥാ പ്രവചനം നോക്കി കാര്യങ്ങൾ പ്ലാൻ ചെയ്താല്‍ ‘സ്പ്രിങ് പ്രെഡിക്ടബിലിറ്റി ബാരിയറു’ള്ള സാഹചര്യത്തിൽ എല്ലാം മാറിമറിയും. നമ്മൾ കരുതുന്നതു പോലെ ആവില്ല കാലാവസ്ഥയിലെ മാറ്റം. അന്തരീക്ഷത്തിലെ കാറ്റിന്റെ ഗതി മാറുന്നത്, മഞ്ഞുരുകുന്നത്, പുതിയ ചെടികൾ വളർന്നു തുടങ്ങുന്നത്, സമുദ്രോപരിതലത്തിലെ താപനിലയിലുണ്ടാകുന്ന മാറ്റം ഇതെല്ലാം കാലാവസ്ഥയെ ബാധിക്കും. ഇതാണ് കാലാവസ്ഥാ പ്രവചനം ദുഷ്കരമാക്കുന്നത്. ഇതൊരു പ്രത്യേക പ്രതിഭാസമല്ല, മറിച്ച് കാലാവസ്ഥാ പ്രവചനം ബുദ്ധിമുട്ടേറിയതാക്കുന്ന അവസ്ഥയ്ക്കു ഗവേഷകർ നൽകിയ വിശേഷണമാണ്.

വേനൽക്കാല മുന്നൊരുക്കം; പൊതുജന നിർദേശങ്ങൾ

വരുന്ന വേനൽക്കാലത്ത് ജലദൗർലഭ്യം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് ഗാർഹികവും വൈയക്തികവുമായ ജലവിനിയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. ഇവ രണ്ടും സംബന്ധിച്ച് പൊതുജനങ്ങൾക്കായുള്ള ചില നിർദേശങ്ങൾ ചുവടെ ചേർക്കുന്നു. 

Phot Credit: istockphoto/Umesh Negi
Phot Credit: istockphoto/Umesh Negi

ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ:
1. വീടുകളിലെ വാഷ് ബേസിനുകൾ, ടോയ്‌ലറ്റുകൾ, മറ്റ് പൈപ്പുകൾ എന്നിവയിൽ ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തുക
2. കുളിമുറികളിൽ ഷവർ ഒഴിവാക്കി ബക്കറ്റും കപ്പും ഉപയോഗിക്കുക. കുളിക്കാൻ പരിമിതമായ അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക 
3. പല്ലുതേക്കുമ്പോഴും താടി വടിക്കുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് തുറന്നിടാതെ കപ്പിൽ വെള്ളമെടുത്ത് ഉപയോഗിക്കുക 
4. ഫ്ലഷ് ടാങ്കുകൾ ഉപയോഗിക്കുമ്പോൾ നിയന്ത്രിതമായ അളവിൽ ആവശ്യത്തിന് മാത്രം വെള്ളം ഫ്ലഷ് ചെയ്യുക 
5. സോപ്പ്, ഷാംപൂ എന്നിവ ഉപയോഗിക്കുമ്പോൾ അനാവശ്യമായി വെള്ളം തുറന്നുവിടാതിരിക്കുക 
6. തുണി അലക്കുമ്പോഴും അടുക്കളയിൽ പാത്രങ്ങൾ കഴുകുമ്പോഴും പൈപ്പുകൾ തുറന്നിടാതിരിക്കുക  
7. വാഷിങ് മെഷീൻ ഉപയോഗിക്കുമ്പോൾ അനുവദിനീയമായ പരമാവധി അളവിൽ വസ്ത്രങ്ങൾ നിറച്ച് മാത്രം ഉപയോഗിക്കുക 
8. പഴങ്ങളും പച്ചക്കറികളും കഴുകുമ്പോൾ പൈപ്പ് തുറന്നിട്ട് കഴുകുന്നതിന് പകരം ഒരു പാത്രത്തിൽ വെള്ളമെടുത്ത് കഴുകുക. ഈ വെള്ളം ചെടികളും അടുക്കളത്തോട്ടവും നനക്കുവാൻ ഉപയോഗിക്കുക
9. ചെടികൾ നനക്കുന്നത് രാവിലെയോ സന്ധ്യാ സമയത്തോ  മാത്രമാക്കുക. കടുത്ത വെയിലിൽ ചെടികൾ നനക്കുന്നത് നനച്ച വെള്ളത്തിന്റെ ഭൂരിഭാഗവും ആവിയായി പോകാൻ കാരണമാകും 
10. വാഹനങ്ങൾ കഴുകുന്നത് അത്യാവശ്യത്തിന് മാത്രം ആക്കുക. കഴുകുമ്പോൾ ഹോസ് ഉപയോഗിക്കാതെ ബക്കറ്റിൽ വെള്ളം നിറച്ച് കഴുകുക
11. തുള്ളിനന, ചകിരി ട്രഞ്ച്, മൾച്ചിങ് രീതി, സ്പ്രിംഗ്ലർ, തിരിനന തുടങ്ങി ജല ഉപയോഗം കുറയ്ക്കുന്ന ശാസ്ത്രീയമായ ജലസേചനരീതികളിലൂടെ കൃഷിക്ക് ആവശ്യമായ വെള്ളം കാര്യക്ഷമമായി ഉപയോഗിക്കുക

അഗ്നിബാധ തടയുന്നതിനുള്ള നിർദേശങ്ങൾ

1. വീടുകളിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തുക
2. ശക്തമായ കാറ്റുള്ള സമയത്ത് തീ ഇടുവാൻ പാടില്ല 
3. തീ പൂർണമായും അണഞ്ഞു എന്നുറപ്പുവരുത്തിയതിനുശേഷം മാത്രമേ സ്ഥലത്തുനിന്നും മാറാൻ പാടുള്ളൂ. ആവശ്യമെങ്കിൽ വെള്ളം നനച്ച് കനൽ കെടുത്തുക
4. തീ പടരാൻ സാധ്യതയുള്ളവയുടെ സമീപം വച്ച് ചപ്പുചവറുകൾ കത്തിക്കാതിരിക്കുക  
5. രാത്രിയിൽ തീയിടാതിരിക്കുക 
6. വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക
7. പറമ്പുകളിലെ ഉണങ്ങിയ പുല്ലുകൾ, കുറ്റിച്ചെടികൾ എന്നിവ വേനൽ കടുക്കുന്നതിന് മുൻപ് വെട്ടി വൃത്തിയാക്കുക
8. ഉണങ്ങിയ പുല്ലുകളോ കരിയില നിറഞ്ഞ ഭാഗമോ വീടിനോട് ചേർന്ന് വരുന്നില്ല എന്ന് ഉറപ്പുവരുത്തുക
9. സിഗരറ്റുകുറ്റികൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക
10. തീ പടരുന്നത് ശ്രദ്ധയിൽ പെട്ടാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറുക
11. ശാരീരിക ക്ഷമതയും പ്രാപ്തിയുമുള്ളവർ സമീപത്തുണ്ടെങ്കിൽ മരച്ചില്ലകൾ കൊണ്ട് അടിച്ചും, വെള്ളമൊഴിച്ചും തീ കെടുത്താൻ ശ്രമിക്കുക 
12. സഹായം ആവശ്യമെങ്കിൽ എത്രയും പെട്ടെന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുക
13. ഫയർ സ്റ്റേഷനിൽ വിളിക്കുമ്പോൾ തീപിടിച്ച സ്ഥലത്തേക്ക് എത്തിച്ചേരേണ്ട വഴിയും വിളിച്ചാൽ കിട്ടുന്ന മൊബൈൽ നമ്പറുകളും കൃത്യമായി കൈമാറുക
14. മുതിർന്ന കുട്ടികൾ ഉൾപ്പെടെ വീട്ടിൽ ഉള്ളവർക്കെല്ലാം എമർജൻസി നമ്പറുകളായ 101 (ഫയർ ഫോഴ്സ്), 112 (പൊലീസ്) എന്നിവ പറഞ്ഞുകൊടുക്കുക 
15. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വനത്തിലേക്ക് പോകുന്ന വിനോദസഞ്ചാരികളും പ്രത്യേക ശ്രദ്ധ ഈ കാര്യങ്ങളിൽ നൽകേണ്ടതുണ്ട്
16. ക്യാംപ് ഫയർ പോലുള്ള പരിപാടികൾ നടത്തുന്നവർ തീ പടരാനുള്ള സാഹചര്യം കർശനമായും ഒഴിവാക്കേണ്ടതാണ്
17. ബോധപൂർവം തീപിടിത്തത്തിന് ഇടവരുത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്

forest-fire-idukki

പകൽസമയം പുറംജോലികളിൽ ഏർപ്പെടുന്നവർക്കുള്ള നിർദേശങ്ങൾ 

• ചൂട് കൂടുതൽ അനുഭവപ്പെടുന്ന പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയം പരമാവധി പുറംജോലികൾ ഒഴിവാക്കുക. തൊഴിൽ വകുപ്പ് ജോലിസമയം പുനഃക്രമീകരിക്കുന്നത് തൊഴിലാളികളും തൊഴിലുടമകളും കർശനമായി പാലിക്കുക.
• പുറംജോലികളിൽ ഏർപ്പെടുന്നവർ നിർജലീകരണം ഒഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുകയും ഇടക്ക് വിശ്രമിക്കുകയും ചെയ്യുക. ജോലി സ്ഥലത്ത് കുടിവെള്ളലഭ്യത തൊഴിലുടമകൾ ഉറപ്പുവരുത്തേണ്ടതാണ്.
• കട്ടികുറഞ്ഞതും അയഞ്ഞതും ഇളം നിറത്തിലുമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ചൂട് കാലത്ത് അഭികാമ്യം. കൈ ഉൾപ്പെടെ പൂർണ്ണമായും മൂടുന്നതരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. 
• സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നതിനായി കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. സൺ ഗ്ലാസ്/ കൂളിംഗ് ഗ്ലാസ് ധരിക്കുന്നത് കണ്ണുകൾക്ക് ചൂടിൽനിന്നും സംരക്ഷണം നൽകും. 
• ചായ, കോഫി, സോഫ്റ്റ് ഡ്രിങ്കുകൾ, മദ്യം എന്നിവ ഉപയോഗിക്കുന്നത് നിർജലീകരണത്തിന് കാരണമാകും. അതിനാൽ ഇവ ഒഴിവാക്കുക.
• കെട്ടിട, റോഡ് നിർമാണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ, കർഷക തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ട്രാഫിക് പൊലീസുകാർ, പോസ്റ്റുമാൻ, ലൈൻമാൻ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇ കോമേഴ്സ് പാർസൽ വിതരണക്കാർ, കളക്ഷൻ ഏജന്റുമാർ, സെയിൽസ്/ മാർക്കറ്റിങ് എക്സിക്യുട്ടീവ്, മാധ്യമ പ്രവർത്തകർ തുടങ്ങി പുറംജോലികളിൽ ഏർപ്പെടുന്ന എല്ലാവരും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്
• ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളികളിലേക്ക് കൂടി ഈ നിർദേശങ്ങൾ പങ്കുവെക്കുക

പൊതുജനങ്ങൾക്ക് അടിയന്തര സഹായത്തിനായി 1077 എന്ന ടോൾഫ്രീ നമ്പറിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലും ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com