രാസ ഘടകങ്ങള്‍ മാറ്റി കൂടുതൽ മഴ പെയ്യിക്കാൻ പദ്ധതി; ഓരോ തരിയും ജലകണമാകും

cloud-seeding
ക്ലൗഡ് സീഡിങ്ങിന് പുറപ്പെടാനൊരുങ്ങുന്ന വിമാനം.
SHARE

ദുബായ് ∙ സാങ്കേതികവിദ്യ നവീകരിച്ചു കൂടുതൽ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്കു യുഎഇയിൽ തുടക്കമായി. മേഘങ്ങളിൽ വിതറാനുള്ള രാസഘടകങ്ങളിൽ മാറ്റം വരുത്തിയാണു മഴ ലഭ്യത കൂട്ടുക. അന്തരീക്ഷത്തിൽ നിന്ന് അതിവേഗം ഈർപ്പം ആഗിരണം ചെയ്യാനാകുന്ന രാസസംയുക്തം വിതറിയാൽ 'ക്ലൗഡ് സീഡിങ്' കൂടുതൽ ഫലപ്രദമാകുമെന്നു ഗവേഷകർ ചൂണ്ടിക്കാട്ടി.

പുതിയ പദ്ധതി അടുത്തവർഷം 40 മുതൽ 50 മണിക്കൂർ വരെ മേഘങ്ങളിൽ പരീക്ഷിക്കും. രാസഘടകങ്ങൾ എത്രമാത്രം മേഘങ്ങളിൽ തങ്ങി നിൽക്കുന്നു, സംഭവിക്കുന്ന മാറ്റങ്ങൾ, ജലകണങ്ങളുടെ വലുപ്പം എന്നിവ നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചു നിരീക്ഷിക്കും. ഇതിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്യും. ഉപഗ്രഹങ്ങൾ, റഡാറുകൾ എന്നിവയിൽ നിന്നുള്ള റിപ്പോർട്ടുകൾ സഹിതം സമഗ്ര വിവരശേഖരം തയാറാക്കും.

3 വർഷംകൊണ്ട് ഈ രംഗത്ത് വൻ മുന്നേറ്റം നേടാമെന്നാണ് പ്രതീക്ഷ. ലോകത്തെ പ്രമുഖ സ്ഥാപനങ്ങളിലെ ഗവേഷകരിൽ നിന്നു ലഭിച്ച നിർദേശങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടവയെ അടിസ്ഥാനമാക്കിയാണ് പദ്ധതികൾ നടപ്പാക്കുക. മികച്ച 2 നിർദേശങ്ങൾ സമർപ്പിച്ച യുഎസ് നാഷനൽ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ചിലെ ഡോ. ബ്രാഡ് ലി ബേക്കർ, കലിഫോർണിയ സർവകലാശാലയിലെ ഡോ. ലൂക്ക ഡെല്ലെ മൊനാഷെ എന്നിവർക്ക് 15 ലക്ഷം ഡോളർ വീതം ഗ്രാന്റ്  ലഭിച്ചു.

മഴലഭ്യത കൂട്ടാനും ജലസുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികളുടെ മേൽനോട്ടം ഇവർക്കാണ്. 37 രാജ്യങ്ങളിലെ 159 സ്ഥാപനങ്ങളിൽ നിന്നുള്ള 378 ശാസ്ത്രജ്ഞരാണ് നിർദേശങ്ങൾ സമർപ്പിച്ചത്. സാധാരണ മഴമേഘത്തിൽ നിന്ന് 40 മുതൽ 50% വരെ മഴ ലഭിക്കാമെങ്കിൽ നിലവിലുള്ള ക്ലൗഡ് സീഡിങ്ങിലൂടെ ഇതു 15 മുതൽ 30% വരെ വർധിപ്പിക്കാം. പുതിയ സാങ്കേതിക വിദ്യ ഇതു വീണ്ടും ഉയർത്തും. 

ഓരോ തരിയും ജലകണമാകും

മഴമേഘങ്ങളിൽ വിതറാനുള്ള രാസസംയുക്തത്തിൽ ട്രിഷ്യം ക്ലോറൈഡ് (ഹൈഡ്രജൻ 3) ഉൾപ്പെടുത്തുമെന്ന് ഡോ. ബേക്കറിനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയ ഡോ. റോലഫ് ബ്രൂഞ്ചസ് പറഞ്ഞു. അന്തരീക്ഷത്തിലെ ഈർപ്പം കൂടുതൽ ആഗിരണം ചെയ്യാൻ ഇതു സഹായകമാകും.

രാസഘടകങ്ങളുടെ ഓരോ തരിയും ജലകണമായി മാറുകയും ചെറുജലകണങ്ങളെ അതിവേഗം കൂട്ടിയോജിപ്പിച്ച് മഴത്തുള്ളികളാക്കുകയും ചെയ്യുന്ന സങ്കീർണ പ്രക്രിയയാണിത്. ഒട്ടേറെ ചെറുതരികളുള്ള രാസസംയുക്തങ്ങൾ അതിവേഗം മേഘങ്ങളിൽ വിതറാനുള്ള പ്രത്യേക സംവിധാനവും വിമാനങ്ങളിൽ ഒരുക്കും. 

റഡാർ കണ്ടെത്തും, ഉന്നം പിഴയ്ക്കില്ല

മഴമേഘങ്ങൾ കണ്ടെത്താൻ പ്രത്യേക റഡാറുകളാണ് (വെതർ സർവെയ്‌ലൻസ് റഡാർ-ഡബ്ല്യുഎസ്ആർ) ഉപയോഗിക്കുക. അന്തരീക്ഷ മർദ്ദമടക്കമുള്ള നേരിയ വ്യതിയാനങ്ങൾ പോലും ഇവ കണ്ടെത്തും. തുടർന്നു ക്ലൗഡ് സീഡിങ്ങിനുള്ള രാസമിശ്രിതവുമായി വിമാനങ്ങളോ ഡ്രോണുകളോ കുതിക്കുന്നു.

മഴത്തുള്ളികൾ രൂപപ്പെട്ടാലും മരുഭൂമിയിലെ അന്തരീക്ഷത്തിന്റെ പ്രത്യേകതമൂലം നേർത്ത തുള്ളികൾ ഭൂമിയിലെത്തും മുൻപേ ബാഷ്പീകരിച്ചു പോകാൻ സാധ്യതയേറെയാണ്.  ഈ വെല്ലുവിളി മറികടക്കാൻ പുതിയ സാങ്കേതികവിദ്യ സഹായകമാണ്.

ക്ലൗഡ് സീഡിങ്ങിന് ഡ്രോണുകൾ 

ക്ലൗഡ് സീഡിങ്ങിന് ഡ്രോണുകൾ ഉപയോഗിക്കാൻ ഒരുങ്ങുകയാണ് യുഎഇ. മഴമേഘങ്ങളെ കൃത്യമായി തിരിച്ചറിയാനും രാസമിശ്രിതങ്ങൾ വിതറാനും ഇവയ്ക്കു കഴിയുമെന്നു കണ്ടെത്തി. നിലവിൽ വിമാനങ്ങളിലാണ് രാസ മിശ്രിതങ്ങൾ വിതറുന്നത്. ചെലവും പ്രായോഗിക ബുദ്ധിമുട്ടുകളും കുറയ്ക്കാൻ പദ്ധതി സഹായകമാകും.

മണ്ണിലും മാറ്റം

മഴ ലഭ്യത കൂടിയടോതെ ഭൂഗർഭ ജലനിരപ്പ് ഉയർന്നു. മണ്ണിലെ ഉപ്പിന്റെ അളവ് കുറഞ്ഞു. കാർഷിക പദ്ധതികൾ വ്യാപിച്ചു.ചെറു ഡാമുകൾ നിർമിച്ച് ജലം സംഭരിക്കാനുള്ള പദ്ധതിക്കും തുടക്കമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA