ADVERTISEMENT

സമ്പന്നതയുടെ നടുവിൽ, ഒളപ്പമണ്ണ മനയിലാണു സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് ജനിച്ചത്. അതുകൊണ്ടാണ് ‘പുരത്തറ മാഹാത്മ്യത്തിന്റെ പേരിൽ കവിയാകാൻ പുറപ്പെട്ടതാണോ?’ എന്നു ചങ്ങമ്പുഴ പരിഹാസത്തോടെ ആ ചെറുപ്പക്കാരനോടു ചോദിച്ചത്. ‘പുരത്തറ ഇനി എന്നിലൂടെയാവും അറിയപ്പെടുന്നത്’ എന്നായിരുന്നുവത്രേ ആത്മവിശ്വാസം തുളുമ്പുന്ന മറുപടി. അത് അക്ഷരംപ്രതി അച്ചട്ടായി. ഇന്നു ബഹുഭൂരിപക്ഷം മലയാളികൾക്കും ഒളപ്പമണ്ണയെന്നാൽ ആയിരക്കണക്കിനു പറ നെല്ലളന്നിരുന്ന ആഢ്യമനയുടെ പേരല്ല, മറിച്ച് ‘നങ്ങേമക്കുട്ടി’ പോലുള്ള കാവ്യങ്ങളിലൂടെ മനസ്സുരുക്കിയ കവിയുടെ പേരാണ്. 

നേർമയാർന്ന വാക്കുകൾ കൊരുത്ത് നീറുന്ന അനുഭവപ്രപഞ്ചങ്ങൾ സൃഷ്ടിക്കുന്ന കാവ്യകലയിൽ ഒളപ്പമണ്ണയോളം കരുത്തുകാട്ടിയവർ മലയാളത്തിൽ മറ്റാരുമുണ്ടെന്നു തോന്നുന്നില്ല. ഗമയും ഗാംഭീര്യവും തോന്നിക്കാത്ത വാക്കുകളെടുത്താണ് ഏറിയ സമയവും കവി പെരുമാറിയത്. ഔചിത്യമോർത്തു മാത്രം ചിലപ്പോൾ പകരം വാക്കുകൾ തേടി. സാധാരണ വ്യവഹാര ഭാഷ അധികം ചമയങ്ങൾ എടുത്തണിയാതെ തന്നെ കാവ്യഭാഷയായി മാറുന്നു. ആ മാറ്റത്തിന്റെ ആൽക്കെമി ഒളപ്പമണ്ണയ്ക്കു നന്നായി അറിയാമായിരുന്നു. കഴിവതും പര്യായപദ കോശം തുറക്കാതെയാണ് ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് കവിതയെഴുതിയത്. നമ്മുടെ ഭാഷയിലെ ഏറ്റവും ‘സുഫല’മായ ഈടുവയ്പുകളിൽ ചിലത്, ‘ഒത്ത പൊക്കത്തിൽ നീണ്ടു നിവർന്ന കൊമ്പൻപോലെ, ഒറ്റനോട്ടത്തിൽ താത കവി തൻ തേജോരൂപം’ എന്നു വിജയലക്ഷ്മി വിശേഷിപ്പിച്ച  ഈ കവിയുടെ തഴമ്പിച്ച കൈകളിൽ നിന്നാണു പിറന്നത്. ‘ദാഹത്താൽ മധുരിക്കുന്നി–തിവിടെപ്പച്ചവെള്ളവും’ എന്ന വിസ്മയമാണ് ഒളപ്പമണ്ണക്കവിത

ഒളപ്പമണ്ണ
ഒളപ്പമണ്ണ

മലയാളകവിത ചങ്ങമ്പുഴയിൽ ആണ്ടുമുങ്ങിയ കാലത്താണ്, ധൂർത്ത ബിംബങ്ങളുടെയും അതിവൈകാരികതയുടെയും ആഘോഷകാലത്താണ്, വിണ്ണിനെ നോക്കി കൊതിക്കാതെ മണ്ണിൽച്ചവിട്ടി ഒളപ്പമണ്ണ എഴുതിയത്. ‘നങ്ങേമക്കുട്ടി’ പോലൊരു കവിത ചങ്ങമ്പുഴയാണ് എഴുതിയിരുന്നതെങ്കിലോ? 

‘നേരമല്ലാത്ത നേരത്തായ്

നങ്ങേമക്കുട്ടി തൻ കുളി,

ആരും തേടീല കാരണം’ എന്ന നേർമൊഴിയാണ് ആ കവിത. വാവിട്ടുകരയലോ നെഞ്ചത്തടിയോ ഇല്ലാതെ ഒരു കൊടിയ ദുരന്തത്തെ കവിയെഴുതുന്നു. 

‘ഇവളെത്താങ്ങുവാനല്ലോ

തന്നൂ നിങ്ങൾക്കു കയ്യുകൾ

തന്നൂ കൈകൾക്കു ജീവിതം’ എന്നു പറയുന്നതു പോലും കാവ്യമാത്ര പ്രസക്തമായാണ്. വാരിവിതറുന്നതിലല്ല, വരിഞ്ഞുമുറുക്കുന്നതിലായിരുന്നു കവിയുടെ ശ്രദ്ധ. അനാദൃശമായ കയ്യടക്കമാണ് ആഖ്യാനകവിതകളിൽ പുലർത്തിയത്. ‘നങ്ങമേക്കുട്ടി’യെന്ന ചെറുകാവ്യം പൂർത്തിയാക്കാൻ ഒരു പതിറ്റാണ്ട് വേണ്ടിവന്നു. മറ്റു ചില കവിതകളെഴുതാൻ അതിലേറെക്കാലവും എടുത്തു.

നൂറ്റാണ്ടുകളായി കേരളീയസമൂഹത്തിൽ കട്ടകൂടിയിരുന്ന അനാചാരങ്ങളുടെയും ജാതീയതയുടെയും ജന്മിത്വത്തിന്റെയും സവർണതയുടെയും ഇരുട്ടിലേക്കു നവോത്ഥാനത്തിന്റെ വെളിച്ചം വീഴാൻ തുടങ്ങിയ കാലത്ത് അതിനൊപ്പം ഒളപ്പമണ്ണക്കവിതയും കൊട്ടിക്കയറി. 

ഒളപ്പമണ്ണ
ഒളപ്പമണ്ണ

‘ഉറക്കുപാട്ടുകളരുതു, പാടരു–

തൊരിക്കലുമെന്റെ മണി വിപഞ്ചികേ’ എന്നു സ്വന്തം കവിതയെ ഓർമിപ്പിച്ചു. ജനിച്ചുവീണ സമുദായത്തിലെ യാഥാസ്ഥിതികതയോട് അദ്ദേഹം കവിതകളിലൂടെ കലഹിച്ചു. ഒളപ്പമണ്ണക്കവിത മനയിൽ ഒതുങ്ങിനിൽക്കാതെ, സാധാരണ മനുഷ്യരുടെ ഇല്ലായ്മകളിലേക്ക് ഇറങ്ങിച്ചെന്നു. താൻ പിറന്നുവീണ ആഢ്യജീവിതത്തെ അദ്ദേഹം സംശയിക്കുകയും ചോദ്യം ചെയ്യുകയും ധർമാധർമവിചാരം കൊള്ളുകയും ചെയ്തു.

അഞ്ഞൂറേക്കറിൽ റബർകൃഷി ചെയ്തിരുന്ന കാലത്ത് കവി എഴുതി:

വിശറിപ്പച്ചയാലെന്നെ

തണുപ്പിക്കുന്ന റബറേ,

ജീവിതത്തണലല്ലീ നീ?

അറിവൂ: നിന്മനം ക്ഷീര–

മധുരോദാര സാഗരം

നിന്നലക്കയ്യിലല്ലി ഞാൻ?

റബർ കൃഷി ചെയ്യാൻ തന്നെ ആളുകൾക്ക് അറിവില്ലാതിരുന്ന കാലത്താണ് ഒളപ്പമണ്ണ കൃഷി ചെയ്യുകയും കവിതയെഴുതുകയും ചെയ്തത്. ഒരു കർഷകന്റെ മനസ്സോടെ കവിതയിലും ഒരു കവിയുടെ മനസ്സോടെ ജീവിതത്തിലും ഇടപെട്ടു.

കെട്ട കാലത്തിനും അതള്ളിപ്പിടിച്ചിരുന്ന സാമൂഹികവ്യവസ്ഥിതിക്കും നേരെയുയർന്ന ചൂണ്ടുവിരലായിരുന്നു ‘നങ്ങേമക്കുട്ടി’. അതുപക്ഷേ കേവലം ഒരാശയത്തിന്റെ പ്രകാശനമായി ഒതുങ്ങാതെ, അഗാധമായ കാവ്യാനുഭവമായി മാറിയെന്നതുകൊണ്ടാണ് കാലാതീതമായി തുടരുന്നത്. ഇക്കാലത്തും ‘നങ്ങേമക്കുട്ടി’മാരുണ്ടെന്നും അവർ സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്കു പടിയടച്ചു പിണ്ഡംവയ്ക്കപ്പെടുന്നുണ്ടെന്നും നമുക്കറിയാം. നല്ല കവിതകൾ എല്ലാക്കാലത്തേക്കുമുള്ള കവിതകളാണ്; കാലത്തെ അതു പന്തയത്തിൽ ജയിക്കുന്നു. 

‘ഉടകുടം’ എന്ന കവിതയിൽ ഒളപ്പമണ്ണ എഴുതി:

‘തുടുകണ്ണിലെന്നിൽക്കലക്കം, ഇപ്പോൾ

ഉടകുടം മാമകം ജന്മദേശം’.

അന്ത്യകർമങ്ങൾക്കൊടുവിൽ ഉടയ്ക്കുന്ന കുടമാണ് ഉടകുടം. ജനിച്ച നാടു തന്നെ ഉടകുടമായി മാറുകയാണെന്നു കവി തിരിച്ചറിയുന്നു. ‘ഒലിച്ചുപോകുന്ന ഞാൻ’ എന്ന കവിതയിൽ ഒരു ശവശരീരം ഒലിച്ചെത്തുന്നതു കാണുന്നുണ്ട് കവി.

‘ചത്തുപാറീടുമദ്ദുർഭഗമാനുഷൻ

പുത്രനും ഭർത്താവുമച്ഛനുമായിടാം.

തോണി മറിഞ്ഞിട്ടൊലിച്ചതോ? തൻ ചെറു–

വീടിടിഞ്ഞപ്പോളടിപ്പെട്ടുപോയതോ?

പെട്ടെന്നു നിന്നിതെൻ ചിന്തക, ളുൾക്കാതി–

ലെത്തുന്നു: ‘നീയാണു ചത്തതാ മർത്യനിൽ!’

ഞാനശ്ശവത്തിലൊലിച്ചുപോ,യില്ലത്തെ

നാലിറയത്തു മടങ്ങിവന്നെങ്കിലും’.

അനുതാപനിർഭരമായ താദാത്മ്യത്തിന്റെ അപൂർവമായ കാവ്യനിമിഷങ്ങളിലൊന്നാണിത്; അനശ്വരതയാൽ അടയാളപ്പെടുത്താൻ അർഹവും.

English Summary:

Olappamanna Death Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com