sections
MORE

മൂന്ന് കന്യകമാരിൽ ആര് കൊല്ലപ്പെടും?

HIGHLIGHTS
  • കെ.വി. അനിൽ എഴുതുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ.
  • നാഗയക്ഷി. അധ്യായം- 10
Nagayekshi-10
SHARE

വിശാലമായ മൈതാനം ഒരു ചുടലപ്പറമ്പ് പോലെ ആയിരുന്നു. പലയിടത്തും തീക്കനലുകൾ തിളങ്ങുന്നത് കാണാം. പക്ഷേ, തനുജ മാത്രം തികച്ചും വിചിത്രമായ ഒരു കാഴ്ച കണ്ടു.

ചുറ്റുവിളക്കുകൾ തെളിഞ്ഞു നിൽക്കുന്ന ഒരു അമ്പലം ആയിരുന്നു തനുജയുടെ കണ്ണുകളിൽ. എവിടെ നിന്നോ പുള്ളുവൻ പാട്ടിന്റെ ഈണം. മഞ്ഞൾപ്പൊടിയും കുങ്കുമവും വായുവിൽ പടരുന്നു. നാഗ പ്രതിമകൾക്കു മീതേക്ക് വീണു ചിതറുന്ന പാൽ.

കർപ്പൂരത്തിന്റെയും കത്തുന്ന നെയ്യിന്റെയും ഗന്ധമാണ് ചുറ്റും. അതായിരുന്നു തനുജയുടെ കണ്ണിൽ.

മറ്റുള്ളവരുടെ കണ്ണിൽ എന്നാൽ അത് ഒരു ചുടലപ്പറമ്പ് മാത്രം.

തനുജ അറിയാതെ കുനിഞ്ഞ് ആ മണ്ണിൽ തൊട്ട് ഒന്നു നമസ്ക്കരിച്ചു. മഹേന്ദ്രന്റെ മുഖത്ത് പരിഹാസം കലർന്ന ഒരു ചിരി ഉണ്ടായി.

"എടീ... എടീ പൊട്ടി തൊട്ട് തൊഴാൻ ഇത് അമ്പലവും പളളിയും ഒന്നുമല്ല. ചുടലക്കാടാ... ചുടലക്കാട് " മറ്റുള്ളവരുടെ മുഖത്തും മുഖത്തും അതേ ചിരി ഉണ്ടായി. 

"അമ്പലം ഉണ്ടായിരുന്നു ശാർ..." മഹേന്ദ്രന്റെ തൊട്ടു പിന്നിൽ നിന്ന് ശബ്ദം കേട്ടു. മഹേന്ദ്രനും കൂട്ടരും ഞെട്ടിത്തിരിഞ്ഞു.

തൊട്ടു പിന്നിൽ ചെമ്പരത്തി നിൽപ്പുണ്ടായിരുന്നു. അവൾ എപ്പോൾ തൊട്ടു പിന്നിൽ എത്തി എന്ന് മഹേന്ദ്രൻ അതിശയിച്ചു.

പാദപതന ശബ്ദം കേട്ടതു പോലുമില്ല.

"ഇവിടെ... ഇവിടെ നേരത്തെ ക്ഷേത്രം ആയിരുന്നോ?" തനുജ ധൃതിയിൽ ചോദിച്ചു കൊണ്ട് ചെമ്പരത്തിയെ നോക്കി.

"ആമാ..." ചെമ്പരത്തി ഒരു ചുവട് മുമ്പോട്ട് വന്നു.

"പെരിയ സർപ്പക്ഷേത്രം. നാഗ പ്രതിഷ്ഠ വന്ത് നിലവറയ്ക്കുള്ളിൽ..."

"ഈ പ്രതിഷ്ഠ എന്നു വച്ചാൽ ... " ഫയാസ് ഒന്നുകൂടി ഉറപ്പിക്കാനായി ചെമ്പരത്തിയെ നോക്കി.

"അഞ്ച് തലയുള്ള സ്വർണ്ണ നാഗം " ചെമ്പരത്തിയുടെ കണ്ണുകൾ ഭക്തി കൊണ്ട് മിഴിഞ്ഞു.

മഹേന്ദ്രനും മറ്റുള്ളവരും പരസ്പരം ഒന്നു നോക്കി.

"എന്നിട്ട് ... എന്നിട്ട് ഈ ക്ഷേത്രത്തിന് എന്താണ് സംഭവിച്ചത്?" ഫാത്തിമയ്ക്ക് ആകാംഷ അടക്കാനായില്ല.

"അതൊരു പെരിയ കഥ'' ചെമ്പരത്തി തിരിഞ്ഞു.

"എന്റെ അപ്പാ.. പറഞ്ഞ അറിവേ എനിക്ക് ഉള്ളു. പണ്ട് ആരോ ഈ നാഗ പ്രതിമ എടുക്കാൻ വന്നു. രാത്രിയില് ..."

"എന്നിട്ട് ... ?" ഉത്ക്കണ്ഠയോടെ ആയിരുന്നു ശ്രേയയുടെ ചോദ്യം.

"എന്നിട്ട് എന്തുണ്ടായി?"

"അന്നു രാത്രി പെരിയ മഴയും കൊടുങ്കാറ്റും. അമ്പലം അപ്പാടെ ഭൂമിക്ക് അടിയിലേക്ക് പോയത്രേ. ഇപ്പം നിലവറയിലേക്കുള്ള ഒരു ചിന്ന തുരങ്കം മാത്രം."

"അപ്പോ... അപ്പോ ആ വിഗ്രഹം ഇപ്പോഴും അവിടെ ഉണ്ടല്ലേ?" ഉത്സാഹത്തോടെ ആയിരുന്നു മഹേന്ദ്രന്റെ ചോദ്യം.

"ഉണ്ട്" ചെമ്പരത്തി തിരിഞ്ഞു.

"ആരെങ്കിലും അവിടെ പൂജ ചെയ്യാറുണ്ടോ?" തനുജ ചെമ്പരത്തിയെ നോക്കി.

"നിത്യപൂജ ഇല്ല. ആയില്യം നാളിലെ പൂജ മാത്രം"

"ആരാ പൂജ ചെയ്യുന്നത് ?"

"ഒരു അപ്പാവും മകളും "

"അവരെവിടെയാ...?" സച്ചിൻ ആയിരുന്നു ചോദിച്ചത്.

"നീലക്കൽ മലയുടെ അപ്പുറം. ഇവിടുന്നും പത്ത് കിലോ മീറ്റർ പോവണം " ചെമ്പരത്തി ഒന്നു നിർത്തി.

"നാഗരാജൻ എന്നാ അപ്പാവുടെ പേര്. വിന്ധ്യാവലി എന്നാ മകളുടെ പേര്. ഞങ്ങ വല്ലി എന്നു വിളിക്കും"

"അവർ മാത്രമേ നിലവറയിലേക്ക് പോവാറൊള്ളോ?" തനുജ ചെമ്പരത്തിയെ നോക്കി.

"അവരെ മാത്രമേ നാഗങ്ങൾ അനുവദിക്കൂ... പിന്നെ " ചെമ്പരത്തി ഒന്നു നിർത്തി.

"നിലവറയുടെ പൂട്ട് നാഗ ബന്ധനം നടത്തിയാണ് അടച്ചിരിക്കുന്നത്"

"നാഗബന്ധനമോ... അതെന്താ ?" ഫയാസിന് മനസ്സിലായില്ല. മറുപടി പറഞ്ഞത് തനുജയാണ്.

"പ്രത്യേക വെലോസിറ്റിയിൽ ശബ്ദതരംഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന ലോക്ക് ആണ്. നമ്പർ ലോക്ക് പോലെ. ഒരു പ്രത്യേക താളത്തിലും വേഗത്തിലും ശക്തിയിലും ഊതിയാണ് ലോക്ക് തുറക്കുന്നത്. എന്നു വച്ചാൽ യഥാർഥ അവകാശിക്ക് മാത്രമേ തുറക്കാനാവു എന്ന് "

"ആമാ... അതു തന്നെ " ചെമ്പരത്തി ഉത്സാഹത്തോടെ പറഞ്ഞു. പിന്നെ, എല്ലാവരെയും നോക്കി.

"നിങ്ങള് വിഗ്രഹം എടുക്കാൻ വന്നത് ഒന്നും അല്ലല്ലോ ...."

"ഏയ് " മഹേന്ദ്രന്റെ മുഖത്ത് ഒരു വിളറിയ ചിരി ഉണ്ടായി.

"ഞങ്ങള്... ഞങ്ങള് ഒരു സിനിമേടെ ഷൂട്ടിങ്ങിന്റെ കാര്യവുമായി ബന്ധപ്പെട്ട് .. "

"എങ്കിൽ ഊരിലേക്ക് പോവാം " ചെമ്പരത്തി തിരിഞ്ഞു

"വാസുകി അണ്ണ... അപ്പനോട് പറഞ്ഞിരുന്നു നീങ്കള് വരുന്ന കാര്യം. അവിടെ താമസിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്." പെൺകുട്ടികൾക്ക് ആശ്വാസമായി.

"വാ ..."

ചെമ്പരത്തി നടന്നു കഴിഞ്ഞു.

"ഇനി ഇവിടെ നിൽക്കുന്നത് അപകടമാ..."

പരസ്പരം ഒന്ന് നോക്കിയിട്ട് മഹേന്ദ്രനും കൂട്ടരും ചെമ്പരത്തിക്ക് പിന്നാലെ തിരിഞ്ഞു.

******    *******     ******    ******

കൊച്ചി. സമയം രാത്രി ഒൻപതര.

എയർപോർട്ട് റോഡിലൂടെ വരികയായിരുന്നു കബനീ ദേവിയുടെ ലക്സസ് കാർ. ഡ്രൈവിംഗ് സീറ്റിൽ അബ്ദുള്ള ആയിരുന്നു.

''അബ്ദുള്ള... " കമ്പനീ ദേവി വിളിച്ചു.

"കൊംളംബോയിലേക്ക് ഒന്നു വിളിക്കണം. നരസിംഹയുമായിട്ട് ഒന്നു സംസാരിക്കണം.

വിഗ്രഹം കൈയിൽ കിട്ടിയാൽ പിന്നെ, ധനുഷ്ക്കോടിയിൽ വച്ച് മീറ്റിങ്. "

"ശരി മാഡം"

"എവിടെയാണോ മഹേന്ദ്രനും കൂട്ടരും. ഒരു കാര്യം എനിക്ക് ഉറപ്പാ. നൂറ് കോടിയുടെ സപ്നത്തിൽ വീണു പോയവൻ എങ്ങനെയും ആ പ്രതിമ എടുക്കും ഉറപ്പ്..."

റൺവേയിലേക്ക് ഒരു വിമാനം താഴ്ന്നിറങ്ങുന്നതിന്റെ ഇരമ്പൽ കേട്ടു. അടുത്ത നിമിഷം, പിന്നിൽ നിന്ന് രണ്ടു വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ പ്രകാശം വന്ന് റിയർവ്യൂ മിററിൽ പതിച്ചു. പാഞ്ഞു വന്നത് രണ്ട് പൊലീസ് ജീപ്പുകൾ ആയിരുന്നു. അവ ലക്സസ് കാറിന്റെ മുമ്പിലേക്ക് കയറി വഴി വിലങ്ങിയിട്ടെന്നോണം നിന്നു.

"മാഡം... പൊലീസ്'' അബ്ദുള്ളയ്ക്ക് പരിഭ്രമം ഉണ്ടായി. കബനീ ദേവിക്ക് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഉണ്ടായില്ല.

പൊലീസ് വാഹനങ്ങളുടെ ഡോർ തുറന്ന് എസ്ഐ ഹനീഫയും സിഐ മുരളിയും ഇറങ്ങി. പിന്നാലെ എസിപി ആന്റണി അലക്സ് തേവയ്ക്കനും. അവർ കാറിനു നേരെ വന്നു. ആൻറണി അലക്സ് പതിയെ കാറിന്റെ വിൻഡോ ഗ്ലാസിൽ തട്ടി.

കബനീ ദേവി പവർ വിൻഡോ താഴ്ത്തി.

"കബനീ ദേവി ?" ആൻറണി അലക്സ് കബനീ ദേവിയെ നോക്കി.

"യെസ്..."

"സ്റ്റേഷൻ വരെ ഒന്നു വരണം. ചില കാര്യങ്ങൾ ചോദിച്ച് അറിയാനുണ്ട് ''

"എന്താണ് കാര്യം?"

"അത് റോഡിൽ വച്ച് പറയാൻ പറ്റുന്നതല്ല മാഡം... പ്ലീസ് കോ-ഓപ്പറേറ്റ് വിത്ത് അസ്" പറഞ്ഞിട്ട് എസിപി ആൻറണി അലക്സ് തേവയ്ക്കൻ തിരിഞ്ഞു.

"മുരളീ.. " വിളിച്ചിട്ട് അയാൾ തന്റെ വാഹനത്തിനു നേരെ നടന്നു.

കബനീ ദേവിയുടെ കാറിന്റെ ഡോർ തുറന്ന് സിഐ മുരളി കോ- ഡ്രൈവർ സീറ്റിലേക്ക് കയറി. പിന്നെ, അബ്ദുള്ളയെ നോക്കി.

"പൊലീസ് സ്‌റ്റേഷനിലേക്ക് ..."

അനുസരിക്കുക അല്ലാതെ വേറെ നിവൃത്തിയില്ലാതെ അബ്ദുള്ളക്ക്.

******    *******     ******    ******

രാത്രി വൈകിയതും വീണ്ടും മഴ തുടങ്ങി. രണ്ട് കുടിലുകളിൽ ആയിരുന്നു മഹേന്ദ്രനും കൂട്ടരും. പെൺകുട്ടികൾക്ക് മാത്രമായി ഒരു ഒരു കുടിൽ. നീലക്കൽ മലയുടെ അപ്പുറത്തുള്ള നാഗരാജനും വിന്ധ്യാവലിയും ആയിരുന്നു മഹേന്ദ്രന്റെ മനസ്സ് നിറയെ.

നാഗയക്ഷി ക്ഷേത്രത്തിന്റെ നിലവറ തുറക്കാൻ കഴിവ് ഉള്ളവർ.

പക്ഷേ, ക്ഷേത്രത്തിന്റെ ശക്തി ക്ഷയിപ്പിച്ചാൽ ആർക്കും തുറക്കാൻ കഴിഞ്ഞേക്കും. അതിനു വേണ്ടത് ഒരു കന്യകയുടെ ചോരയും മുടിയും എല്ലിൻ കഷണങ്ങളും ആണ്.

അപ്പുറത്തെ കുടിലിൽ മൂന്ന് കന്യകമാർ ഉറങ്ങുന്നുണ്ട്. ആര് കൊല്ലപ്പെടണം? മഹേന്ദ്രൻ അല്പനേരം ചിന്തിച്ചിരുന്നു.

പിന്നെ, എന്തോ തീരുമാനിച്ച് ഉറച്ചതു പോലെ എണീറ്റു. സച്ചിനും ഫയാസും നല്ല ഉറക്കത്തിൽ ആയിരുന്നു.

ബാഗ് തുറന്ന് മഹേന്ദ്രൻ വീതിയേറിയ ഒരു കത്തി എടുത്തു. പിന്നെ, പെൻടോർച്ചും എടുത്തു കൊണ്ട് കുടിലിന്റെ വാതിൽ മെല്ലെ തുറന്ന് മഴയിലേക്ക് ഇറങ്ങി.

(തുടരും ...)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
FROM ONMANORAMA