ADVERTISEMENT

ഈ പുസ്തകത്തിന്റെ പേര് യുക്തം തന്നെ. പക്ഷേ പുസ്തകത്തിന്റെ പേര് കാണുമ്പോൾ തന്നെ വായനക്കാരിൽ ഒരു ആകാംക്ഷ നിറയ്ക്കാൻ പേരിന് കഴിയണം. "ആഘോഷങ്ങൾ കാണാതെ പോകുന്നവ൪" എന്നത് പുസ്തകത്തിന്റെ പേരായിരുന്നെങ്കിൽ നന്നായിരുന്നേനേ എന്നാണ് എന്റെ അഭിപ്രായം. ആംഗലേയ ഭാഷയിൽ കൊടുത്തത് മലയാളത്തിൽ ആകാമായിരുന്നു. പുസ്തകത്തിന്റെ കെട്ടും മട്ടും കണ്ടപ്പോൾ സ്വാഭാവികമായി ഉണ്ടായ സംശയങ്ങൾ, ഇത് ആംഗലേയ ഭാഷയിൽ ഉള്ളതാണോ, ബൈബിളിലെ വല്ല കഥയുമാണോ എന്നെല്ലാമാണ്. മലയാള പുസ്തകങ്ങൾക്ക് മലയാളത്തിൽ തന്നെ പേരു കൊടുക്കുന്നതാണ് ഉചിതം. ഓരോ ഭാഷയ്ക്കും അതിന്റേതായ ഗൗരവവും നമ്മൾ കൊടുക്കണം.

എഴുത്തുകാരൻ സ്വയം പരിചയപ്പടുത്തുന്നതിന്റെ ആദ്യ വരി വളരെ ഇഷ്ടപ്പെട്ടു. ജ൪മ്മൻ എഴുത്തുകാരനായ കാഫ്കെയ്ക്ക് ഈ പുസ്തകം സമർപ്പണം ചെയ്യുന്നു കാഫ്കയുടെ "രൂപാന്തരണം" എന്ന കഥയിലെ ഗ്രിഗറി എന്ന കഥാപാത്രത്തിലൂടെ തന്റെ 'എൻ' എന്ന നായകനിലേക്ക് കഥാകൃത്ത് എത്തിച്ചേരുന്ന വൈഭവം അനുപമം തന്നെ. "ഡാഡ് ഈസ് ഗോഡ്" "പിതാവ് ദൈവമാകുന്നു" എന്ന ഈ പുസ്തകം എസ്. തുളസീദാസിന്റെ തൂലികയിൽ ഉരുത്തിരിഞ്ഞതാണ്. ഒരു അധ്യാപിക എങ്ങനെ തങ്ങളുടെ ശിഷ്യരെ നല്ല ചിന്തകളിലേക്ക് നയിക്കണം എന്നും ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു. വായന കഴിഞ്ഞ് പുസ്തകം ടീച്ചർക്ക് മടക്കി നൽകേണ്ടതിനെക്കുറിച്ച് പറയുമ്പോൾ എൻ നൽകുന്ന മറുപടി അതിനു തെളിവാകുന്നു. എന്നാൽ ഇവാൻ നൽകിയ സ്പോർട്സ് മാഗസിനിലെ കളിക്കാരന്റെ കഥ എന്നിനെ വീണ്ടും നിരാശയിൽ എത്തിക്കുന്നു. ക്ലോക്കിലെ പെൻഡുലവും, ബൈബിളിൽ നിന്നു വീഴുന്ന പേജ് മാ൪ക്കറും അവിടെ കണ്ടമിന്നാമിനുങ്ങും കഥയുടെ ഗതി മാറ്റുന്നത് എത്ര മനോഹരമായി ഗ്രന്ഥകാരൻ ചിത്രീകരിച്ചിരിക്കുന്നു  മിന്നാമിനുങ്ങിനെ ഒരു ശുഭസൂചകമായി കരുതാം... "ആഘോഷങ്ങൾ കാണാതെ പോകുന്നവരിലേക്ക്" കഥാകൃത്ത് എത്തിച്ചേരുന്ന വൈദഗ്ധ്യം പ്രശംസനീയം തന്നെ.                           

നല്ല പുസ്തകങ്ങൾക്ക് വായനക്കാർ കുറവാണ് എന്ന സത്യവും ഇവിടെ സൂചിപ്പിക്കുന്നു. സ്നേഹത്താൽ വികാര സാന്ദ്രമാക്കപ്പെട്ട എൻ മനസ്സിൽ അച്ഛന് ദൈവത്തിന്റെ സ്ഥാനം കൊടുത്തിരിക്കുന്നു. എന്തുകൊണ്ട് അച്ഛന് മാത്രം? ഇവിടെ സ്വാഭാവികമായി ഉയരുന്ന ചോദ്യം. ഒരു അമ്മയ്ക്ക് തന്റെ മക്കളുടെ മാനസികാവസ്ഥ കൂടുതൽ മനസ്സിലാകും. അവർ അതിലെ സൂക്ഷ്മ വ്യതിയാനങ്ങളെ വേഗം തൊട്ടറിയും. എന്നിന്റെ അമ്മയായ ജിലുവിന്റെ മനോവൃത്തങ്ങളും, അവർ എന്നിലും, ഇവാനിലും ഉണ്ടാക്കുന്ന മനോചലനങ്ങളും വളരെ തന്മയത്വത്തോടെ കഥാകാരൻ വിവരിച്ചിരിക്കുന്നു. ഏതൊരു അമ്മയെയും പോലെ ജിലുവും ഹൃദയവ്യഥകൾ മറച്ചു വയ്ക്കാൻ വളരെ പ്രയാസപ്പെടുന്നു. "ആഘോഷങ്ങൾ കാണാതെ പോകുന്നവ൪" എന്നതുകൊണ്ട് എന്താണ് കഥാകാരൻ പറയാൻ ഉദ്ദേശിക്കുന്നത് എന്ന ഒരുസൂചന ഇവിടെ നമുക്ക് വായിക്കാം. പുസ്തകം അന്വേഷിച്ചു പോകുന്ന ഇവാൻ അഭിമുഖീകരിക്കുന്ന കഥാപാത്രങ്ങൾക്ക് പ്രധാന കഥാപാത്രമായ എന്നിനോട് ഒരു കാര്യത്തിൽ സാമ്യമുണ്ട്. ജീവിതത്തിൽ ദുഃഖം ഏറെ അനുഭവിക്കുന്നു എന്നതിൽ. ഇവിടെ മാ൪ക്കിയോവിന്റെ ദുഃഖങ്ങൾ കടലാസിൽ എഴുതി വയ്ക്കുന്ന ശീലം, ദുഃഖം അകറ്റാനുള്ള നല്ല ഒരു ഉപായമാണ് അത് യാദൃച്ഛികമായി വായിക്കാൻ ഇടയായ മകൻ നല്ലവഴിയിലേക്ക് തിരിച്ചുവരുന്നു മാ൪ക്കിയോ മകനെക്കുറിച്ചു മരിച്ചുപോയ തന്റെ ഭാര്യക്ക് കത്തെഴുതുന്നപോലെയുള്ള കുറിപ്പുകൾ വളരെ ഹൃദ്യമായ ഒരു രീതിയായി വായനക്കാർക്ക് അനുഭവപ്പെടും.

ഇവാന് പുസ്തകം നൽകിക്കൊണ്ട് വൃദ്ധനായ ഈശോപ്പ് പറയുന്ന വാക്കുകൾ ചിന്തോദ്ദീപകങ്ങളാണ്. ഭൂമിയിലെ ആഘോഷങ്ങളെക്കുറിച്ചും, മതങ്ങളും, കുമ്പസാരങ്ങളും വൃഥാവിലാണെന്നും കഥാകാരൻ ആ വാക്കുകളിലൂടെ പറയുന്നു. പുസ്തക വായന കഴിഞ്ഞ് വീണ്ടും ഒരിക്കൽക്കൂടി വരണമെന്ന് ഈശോപ്പ് പറയുന്നതിന്റെ പൊരുൾ എന്താണ്? ദൈവം നമുക്ക് തരുന്ന ആഘോഷങ്ങൾ നാം കണ്ടുവോ എന്നും, പ്രപഞ്ചം അനുനിമിഷം പ്രാപിക്കുന്ന രൂപാന്തരണങ്ങൾ നാം മനസ്സിലാക്കിയോ എന്നറിയുവാനും കൂടിയുള്ള കഥാകാരന്റെ എഴുത്തിലെ കൗശലം നമുക്ക് ഇവിടെ കാണാം. താൻ പറഞ്ഞു വയ്ക്കുന്നതിനെ അടിവരയിട്ടുറപ്പിക്കുന്ന  കൗശലം. പ്രപഞ്ചത്തിനെ സസൂക്ഷ്മം വിലയിരുത്തുന്നവ൪ക്കേ അതിന്റെ രൂപപരിണാമങ്ങളും ദർശിക്കുവാൻ പറ്റൂ. അതുകൊണ്ടായിരിക്കാം ഇവാൻ സൂര്യോദയവും, അസ്തമയവും അതിനോടനുബന്ധിച്ചുള്ള കാഴ്ചകളും എന്നിന് കാണിച്ചു കൊടുത്തതിനുശേഷം മാത്രം ആ പുസ്തകം ജന്മദിന സമ്മാനമായി നൽകിയത്. ആ പിറന്നാൾ സമ്മാനം എന്നിന്റെ ചിന്തകളെയും, ജീവിതത്തെ തന്നെയും മാറ്റി മറിക്കുന്നു.                        

കഥയ്ക്ക് കത്ത് ഉപകഥകൾ സന്നിവേശിപ്പിക്കുന്നതിൽ തുളസീദാസ് കാണിക്കുന്ന പാടവം ശ്ലാഘനീയമത്രേ. ആ ഉപകഥകളാകട്ടേ പ്രധാനകഥയോട് ഇഴുകിച്ചേരുന്നവയുമാണ്. ആത്മഹത്യയ്ക്ക് തുനിഞ്ഞ വിവിയെ കൂടെക്കൂട്ടുന്നതും, താൻ മരിച്ചാൽ ദുഃഖിക്കരുത് എന്നു പറയുന്ന ഈശോപ്പിനൊപ്പം ഇവാന്റെ കുടുംബം ഒത്തുചേരുന്നതും, ഡാഡ് ഈസ് ഗോഡ് എന്ന വാക്യത്തിൽ ഉള്ള എന്നിന്റെ അടിയുറച്ച വിശ്വാസവും, ഈശോപ്പിന്റെ മരണം രൂപാന്തര്യ മരണമാണ് എന്നതിൽ ഊന്നുന്ന വിശ്വാസ സംഹിതയും വളരെ നന്നായി അവതരിപ്പിക്കുന്ന ദാസിന്റെ പാടവം പ്രശംസനീയം തന്നെ. ഇവിടെ ഒരു കാര്യം കൂടി എടുത്തു പറയേണ്ടതുണ്ട്. ഇന്ന് നമ്മുടെ സമൂഹത്തിൽ കിടപ്പുരോഗികളായിത്തീരുന്നവ൪ അനവധിയാണ്. പലപ്പോഴും ഇത്തരം ആളുകൾ സമൂഹത്തിനും വീട്ടുകാർക്കും ഒരു ബാധ്യതയായി തീരുന്ന കാഴ്ചയും നാം കാണുന്നു. എന്നാൽ അത്തരക്കാ൪ക്ക് ആത്മവിശ്വാസം വീണ്ടെടുത്ത് നല്ല രീതിയിൽ ജീവിക്കാൻ സാധിക്കുമെന്ന് ഈ പുസ്തകം നമ്മെ ഓ൪മ്മപ്പെടുത്തുന്നു. രൂപാന്തരണവും, രൂപാന്ത്യമരണവും പ്രകൃതിയിൽ അനുസ്യൂതം നടക്കുന്ന പ്രക്രിയയാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഈ കഥാകാരന്റെ തൂലികയിൽ നിന്ന് അന൪ഗ്ഗളം കഥകൾ ഒഴുകീടട്ടേയെന്ന് ആശംസിക്കുന്നു. ഭൂമിയിലെ ആഘോഷങ്ങൾ മനം കുളിരെ കാണുവാൻ വായനക്കാ൪ക്കും കഴിയട്ടെ എന്നാശംസിക്കാം.

English Summary:

Malayalam Article ' Aghoshangal Dad is God ' Written by Raji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com