ADVERTISEMENT

മാതൃഭാഷയെന്നതു ചിറകും ആകാശവുമാണ്; പാരമ്പര്യത്തിന്റെയും തനിമയുടെയും അടരുകളിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുമാണത്. ഭാവനയുടെയും സ്വപ്നങ്ങളുടെയും പുതിയ ചിന്തകളുടെയും അന്വേഷണങ്ങളുടെയും ലോകാന്തരങ്ങളിലേക്കു മാതൃഭാഷയിലൂടെയല്ലാതെ സ്വച്ഛന്ദമായി സഞ്ചരിച്ചെത്താനാകുമോ? ഭാഷയാണു സംസ്കൃതിയെയും ദർശനത്തെയുമെല്ലാം രൂപപ്പെടുത്തുന്നത്. മൂർത്തതയെ ഒരു കുറവായി കരുതുന്ന ഫ്രാൻസിലെ ദാർശനികരെയെടുക്കൂ. ഫ്രഞ്ചു ഭാഷയുടെ ഘടനയിൽ നിലീനമായ ഏതോ ഒരംശമാണ് ആ ദർശനങ്ങള‍ിലെ അമൂർത്തതാ പ്രണയത്തിനുള്ള കാരണവും.

മൈക്കേൽ എഡ്വേഡ്സിനെപ്പോലുള്ളവർ ഇക്കാര്യം നിരീക്ഷിച്ചിട്ടുണ്ട്. ഫുട്ബോൾ കോച്ചുമാർ ഫോർമേഷനെക്കുറിച്ചു സംസാരിക്കാൻ ദെക്കാർത്തെയെ കൂട്ടുപിടിക്കുന്ന നാടാണു ഫ്രാൻസെന്ന് ഓർക്കണം. മാതൃഭാഷയോടുള്ള അഗാധമായ പാരസ്പര്യമാണ് അവരെ സാംസ്കാരികമായി മുന്നോട്ടുനയിക്കുന്നത്. ‘ഒരാൾക്കു മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾ സംസാരിച്ചാൽ അത് അയാളുടെ തലയിലെത്തും, നിങ്ങൾ അയാളുടെ ഭാഷയിൽത്തന്നെ സംസാരിച്ചാൽ അത് ഹൃദയത്തിലെത്തും’ എന്നു പറഞ്ഞതു ‘മാഡിബ’ നെൽസൺ മണ്ടേലയാണ്.

G-N-Devy
ജി.എൻ. ദേവി

ഹൃദയസ്പർശിയാണ് മാതൃഭാഷയെന്നു ചുരുക്കം. യുനെസ്കോയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും സംസാരിക്കുന്ന ഏഴായിരത്തോളം ഭാഷകളിൽ ഏതാണ്ടു നാൽപ്പതു ശതമാനത്തോളം നിലനിൽപ്പിനായി വലിയ വെല്ലുവിളികളെ നേരിടുകയാണ്; അല്ലെങ്കിൽ എന്നേക്കുമായി മാഞ്ഞുപോകുന്നതിന്റെ വക്കത്താണ്. 

യഹൂദർ ഹിബ്ര‍ുവിനു നൽകുന്ന പ്രാധാന്യം നോക്കൂ. ഭാഷ വിട്ടൊരു ജീവിതം അവർക്കില്ല. സാങ്കേതികവിദ്യയിലും കൃഷിയിലും യുദ്ധതന്ത്രങ്ങളിലുമെല്ലാം അജയ്യരാകാൻ അവർക്ക് ആ മൊഴിയുടെ കരുത്തു മതി. യുവാൽ നോവ ഹരാരി തന്റെ പ്രശസ്തമായ പുസ്തകം ‘സാപിയൻസ്’ എഴുതിയതു ഹിബ്രുവിലായിരുന്നു. മാതൃഭാഷയിൽ എഴുതുമ്പോൾ നമ്മുടെ ഉന്നം കൃത്യമാണ്; അതിന്റെ സൂക്ഷ്മ സ്വരഭേദങ്ങൾ നമുക്കു ഹൃദിസ്ഥം. പക്ഷേ അപരഭാഷകളിലെഴുതുമ്പോൾ നമുക്കു ഗോൾവലകൾ മാറ്റേണ്ടി വരുന്നു; അല്ലെങ്കിൽ ഗോൾവലകൾ തനിയെ മാറുന്നു. 

ഇന്ത്യയിലെ മാതൃഭാഷകളെക്കുറിച്ചു സംസാരിക്കുമ്പോൾ  നാം മറന്നുപോകരുതാത്തൊരു പേരുണ്ട്–ഗണേശ് നാരായൺ ദാസ് ദേവിയെന്ന ജി.എൻ.ദേവിയാണത്. വിസ്മൃതിയിലേക്ക് ആഴ്ന്നുകൊണ്ടിരുന്ന എത്രയോ ആദിവാസി സമൂഹങ്ങളുടെ മാതൃഭാഷകളെ അദ്ദേഹം ജീവിതത്തിലേക്കു തിരികെയെത്തിച്ചു. ദേവിയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ മാതൃഭാഷകളെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങൾ പലതും പൊളിയും. മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ തീരത്ത് പോർച്ചുഗീസ് മാതൃഭാഷയായ ഗ്രാമങ്ങളുണ്ടെന്നു നിങ്ങൾക്കറിയാമോ? ജാപ്പനീസ് മാതൃഭാഷയായ ജനസമൂഹമുണ്ട് ഗുജറാത്തിൽ. 125 വിദേശഭാഷകളെങ്കിലും ഇന്ത്യയിൽ മാതൃഭാഷകളായി ഉപയോഗിക്കുന്നു. മൊഴിപ്പലമയുടെ, കലർപ്പിന്റെ ആഘോഷമാണ് അത്. 

Yuval Noah Harari of Hebrew University of Jerusalem attends a session at the 50th World Economic Forum (WEF) annual meeting in Davos, Switzerland, January 21, 2020. REUTERS/Denis Balibouse
യുവാൽ നോവാ ഹരാരി, Image Credit: Dennis Balibouse/Reuters

ഇംഗ്ലിഷ് അധ്യാപകനായിരുന്നു ജി.എൻ.ദേവി. ആദിവാസി ഭാഷകൾ അവരുടെ ഭൂമി പോലെ തന്നെ അന്യാധീനപ്പെടുന്നതു കണ്ട് ആംഗലേയാലിംഗനത്തിൽ നിന്ന് അദ്ദേഹം പുറത്തുകടക്കുകയായിരുന്നു. ടേപ് റെക്കോർഡറും നോട്ട്ബുക്കുമായി ആദിവാസി ഊരുകളിലൂടെ ഒറ്റയാനായി സഞ്ചരിച്ചു. മൊഴിപ്പിരിവികളിലൂടെ നാടോടിയെപ്പോലെ അലഞ്ഞുതിരിഞ്ഞു. പലതരക്കാരായ ആ മൊഴികളെയെല്ലാം അദ്ദേഹം പെറുക്കിക്കൂട്ടി. ആദിവാസി ഭാഷകളിൽ അദ്ദേഹം പ്രസിദ്ധീകരണങ്ങൾ ഇറക്കി. പല ആദിവാസി ഭാഷകളിലും ആദ്യമായി അച്ചടിമഷി പുരണ്ടത് അപ്പോഴാണ്. പീപ്പിൾസ് ലിംഗ്വിസ്റ്റിക് സർവേയെന്നൊരു ബൃഹദ് സംരംഭത്തിലൂടെ അദ്ദേഹം ഇന്ത്യൻ ഭാഷകളെക്കുറിച്ച് അന്വേഷിച്ചു. 

മാതൃഭാഷയെ മണ്ണിന്റെ മക്കൾവാദത്തോടു ചേർത്തുകെട്ടുന്നതിന് എതിരായിരുന്നു അദ്ദേഹം. ഭാഷകൾക്കു കൃത്യമായ രാഷ്ട്രീയമുണ്ടെന്നു മനസ്സിലാക്കിയ അദ്ദേഹം ഹിന്ദി ഇന്ത്യയിലെല്ലായിടത്തും അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്ക് എതിരായിരുന്നു. ഏകഭാഷയല്ല, പല ഭാഷകളാണു ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവുമെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ നയിച്ചത്. 

ഒരു ഭാഷയെ വീണ്ടെടുക്കുമ്പോൾ ഒരു ജീവിതക്രമത്തെയും അതുൽപ്പാദിപ്പിച്ച ജ്ഞാനപാരമ്പര്യത്തെയും സാംസ്കാരികസ്മൃതികളെയുമാണു നാം വീണ്ടെടുക്കുന്നത്. ഒരു ഭാഷ തിരോഭവിക്കുമ്പോൾ അതു മാതൃഭാഷയായ ജനത സാംസ്കാരികമായി അന്യവൽക്കരിക്കപ്പെടുന്നു എന്നു കൂടിയാണ് അർത്ഥം. ഇംഗ്ലിഷ് പഠിക്കുകയെന്നതിന് എല്ലാം ഇംഗ്ലിഷിലൂടെ പഠിക്കുകയെന്നാണ് നാം അർത്ഥം കൽപ്പിച്ചിട്ടുള്ളത്. ഏതറിവിനെയും ഉൾക്കൊള്ളാനും ആവിഷ്കരിക്കാനും ആകുംവിധം വഴക്കമുള്ളതായി മൊഴിമലയാളം മാറേണ്ടതുണ്ട്.

ബാലചന്ദ്രൻ ചുള്ളിക്കാട് ഫോട്ടോ : ബി ജയചന്ദ്രൻ ∙ മനോരമ
ബാലചന്ദ്രൻ ചുള്ളിക്കാട് ഫോട്ടോ : ബി ജയചന്ദ്രൻ ∙ മനോരമ

സംസ്കൃതത്തിലും ഇംഗ്ലിഷിലും തടഞ്ഞുനിൽക്കാതെ ദ്രാവിഡമൊഴിയുടെ പശിമരാശിയുള്ള മണ്ണിൽ നിന്നും നാം വാക്കുകളെ വലിച്ചെടുക്കേണ്ടതുണ്ട്. മലയാളത്തിന്റെ വാതായനങ്ങൾ തുറന്നുകിടക്കട്ടെ. പണ്ടു കപ്പലേറി മലയാളനാട്ടിലേക്കു വാക്കുകൾ വന്നതുപോലെ ഡിജിറ്റലാഴിയിലൂടെ പുതു വാക്കുകൾ മലയാളത്തിലേക്കു പകരട്ടെ, പടരട്ടെ. എങ്കിലും ‘മുടിഞ്ഞ മലയാളമേ, മുല പറിച്ച പരദേവതേ, നിനക്കു ശരണം മഹാബലിയടിഞ്ഞ പാതാളമോ?’ എന്നു കവി ബാലചന്ദ്രൻ ചുള്ളിക്കാട് ചോദിച്ചത് ഇപ്പോഴും എപ്പോഴും നമ്മുടെ ആകുലതയായി തുടരുക തന്നെ ചെയ്യും.

English Summary:

International Mother Language Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com