ADVERTISEMENT

ഇന്ന് ഓരോ സ്ത്രീയും, കുടുബം, വീട്, കരിയർ തുടങ്ങി പല റോളുകൾ ഒരേ സമയം ചെയ്യുന്നവരാണ്. ഈ തിരക്കുകൾക്കിടയിൽ അവർ പലപ്പോഴും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാറില്ല. കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുമ്പോഴും തന്റെ പ്രശ്നങ്ങളെ അവര്‍ അവഗണിക്കുന്നു. പലപ്പോഴും രോഗങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഗൈനക്കോളജിക്കൽ പ്രശ്നങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ഒരു കാരണമാണ്. കാൻസർ ഉൾപ്പടെയുള്ള പല ഗുരുതരരോഗങ്ങളും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാനും രോഗത്തെ തടയാനും ഇതുമൂലം സാധിക്കാതെ വരുന്നു.

കാൻസർ നേരത്തെ കണ്ടത്തിയാൽ ചികിത്സിച്ചു മാറ്റാവുന്നതാണ്. സ്ത്രീകളിൽ കാണുന്ന ചില ലക്ഷണങ്ങൾ കാൻസറിന്റേതാവാം. പലപ്പോഴും ഇത് തിരിച്ചറിയപ്പെടാതെ പോകുന്നു. ഏതൊക്കെയാണ് സ്ത്രീകൾ ആറിഞ്ഞിരിക്കണ്ട കാൻസർ ലക്ഷണങ്ങൾ എന്ന് നോക്കാം.

Representative image. Photo Credit: stefanamer/istockphoto.com
Representative image. Photo Credit: stefanamer/istockphoto.com

∙സ്തനങ്ങൾക്കുണ്ടാകുന്ന മാറ്റം
സ്തനങ്ങളിൽ ഉണ്ടാകുന്ന മുഴയോ വീക്കമോ കാൻസറിന്റെ സൂചനയാകാം. പലപ്പോഴും സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാകാം ഇത്. ചർമത്തിൽ അസ്വസ്ഥത, ചുവപ്പ്, മുലഞെട്ടിനു വ്യത്യാസം, അവയിൽ നിന്ന് സ്രവങ്ങൾ വരുക ഇതല്ലാം സ്തനാർബുദത്തിന്റെ സൂചനങ്ങളാവാം. സ്തനങ്ങൾക്കു പ്രകടമായ വ്യത്യാസം കാണുകയാണെങ്കിൽ വൈദ്യപരിശോധന നടത്തണം. മാസത്തിൽ ഒരിക്കൽ എല്ലാം സ്ത്രീകളും നിർബന്ധമായും സ്തനങ്ങൾ സ്വയം പരിശോധിക്കണം. പ്രത്യേകിച്ച് ആർത്തവ ചക്രത്തിന്റെ രണ്ടാം പകുതിയിൽ.

∙അസാധാരണ രക്തസ്രാവം
ആർത്തവസമയത്തെ രക്തപ്രവാഹം അല്ലാതെയുള്ളവ ശ്രദ്ധിക്കണം. ആർത്തവത്തിനിടയ്ക്കുള്ള രക്തസ്രാവമോ ആർത്തവവിരാമ ശേഷവുമുള്ള രക്തസ്രാവമോ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് ഉണ്ടാകുന്ന രക്തസ്രാവമോ ആകാം. ഗർഭാശയമുഖ കാൻസറിന്റെ ലക്ഷണങ്ങൾ ആകാം ഇത്. പലപ്പോഴും ഇത് സ്വാഭാവികമായ ആർത്തവമായി കരുതി ശ്രദ്ധിക്കാതെ പോകും. എന്നാൽ ഇവ സെർവിക്കൽ കാൻസർ, മൂത്രനാളിയിലെ കാൻസർ, അണ്ഡാശയ കാൻസർ ഇവയുടെ ലക്ഷണമാകാം.

Representative image. Photo Credit:New Africa/Shutterstock.com
Representative image. Photo Credit:New Africa/Shutterstock.com

∙വിട്ടുമാറാത്ത ചുമ
ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ചുമയും തൊണ്ടയടപ്പും ലങ് കാൻസറിന്റെയോ തൊണ്ടയിലെ കാൻസറിന്റെയോ ലക്ഷണമാകാം ക്ഷയരോഗമായും മറ്റും തെറ്റിദ്ധരിച്ചേക്കാവുന്ന ഈ ലക്ഷണങ്ങൾക്ക് കൃത്യമായ രോഗനിർണയവും, വിശദമായ പരിശോധനയും ശരിയായ ചികിത്സയും ആവശ്യമാണ്.

∙കഴുത്തിനു മുന്നിൽ വീക്കം
പലപ്പോഴും ഇത് തൈറോയ്ഡ് കാൻസറിന്റെ ലക്ഷണമാകാം. സ്ത്രീകളിൽ തൈറോയ്ഡിൽ ചെറുമുഴകൾ ഉണ്ടാകുന്നത് സാധാരണമാണ്. അവയിൽ മിക്കതും കാൻസർ മുഴകൾ അല്ല, ഗോയിറ്റായിരിക്കും. എന്നാൽ കഴുത്തിനു മുന്നിൽ വീക്കമോ നീരോ ഉണ്ടാവുകയും അവയുടെ വലുപ്പം കൂടുകയും നാല് ആഴ്ചയിലധികം ഈ വീക്കം തുടരുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും വിദഗ്ധ പരിശോധന നടത്തണം. സോണോഗ്രാഫി പരിശോധനയിലൂടെ കാൻസർ കണ്ടത്താൻ കഴിയും.

Representative image. Photo Credit: GoodLifeStudio/istockphoto.com
Representative image. Photo Credit: GoodLifeStudio/istockphoto.com

∙വയറിനു കനം
ഇടയ്ക്കിടെ വയറിന് കമ്പനമോ കനമോ ഉണ്ടാകുന്നത് പലപ്പോഴും ഭക്ഷണം ശരിയായി ദഹിക്കാത്തതു മൂലമാകാം. എന്നാൽ ഭക്ഷണത്താൽ മാറ്റം വരുത്തിയതുകൊണ്ടും ദീർഘനാൾ ഇത് തുടരുകയാണെങ്കിലോ ഇതോടൊപ്പം ശരീരഭാരം കുറയുകയോ വേദന ഉണ്ടാവുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് ആണ്ഡാശയ ആർബുദ (Ovarian Cancer)ത്തിന്റെ ലക്ഷണമാകാം. തീർച്ചയായും വൈദ്യസഹായം തേടേണ്ടതാണ്.

∙അകാരണമായി ശരീരഭാരം കുറയുക
ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും. എന്നാൽ അതിനു ശ്രമിക്കാത തന്നെ ശരീരഭാരം കുറഞ്ഞാലോ? അത് സ്തനാർബുദം, അണ്ഡാശയ അർബുദം തുടങ്ങിയ വിവിധ കാൻസറുകളുടെ ലക്ഷണമായോക്കാം. ഭക്ഷണത്തിലോ വ്യായാമത്തിലോ മാറ്റം വരുത്താതെ തന്നെ ശരീരഭാരം കാര്യമായി കുറയുന്നുണ്ടെങ്കിൽ മടിക്കാതെ വൈദ്യസഹായം തേടണം .


Representative Image. Photo Credit : Hiraman / iStockPhoto.com
Representative Image. Photo Credit : Hiraman / iStockPhoto.com

∙തുടർച്ചായ ക്ഷീണം
ക്ഷീണം തോന്നുക സ്വാഭാവികമാണ്. എന്നാൽ തുടർച്ചയായി ക്ഷീണവും തളർച്ചയും തോന്നുകയും വിശ്രമിച്ചാലും ഇത് മാറാതെ വരുകയും ചെയ്താൽ അത് ശ്രദ്ധിക്കേണ്ടതാണ്. ഹോർമോൺ നിലയെ ബാധിക്കുന്ന കാൻസറുകളായ സ്തനാർബുദത്തിന്റെയും പ്രോസ്റ്റേറ്റ് കാൻസറിന്റെയും ലക്ഷണമാകാം ഇത് . അതുപോലെ രക്താർബുദങ്ങളായ ലുകീമിയ, ലിംഫോമ തുടങ്ങിയവയുടെ ലക്ഷണങ്ങളാകാം ഈ ക്ഷീണം .

∙മറുകുകൾക്കു വ്യത്യാസം
ചർമ്മത്തിൽ മറുകുകൾ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാൽ അവയുടെ വലുപ്പം ആകൃതി, നിറം ഇവ എല്ലാം വ്യത്യാസപ്പെടുന്നുണ്ടെങ്കിൽ അത് സ്കിൻ കാൻസറിന്റെ ലക്ഷണമാകാം. പതിവായി മറുകുകളിലും ചർമത്തിലുമുണ്ടാകുന്ന സ്കിൻ കാൻസർ നേരത്തെ തിരിച്ചറിയാൻ സാധിക്കും .

∙വയറിലെ അസ്വസ്ഥതകൾ
ഇടയക്ക് വയറു കമ്പിക്കുന്നത് സ്വാഭാവികം. എന്നാൽ ഇത് നീണ്ടുനിൽക്കുകയാണെങ്കിൽ ശ്രദ്ധിക്കണം. വയറ്റിൽ അസ്വസ്ഥത, നേരത്തെ തന്നെ വയറുനിറഞ്ഞതായി തോന്നുക, ശോധനയിലുണ്ടാകുന്ന വ്യത്യാസങ്ങൾ ഇവയൊന്നും അവഗണിക്കരുത്. ഇത് അണ്ഡാശയ ആർബുദത്തിന്റെ ലക്ഷണമാകാം. അസിഡിറ്റി, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ ആയിരിക്കാം എന്നു കരുതി സ്വയം ചികിത്സ നടത്താതെ ഈ ലക്ഷണങ്ങൾ കണ്ടാൽ മടിക്കാതെ വൈദ്യ സഹായം തേടണം.

സ്ത്രീകളുടെ ഹൃദയാരോഗ്യം: വിഡിയോ

English Summary:

Symptoms of cancer in women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com