ADVERTISEMENT

1991 ൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് എം.എം.ലോറൻസ്. എതിർസ്ഥാനാർഥി യുഡിഎഫിലെ കെ.ബാബു. വി.എസ്. അച്യുതാനന്ദനാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. സ്ഥാനാർഥി പട്ടികയിൽ തന്നെ  ഉൾപ്പെടുത്താൻ വിഎസിന് താൽപര്യമുണ്ടായിരുന്നില്ലെന്ന് ലോറൻസ് പറയുന്നു. എല്ലാവർക്കും മത്സരിക്കാൻ കഴിയില്ല എന്നാണ് ലിസ്റ്റ് വായിച്ചപ്പോൾ വിഎസ് പറഞ്ഞത്. എന്നാൽ, ടി.കെ. രാമകൃഷ്ണൻ നിർദേശിച്ചതനുസരിച്ച് ലോറൻസിനെ ഉൾപ്പെടുത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോൺഗ്രസിന് അനുകൂല തരംഗം സൃഷ്ടിച്ചിരുന്നു. എന്നാൽ, വേറെയും അടിയൊഴുക്കുകൾ ഉണ്ടായിരുന്നു എന്നാണ് ലോറൻസിന്റെ വിലയിരുത്തൽ. കലൂർ മണപ്പാട്ടിപ്പറമ്പിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ വിഎസ് പ്രസംഗിച്ചു: ജയിച്ചാൽ ലോറൻസ് മന്ത്രിയാകും. മന്ത്രിയാകും. 

ഒരു സിഗ്നലായിരുന്നു ആ പ്രസംഗം എന്നാണ് ലോറൻസ് ആത്മകഥയിൽ ആരോപിക്കുന്നത്. എന്നാൽ, കൂടുതൽ വിശദീകരിക്കുന്നുമില്ല. പാർട്ടിയിലെ ഉൾപ്പോരുകളെക്കുറിച്ചും തനിക്കെതിരായ നീക്കങ്ങളെക്കുറിച്ചും പറയുമ്പോൾ ലോറൻസ് ആവർത്തിക്കുന്നു: 

അതൊന്നും ഇപ്പോൾ പറയുന്നില്ല. പറയാൻ പാടില്ല. 

ദീർഘകാലം എൽഡിഎഫ് കൺവീണറായിരുന്ന, എറണാകുളം ജില്ലയിൽ പാർട്ടിയെ കെട്ടിപ്പടുക്കാൻ ജീവിതകാലം മുഴുവൻ ശ്രമിച്ച ലോറൻസിന് പാർട്ടിയിലെ വിഭാഗീയതയെക്കുറിച്ചുൾപ്പെടെ ഒട്ടേറെ രഹസ്യങ്ങൾ അറിയാം. അവയിൽ കുറച്ചു മാത്രം അദ്ദേഹം പറയുന്നുണ്ട്. അതിലൊക്കെ വില്ലൻ കഥാപാത്രമാകുന്നത് വിഎസ് തന്നെയാണ്. പുന്നപ്ര വയലാർ സമരത്തിൽ വിഎസ് പങ്കെടുത്തിട്ടില്ല എന്നദ്ദേഹം സമർഥിക്കുന്നു. യഥാർഥത്തിൽ എന്താണു നടന്നതെന്ന് വിശദീകരിക്കുന്നു. സംസ്ഥാന സമ്മേളനങ്ങൾ കേന്ദ്രീകരിച്ച് പലരെയും സംസ്ഥാന കമ്മിറ്റിയിലേക്ക് ഉൾപ്പെടെ ജയിപ്പിക്കാനും തോൽപിക്കാനും നടത്തിയ നീക്കങ്ങളും അക്കമിട്ടു വിവരിക്കുന്നു. ചിലരെ ശത്രുക്കളായി കാണുക. അവരെ തിരഞ്ഞുപിടിച്ചു തോൽപിക്കുക. അതിനുവേണ്ടി ഗൂഡാലോചനയും ആസൂത്രണവും നടത്തുക. വിഭാഗീയത സിപിഎമ്മിനെ പിടിമുറുക്കുകയും പാർട്ടിയെക്കുറിച്ച് പ്രതിലോമകരമായ ഒ‌ട്ടേറെ വാർത്തകൾ പുറത്തുവരികയും ചെയ്ത ഒരു കാലത്തിന്റെ ദൃക്സാക്ഷിയാണ് അദ്ദേഹം. പല സംഭവങ്ങളിലെയും പ്രധാന കഥാപാത്രവും. 

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസ് ആസൂത്രിതമായിരുന്നില്ല എന്നു ലോറൻസ് ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതികളിൽ ഒരാളായിരുന്നു അദ്ദേഹം. യഥാർഥത്തിൽ എന്താണു നടന്നതെന്നു വ്യക്തമാക്കുന്ന ആത്മകഥയിൽ അദ്ദേഹത്തിന്റെ ജീവിതത്തിനൊപ്പം സിപിഎം എന്ന ബഹുജന പ്രസ്ഥാനത്തിന്റെ കൊച്ചിയിലെ വളർച്ചയും അതിൽ അദ്ദേഹം വഹിച്ച പങ്കും വ്യക്തമായി എഴുതുന്നുമുണ്ട്. 

പെട്ടി ചുമക്കാൻ അനുയായികൾ വേണ്ടാത്ത ‌ നേതാക്കളും സിപിഎമ്മിന് ഉണ്ടായിരുന്നു 

തെലങ്കാന സമര നായകനും സിപിഎം ജനറൽ സെക്രട്ടറിയുമായിരുന്ന സുന്ദരയ്യയെക്കുറിച്ച് ഹൃദയസ്പർശിയായാണ് ലോറൻസ് എഴുതുന്നത്. മർദ്ദിത ജനതയെ വിമോചിപ്പിക്കാൻ സായുധ സമരം സ്വപ്നം കണ്ട നേതാവ്. ഒരിക്കൽ അദ്ദേഹം ലോറൻസിനൊപ്പം ഇടുക്കി കാണാൻ എത്തി. കാടും മലയുമൊക്കെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഇവിടം ഗറില്ലാ യുദ്ധത്തിന് അനുയോജ്യമായ സ്ഥലമാണ്. 

ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആധികാരികമായിരുന്നു അറിവ്. സംശയങ്ങൾക്കുള്ള റഫറൻസ് ഗ്രന്ഥവും. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള നിലപാടിൽ  ഒറ്റപ്പെട്ടതോടെയാണ് അദ്ദേഹം ജനറൽ സെക്രട്ടറി സ്ഥാനതത്തു നിന്ന് പടിയിറങ്ങുന്നത്. എകെജി മരിച്ചപ്പോൾ അദ്ദേഹത്തിന് കേരളത്തിൽ എത്താൻ കഴിഞ്ഞില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മുഹമ്മയിൽ സുശീല ഗോപാലനെ കാണാൻ എത്തി. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന സുന്ദരയ്യയെ കാത്ത് ഫസ്റ്റ് ക്ലാസ് കംപാർട്മെന്റിനു മുന്നിൽ നോക്കിനിന്നു.  എന്നാൽ സുന്ദരയ്യ ഇറങ്ങിയത് തേഡ് ക്ലാസിൽ നിന്നാണ്. കയ്യിൽ ഒരു പെട്ടി. പ്രായം കരുതി സഹായിക്കാൻ കൈ നീട്ടിയപ്പോൾ അദ്ദേഹം തടഞ്ഞു. സ്വന്തം ഉപയോഗത്തിനുള്ള വസ്തുക്കൾ മറ്റുള്ളവരെക്കൊണ്ട് എടുപ്പിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. വസ്ത്രങ്ങൾ സ്വയം അലക്കി ഉപയോഗിക്കും. സുശീലയെ കണ്ട് തേഡ് ക്ലാസിൽ തന്നെ അദ്ദേഹം മടങ്ങി. ലളിത ജീവിതം നയിച്ച പാർട്ടിക്കു വേണ്ടി ജീവിതം സമർപ്പിച്ച അറിയപ്പെടുന്നവരും ആരും ആറിയാതെ പോയവരുമായ ഒ‌ട്ട‌േറെ നേതാക്കൾ. അവരുടെ ജീവിത കഥ കൂടിയാണ് ലോറൻസിന്റെ ആത്മകഥ. 

ട്രേഡ് യൂണിയൻ സമരകഥ; കൊച്ചിൻ ഹനീഫയുടെ ജനനവും 

ട്രേഡ് യൂണിയൻ രംഗത്തെ കരുത്തൻ കൂടിയാണ് ലോറൻസ്. തോട്ടിത്തൊഴിലാളികളെയും തുറമുഖത്തൊഴിലാളികളെയും ഉൾപ്പെടെ ആദ്യമായി സംഘടിപ്പിച്ച സമര നായകൻ. ട്രേഡ് യൂണിയൻ സമരത്തിന്റെ തുടക്കക്കാലത്തെ ഓർമകൾ ഇന്നും ആവേശോജ്വലമാണ്. ഒരിക്കൽ, തൊഴിലാളികളുടെ ആവശ്യങ്ങൾക്കു വഴങ്ങാതിരുന്ന ഒരു ഇരുമ്പു കടയ്ക്കു മുമ്പിൽ സംഘടന കൊടി കുത്തി. പിറ്റേന്നു രാത്രി ഒരാൾ ലോറൻസിനെ കാണാൻ വീട്ടിൽ എത്തി. എ.എ.കൊച്ചുണ്ണി സൺസിലെ ബാവക്ക. തന്റെ അളിയൻ ഹനീഫ പാർട്ടിക്കാർ കുത്തിയ കൊടി കത്തിച്ചു. സംഘർഷത്തിൽ അളിയൻ ബാവക്കയ്ക്ക് പരുക്കേറ്റതാണ് ഹനീഫയെ പ്രകോപിപ്പിച്ചത്. എന്നാൽ കൊടി കത്തിച്ച ഹനീഫയെ കൊല്ലുമെന്നാണ് തൊഴിലാളികളുടെ നിലപാട്. രക്ഷിക്കണം. ഹനീഫയെ എവിടെയങ്കിലും പറഞ്ഞയയ്ക്കാം എന്ന് ബാവക്ക ഉറപ്പു കൊടുത്തു. 1974 ലാണ് ഈ സംഭവം. പരിഹരിക്കാം എന്നു പറഞ്ഞ് ലോറൻസ് ബാവക്കയെ സമാധാനിപ്പിച്ചു. അദ്ദഹം മടിയിൽ നിന്ന് ഒരു പണപ്പൊതി എടുത്തു നീട്ടി. പലരും കൈക്കൂലി വാങ്ങുന്നുണ്ടാകുമെന്നും എന്നാൽ താൻ അത്തരക്കാരനല്ലെന്നും പറഞ്ഞ് ലോറൻസ് അദ്ദേഹത്തെ യാത്രയാക്കി. ഹനീഫ അതോടെ നാടു വിട്ടു. മദിരാശിക്കു പോയി. ജിമ്മിൽ പോയി ശരീരമൊക്കെ മെച്ചപ്പെടുത്തി കുറച്ചു ഗുണ്ടായിസവുമായി നടക്കുകയായിരുന്നു അതുവരെ ഹനീഫ. ഇതേ ഹനീഫ വർഷങ്ങൾക്കു ശേഷം മടങ്ങിവന്നത് കൊച്ചിൻ ഹനീഫ എന്ന പേരിലാണ്. മലയാള സിനിമയിലേക്ക്. 

ചില കാര്യങ്ങൾ വ്യക്തമായി പറഞ്ഞും പലതും പറയാതെയും പൂർത്തിയാക്കിയ ഈ ആത്മകഥയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിൽ നിർണായക സ്ഥാനമുണ്ട്. ഒരു കാലഘട്ടത്തിന്റെ ചരിത്രവും കാലത്തെ രുപപ്പെടുത്തുന്നതിൽ നിസ്സാരമല്ലാത്ത പങ്കും വഹിച്ച നേതാവിന്റെ അഭിപ്രായങ്ങളോട് യോജിച്ചാലും വിയോജിച്ചാലും ഈ ഓർമച്ചെപ്പിനെ അവഗണിക്കാനാവില്ല. എം.എം. ലോറൻസ് എന്ന വ്യക്തിയെയും പ്രസ്ഥാനത്തിൽ നിന്ന് അടർത്തിമാറ്റാനാവാത്ത അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും അവഗണിക്കാനുമാവില്ല.

ഓർമച്ചെപ്പ് തുറക്കുമ്പോൾ
എം.എം. ലോറൻസ്
ഡി സി ബുക്സ് ‌
വില 360 രൂപ 

English Summary:

Book Review of MM Lawrence Autobiography Ormacheppu Thurakkumpol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com