ADVERTISEMENT

കിനാവ് കാണാത്തവരായി ആരുമുണ്ടാവില്ല. കാണുന്ന കിനാവുകൾക്ക് ഒക്കെ എന്തെങ്കിലും അർഥം ഉണ്ടാകുമോ എന്നും ഇവയൊക്കെ സത്യമായാലോ എന്നും എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

'കിനാവ്' പറയുന്നത് സ്വപ്നങ്ങളുടെ കഥയാണ്. ഓരോ സ്വപ്നവും ചില സൂചനകളാണ്. അവയെ വ്യാഖ്യാനിക്കാൻ കഴിവുള്ള ജോസഫിന്റെ കഥയാണ്. ജോസഫിന്റെ അച്ഛൻ യാക്കൂബിന്റെയും അയാളുടെ പന്ത്രണ്ട് മക്കളുടെയും കഥയാണ്. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയനായ കഥാകൃത്തും നോവലിസ്റ്റുമായ വി. ജെ. ജെയിംസ് എഴുതിയ കുട്ടികളുടെ നോവലാണ് 'കിനാവ് '.

ഓരോ പ്രഭാതത്തിലും അദൃശ്യനായ ഒരു കിളി നമ്മളെ ഉണർത്താൻ എത്തിയാലോ? ഇവിടെ ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഒരു പക്ഷിയുടെ പാട്ട് കേട്ടാണ് ജോസഫ് എന്നും ഉണരുന്നത്. അതിമനോഹരമായ ശബ്ദം ഉള്ള ആ കിളിയെ ഒരിക്കലെങ്കിലും നേരിൽ കാണാൻ ജോസഫ് അതിയായി ആഗ്രഹിച്ചിരുന്നു. കിളിയുടെ ശബ്ദം ഏതെങ്കിലും പ്രഭാത സ്വപ്നത്തിൽ കേട്ടതാവാം എന്നും കിളി ഒരു പക്ഷെ ജോസഫിന്റെ ഉള്ളിൽ ആവാം എന്നും യാക്കൂബ് മകനോട് പറയുന്നുണ്ട്. മനുഷ്യന്റെ ഉള്ളിൽ ഒരു കിളിക്ക് എങ്ങനെ കൂടു വച്ചു താമസിക്കാൻ പറ്റും എന്ന് ജോസഫ് അപ്പോൾ ചിന്തിക്കാതിരുന്നില്ല. പുറത്തുള്ള കിളിയെ പുറം കണ്ണ് കൊണ്ട് കാണുന്നത് പോലെ അകത്തുള്ള കിളിയെ അകക്കണ്ണ് കൊണ്ട് കാണാൻ ശ്രമിച്ചാലോ എന്ന് ജോസഫ് ഓർത്തു. യാക്കൂബിനു മറ്റു മക്കളെക്കാൾ പ്രിയം പതിനൊന്നാമത്തെ പുത്രനായ ജോസഫി നോട് ആയിരുന്നു. ഇതുകൊണ്ട് തന്നെ സഹോദരങ്ങൾക്കു ജോസഫിനോട് അസൂയയും ഉള്ളിൽ പകയും ഉണ്ടായിരുന്നു.

ജോസഫാകട്ടെ എല്ലാ ജ്യേഷ്ഠൻമാരെയും ഒരു പോലെ സ്നേഹിച്ചു. കാനാൻ ദേശത്തെ പുൽമേടുകളിൽ പകലന്തി യോളം അപ്പന്റെ ആടുകളെ മേയ്ച്ചു നടന്നു. വയലുകളിൽ ആത്മാർഥമായി വേല ചെയ്തു. വൃദ്ധനായ അപ്പനെ കാര്യമായി ശുശ്രൂഷിച്ചു. തനിക്കേകിയ എല്ലാ ദാനങ്ങൾക്കും ദൈവത്തിനു നന്ദിയർപ്പിച്ചു പ്രാർത്ഥിച്ചു. തന്റെ പതിനേഴാം പിറന്നാൾ ദിനത്തിൽ ജോസഫിനു വിചിത്രമായ ഒരു സ്വപ്ന ദർശനം ഉണ്ടാകുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ചിലതൊക്കെ ജീവിതത്തിൽ സംഭവിക്കാൻ പോവുകയാണെന്ന് ജോസഫിനു അപ്പോൾ അറിയുമായിരുന്നില്ല.

എന്തായിരിക്കും താൻ കണ്ട സ്വപ്നത്തിന്റെ അർത്ഥം? എങ്ങനെയാണ് സ്വപ്‌നങ്ങൾ ഉണ്ടാകുന്നത്? ഇരുട്ടിൽ കിടന്നുറങ്ങുന്ന ഒരാൾ കാണുന്ന സ്വപ്നമെല്ലാം പ്രകാശത്തിലാണ്. ഏത് വെളിച്ചമാണ് ഉള്ളിൽ പ്രകാശിച്ച് ഈ കാഴ്ചയൊക്കെ കാട്ടിത്തരുന്നത്? മനുഷ്യന്റെ ഉള്ളിൽ എല്ലാത്തിനെയും കാട്ടിത്തരുന്ന ഒരു സൂര്യൻ ഉണ്ടെന്നാണോ ഇതിനർത്ഥം? ഇങ്ങനെ എല്ലാം ജോസഫ് ചിന്തിച്ചു. താൻ കണ്ട സ്വപ്നം സഹോദരൻമാരുമായി പങ്ക് വച്ച ജോസഫിനു ഈ സ്വപ്നങ്ങളുടെ പേരിൽ നേരിടേണ്ടി വന്നത് കയ്പ്പ്നിറഞ്ഞ അനുഭവങ്ങൾ ആയിരുന്നു. 

ഒരവസരം കിട്ടിയാൽ പകപോക്കാൻ കാത്തിരുന്ന സഹോദരന്മാർ അടിമയാക്കി വിൽക്കുകയാണ് ജോസഫിനെ. മുറിവേറ്റ ശരീരവും പിഞ്ഞിക്കീറിയ മനസുമായി ഏന്തിയേന്തി നടക്കുന്ന ജോസഫിനു താൻ കണ്ട സ്വപ്‌നങ്ങൾ ആയിരുന്നു ഈ വിധി സമ്മാനിച്ചത്. തന്റെ പ്രിയപ്പെട്ട അപ്പനെയും കാനാൻ ദേശത്തെയും വിട്ട് അകലേക്ക്‌... ഏറെ അകലെയുള്ള ഈജിപ്റ്റിൽ എത്തിച്ചേരുകയാണ് അവൻ.

കുട്ടികൾക്കായി എഴുതപ്പെട്ട നോവലാണ് കിനാവെങ്കിലും ഉദ്വേഗം ജനിപ്പിക്കുന്ന ആഖ്യാനശൈലി മുതിർന്നവർക്കും ഇഷ്ടത്തോടെ വായിക്കാൻ പ്രേരണ നൽകും. കഠിനാധ്വാനവും സമർപ്പണവും അടിമ വേലയിൽ നിന്ന് ജോസഫിനെ ഉയർത്തുന്നുണ്ട്. സ്വന്തം ഉള്ളിലേക്ക് നോക്കുന്ന ശീലം തുടങ്ങിയത് മുതൽ സ്വപ്നങ്ങളുടെ അർത്ഥം മനസിലാക്കാൻ ജോസഫിന് കഴിയുകയാണ്. സ്വപ്നത്തെ വ്യാഖ്യാ നിക്കാനുള്ള കഴിവും പെരുമാറ്റത്തിലെ നന്മയും ജോസഫിനെ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ്.

അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിന്റെ വഴികളെ കുറിച്ച് 'കിനാവ്' നമ്മളെ ബോധ്യപ്പെടുത്തുന്നു. ഒരു ദുരിതവും എല്ലാ ക്കാലത്തേക്കും ഉള്ളതല്ല എന്നും കഷ്ടപ്പാടി ന്റെ വഴികൾ ഒടുവിൽ നന്മയിലേക്ക് എത്തിച്ചേരും എന്നും നോവൽ നമ്മോട് പറയുന്നു. മനസിലെ നന്മ ഒരിക്കലും കൈവിടാത്ത ജോസഫ്, തന്നോട് പൊറുക്കാനാവാത്ത തെറ്റ് ചെയ്ത സഹോദരങ്ങളോട് പോലും ക്ഷമിക്കുന്നുണ്ട്. ഈ നന്മ കുട്ടികൾക്ക് നല്ല ശീലങ്ങൾ പിന്തുടരാനുള്ള പ്രചോദനം ആവും. കഷ്ടതയിൽ തകർന്നു പോകുകയോ സൗഭാഗ്യങ്ങളിൽ അഹങ്കരിക്കുകയോ ചെയ്യാതെ മുന്നേറുന്ന മനുഷ്യന് നല്ല കാലം വരുക തന്നെ ചെയ്യുമെന്നും പ്രതീക്ഷ നൽകുന്നുണ്ട് കിനാവ്.

മറ്റുള്ളവരെ സഹായിക്കേണ്ടതിന്റെയും സമ്പാദിക്കേണ്ടതിന്റെയും പാഠങ്ങളും 'കിനാവ് ' പകർന്നു തരുന്നു. ഉള്ളിലെ മാലിന്യങ്ങളെ എല്ലാം കഴുകിക്കളയാൻ പശ്ചാത്താപത്തിന്റെ ഒരു നിമിഷം മതി എന്ന് നോവലിസ്റ്റ് പറഞ്ഞു വയ്ക്കുന്നു. നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും ഉള്ള തുയിലുണർത്തു കിളിയെ അറിഞ്ഞാൽ, നമ്മുടെ ചിന്തകളെ നിയന്ത്രിക്കാൻ സാധിച്ചാൽ സ്വപ്നം കാണുന്നതെന്തും  കയ്യിലെത്തും എന്ന് കിനാവിലൂടെ യാത്ര ചെയ്യുന്ന ഓരോ കുട്ടിയും മനസിലാക്കും.

അന്യ നാടുകളിലെ കാലാവസ്ഥാമാറ്റങ്ങളും അവിടുത്തെ ആളുകളുടെ ജീവിതവും പ്രകൃതിയോടിണങ്ങി എങ്ങനെ ആണ് മനുഷ്യൻ ജീവിക്കേണ്ടതെന്നും ജോസഫിന്റെയും സഹോദരങ്ങളുടെയും ജീവിതത്തിലൂടെ നമ്മൾ കാണുന്നു. മൃഗങ്ങളും മനുഷ്യനും പ്രകൃതിയും ചേർന്ന പാരസ്പര്യം ഇതിലൂടെ വെളിവാകുന്നു. ആത്യന്തികമായി നന്മയും സത്യവും വിജയിക്കും എന്ന സന്ദേശം പകർന്നു നൽകുന്ന, ലളിതമായ ഭാഷയിൽ കുട്ടികളിൽ കൗതുകം ഉണർത്തുന്ന തരത്തിൽ എഴുതപ്പെട്ട 'കിനാവ്' ഏറെ വായിക്കപ്പെടട്ടെ.

English Summary:

Book Review of Kinavu written by V J James

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com