ADVERTISEMENT

കേരളത്തിലെ നാടൻപശുലോകത്തെ വേറിട്ട കാഴ്ചയാണ് കൊല്ലം ജില്ലയിലെ തെന്മല പശുക്കൾ. പതിറ്റാണ്ടുകളായി തെന്മലയിലെയും വഞ്ചിയോട്, ഇടപ്പണ, കടമാൻകോട്, അരിപ്പ എന്നീ ആദിവാസി ഊരുകളിൽ സംരക്ഷിക്കുന്ന ഈ കുറിയ ഇനം പശുക്കള്‍ ഒരു കാലത്ത് എണ്ണത്തില്‍ ഏറെയുണ്ടായിരുന്നു. ഇന്ന് പല കാരണങ്ങളാൽ വംശനാശത്തിന്റെ വക്കിലെത്തിയ തെന്മല പശുക്കളുടെ വർഗ്ഗസംരക്ഷണത്തിനും വംശവർധയ്ക്കുമായി പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. കേരള വെറ്ററിനറി സർവകലാശാല, കേരള കന്നുകാലി വികസന ബോർഡ് എന്നിവയുടെ കൂട്ടായ സഹകരണത്തോടെയാണ് മൃഗസംരക്ഷണ വകുപ്പ് ഈ വംശരക്ഷാപദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യപടിയായി തെന്മല പൈക്കളെപ്പറ്റി വെറ്ററിനറി സർവകലാശാല സർവേയും ശാസ്ത്രീയ ജനിതക പഠനവും നടത്തും. കൊച്ചരിപ്പ വന സംരക്ഷണ സമുച്ചയത്തിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി തെന്മല പൈക്കളെയും അവയെ സംരക്ഷിക്കുന്ന കർഷകരെയും ആദരിക്കുകയും ചെയ്തു.

തെന്മല പശുക്കൾ ആദിവാസി കർഷകരുടെ അധികവരുമാനസ്രോതസ്സ്

അതിരാവിലെ തീറ്റതേടിയിറങ്ങുന്ന തെന്മലയിലെ കുഞ്ഞൻ പശുക്കള്‍ ചെറുകൂട്ടങ്ങളായി കിലോമീറ്ററുകളോളം വനത്തിലും എണ്ണപ്പനത്തോട്ടങ്ങളിലും മേഞ്ഞുനടന്ന് സന്ധ്യയാകുമ്പോള്‍ തിരികെയെത്തി ഊരുകളിൽ തമ്പടിക്കും. പരമാവധി ഒരു ഗ്ലാസ് പാൽ മാത്രമാണ് പ്രതിദിന ഉല്‍പ്പാദനമെങ്കിലും പാലിന്റെ സ്വാദും മണവും ഗുണവുമെല്ലാം പകരംവയ്ക്കാനില്ലാത്തതാണ്. പാലിന്റെ കൊഴുപ്പളവും ഏറെ. കാട്ടിലും മറ്റും മേയുന്നതിനിടെയേല്‍ക്കുന്ന ചെറുമുറിവുകളൊഴിച്ചാല്‍ മറ്റു രോഗങ്ങളൊന്നും തെന്മല പശുക്കള്‍ക്കില്ല. തെന്മല, അരിപ്പ ആദിവാസി ഊരുകളിലെ കർഷകരുടെ അധിക വരുമാനസ്രോതസ് കൂടിയാണ് ഈ പൈക്കൾ.

thenmala-cow-1
കർഷകയെ ആദരിക്കുന്നു

ഇനിയുമേറെ ഇനങ്ങൾ

തെന്മലയിലെ കുഞ്ഞൻ പൈക്കളെ പോലെ കർഷകർ വംശനാശത്തിന് വിട്ടുനൽകാതെ പരിപാലിക്കുന്ന പേരും പെരുമയും ഏറെയുള്ള  ഒട്ടനേകം പ്രാദേശിക വളർത്തുമൃഗ പക്ഷി ഇനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ചാര, ചെമ്പല്ലി താറാവ്, അരിക്കോഴികൾ, അങ്കമാലി പന്നി, കുട്ടനാടൻ എരുമ, കാസർഗോഡ് പശു, വടകര പശു, വയനാട് പശു, വില്വാദ്രി പശു , പെരിയാർ പശു, ചെറുവള്ളി പശു, അനങ്ങൻമല പശു തുടങ്ങിയവയെല്ലാം പ്രാദേശിക ഇനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവയാണ്. ഈ ഇനങ്ങൾ എല്ലാം തന്നെ തനതു സ്വാഭാവസവിശേഷതകൾ ഉള്ളതും പ്രത്യേക ജൈവപരിസ്ഥിതികളുമായും ജനസമൂഹവുമായും അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നതുമാണ്. നിർഭാഗ്യവശാൽ ഈ ഇനങ്ങൾ ഒന്നും തന്നെ രാജ്യത്തെ ഔദ്യോഗിക വളർത്തുമൃഗ ജനുസ്സ് പട്ടികയിൽ ഇതുവരെയും  ഇടം നേടിയിട്ടില്ല. ഈ ഇനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളോ ഗവേഷണങ്ങളോ കാര്യമായി നടന്നിട്ടില്ലാത്തതിനാൽ നോൺ ഡിസ്ക്രിപ്ട് (Non-descript) എന്നാണ് ഇവയെല്ലാം വിളിക്കപ്പെടുന്നത്.  കൃത്യമായ ഗവേഷണങ്ങൾ നടന്നാൽ ഒരുപക്ഷേ നാളെ രാജ്യത്തെ അംഗീകരിക്കപ്പെട്ട വളർത്തുമൃഗ ഇനം (ബ്രീഡ്) എന്ന പദവി നേടാൻ സാധ്യയുള്ളവയാണ് ഇവയിൽ പലതും. 

ബ്രീഡ് പദവി നേടാത്ത സാഹചര്യത്തിൽ പ്രാദേശികമായി കാണപ്പെടുന്ന ഒരു ജീവിവർഗ്ഗം അഥവാ എക്കോടൈപ്പ് എന്ന നിലയിൽ മാത്രമേ ഈ ഇനങ്ങളെ പരിഗണിക്കാൻ സാധിക്കൂ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശികമായിപ്പോലും  പ്രത്യേക പരിരക്ഷണ പ്രവർത്തനങ്ങൾ ഒന്നും നടക്കാത്തതിനാൽ മിക്കയിനങ്ങളും വംശനാശത്തിന്റെ വക്കിലാണ്. 

thenmala-cow-sq

എക്കോടൈപ്പിനെ ബ്രീഡ് ആക്കി മാറ്റണമെങ്കിൽ

രാജ്യത്തെ വളര്‍ത്തുമൃഗയിനങ്ങളെയും പക്ഷിയിനങ്ങളെയും റജിസ്റ്റര്‍ ചെയ്ത് ജനുസ്സുകളായി പ്രഖ്യാപിക്കുന്നതിനായുള്ള  നോഡല്‍ ഏജന്‍സിയാണ് നാഷനല്‍ ആനിമല്‍ ജനറ്റിക്സ് റിസോഴ്സസ് ബ്യൂറോ. ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ  (ഐസിഎആര്‍) കീഴില്‍ പ്രവര്‍ത്തിക്കുന്ന മൃഗ ജനിതക വിഭവ ബ്യൂറോയുടെ ആസ്ഥാനം ഹരിയാനയിലെ കര്‍ണാല്‍ ആണ്. ജൈവവൈവിധ്യബോര്‍ഡ്, കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരമന്ത്രാലയം, ഐസിഎആര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍  ഉള്‍പ്പെട്ട ബ്രീഡ് റജിസ്ട്രേഷന്‍ കമ്മിറ്റിയാണ്  പുതിയ ജനുസ്സുകള്‍ക്ക് അംഗീകാരം നല്‍കുക. ഈ കമ്മറ്റിയുടെ അംഗീകാരം നേടി ഒരിനം വളർത്തുമൃഗത്തിന് ബ്രീഡ് പദവി സ്വന്തമാക്കണമെങ്കില്‍ കടമ്പകള്‍ ഏറെയുണ്ട്. പ്രസ്തുത ഇനത്തിന്റേതായി പ്രത്യുൽപ്പാദനക്ഷമതയുള്ള 1000 എണ്ണം മൃഗങ്ങൾ എങ്കിലും ചുരുങ്ങിയത് വേണം.  ജനിതക-ശാരീരിക പഠനങ്ങള്‍ നടത്തി മറ്റ് തദ്ദേശിയ ഇനങ്ങളില്‍ നിന്നുള്ള വൈവിധ്യം കൃത്യമായി തെളിയിക്കപ്പെടേണ്ടതുണ്ട്. ബ്രീഡ് പദവി ലഭിക്കുന്നതോടെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടും എന്നു മാത്രമല്ല ഗവേഷണ-സംരക്ഷണ സഹായങ്ങളും പിന്തുണയും ഏറെ ലഭ്യമാകുകയും ചെയ്യും. ദേശീയ ഗോകുല്‍ മിഷന്‍ അടക്കമുള്ള പദ്ധതികളില്‍ കര്‍ഷകര്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും സഹായങ്ങള്‍ ലഭ്യമാകാനും പ്രസ്തുത ഇനം  ബ്രീഡ് പട്ടികയില്‍ ഇടംപിടിച്ചേ തീരൂ.

വെച്ചൂര്‍ പശുക്കള്‍, മലബാറി, അട്ടപ്പാടി ബ്ലാക്ക് ആടുകള്‍, തലശ്ശേരി കോഴികള്‍ എന്നീ നാലിനങ്ങള്‍ മാത്രമേ കേരളത്തില്‍ നിന്ന് ഇതുവരെ ബ്രീഡ് പട്ടികയില്‍ ഇടം നേടിയിട്ടുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com