എല്ലാം മാർഗരറ്റിനോട് തുറന്നു പറയാനൊരുങ്ങി കീർത്തി; അപ്രതീക്ഷിത ഫോൺകോളുമായി അജ്ഞാതൻ
Mail This Article
അധ്യായം: 10
കവലയിലെ ഓവർ ബ്രിഡ്ജിന് സമീപത്തെ ബാഡ്മിന്റൺ കോർട്ടിന് പിന്നിലുള്ള മാനസികാരോഗ്യകേന്ദ്രത്തിന്റെ മുറ്റത്ത് കീർത്തി കാർ നിർത്തിയിറങ്ങി. മാസത്തിൽ രണ്ടോ മൂന്നോ വട്ടം അവൾ അവിടെയെത്താറുണ്ട്. തന്റെ കോളജ്മേറ്റും അടുത്ത സുഹൃത്തുക്കളിലൊരാളുമായ മൈക്കിളിനെ കാണാനായിരുന്നു അത്.
അവൾ ചെന്ന് കഴിഞ്ഞാൽ അവിടത്തെ നേഴ്‌സുമാർ മൈക്കിളിനെ വീൽചെയറിലിരുത്തി സെല്ലിൽ നിന്നും പൂന്തോപ്പിലേക്ക് തുറക്കുന്ന വിശാലമായ ജാലകങ്ങളുള്ള ഒരു ചെറിയ മുറിയിലേക്ക് കൊണ്ട് വരും. നല്ല വെടിപ്പും വെളിച്ചവുമൊക്കെയുള്ള ആ മുറിയിൽ വെച്ചാണ് കീർത്തി സുധാകർ മൈക്കിളിനെ കാണുക. പ്രതിമ പോലെയിരിക്കുന്ന അയാളോട് അവൾ ഒരുപാട് സംസാരിക്കും. സങ്കടങ്ങളും സന്തോഷങ്ങളും പറയും. അയാൾ ഒന്നും കേൾക്കുകയോ പറയുകയോ അറിയുകയോ ഇല്ല എന്നവൾക്കറിയാം. എങ്കിലും അവളുടെ മുഴുവൻ കാര്യങ്ങളും അവൾ അയാൾക്ക് മുന്നിലിരുന്ന് പറയും. വർഷങ്ങളായുള്ള പതിവാണത്.
അന്നും കീർത്തി ചെന്നപ്പോൾ അവിടത്തെ നേഴ്‌സുമാർ അയാളെ വീൽചെയറിലിരുത്തി ആ മുറിയിൽ കൊണ്ടുവിട്ടു. കീർത്തി നിറകണ്ണുകളോടെ അയാൾക്ക് അഭിമുഖമായിരുന്നു. അവൾ സ്നേഹത്തോടെ അയാളെ തഴുകി. പിന്നെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻ ആരംഭിച്ചു:
"മൈക്കിൾ... നിനക്ക് സുഖമല്ലേ എന്ന് ചോദിക്കുന്നില്ല. സുഖമല്ല എന്നറിയാം. അതുകൊണ്ടുതന്നെ സുഖമാകാൻ പ്രാർത്ഥിക്കുന്നു. ഒരുപാട് വർഷമായി അനന്തതയിലേക്ക് നോക്കി മൗനിയായി ഇരിക്കുന്ന നിന്നോട് ഇവിടെ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. ആരെയും തിരിച്ചറിയാത്തവനാണ് നീ. സ്ഥലകാലങ്ങളെക്കുറിച്ച് ബോധമില്ലാത്ത ഒരാൾ. നീ എന്താണ് കാണുന്നത്, എന്താണ് കേൾക്കുന്നത്, എന്താണ് ചിന്തിക്കുന്നത് എന്നൊന്നും ഒരാൾക്കും നിശ്ചയമില്ല. വൈദ്യശാസ്ത്രത്തിന് പോലും എത്തിപ്പിടിക്കാനാവാത്ത ഏതോ വൻകരകളിലൂടെ നിന്റെ മനസ്സ് അലഞ്ഞു തിരിയുന്നു…”
“മൈക്കിൾ... സൂസന്റെ സഹോദരി മാർഗരറ്റ് പോലീസ് കസ്റ്റഡിയിലുണ്ട്. ചുറ്റും നടക്കുന്നതൊന്നും അറിയാത്തത് പോലെ അന്ന് സൂസന്റെ മൃതദേഹത്തിനരികിൽ അകലങ്ങളിൽ കണ്ണും നട്ടുള്ള അവരുടെ ആ ഇരുപ്പ് ഇന്നും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. ആ ഇരിപ്പ് നമ്മുടെ ഉള്ളുലച്ചു. നമ്മളവരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ആത്മാവിന്റെ ആഴങ്ങളിലെ കുറ്റബോധം കരഞ്ഞു തീർക്കുകയായിരുന്നു നമ്മൾ. നമുക്ക് ആ സ്ത്രീയോടൊന്നും പറയാനില്ലായിരുന്നു. അല്ലെങ്കിൽ നമുക്കവരോടൊന്നും പറയാൻ പറ്റുമായിരുന്നില്ല. മനസ്സ് കൊണ്ട് ആ പാദങ്ങളിൽ വീണ് മാപ്പ് ചോദിക്കാൻ മാത്രമേ നമുക്ക് കഴിയുമായിരുന്നുള്ളൂ. ആയിരം വട്ടം, പതിനായിരം വട്ടം നമ്മൾ മാപ്പപേക്ഷിച്ചു. ഒടുക്കം തിരിഞ്ഞു നോക്കാതെ നടന്നു പോന്നു. സൂസന്റെ കുഴിമാടവും, ആ സ്ത്രീയും, അവരുടെ കുടുംബ വീടും, ആ ഗ്രാമവുമെല്ലാം അകലെയായി. പിന്നെ കാലങ്ങൾക്ക് പിറകിലായി…”
“മൈക്കിൾ... നമ്മുടെ മുഹാജിറിനെ മാർഗരറ്റ് കൊന്ന് കളഞ്ഞടാ..! അവർ അവനെ തുണ്ടം തുണ്ടമായി വെട്ടി നുറുക്കി. സൂസന്റെ ആത്മഹത്യക്ക് പിന്നിൽ അവനാണെന്ന് അവർ വിശ്വസിക്കുന്നു. ചോദ്യംചെയ്യൽ വേളയിൽ എന്റെ കാബിനിൽ വെച്ച് അവരിത് പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി. എന്റെ ശരീരം വിറച്ചു. എന്റെ കൈകാലുകൾ കുഴഞ്ഞു. എന്റെ രക്തം തണുത്തുറയുന്നത് പോലെ എനിക്ക് തോന്നി. എന്നെ സംബന്ധിച്ച് അത്രമാത്രം സ്ഫോടനാത്മകമായ ഒരു പറച്ചിലാണല്ലോ അവരുടെ ഭാഗത്തു നിന്നുണ്ടായത്!”
“എന്റെ ധൈര്യവുമെല്ലാം ചോർന്ന് പോയിരുന്നു. എന്റെ തല കുനിഞ്ഞു പോയി. അവരുടെ മുന്നിൽ, എന്റെ സഹപ്രവർത്തകരുടെ മുന്നിൽ ഞാൻ വീണു പോയേക്കുമെന്ന് എനിക്ക് തോന്നി. അതോടെ ഞാനാ രംഗത്തിന് താൽക്കാലിക വിരാമമിട്ട് സ്റ്റേഷനിൽ നിന്നും ഇറങ്ങിപ്പോയി. ധൈര്യം നമുക്ക് മുഖത്തും ശരീരഭാഷയിലും കൃത്രിമമായി സൃഷ്ടിച്ചെടുക്കാം. എന്നാൽ ആന്തരികമായി അതിനെ കൈകാര്യം ചെയ്യുക എളുപ്പമല്ല. മനസ്സിനെ പിടിച്ചു നിർത്താൻ പ്രയാസമാണ്. നെഞ്ചിലെ അഗ്നി പെട്ടെന്നൊന്നും അണയില്ല….”
“എന്നാലും മൈക്കിൾ... ആ സ്ത്രീ! അവരുടെ മുഖം! എനിക്ക് മിഴി പൂട്ടാൻ വയ്യ. കണ്ണുകൾ അടക്കുമ്പോൾ ഇരുട്ടിൽ തെളിയുന്നത് ആ പഴയ ചിത്രമാണ്. ഇനി അഥവാ തളർന്നുറങ്ങിപ്പോയാൽ സ്വപ്നങ്ങളായി നിറയുന്നതും ആ ചിത്രം തന്നെ. കുഞ്ഞനുജത്തിയുടെ മൃതദേഹത്തിനരികെ മറ്റൊരു മൃതദേഹം പോലെയിരിക്കുന്ന ആ സ്ത്രീയുടെ ചിത്രം. ഒരിക്കലത് നിന്നെയും എന്നെയും അപകടകരമായി വേട്ടയാടി. ഞാനന്ന് അതിന്റെ ഭീകരതയിൽ നിന്നും പുറത്തു കടന്നെങ്കിലും നീ നീയല്ലാതായി! നിന്റെ മനസ്സിന്റെ താളം തെറ്റി. എന്തൊക്കെയോ പുലമ്പിക്കൊണ്ട് നീ നിരത്തിലൂടെ അലഞ്ഞു. നിന്റെ ജീവിതം ഈ മെന്റൽ സാനിട്ടോറിയത്തിന്റെ ഇരുണ്ട സെല്ലിലായി. പതുക്കെപ്പതുക്കെ നീ നിശബ്ദനായി. നിന്റെ കണ്ണുകൾ തിളക്കം വറ്റി നിർജീവമായി. മുഖത്തെ പ്രസാദാത്മകത മാഞ്ഞു. നിന്റെ ദയനീയമായ അവസ്ഥ എന്നിൽ വല്ലാത്ത പ്രയാസമാണ് സൃഷ്ടിച്ചത്. എങ്കിലും ഞാൻ പിടിച്ചു നിന്നു. മനസ്സിടറാതെ ഈശ്വരൻ എന്നെ കാത്തു. ശരിക്കുമതെ മൈക്കിൾ. എന്റെ വിശ്വാസം തന്നെയായിരുന്നു എന്നെ രക്ഷിച്ചത്. ഞാനെല്ലാം ഈശ്വരനോട് ഏറ്റു പറയുകയായിരുന്നു. ഞാൻ എന്നെത്തന്നെ ആ സമക്ഷത്തിൽ സമർപ്പിക്കുകയായിരുന്നു. തെറ്റുകൾ ഒന്നൊന്നായി ഏറ്റു പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പപേക്ഷിക്കുകയായിരുന്നു. ആ ഘട്ടത്തെ തരണം ചെയ്ത് കൊണ്ട് ഞാൻ എന്റെ സ്വപ്നങ്ങളിലേക്ക് ചിറക് വിടർത്തി. എന്റെ ലക്ഷ്യങ്ങളിലേക്ക് പറന്നിറങ്ങി. ഏവരും വാഴ്ത്തിപ്പാടുന്ന ഒരു പോലീസ് ഓഫീസറായി ഞാൻ മാറി. ഫെമിനിസ്റ്റ് കോളങ്ങളും, മാഗസിനുകളുമൊക്കെ ഇന്ന് എന്നെ സ്തുതിക്കുന്നു. ഒരു സ്ത്രീയായ എന്റെ നേട്ടങ്ങൾ അവർ ആഘോഷിക്കുന്നു. ഞാൻ മറ്റ് സ്ത്രീകൾക്ക് പ്രചോദനമാകണമെന്ന് അവർ ഉറക്കെ വിളിച്ചു പറയുന്നു. എനിക്ക് വേണ്ടി വർണാഭമായ ചടങ്ങുകൾ സംഘടിപ്പിക്കുന്നു. ഓറിയന്റേഷൻ ക്ലാസുകൾ നയിക്കാൻ ക്ഷണിക്കുന്നു."
"എല്ലാം എന്റെ സ്വപ്നങ്ങളായിരുന്നല്ലോ മൈക്കിൾ. കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസം കൊണ്ടും ഞാനെല്ലാം നേടിയെടുത്തു. എന്റെ നേട്ടങ്ങൾക്കും വിജയങ്ങൾക്കും പിന്നിൽ കണ്ണീരിന്റെയും വിയർപ്പിന്റെയും ഉണങ്ങാത്ത നനവുകളുണ്ട്. അനേകമനേകം രാത്രികളുടെ ഉറക്കമൊഴിക്കലുണ്ട്. ഒന്നിന് വേണ്ടിയും ആർക്കു മുന്നിലും ഞാൻ കീഴടങ്ങിക്കൊടുത്തില്ല. എന്നെത്തന്നെ അടിയറവെച്ചില്ല. രാത്രികളിൽ എന്റെ മുറിയുടെ വാതിൽ അടഞ്ഞു തന്നെ കിടന്നു. എന്റെ കിടക്കയിൽ ഞാൻ തനിച്ചായിരുന്നു…”
“മൈക്കിൾ... എന്നാലിപ്പോൾ എനിക്കൊന്നും താങ്ങാനാകുന്നില്ല. എനിക്കിതൊന്നും സഹിക്കാനാവുന്നില്ല. എന്റെ ഒരു നിഴൽ മാത്രമായി ഞാൻ മാറിയിരിക്കുന്നു. ഞാൻ എന്നിൽ കെട്ടിയുയർത്തിയ ധൈര്യത്തിന്റെ, നിശ്ചയദാർഢ്യത്തിന്റെ, ആത്മവിശ്വാസത്തിന്റെ കോട്ട തകർന്നിരിക്കുന്നു. ആ തിരിച്ചറിവ് എന്നെ കൂടുതൽ അവശയാക്കുന്നു. ഒരു ഈശ്വരനും എന്നെ തിരിഞ്ഞു നോക്കാത്തത് പോലെ. ഒരു ദേവിയും എന്റെ വിളി കേൾക്കാത്ത പോലെ. വല്ലാത്തൊരു നോവ് ദേഹമാസകലം പടരുന്നത് പോലെ. ഒരു ഭയം എന്നെ വന്ന് മൂടുന്നത് പോലെ. എനിക്കെന്നെത്തന്നെ നഷ്ടപ്പെടുകയാണ്. മറന്നു കളഞ്ഞ പലതും ഞാനിന്ന് ഓർക്കുന്നു. ഒരുപക്ഷേ, എല്ലാം സൂസന്റെ ശാപത്തിന്റെ ഫലങ്ങളായിരിക്കാം. കർമ്മഫലം അനുഭവിക്കണമല്ലോ. ഇത്തരം കാര്യങ്ങളുടെയെല്ലാം അവസാനം ഇങ്ങനെയൊക്കെ ആയിരിക്കാം. ഈയൊരു പതനത്തിന് വേണ്ടിയായിരിക്കാം ഉയരങ്ങളിലേക്ക് പോകാൻ വിധിക്കപ്പെട്ടത്. ഉപ്പ് തിന്നയാൾ വെള്ളം കുടിച്ചേ മതിയാകൂ. ഇത് ഒരു പ്രപഞ്ച സത്യമാണെന്ന് തിരിച്ചറിയുകയാണിപ്പോൾ. കേവലമൊരു പഴമൊഴി മാത്രമല്ലെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു…”
“ഒരു വഴിയേ ഞാൻ കാണുന്നുള്ളൂ മൈക്കിൾ. എല്ലാം ആ സ്ത്രീയോട് തുറന്ന് പറയുക. സകലതും ഏറ്റു പറയുക. മുഹാജിറിനോട് പറയണമെന്ന് കരുതി നടക്കാതെ പോയി. ഒരു തെറ്റും ചെയ്യാത്ത ആ പാവം പ്രതികാര നടപടി നേരിട്ടു. നമുക്ക് വേണ്ടിയാണ് മുഹാജിർ ജീവത്യാഗം ചെയ്തത് മൈക്കിൾ. മനോഹരമായ ഒരു ജീവിതത്തിന് പൊടുന്നനെയൊരു വിരാമചിഹ്നം! എല്ലാം കേട്ട് കഴിയുമ്പോൾ അവരെങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ച് ഒരു രൂപവുമില്ലെനിക്ക്. ഒരുപക്ഷേ അവൾക്കെന്നെ കൊല്ലാൻ തോന്നിയേക്കാം. സാരമില്ല. നോവ് നിറഞ്ഞതുമായ ഒരു മനസ്സുമായി കാലം തള്ളി നീക്കുന്നതിനേക്കാൾ എത്രയോ ഭേദമാണത്. എനിക്കിങ്ങനെ ജീവിക്കാൻ വയ്യ. ഇങ്ങനെ ജീവിച്ചാൽ എനിക്ക് ഭ്രാന്ത് പിടിക്കും. തീർച്ച. അന്ത്യപ്രവാചകനായ മുഹമ്മദ് ഭ്രാന്തിൽ നിന്നും ദൈവത്തോട് ശരണം തേടിയിരുന്നതായി മുഹാജിർ പറഞ്ഞ് കേട്ടിട്ടുണ്ട്. മനുഷ്യനെ ബാധിക്കുന്നതിൽ വെച്ച് ഏറ്റവും മോശമായ ഒന്നാണതെന്നത് കൊണ്ടാവാം. എനിക്കൊരു ഭ്രാന്തിയായി ശിഷ്ട കാലം ജീവിച്ചു തീർക്കാൻ വയ്യ. ഇന്നലെ വരെ പരിചയമുള്ളവരെ തിരിച്ചറിയാൻ സാധിക്കാതെ, സ്ഥിരതയും സ്ഥലകാല ബോധവുമില്ലാതെ മെന്റൽ സാനിട്ടോറിയത്തിലെ ഇരുണ്ട സെല്ലിൽ ഒടുങ്ങാൻ എനിക്ക് വയ്യ. ഈ ലോകം സുന്ദരമാണ്. അതിമനോഹരമാണ്. ഇവിടമാകെ എനിക്ക് പറന്ന് നടക്കണം. അതിന് പറ്റുന്നില്ലെങ്കിൽ ചിറകറ്റ് വീണ് മൃതിയടഞ്ഞാൽ മതിയെനിക്ക്."
"ഞാനത്ഭുതപ്പെടുകയാണ് മൈക്കിൾ... പഠിക്കുന്ന കാലത്ത് നമ്മളൊക്കെ എത്ര ചെറിയ ആളുകളായിരുന്നു. നമ്മുടെ മനസ്സുകൾ എത്ര ചെറുതായിരുന്നു. എത്ര അരോചകമായാണ് നാം പെരുമാറിയിരുന്നത്. എത്ര അപക്വമായാണ് നാം കാര്യങ്ങളെ കണ്ടിരുന്നത്. എത്ര സ്വാർത്ഥതയോടെയാണ് നാം പലതും കൈകാര്യം ചെയ്തിരുന്നത്. ബഹളം വെച്ച് നടക്കലാണ് കൗമാരം എന്ന് നാം ധരിച്ചു. പ്രതിഷേധത്തിന്റെ, പ്രതികാരത്തിന്റെ, അനുരാഗത്തിന്റെ യഥാർത്ഥ നിർവചനങ്ങൾ മനസ്സിലാക്കാതെ പോയി നാം. അതൊന്നും നമ്മളെയാരും പഠിപ്പിച്ചില്ലല്ലോ. എനിക്ക് തോന്നുന്നു, ഇപ്പറഞ്ഞതെല്ലാം വീടുകളിൽ നിന്നും ലഭിക്കേണ്ട അറിവുകളാണ്. എന്നാൽ വീടുകളിലെ അതിഥികൾ മാത്രമായിരുന്നല്ലോ നമ്മൾ. അവധിക്ക് മാത്രം വരുന്ന വെറും അതിഥികൾ. ശരി മൈക്കിൾ.ഞാൻ ഇറങ്ങുന്നു. ഇന്ന് ഞാൻ നിന്നോട് ഒരുപാട് സംസാരിച്ചു.നീ ഒന്നും അറിയുന്നില്ലെങ്കിലും നിന്റെ മുന്നിൽ വന്നിരുന്ന് ഇങ്ങനെ മനസ്സ് തുറക്കുമ്പോൾ വലിയ ആശ്വാസമാണ്…”
കീർത്തി മൈക്കിളിന് മുന്നിൽ നിന്നും എഴുന്നേറ്റു. നിറകണ്ണുകളോടെ അവൾ അയാളുടെ കവിളിൽ ചുംബിച്ചു. പിന്നെ ബെൽ ബട്ടണിൽ വിരലമർത്തി. ഉടനെ ഒരു നേഴ്‌സ് വാതിൽ തുറന്ന് ആ മുറിയിലേക്കെത്തി.
"കൊണ്ട് പൊയ്ക്കൊള്ളൂ." കീർത്തി നേഴ്സിനോട് പറഞ്ഞു. പുഞ്ചിരിയോടെ ശരി എന്ന അർത്ഥത്തിൽ തലയാട്ടിക്കൊണ്ട് നേഴ്‌സ് മൈക്കിളിരിക്കുന്ന വീൽചെയർ തള്ളിക്കൊണ്ട് മുറിക്ക് പുറത്തേക്കിറങ്ങി. അരണ്ട വെളിച്ചം മാത്രമുള്ള ഇടനാഴിയിലൂടെ വീൽചെയറിൽ മൈക്കിൾ അകന്ന് പോകുന്നത് നിറമിഴികളോടെ കീർത്തി നോക്കി നിന്നു. കണ്ണുകൾ തുടച്ച് കീർത്തി പുറത്തേക്കിറങ്ങി. പാർക്കിങ്ങിലേക്ക് നടന്ന് തന്റെ കാറിൽ കയറി.
റോഡിൽ വാഹനങ്ങളുടെ തിരക്കായിരുന്നു. ട്രാഫിക് ജാമും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചില ഷോർട്ട് കട്ടുകളിലൂടെ പോകാമെന്ന് ചിന്തിച്ച് അവൾ ഹൈവേയിൽ നിന്നും കാർ സർവീസ് റോഡിലേക്ക് തിരിച്ചു. പെട്ടെന്ന് കീർത്തിയുടെ മൊബൈൽ ശബ്ദിച്ചു. അവൾ കാൾ അറ്റൻഡ് ചെയ്തു.
"ഹലോ... കീർത്തി സുധാകർ അല്ലേ...?" അപരിചിതമായ ഒരു പുരുഷ ശബ്ദമായിരുന്നു മറുതലക്കൽ.
"അതെ. കീർത്തിയാണ്. ഇതാരാണ്...?" അവൾ വണ്ടി പതിയെ വഴിയോരത്തേക്ക് ഒതുക്കിക്കൊണ്ട് ചോദിച്ചു.
ഭീഷണമായ ഒരു അട്ടഹാസമായിരുന്നു അതിനുള്ള മറുപടി.
(തുടരും)