മൂന്നിലൊന്ന് സ്ത്രീകൾക്കും പ്രസവത്തിനു ശേഷം വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളെന്ന് പഠനം
Mail This Article
ഓരോ വര്‍ഷവും 40 ദശലക്ഷം സ്ത്രീകള്‍ക്കെങ്കിലും പ്രസവം മൂലമുള്ള ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്ന് പഠനം. പ്രസവത്തിന് ഏതാനും മാസങ്ങള്‍ക്കും ചിലപ്പോഴൊക്കെ നിരവധി വര്‍ഷങ്ങള്‍ക്കും ശേഷവും ഇത്തരം പ്രശ്നങ്ങള്‍ തുടരാറുണ്ടെന്ന് ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
പ്രസവിച്ച സ്ത്രീകളില്‍ 35 ശതമാനത്തിന് ലൈംഗിക ബന്ധത്തിനിടെ വേദന അനുഭവപ്പെടാറുണ്ടെന്നും 32 ശതമാനം പേര്‍ക്ക് പുറം വേദനയും 19 ശതമാനം പേര്‍ക്ക് മലം പിടിച്ചു നിര്‍ത്താനാവാത്ത അവസ്ഥയും എട്ട് മുതല്‍ 31 ശതമാനം പേര്‍ക്ക് മൂത്രം പിടിച്ചു നിര്‍ത്താനാവാത്ത അവസ്ഥയും ഉണ്ടാകാമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. 9 മുതല്‍ 24 ശതമാനം പേര്‍ക്ക് ഉത്കണ്ഠയും 11 മുതല്‍ 17 ശതമാനം പേര്‍ക്ക് വിഷാദരോഗവും 11 ശതമാനത്തിന് യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്ത് വേദനയും ആറ് മുതല്‍ 15 ശതമാനം പേര്‍ക്ക് പ്രസവത്തോടുള്ള ഭയമായ ടോകോഫോബിയയും 11 ശതമാനം പേര്‍ക്ക് അടുത്ത കുഞ്ഞ് ജനിക്കാത്ത അവസ്ഥയും ഉണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു.
ഗര്‍ഭകാലത്തും പ്രസവാനന്തരവും ഫലപ്രദമായ പരിചരണം നല്‍കുക വഴി ഇത്തരം സങ്കീര്‍ണ്ണതകളെ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഇടവേളകളില്ലാത്ത നിരന്തര പ്രസവങ്ങളും സ്ത്രീകളുടെ ആരോഗ്യത്തെ വന്‍ തോതില്‍ ബാധിക്കാറുണ്ട്.
ശരിയായ പോഷണമില്ലായ്മ, വിളര്‍ച്ച, പ്രോട്ടീന്‍-ഊര്‍ജ്ജ ലഭ്യതക്കുറവ് എന്നിവയെല്ലാം പ്രസവാനന്തരമുള്ള ഇത്തരം രോഗങ്ങള്‍ക്ക് വഴിവയ്ക്കാമെന്ന് പുണെ ജഹാംഗീര്‍ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ.നീന മന്‍സുഖാനി ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
എന്നാല്‍ പ്രസവാനന്തരം സ്ത്രീകള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ നേരിടാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പല രാജ്യങ്ങളുടെയും ആരോഗ്യസംവിധാനങ്ങളില്‍ ഇല്ലെന്നതും ഒരു പോരായ്മയായി പഠനം ചൂണ്ടിക്കാണിക്കുന്നു.