ADVERTISEMENT

ചിലതരം പ്രണയങ്ങൾ ജീവിതം അസാധ്യമാക്കും വിധം പൊരുത്തക്കേടുകളാലും പാരുഷ്യത്താലും ഒരാളെ ഇല്ലായ്മ ചെയ്തേക്കും. എന്നാൽ മറ്റു ചിലവ അങ്ങനെയല്ല. ഒരാളെ ജീവിതത്തിലേക്ക് ഉണ്മയോടെ പുതുക്കിപ്പണിത് ഉടച്ചുവാർത്ത് ഉയർത്തി നിർമിച്ചു കൊണ്ടിരിക്കും. പ്രണയം എന്നത് ഏറ്റവും നിഗൂഢമായ ഒരു വികാരമാണ്. അത്, ആത്മാവിന്റെ സ്വസ്ഥതയും അസ്വസ്ഥതയുമാണ്. ആഗ്രഹങ്ങളും മോഹങ്ങളും ആനന്ദവും കാമനകളും നിരാസങ്ങളും പ്രതീക്ഷകളും വേദനകളും അതിന്റെ ഭിന്നമുഖങ്ങളാണ്. പ്രേമിക്കുന്നവർ എല്ലായ്പ്പോഴും അരക്ഷിതരാണ്. പ്രണയിയുടെ മുന്നിൽ സമയപരിധിയില്ല, കാലമില്ല. കിട്ടുന്തോറും മതിയാവാത്തതും ഉടലും ഉയിരും ലയിക്കുന്ന ആഗ്രഹപാരമ്യവുമാണത്.

റൂമിയുടെ കവിതയിലെ വരികൾ പോലെ നെഞ്ചിലെ കിളിവാതിൽ പ്രണയികൾ എല്ലായ്പ്പോഴും തുറന്നുവച്ചിരിക്കയാണ്. ആത്മാക്കൾ അകത്തേക്കും പുറത്തേക്കും പറന്നു നടക്കാൻ വേണ്ടി. പ്രണയത്തെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. വ്യക്തി ജീവിതത്തിലെയോ വായിച്ച പുസ്തകത്തിലെയോ കേട്ട ഗാനങ്ങളിലെയോ കണ്ട സിനിമയിലെയോ പ്രണയാനുഭവങ്ങളെപ്പറ്റിയില്ല, ഈ പ്രണയദിനത്തിൽ പറയാൻ പോകുന്നത്. അത് പ്രണയത്തിന്റെ മഹിമയാൽ, നിസ്വാർഥതയാൽ അത്ഭുതപ്പെടുത്തിയ ഒരു സ്ത്രീയെക്കുറിച്ചാണ്. ഇന്നേവരെ നേരിട്ടു പരിചയപ്പെട്ടതിൽ ഇതൊരു വിചിത്രമായ പ്രേമകഥയുമാണ്.

smitha
സ്മിത ഗിരീഷ്

ഞാനെഴുതിയ ഒരു പുസ്തകം വായിച്ചാണവർ ആദ്യമായി ഫെയ്സ് ബുക്ക് മെസഞ്ചറിൽ സംസാരിക്കാൻ വന്നത്. ആ പുസ്തകത്തിന്റെ ഒരു പേജിൽ അവർ തീവ്രമായി സ്നേഹിക്കുന്ന ഒരാളെപ്പറ്റി‌ പറഞ്ഞു പോകുന്നുണ്ടത്രേ. ആ പ്രേമം അയാൾക്കറിവില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ രസം. ആ സ്ത്രീയെ അപർണ എന്നു വിളിക്കാം. അവർ വിവാഹിതയാണ്. നാൽപ്പത്തഞ്ചിനടുത്ത പ്രായം. ഉദ്യോഗസ്ഥയാണ്. മുതിർന്ന മകളുണ്ട്. ഈ പ്രണയവിവരം ആ കുട്ടിക്കുമറിയാം. മറ്റൊരാളോട് തോന്നിയ പ്രേമം യാതൊരു മടിയുമില്ലാതെ തികച്ചും അപരിചിതയായ എന്നോട് പങ്കുവച്ച ആ വിശ്വാസത്തിന്റെ പവിത്രത എന്നെ തൊട്ടു. അവരെ സംബന്ധിച്ചതെല്ലാം വ്യത്യസ്തവും കൗതുകകരവുമായി തോന്നി. ഞാനവരെ തേടിച്ചെന്നു. ഞങ്ങൾ കൂടുതൽ സംസാരിച്ചു. 

ആ സ്ത്രീ പറഞ്ഞ കാര്യങ്ങൾ ഇതായിരുന്നു: അവരുടെ കുടുംബജീവിതം സുന്ദരമാണ്. ഉദ്യോഗസ്ഥയായ അവർക്കാവട്ടെ, ഇടയ്ക്കിടെ മൂഡ് സ്വിങ്ങുകൾ വരും. ആ സമയത്ത് ലോകത്ത് ഒരാളോടും സംസാരിക്കാൻ പോലും കഴിയാറില്ല. സ്വതവേ അന്തർമുഖിയാണ്. കുറച്ചൊക്കെ എഴുതും. പാടും. കൊറോണക്കാലത്ത് ഫെയ്സ് ബുക്ക് അൺഇൻസ്റ്റാൾ ചെയ്യാൻ കയറിയപ്പോഴാണ് അയാളുടെ, പിന്നീട് അവർ പ്രണയിച്ചു പോയ മനുഷ്യന്റെ ഫ്രണ്ട് റിക്വസ്റ്റ് കണ്ടത്. എഴുത്തുകാരനാണ്. കണ്ണിൽ ആൺകുട്ടിയുടെ കുസൃതി. അയാളുടെ റിക്വസ്റ്റ് സ്വീകരിച്ചത് തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്നവർ കരുതിയില്ല. അയാൾ ചാറ്റ് ചെയ്യാൻ വന്നപ്പോൾ എന്തുകൊണ്ടോ തിരിച്ചു സംസാരിക്കാൻ തോന്നി. അവരുടെ വാക്കുകളിൽ തന്നെ പറഞ്ഞാൽ കൂട്ടിക്കിഴിച്ചാൽ ഏതാണ്ട് രണ്ടര ദിവസം മാത്രമാണ് അയാളുമായി അവർ സംസാരിച്ചത്. അതാകട്ടെ, ആകെ ചേർത്താൽ അൻപത് വാക്ക് തികച്ചു കാണില്ല.

പരസ്പരം ചില്ലറ വീട്ടുകാര്യങ്ങൾ പങ്കുവച്ചു. അവർ ഒരു പാട്ട് പാടി. പിന്നെ എന്തുകൊണ്ടോ വെറുതെ നിശ്ശബ്ദനായി മറഞ്ഞുപോയ അയാൾ. എന്താണ് മിണ്ടാത്തത് എന്ന് ചോദിക്കാത്ത അവർ. പക്ഷേ, അതിനുശേഷം വെളിച്ചത്തിന്റെ കീറ് അവരുടെ മനസിൽ പതിച്ചപോലായി. താൻ പ്രണയം തീണ്ടിയ സ്ത്രീയാണെന്നവർ തിരിച്ചറിഞ്ഞു. അതിന്റെ വിസ്മയമാസ്മരികതയിലേക്ക് അവരുടെ ഹൃദയം കൺതുറന്നു. അയാൾ സ്വപ്നം പോലെ വന്നു പോയിട്ടും അവർ സ്വപ്നത്തിൽ എന്നപോലെ ഒറ്റയ്ക്ക് പ്രണയിച്ചു കൊണ്ടിരുന്നു. അയാളെ ഫോട്ടോയിൽ കണ്ട പരിചയമേയുള്ളു. ഏതുതരം മനുഷ്യനെന്നറിയില്ല. അയാളുടെ വിരലുകൾ, രൂപം ഒക്കെ സങ്കൽപ്പിക്കാറുണ്ട്. അയാളുടെ ശബ്ദം മനസിൽ രൂപപ്പെടുത്തിയിട്ടുണ്ട്. അതു തന്നെയാവും ശബ്ദം എന്നുറപ്പുണ്ട്. 

അയാളെ എല്ലായ്പ്പോഴും ഓർത്തും പ്രണയം സങ്കൽപ്പിച്ചും അവർ മാറിത്തുടങ്ങി. സൗന്ദര്യബോധം കൂടി. നീളൻ മുടി അഴിച്ചിട്ട് നടന്നുതുടങ്ങി. നെറ്റിയിൽ പൊട്ടുവച്ചു തുടങ്ങി. ആളുകളോട് ചിരിച്ചുസംസാരിക്കാൻ തുടങ്ങി. ജോലി സ്ഥലത്ത് എല്ലാവരോടും നന്നായി പെരുമാറാൻ തുടങ്ങി. എഴുത്തുകാരനായ അയാളെഴുതിയ പുസ്തകങ്ങളും ഫെയ്സ് ബുക്കിൽ അയാൾ കുറിച്ച കവിതകളും വരെ മനഃപാഠമാക്കി. ഇതൊന്നും അയാളറിയാതെയാണ് എന്നതാണ് ഇതിലെ കൗതുകം. അനന്തമായ ജീവിത പ്രപഞ്ചത്തിൽ വെറും രണ്ടു ദിവസം മാത്രം സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വക്കിൽ നിന്ന് വളരെക്കുറച്ച് സംസാരിച്ച് നിശബ്ദരായവരാണ്. അവർക്ക് പക്ഷേ, പ്രണയിക്കാൻ അയാൾ കൂടെ വേണമെന്നില്ലായിരുന്നു. നാൽപ്പത്തിമൂന്ന് വയസു വരെ അനുഭവിക്കാതിരുന്നൊരു ആനന്ദവും ശാന്തിയും വിശ്രാന്തിയും അയാൾ വന്നു പോയതിനു ശേഷമാണ് അറിഞ്ഞത്. അനിർവചനീയമായ അനുരാഗത്തിന്റെ അനന്തത ഒരു ധ്യാനം പോലവരെ സ്വസ്ഥയാക്കി.

ഒരു മനുഷ്യൻ അറിയാതെ അയാൾ അഗാധമായി പ്രണയിക്കപ്പെടുകയാണ്. അയാളെ കാണണമെന്ന് തോന്നുമ്പോൾ, ചിലപ്പോൾ പ്രണയം നോവിക്കുമ്പോൾ, അവർ ബസിലോ ട്രെയിനിലോ അയാൾ ജോലി ചെയ്യുന്ന പട്ടണത്തിലെത്തും. അയാളെ കാണാനല്ല, അയാളുള്ള ഇടത്തിൽ ലക്ഷ്യമില്ലാതെ പോയി വരികയാണ്. അയാൾ ജോലി ചെയ്യുന്ന സ്ഥാപനം, അതിനു മുന്നിലുള്ള അയാൾ നടന്നേക്കാവുന്ന വഴി, അയാൾ സന്ദർശിച്ചേക്കാവുന്ന ലൈബ്രറി തുടങ്ങി എല്ലായിടത്തും വെറുതെ കറങ്ങി, അടുത്ത വണ്ടിയിൽ തിരികെ വീട്ടിലേക്ക് മടങ്ങും. ഇതൊന്നും അയാൾക്കറിവില്ല എന്നതാണ് യാഥാർഥ്യം. ഒരു സ്ത്രീ അയാളെ വല്ലാതെ സ്നേഹിക്കുന്നു. ദിനവും ഒറ്റയ്ക്ക് സംസാരിക്കുന്നു. സങ്കൽപ്പത്തിൽ അയാളുടെ വീട്ടിലെത്തുന്നു. മക്കളെ താലോലിക്കുന്നു. ഉറക്കത്തിൽ ആ കണ്ണിൽ തൊടുന്നു. ആ സ്പർശം പക്ഷേ, അയാളറിയുന്നതേയില്ല.

അവർ ഭക്തയോ ഈശ്വരവിശ്വാസിയോ ആയിരുന്നില്ല. എന്നാൽ ഇതിനു ശേഷം പ്രണയത്തോടെ പ്രാർഥിക്കാൻ പഠിച്ചു. പ്രണയമെന്നാൽ വേദനയും വിയോഗവുമെന്നും തിരിച്ചറിഞ്ഞു. ഈ പ്രണയത്തിൽ അവർ ആത്മീയത കണ്ടെത്തി. അതുകൊണ്ടാവാം അവരുടെ ഒറ്റയ്ക്കുള്ള തീർഥാടനം അയാളുടെ നഗരത്തിലേക്കായത്. അയാളെ അവർ വിളിച്ചിരുന്നത് സൂഫിയെന്നാണ്. അതുവരെ അജ്ഞയായിരുന്ന അവരിലെ മറ്റൊരുവളെ അവരറിഞ്ഞത് സൂഫി വന്നപ്പോഴാണ്. അതുകൊണ്ടാവാം ഭക്തി പോലെന്തോ കൂടി അവർക്ക് അയാളോടുണ്ട്. അയാൾക്ക് അവരെഴുതിയ അയക്കാത്ത കത്തുകൾ ഒട്ടേറെയാണ്. അവരുടെ കഥ എന്നെ അത്ഭുതപ്പെടുത്തി. ഒരു വൺവേ പ്രേമത്തിന്റെ വഴികൾ അടഞ്ഞതാണ്. തിരിച്ചു നടക്കയല്ലാതെ മറ്റു മാർഗങ്ങളില്ല. മഴയിൽ കുടയില്ലാതെ, ധൈര്യത്തോടെ തിരിച്ചുകിട്ടാത്ത പ്രണയത്തെ വാരിപ്പിടിച്ചു നിൽക്കയാണ് ഒരു സ്ത്രീ. ആ ഹൃദയത്തിൽ വെളിച്ചം മാത്രമേയുള്ളു, ആനന്ദവും. പ്രണയത്തിൽ അവർ തന്നെത്തന്നെ തന്നിലെ മറ്റൊരുവളെ സ്പർശിച്ചറിയുന്നു. മനസിന്റെ രഹസ്യപഥങ്ങളിൽ നിധികൾ കണ്ടെടുക്കുന്നു.

ഇതിൽ എന്ത് പ്രതീക്ഷയാണുള്ളത്? നിങ്ങൾക്ക് എന്ത് സ്വസ്ഥത കിട്ടും? എനിക്ക് സംശയം വന്നു. ഞാൻ സന്തോഷമായിരിക്കുന്നു. ആത്മാനന്ദമറിയുന്നു. പ്രേമത്തിൽ അലയുക എന്ന നിയോഗത്തിൽ ചിലപ്പോൾ തപിക്കുന്നു. സ്വപ്നത്തിൽ പറക്കുന്നു. അസാധ്യതകളെ പ്രതീക്ഷിക്കുന്നു. ഈ പ്രണയം അയാൾ അറിയുമിടത്ത് എന്റെ സ്വപ്നങ്ങളും ശാന്തതയും ആത്മവിശ്വാസവും തകരും. എന്നാൽ ഞാനയാളെ കണ്ടെടുക്കുന്ന തേടിപ്പോവുന്ന ഒരു പ്രായമുണ്ട്. ആസക്തികൾ പോകുന്ന, ജരാനരകൾ ബാധിക്കുന്ന പ്രായമാകുമ്പോൾ നക്ഷത്രങ്ങളുടെ പേരുള്ള അയാളുടെ വീട്ടിൽ ഞാൻ കയറിച്ചെല്ലും. പേര് പറയാതെ, ഒന്നും മിണ്ടാതെ ഈ വഴി പോയപ്പോൾ വഴി തെറ്റി കയറിയെന്ന് പറഞ്ഞ് തിരിച്ചിറങ്ങും. അയാൾ കാഴ്ച മങ്ങിയ കണ്ണിൽ എന്നെ നോക്കും. അയാൾക്കെന്നെ മനസിലാവും. ഇനി അയാൾക്കു മുൻപേ ഞാൻ പോകുമെന്നാണെങ്കിൽ. അപ്പോൾ അപർണ മരിച്ചു എന്നറിയിക്കണമെന്ന് മകളോട് പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. ഏത് അപർണ എന്ന് അമ്മേടെ സൂഫി തിരിച്ചു ചോദിച്ചാൽ എനിക്ക് സങ്കടമാകുമെന്ന് അവൾ. വലിയ ചിരിയോടെ അവർ എനിക്കുത്തരം പറഞ്ഞു നിർത്തി.

പ്രണയം എന്നത് കൊടുക്കൽവാങ്ങലെന്ന് കരുതുന്നവരാണ് നമ്മളിൽ ബഹുഭൂരിപക്ഷം മനുഷ്യരും. കിട്ടുന്നതിൽ ലേശം കുറഞ്ഞാൽ പരിഭവിച്ച് ബന്ധങ്ങളിൽ നിന്നിറങ്ങിപ്പോകുന്നവരുണ്ട്. പ്രണയം തോന്നുന്നവരുടെ പിന്നാലെ പോയി അതു പിടിച്ചുവാങ്ങുന്നവരുണ്ട്. തിരിച്ചു കിട്ടാത്തതോ നഷ്ടപ്പെട്ടതോ ആയ പ്രണയം പകയുടെ മാരകായുധമായി ഉപയോഗിക്കുന്നവരുണ്ട്. എല്ലാ പ്രേമങ്ങളിലും ഞാനും നീയുമാണ് ഉള്ളത്. ആ നമ്മളിൽ സ്വാർഥതയുണ്ട്. അത്തരം ലോകത്ത് ഒന്നിനുമല്ലാതെ പ്രണയിക്കുന്നയാളെ തേടിപ്പിടിക്കാനും രഹസ്യമായി സ്വന്തമാക്കാനും അവസരങ്ങളുണ്ടെന്നിരിക്കെ അതിനൊന്നും തുനിയാതെ തന്റെ പ്രണയത്തെ സ്വാർഥതയുടെ തിന്മയിൽ നിന്നു മാറ്റിനിർത്തി, പ്രണയത്തെ യുക്തിക്കതീതമായ ഭാവനയാക്കി, ആ ലോകത്ത് തനിച്ച് ജീവിക്കുന്ന ആ സ്ത്രീയോട് ഏറെ ബഹുമാനം തോന്നി. അവരുടെ പ്രണയത്തെ എഴുതപ്പെടേണ്ടതാണെന്നും. അവരോട് ഇതേക്കുറിച്ച് സമ്മതം ചോദിക്കാൻ സന്ദേശമയച്ചപ്പോൾ ആ മറുപടി ഇതായിരുന്നു. "നിരാലംബമായ എന്റെ സ്നേഹത്തെ അടയാളപ്പെടുത്തണം. ഞാൻ ജീവിച്ചിരുന്നതിന്റെ തെളിവായി നിങ്ങൾ എഴുതണം. ഞാനതിൽ ഉറപ്പായും ആനന്ദിക്കും".

English Summary:

Valentine's Day Special Article Written by Smitha Gireesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com