ADVERTISEMENT

നിലത്തെഴുത്ത്‌ പള്ളിക്കൂടത്തിൽ നിന്നും പ്രമോഷൻ കിട്ടി പോയത്‌ വീട്ടിൽ നിന്നും കുറച്ചകലെയുള്ള ഒരു എൽ പി സ്കൂളിലേക്കാണ്. കസിൻസും ഫ്രണ്ട്സുമായി ഏതാണ്ട്‌ ആറു പേർ ഒരുമിച്ചായിരുന്നു ഈ സ്കൂൾ വരെയുള്ള രണ്ട്‌ കിലോമീറ്ററോളം ദൂരം കൊച്ചു വർത്തമാനം പറഞ്ഞും കുസൃതികൾ കാണിച്ചും വഴക്കിട്ടും നടന്ന്  പൊയ്ക്കോണ്ടിരുന്നത്‌. എല്ലാവരുടേയും കൈയ്യിൽ ഒരു അലൂമിനിയം പെട്ടി കാണും, അതിൽ ബുക്കും, ഒരു പ്ലാസ്റ്റിക്‌ ബോക്സും, കല്ലു സ്ലേറ്റും, ഒരു വട്ടപ്പാത്രം അല്ലെങ്കിൽ തൂക്കു പാത്രം നിറയെ ഉച്ചക്കത്തേക്കുള്ള ചോറും പിന്നെ മഷിത്തണ്ടും കാണും. പോകുന്ന വഴിക്ക്‌ റോഡ്‌ സൈഡിൽ ഒരു വലിയ വാളൻപുളി മരമുണ്ട്‌ സീസണാവുമ്പോൾ അതിന്റെ ചുവട്ടിൽ ഒരു അഞ്ച്‌ മിനിറ്റ്‌ സമയം കളയും, കല്ലെടുത്തെറിഞ്ഞു താഴെ വീഴുന്ന പുളി എല്ലാവരും കൂടി പങ്കിട്ടെടുക്കും. പുളിയുടെ ഉടമസ്ഥനായ ആൾ ചിലപ്പോൾ വന്നു വഴക്കുപറഞ്ഞു ഓടിക്കും. അതിനാൽ അദ്ദേഹത്തെ നിരീക്ഷിക്കാൻ കൂട്ടത്തിലൊരാളെ ചുമതലപ്പെടുത്തിയിട്ടാണു ഈ കല്ലേറു മഹാമഹം നടത്തുന്നത്‌, നിരീക്ഷകൻ സിഗ്നൽ തന്നാൽ പെട്ടിയെടുത്തോണ്ട്‌ ഒരോട്ടമായിരിക്കും. അലൂമിനിയം പെട്ടിയായത്‌ കൊണ്ട്‌ ഓടുമ്പോൾ കാലിൽ വന്നു തട്ടി സൗണ്ട്‌ കേൾക്കും. ഓട്ടം കഴിയുമ്പോഴേക്കും കാൽമുട്ട്‌ ഒരു പരുവമായിക്കാണും. 

പോകുന്ന വഴിക്കുള്ള ബാക്കി കൂട്ടുകാരെ കൂകി വിളിച്ച്‌ കൂടെക്കൂട്ടി സ്കൂളിൽ ചെല്ലുമ്പോഴേക്കും ഒരു പത്ത്‌ പേരെങ്കിലും കുറഞ്ഞത്‌ കാണുമായിരുന്നു. ഒരു കൂട്ടുകാരന്റെ വീട്ടിൽ ലൗലോലിക്ക മരം ഉണ്ടായിരുന്നത്‌ കൊണ്ട്‌ സീസൺ ആവുമ്പോൾ തിരികെ വീട്ടിലേക്ക്‌ പോകുന്ന വഴി ചോറു പാത്രം നിറയെ ലൗലോലിക്ക പെറുക്കി നിറയ്ക്കും, ഞാനിത്‌ എന്റെ ചേച്ചിമാർക്ക്‌ കൊണ്ട്‌ കൊടുക്കും, ഉപ്പും കൂട്ടി ഞങ്ങൾ നിമിഷനേരം കൊണ്ട്‌ അത്‌ തീർക്കും. സ്കൂളിൽ ഉച്ചവരെയുള്ള ക്ലാസ്സ്‌ കഴിയുമ്പോൾ ചോറു പാത്രം എടുത്ത്‌ ഒറ്റ ഓട്ടമാണു, കൈ കഴുകി വന്നു സ്കൂൾ വരാന്തയിൽ എല്ലാവരും വട്ടത്തിൽ ഇരിക്കും, പൊതി തുറക്കുമ്പോൾ പല വിധ കൂട്ടാന്റെ മണം അവിടെ പരക്കും, മിക്കപ്പോഴും എല്ലാവരുടേയും പാത്രത്തിൽ കാണുന്ന കൂട്ടാനുകൾ തേങ്ങാച്ചമ്മന്തി, എന്തേലും മെഴുക്ക്‌ പെരട്ടി അല്ലെങ്കിൽ തോരൻ പിന്നെ ഒരു മുട്ട പൊരിച്ചതും. അമ്മ എനിക്ക്‌ മിക്കവാറും തന്നു വിടുന്നത്‌ വൻപയർ തോരനോ അല്ലെങ്കിൽ ഉരുളക്കിഴങ്ങു മെഴുക്ക്‌ പെരട്ടിയോ ആയിരിക്കും കൂട്ടത്തിൽ സ്ഥിരമായി മുട്ട പൊരിച്ചതും തേങ്ങാച്ചമ്മന്തിയും ഉണ്ടാവും, വീട്ടിൽ കോഴി ഉണ്ടായിരുന്നത്‌ കൊണ്ട്‌ മുട്ടക്കൊരു പഞ്ഞവും ഉണ്ടായിരുന്നില്ല.

Read also: സഹപാഠിയിൽ നിന്ന് നിരന്തരം കളിയാക്കൽ, പക പ്രതികാരത്തിനു വഴിമാറി; ട്രെയിനിലെ അപരിചിതന്റെ ജീവിതകഥ

എല്ലാവരും വട്ടം കൂടിയിരുന്ന് ഉച്ചയൂണിനു ശേഷം സ്കൂൾ കിണറിന്റെ അടുത്തേക്ക്‌ പോകാതെ അടുത്തുള്ള വീട്ടിലേക്കോ അതല്ലായെങ്കിൽ സ്കൂളിനു ഒത്തിരി താഴെയുള്ള തോട്ടിലേക്കോ പോകും, കൂടുതലും ഞങ്ങൾ തോട്ടിലേക്കാണു പോയിരുന്നത്‌ അതിനുള്ള കാരണം അന്നൊന്നും മോട്ടോർ ഇല്ലായിരുന്ന കാരണം കിണറ്റിൽ നിന്നും വെള്ളം കോരി വേണം കഴുകാൻ, പിന്നെ തോട്ടിലേക്കു പോകുന്ന വഴിയിലുള്ള തെങ്ങുംതോപ്പിൽ ഉള്ള തൂക്കണാം കുരുവികളുടെ കൂട്‌ കാണാം, പ്രധാനമായും പാത്രം കഴുകിക്കഴിഞ്ഞു തോട്ടിലുള്ള മീനെ പിടിച്ച്‌ കളിക്കാം, ആരകൻ എന്നറിയപ്പെടുന്ന ഒരു തരം മീനായിരുന്നു അവിടെക്കൂടുതൽ കണ്ടിരുന്നത്‌ മണലിൽ ചേർന്ന് കിടക്കുന്ന അതിനെ കണ്ട് പിടിക്കാൻ ഭയങ്കര പാടാണു, പിടിക്കാനായി ചെല്ലുമ്പോൾ വെള്ളം കലക്കി അത്‌ രക്ഷപെടും. സ്കൂളിൽ ഉച്ചയ്ക്ക്‌ ശേഷമുള്ള ക്ലാസ്സ്‌ തുടങ്ങാൻ ആദ്യത്തെ ബെല്ല് ഒരു ഒന്നേമുക്കാലോടെ അടിക്കും അതു കേൾക്കുമ്പോൾ തോട്ടിലെ കളി മതിയാക്കി സ്കൂളിലേക്ക്‌ പോകും. എവിടുന്നെങ്കിലും ഒരു പത്ത്‌ പൈസാ കൈയ്യിൽകിട്ടിയിട്ടുണ്ടെങ്കിൽ അന്ന് തോട്ടിലേക്ക്‌ പോകില്ല. ചോറുണ്ട്‌ കൈ കഴുകിയിട്ട്‌ ഒരൊറ്റ ഓട്ടമാണു അടുത്തുള്ള കടയിലേക്ക്, കപ്പലണ്ടിയിൽ പൊതിഞ്ഞ ഒരു തരം മുട്ടായി, പഞ്ചാരമുട്ടായി അതുമല്ലെങ്കിൽ ചക്കരമുട്ടായി ഇതായിരുന്നു അവിടുത്തെ കുപ്പികളിൽ നിറഞ്ഞിരുന്ന മുട്ടായികൾ, പിന്നെ വേറൊരു സ്പെഷ്യൽ മുട്ടായി ഉണ്ടായിരുന്നു സിഗരറ്റിന്റെ രൂപത്തിൽ കിട്ടിയിരുന്നത്‌. അതു വാങ്ങി വായിൽ വെച്ച്‌ സിഗരറ്റ്‌ വലിക്കും പോലെ പതിയെ പതിയെ തിന്നുമായിരുന്നു. സ്കൂളിനു ശേഷം വീട്ടിലേക്കു വരുമ്പോൾ വട്ടപ്പാത്രമാണു കൈയ്യിലുള്ളതെങ്കിൽ റോഡിൽ ഉരുട്ടിക്കൊണ്ട്‌ വരുന്നത്‌ ഇഷ്ടമായിരുന്നു, പക്ഷെ പാത്രം ചളുങ്ങിയാൽ വീട്ടിൽ നിന്നും കിട്ടിയിരുന്ന സമ്മാനം അത്ര സുഖകരം ആയിരുന്നില്ല.

Read also: വിവാഹവാർഷികം മറന്ന് ഭർത്താവ്, നിങ്ങളെനിക്ക് എന്ത് തന്നിട്ടുണ്ടെന്ന് ചോദിച്ച് ഭാര്യ; നെടുനീളൻ മറുപടി 

യു പി സ്കൂൾ ആയപ്പോൾ പൊതിച്ചോർ കൊണ്ട്‌ പോകേണ്ട ആവശ്യമില്ലായിരുന്നു. വീടിനു അടുത്ത സ്കൂൾ ആയത്‌ കൊണ്ട്‌ ചോറ് വീട്ടിൽ വന്ന് കഴിക്കാം. അപ്പോൾ കൂട്ടാനുകൾക്ക്‌ വ്യത്യാസം വന്നു. പൊതിച്ചോറിൽ കിട്ടുന്നത്‌ അല്ലാതെ വീട്ടിൽ വെക്കുന്ന എല്ലാത്തരം കറികളും കഴിക്കാം. ഹൈ സ്കൂൾ ആയപ്പോഴേക്കും ചേർത്തത്‌ വീട്ടിൽ നിന്നും 7 കിലോമീറ്ററോളം ദൂരെയുള്ള സ്കൂളിൽ ആയിരുന്നു. ഒരു കിലോമീറ്ററോളം നടന്ന് താഴെ മെയിൻ റോഡിൽ എത്തി ബസ്സിനു പോകണമായിരുന്നു. അതുവരെ ഒന്നിച്ച്‌ പഠിച്ചിരുന്ന ഞങ്ങൾ പല സ്കൂളുകളിലായി. എങ്കിലും അതിലൊരുവൻ എനിക്ക്‌ കൂട്ടായി ഉണ്ടായിരുന്നു. എന്നാൽ പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോഴേക്കും ഞാൻ ഒറ്റയായി മാറി. പുതിയ കൂട്ടുകാർ, പുതിയ സ്ഥലം അങ്ങനെ ഒരു പാട്‌ മാറ്റങ്ങൾ. എന്നാലും അമ്മ പൊതിഞ്ഞു തന്നിരുന്ന പൊതിച്ചോറിനു മാറ്റം ഒന്നും വന്നിരുന്നില്ല. തേങ്ങാച്ചമ്മന്തിയും, ഉരുളക്കിഴങ്ങ്‌ മെഴുക്ക്‌ പെരട്ടി അല്ലെങ്കിൽ പയറു തോരനും പിന്നെ മുട്ടപൊരിച്ചതും വെച്ച്‌ വാട്ടിയ ഇലയിൽ പൊതിഞ്ഞെടുത്ത ചോറ്. ചില ദിവസങ്ങളിൽ രാവിലേയും ചോറ് കഴിച്ചിട്ട്‌ പോകുമായിരുന്നു. ചൂട്‌ ചോറിൽ ചമ്മന്തിയിട്ടിളക്കി, ഉരുളക്കിഴങ്ങ്‌ മെഴുക്ക്‌ പെരട്ടിയും കൂട്ടിക്കഴിക്കാൻ ഒരു പ്രത്യേക രുചിയാണ്, ഉരുളക്കിഴങ്ങ്‌ നന്നായി മൊരിഞ്ഞതാണെങ്കിൽ സ്വാദ്‌ കൂടും. 

Read also: ' ബർത്ത്ഡേ പാർട്ടിക്കിടയിൽ അവനൊരു ബുദ്ധിമോശം കാണിച്ചു, ഇപ്പോൾ ആശുപത്രിയിലാണ്...'

ഇനി ഉരുളക്കിഴങ്ങ്‌ മെഴുക്ക്‌ പെരട്ടി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഉരുളക്കിഴങ്ങ്‌ നീളത്തിൽ അരിഞ്ഞതിൽ ഉപ്പും മഞ്ഞൾ പൊടിയും മുളക്‌ പൊടിയും പുരട്ടി നല്ല വെളിച്ചെണ്ണയിൽ നന്നായി മൊരിയുന്നത്‌ വരെ വറുത്തെടുക്കണം. ഇളം ബ്രൗൺ നിറമാവുമ്പോൾ അടുപ്പിൽ നിന്നും മാറ്റി വേറെ പാത്രത്തിലേക്ക്‌ ആക്കി വെക്കാം. വറക്കുമ്പോൾ ഉരുളക്കിഴങ്ങ്‌ പൊടിഞ്ഞു തരി തരി പോലെ ബ്രൗൺ നിറത്തിലാവും. അതിനു പ്രത്യേക രുചിയാണ്, ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ കഴിക്കാം.

Content Summary: Malayalam Short Story Written by Sunil Joy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com