ADVERTISEMENT

ലിബിയ എന്ന പേരു കേട്ടാൽത്തന്നെ നമ്മുടെ മനസ്സിലേക്കു വരുന്നത് വരണ്ട ഭൂപ്രദേശമാണ്. മധ്യേഷ്യയോട് ചേർന്നു കിടക്കുന്ന ആഫ്രിക്കൻ രാജ്യമായതിനാൽ ഈ മേഖലയിലെ ഭൗമ സവിശേഷതകളെല്ലാം ലിബിയയിലും കാണാം. ഈ രാജ്യത്തിന്റെ ഭൂരിഭാഗവും വരണ്ട മരുഭൂമിയാണ് എന്നതിനാൽ ഇവിടം നേരിടുന്ന പ്രധാന പ്രശ്നമാണ് ഉയർന്ന ചൂടും കുടിവെള്ള ക്ഷാമവും. എന്നാൽ ലിബിയയിലെ തന്നെ  ഒരു മെഡിറ്ററേനിയൻ തീരദേശ നഗരം നേരിടുന്ന പ്രശ്നം ഇതിനു നേർവിപരീതമാണ്. നിഗൂഢമായ കാരണങ്ങളാൽ ഈ നഗരത്തിലെ ഭൂഗർഭജലത്തിന്റെ അളവ് ഉയരുകയാണ്. അത് ഭൂമിയുടെ പുറത്തേക്ക് ഉറവ പൊട്ടിയൊഴുകി വെള്ളപ്പൊക്കമുണ്ടാകുന്നു.

ലിബിയയുടെ വടക്കു പടിഞ്ഞാറൻ പട്ടണമായ സ്ലിറ്റൻ ആണ് ഇപ്പോൾ ഈ അപൂർവ പ്രതിസന്ധി നേരിടുന്നത്. ഭൂമിക്കടിയിൽനിന്ന് ഉറവയായി പുറത്തേക്കു വരുന്ന ജലം കൊണ്ട് ഇവിടങ്ങളിലെ ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും വ്യാപകമായ നാശം നേരിടുകയാണ്. ഈന്തപ്പനത്തോട്ടങ്ങൾ ഉൾപ്പെടെ നിരവധി വിളകളാണ് ആഴ്ചകളായി നീണ്ടു നിൽക്കുന്ന ഈ വെള്ളപ്പൊക്കത്തിൽ ചീഞ്ഞു തുടങ്ങിയത്. ഇതോടെ മേഖലയിൽ കൊതുകുകളുടെ എണ്ണം വർധിച്ചത് ആരോഗ്യ പ്രതിസന്ധിക്കുള്ള സാധ്യതയും തുറന്നിട്ടുണ്ട്. 

ചെറിയ കുഴിയിൽ വെള്ളം കെട്ടി നിൽക്കുന്നു (Photo by Mahmud Turkia / AFP)
ചെറിയ കുഴിയിൽ വെള്ളം കെട്ടി നിൽക്കുന്നു (Photo by Mahmud Turkia / AFP)

ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിൽനിന്ന് ഏതാണ്ട് 160 കിലോമീറ്റർ അകലെയാണ് സ്ലിറ്റൻ. അപ്രതീക്ഷിതമായ ഈ പാരിസ്ഥിതിക പ്രതിസന്ധിയുടെ കാരണം കണ്ടെത്താനാകാതെ ഉഴലുകയാണ് അധികൃതർ. ഇതിനകം നിരവധി പേർ പ്രദേശം വിട്ട് പലായനം ചെയ്തുകഴിഞ്ഞു. വെള്ളപ്പൊക്കം മൂലം പ്രതിസന്ധിയിലായവരുടെ പുനരധിവാസത്തിനും വ്യക്തമായ മാർഗങ്ങളില്ലാതെ ഇരുട്ടിൽ തപ്പുകയാണ് ലിബിയൻ സർക്കാർ.

കുടിയൊഴിഞ്ഞത് ആയിരത്തോളം പേർ

രണ്ടു മാസം മുൻപാണ് ഈ പ്രതിസന്ധി തുടങ്ങിയത്. പലയിടങ്ങളിൽനിന്ന് വെള്ളം ഉറവപൊട്ടിത്തുടങ്ങി. ആദ്യമൊക്കെ നാട്ടുകാർക്കു കൗതുകമായിരുന്നെങ്കിലും പിന്നീടാണ് സംഭവത്തിന്റെ ഗൗരവം അവർക്കു പിടികിട്ടിയത്. ക്രമേണ വെള്ളത്തിന്റെ അളവ് വർധിക്കുകയും വീടുകളും തോട്ടങ്ങളിലും വെള്ളത്തിലാവുകയും ചെയ്തു. തുടക്കത്തിൽ, ഇത് താൽക്കാലിക പ്രതിഭാസമാണെന്നു കരുതി മോട്ടർ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് അടിച്ച് കളയാൻ ശ്രമിച്ചവരും ഉറവകളുള്ള പ്രദേശത്ത് ലോഡ് കണക്കിന് മണൽ ഇറക്കി ഒഴുക്കു തടയാൻ ശ്രമിച്ചവരും ഉണ്ട്. പക്ഷേ വെള്ളത്തിന്റെ വരവു തുടർന്നതോടെ, മറ്റു വഴിയില്ലാതെ ഇവരും മാറിത്താമസിക്കുകയായിരുന്നു. ഒരു മാസം മുൻപ് വരെ കൃഷിയിടങ്ങളും താമസസ്ഥലങ്ങളും ആയിരുന്ന പ്രദേശങ്ങൾ ഇപ്പോൾ ചതുപ്പുനിലം പോലെയായി. 

സ്ലിറ്റനിലെ തീരദേശ മേഖലയിൽ വെള്ളംകെട്ടി നിൽക്കുന്നു. (Photo by Mahmud Turkia / AFP)
സ്ലിറ്റനിലെ തീരദേശ മേഖലയിൽ വെള്ളംകെട്ടി നിൽക്കുന്നു. (Photo by Mahmud Turkia / AFP)

ഈ പ്രതിഭാസം ആരംഭിച്ചിട്ട് ആഴ്ചകളായെങ്കിലും അതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. പ്രശ്നം വേഗം പരിഹരിക്കുമെന്ന് ലിബിയൻ പ്രധാനമന്ത്രി ഉൾപ്പടെ ജനങ്ങൾക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്. എന്നാൽ പ്രശ്നപരിഹാരത്തിൽ ഇത് വരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് മാത്രം.

അണക്കെട്ടുകളുടെ തകർച്ചയും വെള്ളപ്പൊക്കവും

ഭൂഗർഭജലം ഉയർന്ന് വെള്ളപ്പൊക്കം പുതിയതല്ലെന്നും വർഷങ്ങൾക്കു മുൻപ് ഇത് പലപ്പോഴും ഇവിടെയുണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നുണ്ട്. എന്നാൽ ഇത്രയും തുടർച്ചയായും രൂക്ഷമായും ഈ പ്രതിഭാസം അനുഭവപ്പെടുന്നത് ആദ്യമായാണ്. വലിയ തോതിലുണ്ടായ മഴയും തകർന്ന ജലവിതരണ പൈപ്പുകളും മോശം ഓടകളും തുടങ്ങി നിരവധി കാരണങ്ങളാണ് വെള്ളപ്പൊക്കത്തിനു പിന്നിലുള്ളതായി പ്രദേശിക മാധ്യമങ്ങൾ കുറ്റപ്പെടുത്തിയത്. എന്നാൽ ക്രമേണ വെള്ളത്തിന്റെ അളവ് വർധിച്ചതോടെ, ഒറ്റനോട്ടത്തിൽ മനസ്സിലാക്കാവുന്നതല്ല ഈ പ്രതിഭാസമെന്ന് എല്ലാവരും തിരിച്ചറിഞ്ഞു.

ഇതിനിടെ ചിലരെങ്കിലും സെപ്റ്റംബറിൽ സിറിയയിലെ ഡെർന നഗരത്തിലുണ്ടായ രണ്ട് അണക്കെട്ടുകളുടെ തകർച്ചയുമായി സ്ലിറ്റനിലെ വെള്ളപ്പൊക്കത്തെ ബന്ധപ്പെടുത്തിയിരുന്നു. എന്നാൽ സിറിയയുടെ ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള ധാരണക്കുറവാണ് ഇത്തരം ചർച്ചകൾക്ക് വഴിവയ്ക്കുന്നത്. ഡെർന നഗരത്തിൽനിന്ന് ഏതാണ്ട് 1100 കിലോമീറ്ററോളം മാറിയാണ് സ്ലിറ്റൻ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നാലായിരത്തോളം പേരുടെ ജീവനെടുത്ത ഈ അണക്കെട്ടുകളുടെ തകർച്ചയുമായി ഇപ്പോഴുണ്ടായിട്ടുള്ള ഭൂഗർഭജല വർധനവിന് ബന്ധമില്ലെന്ന് വിദഗ്ധർ ഉറപ്പിച്ച് പറയുന്നു.

പ്രശ്നപരിഹാര ശ്രമങ്ങൾ

ലോകത്തു മറ്റെവിടെയെങ്കിലും തീരമേഖലകളിൽ, ഇതിനു സമാനമായി ഭൂഗർഭജലം വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ടോ എന്നും പരിശോധന നടക്കുന്നുണ്ട്. സമുദ്രനിരപ്പ് ഉയരുമ്പോൾ ഉപ്പു വെള്ളം കൂടുതലായി മണ്ണിലേക്ക് ഇറങ്ങുകയും അത് തീരദേശത്തെ ഭൂഗർഭജലത്തിന്റെ ഉയർച്ചക്ക് കാരണമാവുകയും ചെയ്യാറുണ്ട്. ഉപ്പുവെള്ളവും ശുദ്ധജലവും തമ്മിലുള്ള മർദവ്യത്യാസമാണ് ഈ പ്രതിഭാസത്തിന് കാരണം. എന്നാൽ, ഈ കാരണത്താൽ ശുദ്ധജലം ഭൂമിക്കടിയിൽനിന്ന് പുറത്തേക്ക് വന്നാലും അത് അധികനേരം നീണ്ടു നിൽക്കുന്ന പ്രതിഭാസമല്ല. അതിനാൽത്തന്നെ സ്ലിറ്റനിലെ വെള്ളപ്പൊക്കം ഈ പ്രതിഭാസം കൊണ്ടാണെന്ന് ഉറപ്പിച്ചുപറയാൻ കഴിയില്ല. 

(Photo by Mahmud Turkia / AFP)
(Photo by Mahmud Turkia / AFP)

തെക്കൻ മരുഭൂമിക്ക് താഴെയുള്ള ആഴത്തിലുള്ള ജലാശയത്തിൽനിന്ന് തീരദേശ കൃഷിയിടങ്ങളിൽ ജലസേചനം നടത്തുന്നതിനായി ലിബിയയിലെ മുൻ സ്വേച്ഛാധിപതി ഗദ്ദാഫി ഒരു കാലത്ത് വലിയ പൈപ്പുകളുടെ ശൃംഖല നിർമ്മിച്ചിരുന്നു. മനുഷ്യ നിർമിത പുഴയെന്നാണ് ഇതിനെ അന്നു വിശേഷിപ്പിച്ചിരുന്നത്. മണ്ണിനടിയിലുള്ള ഈ പൈപ്പുകൾ പൊട്ടിയതാകാം ഇപ്പോഴത്തെ പ്രതിഭാസത്തിന് കാരണമെന്ന വാദവും അധികൃതർ തള്ളിക്കളഞ്ഞു. 

ഇറ്റലിയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളിലെ പ്രളയ വിദഗ്ധരുടെ സഹായം ലിബിയൻ അധികൃതർ തേടിയിട്ടുണ്ട്. ഈ പ്രതിസന്ധിയുടെ കാരണമെന്ന് കണ്ടെത്തുക, അതു പരിഹരിച്ച്, ഭൂമി പഴയ നിലയിലാക്കാൻ ശ്രമിക്കുക എന്നീ ലക്ഷ്യങ്ങളാണ് അധികൃതർക്കുള്ളത്.

English Summary:

Water-logged earth near a home in Libya's coastal city of Zliten

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com