ADVERTISEMENT

മാതൃദിനം, വനിതാ ദിനം, രക്തസാക്ഷിത്വ ദിനം എന്നതുപോലെ പ്രണയിതാക്കൾക്കായി ഒരു ദിവസം, വാലെന്റൈൻ ദിനം. ആദികാലം മുതൽ ജാതി മതവർണ്ണ ദേശ ഭാഷാ വ്യത്യാസങ്ങൾക്ക് അതീതമായി പ്രണയം ദിവ്യമായ ഒരനുഭൂതി ആയി പ്രപഞ്ചത്തിൽ നിലനിൽക്കുന്നു. പ്രണയത്തിൽ പെടാത്ത മനുഷ്യർ ഉണ്ടെന്നു പറഞ്ഞാൽ അതു ശുദ്ധ കള്ളം. എപ്പോഴെങ്കിലും ആരോടെങ്കിലും പ്രണയം തോന്നാത്തവർ കുറവ്. പക്ഷേ പ്രണയം നിലനിർത്തി കൊണ്ട് പോകുന്നതിൽ പലരും പരാജയപ്പെടുന്നു. പ്രണയിക്കാൻ ഹൃദയം ഒന്നേ ഉള്ളൂ. എന്നാൽ ചാടി കളിക്കുന്ന കുരങ്ങന്റെ സ്വഭാവം ഉള്ള മനുഷ്യ മനസ്സ് പല പ്രണയങ്ങളിൽ ചെന്നു പെടുന്നു. "Fall in love and fall out of love" പ്രണയ ദേവൻ തൊടുത്തു വിടുന്ന പൂവമ്പിന്റെ അഗ്രത്തെ ആശ്രയിച്ചിരിക്കുന്നു. 

സ്വർണം കൊണ്ടുള്ള അമ്പ് കൊണ്ട് വീഴ്ത്തുകയും വെള്ളി കൊണ്ടുള്ള അമ്പ് കൊണ്ട് പ്രണയത്തിന്റെ സർക്കിളിൽ നിന്നു പുറത്ത് ചാടിക്കുകയും ചെയ്യുന്ന ആളാണ്‌ റോമൻ മിതോളജി പ്രകാരം പ്രണയ ദേവത ആയ വീനസിന്റെ പുത്രൻ ക്യുപിട്. എന്നാൽ ഹൈന്ദവ പുരാണങ്ങളിൽ ആ ചടങ്ങ് കാമദേവൻ നിർവഹിക്കുന്നു. സതീ ദേവിയെ നഷ്ടപ്പെട്ട ശേഷം തപസ്സിൽ മുഴുകിയ ശിവന്റെ മനസ്സുണർത്താൻ പാർവതിയുടെ പ്രണയം പരാജയപ്പെട്ടപ്പോൾ അവിടെ കാമദേവന്റെ പൂവമ്പ് വേണ്ടി വന്നു. എന്നാൽ അത്രയും കഷ്ടപ്പെട്ട് നേടിയെടുത്ത പാർവതിക്കു പുള്ളിയുടെ പ്രണയം പൂർണമായും കിട്ടിയതുമില്ല. ഗംഗാ ദേവിക്ക് വീതിച്ചു പോകുന്ന പ്രണയത്തെ ഓർത്തു ഇടയ്ക്കിടെ ദേവി പ്രണയ പരിഭവങ്ങളിൽ പെട്ടു പോകുന്നു. പ്രണയത്തിലൂടെ കടന്നുപോകാത്ത ഒരു ഇതിഹാസ ഗ്രന്ഥങ്ങളും ഇല്ലാ. മതവും ആത്‍മീയതയും പൂർണമാകണമെങ്കിൽ അതു പ്രേമത്തിലൂടെ കടന്നുപോകണം.

ഹൈന്ദവ പുരണങ്ങളിൽ ഏറ്റവും തീവ്രമായ പ്രണയം രാധാകൃഷ്ണ പ്രണയം തന്നെ. അവിടെ കൊടുക്കൽ വാങ്ങലുകൾ ഇല്ല. ധർമസംസ്ഥാപനത്തിനായി  ഗോകുലം വിട്ട കണ്ണൻ പിന്നെ തിരിച്ചു വന്നിട്ടേ ഇല്ലാ. രാധയുടെ ത്യാജ്യം മാപ്പു കൊടുക്കുന്ന പ്രണയം ആകുമ്പോൾ പ്രണയത്തിനു മാഹാത്മ്യം കൂടുന്നു.  രാധയുടെ പ്രണയം ഒരു വിലാപം ആയി മനുഷ്യ മനസ്സിനെ മഥിക്കുമ്പോഴും വേർതിരിച്ചെടുക്കാനാവാത്ത പ്രണയ കൽപനകളിലൂടെ ഉരുത്തിരിഞ്ഞ പ്രേമ നിശ്വാസങ്ങൾ വൃന്ദാവനത്തിലെ ഇളം കാറ്റിൽ പോലും നിറഞ്ഞിരിക്കുന്നു. സോളമന്റെ ഉത്തമ ഗീതങ്ങളിൽ പ്രണയം പരസ്പരം കണ്ടു മുട്ടാത്ത പ്രണയിതാക്കളുടെ ഹൃദയ ഭിത്തികളിൽ ആഞ്ഞടിക്കുന്ന തിരമാലകൾ ആകുന്നു. എട്ടു അധ്യായങ്ങളിലെ ആറു ഗീതങ്ങളിലും പ്രണയത്തിന്റെ മണി മുഴങ്ങുന്നു. പ്രണയത്തിന്റെ ദിവ്യ പ്രകാശം തെളിയുന്നു. എന്നാൽ ഇവിടെ അവസാനം വരെയും പ്രണയിതാക്കൾ പരസ്പരം കണ്ടുമുട്ടുന്നില്ല. പകരം അവരുടെ ഹൃദയം ചിന്തിയ ചോരയിൽ നിന്നും പുതിയ പ്രണയ പുഷ്പങ്ങൾ വിടരുന്നു. പ്രണയം മരണത്തെപോലെ ശക്തമാണ് അസൂയ ശവക്കുഴികൾ പോലെ ക്രൂരവും അതിന്റെ ജ്വാലകൾ സുഗമമായ പ്രണയത്തിനിടയിൽ എപ്പോഴും തടസ്സങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കും. "The course of true love never did run smooth" 

കമിതാക്കൾക്കുവേണ്ടി മരണ ശിക്ഷ ഏറ്റു വാങ്ങിയ റോമിലെ ക്രിസ്തീയ പുരോഹിതന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ചാണ് എല്ലാ പ്രണയിതാക്കളും വാലെന്റൈൻ ദിനം ആഘോഷിക്കുന്നത്. റോമൻ ഭരണാധികാരിയായിരുന്ന ക്ലോഡിയസ് ചക്രവർത്തിയുടെ കാലത്ത് സൈന്യത്തിൽ ഉണ്ടായിരുന്ന പട്ടാളക്കാർക്ക് വിവാഹം നിഷിദ്ധമായിരുന്നു. എന്നാൽ വാലന്റൈൻ എന്ന ക്രിസ്തീയ പുരോഹിതൻ രഹസ്യമായി കമിതാക്കളുടെ വിവാഹം നടത്തി കൊടുത്തിരുന്നു. ഇതറിഞ്ഞ ക്ലോഡിയസ് പുരോഹിതനെ ജയിലിൽ അടച്ചു. ജയിൽ ശിക്ഷ അനുഭവിക്കുമ്പോൾ വാലന്റൈൻ ജയിലറുടെ അന്ധയായ മകളും ആയി പ്രണയത്തിലാവുന്നു. എന്നാൽ പ്രണയം മനുഷ്യരെ കണ്ണ് കെട്ടി നടത്തുമ്പോൾ വാലന്റൈനിന്റെ പരിശുദ്ധ പ്രണയത്തിന്റെ തീവ്രതയിൽ ആ പെൺകുട്ടിക്ക് കാഴ്ചശക്തി തിരിച്ചു ലഭിക്കുന്നു. ഈ വിവരം അറിഞ്ഞ ചക്രവർത്തി വാലന്റൈനെ വധശിക്ഷയ്ക്ക് വിധിച്ചു. പുരോഹിതന്റെ രക്തസാക്ഷിത്വം ലോകമെമ്പാടുമുള്ള കമിതാക്കൾ ഹൃദയത്തിലേറ്റി ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ദിവസങ്ങൾ പ്രണയദിനങ്ങളായി ആഘോഷിക്കുന്നു. പ്രണയത്തിന്റെ ഈ ആഘോഷം വാലന്റൈൻ കാർഡുകളുടെ രൂപത്തിൽ ലോക വിപണിയെ തന്നെ ഉണർത്തി.

തീവ്രമായ പ്രണയങ്ങളിൽ ഒരാൾക്ക് ഒരു സമയത്ത് ഒരാളെ മാത്രമേ പ്രണയിക്കാൻ കഴിയുകയുള്ളൂ. ശരിക്കുള്ള പ്രണയത്തിൽ പെടുന്നവർക്ക് ഊണിന്നാസ്ഥ കുറയുന്നു. നിദ്ര കൈവിടുന്നു. പിന്നെ പകൽ കിനാവിൽ മുഴുകുന്നു. ശാസ്ത്രീയമായി പറഞ്ഞാൽ ഒരാൾ പ്രണയത്തിൽ പെടുന്നു എങ്കിൽ ഹോർമോണിന്റെ കളി തുടങ്ങി എന്ന് സാരം. തലച്ചോറിലെ പ്ലഷർ സെന്ററുകളെ ഉത്തേജിപ്പിക്കുന്നത് വഴി രക്ത ഓട്ടം കൂടുകയും മൊത്തത്തിൽ ജീവിതം കളർ ഫുൾ ആകുകയും ചെയ്യുന്നു. ലോകം തന്റെ പ്രണയ ഭാജനത്തിലേക്കു ചുരുങ്ങുന്നു. ഒരാളിൽ ഉറങ്ങി കിടന്ന വാസനകളും കഴിവുകളും ഒരു പ്രത്യേക എനർജി ലെവൽ ഉയരുന്നതോടെ അതിന്റെ തീവ്രതയിൽ പുറത്തു വരുന്നു. Love wakes u do strange things. പ്രണയം തലയ്ക്കു പിടിച്ചു സ്ഥിരം കാറിൽ ഓഫീസിൽ പോയിരുന്ന ആൾ 14 കിലോമീറ്റർ സൈക്കിൾ ചവിട്ടി പോയതും പ്രണയത്തിന്റെ ശക്തി തന്നെ.

പ്രണയം മുറിപ്പാടുകൾ വീഴ്ത്തുന്ന വിരഹം ആണെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം എന്റെ അഞ്ച് വയസ്സിൽ തന്നെ ആ മുറിപ്പാട് എന്നിൽ വീണു എന്ന് വേണം പറയാൻ. ഹരിയാനയിൽ ജോലി ചെയ്തിരുന്ന എന്റെ അച്ഛന്റെ അനുജൻ അദേഹത്തിന്റെ മകളുമായി ആദ്യം നാട്ടിൽ വന്നപ്പോൾ അഞ്ച് വയസ്സുകാരി ആയ എന്നെ വാരി എടുത്തു ഉമ്മ വെക്കുകയും എനിക്ക് മിൽക്ക് പേട തരികയും ചെയ്തു. സ്നേഹത്തിൽ പൊതിഞ്ഞ കൊച്ചച്ചന്റെ സാമീപ്യം എന്നെ കൂടുതൽ കരുത്തുള്ള കുട്ടി ആക്കി. കളികളിൽ ഞാൻ ഉത്സാഹം കാണിച്ചു. അദ്ദേഹം തിരിച്ചു പോയപ്പോൾ അദേഹത്തിന്റെ അസാന്നിധ്യം എന്നെ മൗനത്തിൽ ആഴ്ത്തി. കൂട്ടത്തിൽ കളിക്കുകയും ഉറങ്ങുകയും ചെയ്തിരുന്ന എന്റെ അനുജത്തി ആയ അദ്ദേഹത്തിന്റെ മകളും എന്നെ വിട്ടു പോയപ്പോൾ രക്ത ബന്ധത്തിന്റെ  വേർപാട് ഒരു വലിയ മുറിപ്പാട് ആയി എന്നിൽ അവശേഷിച്ചു. ഇന്നും ലോകത്തിൽ വെച്ചു ഏറ്റവും പ്രിയപ്പെട്ട മധുരം ഏതെന്നു ചോദിച്ചാൽ ഹരിയാനയിലെ മിൽക്ക് പേട തന്നെ ആണ് എനിക്ക് പ്രിയപ്പെട്ടത്. 

കലാലയ ജീവിതത്തിലെ പ്രണയം വളരെ വിശുദ്ധവും അകലം പാലിച്ചു കൊണ്ടുള്ളതും ആയിരുന്നു. ആദ്യത്തെ പ്രേമലേഖനം തപാലിൽ വീട്ടിൽ വന്നപ്പോൾ ഞാൻ പാരലൽ കോളജിൽ കുട്ടികളെ ബയോളജി പഠിപ്പിക്കുകയായിരുന്നു. ക്ലാസ്സ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ വിയർപ്പിൽ കുളിച്ചു എന്റെ അനുജൻ പുറത്തു കാത്ത് നിൽക്കുന്നു. അപ്പൂപ്പൻ മരിച്ചെന്നാണ് ആദ്യം കരുതിയത്. പക്ഷെ തപാൽ സ്റ്റാമ്പ്‌ ഒട്ടിച്ച കവറിൽ നിന്നും പരിചയം ഉള്ള കൈപ്പടയിലെ കവിത അവൻ എന്നെ കാണിച്ചപ്പോൾ ഉള്ളൊന്നു കാളി. നീ വീട്ടിൽ വാ. അച്ഛൻ നിന്നെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു. അപ്പോൾ അപ്പൂപ്പൻ മരിച്ചിട്ടില്ല. ഇപ്പോൾ തന്നെ മകൾ ഒളിച്ചോടും എന്ന് കരുതിയാണാവോ മകനെ വിട്ടത്. ഒരു വൺ വേ ലൈൻ ആണ്. പ്രത്യേകിച്ച് എനിക്ക് ഒന്നും തോന്നിയ കേസ് അല്ല. സ്ഥിരം കുറ്റി അടിച്ചു ബസ് സ്റ്റോപ്പിൽ കാണാം. ഹിസ്റ്ററി ബാച്ച്. പക്ഷേ തെളിവ് കൈയ്യിൽ ഉള്ളിടത്തോളം എത്ര നിഷേധിച്ചാലും കുരുക്കു മുറുകും. വീട്ടിൽ ചെന്നതും അച്ഛൻ ചവിട്ടി തുള്ളി ഒരു പോക്ക്. അമ്മ സ്വതവേ കോടിയ ഇടതു കണ്ണ് ഒന്ന് കൂടി കോണിച്ചു ഇരുത്തി മൂളി. നാളുകൾ എണ്ണപ്പെട്ടു ഊർധ്വ ശ്വാസം വലിച്ചു കിടക്കുന്ന അപ്പൂപ്പനും അറിഞ്ഞോ ആവോ. കൊളമ്പിയിൽ നീട്ടി തുപ്പുന്ന ശബ്ദം കേൾക്കാം. കണ്ണിൽ പ്രണയം ഒളിപ്പിച്ചു വഴി അരികിൽ കാത്ത് നിന്നവന് അന്ന് തന്നെ എഴുതി ഉപദ്രവിക്കരുത് എന്ന്. പക്ഷെ ജീവിതത്തിൽ പിന്നീട് എപ്പോഴോ ഒക്കെ അരക്ഷിതാവസ്ഥയിൽ വീണപ്പോൾ തിരസ്കരിച്ച ആ പ്രണയത്തിലേക്കു മനസ്സു ഒരു തിരിച്ചു പോക്ക് നടത്തിയിരുന്നു.

പ്രണയത്തിൽ വീഴുകയും പുറത്താവുകയും ചെയ്യുന്നതിന് ഉള്ള ടൈം ബ്രേക്ക്‌ ഏറിയാൽ ഒരു വർഷം അതു കഴിഞ്ഞാൽ അതിന്റെ തീവ്രത കുറയുന്നു. ഇന്ന് പ്രണയങ്ങൾ പ്രണയത്തിനു തന്നെ അപവാദം ആയിരിക്കുന്നു. ഒരു പ്രണയം ലൈവിൽ നിൽക്കെ മറ്റൊന്നിലേക്ക് വല വിരിക്കുന്നത് വഴി ടൈം ബ്രേക്കിൽ വേറെ ആളെ തപ്പി ഓടേണ്ടി വരുന്നില്ല. അതിനുള്ള സംവിധാനം ആണല്ലോ ഇന്ന് നമ്മുടെ കൈയ്യിൽ. പണ്ട് പ്രണയ നൈരാശ്യം ഇന്ന് തേച്ചൊട്ടിപ്പുകൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു. പണ്ട് നൈരാശ്യം പത്തിലൊന്ന് ആണെങ്കിൽ ഇന്ന് സർവ സാധാരണം. തേൻ പുരട്ടിയ വാക്കുകൾ നോട്ടീസ് അച്ചടിച്ചു മൾട്ടി ചാറ്റ് വഴി സർവാണി സദ്യ വിളമ്പുന്ന പ്രണയങ്ങൾ സാർവ ലൗകികം. പ്രണയത്തിന്റെ ഫ്രീക്വൻസി ഇന്ന് മെസ്സേജുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. ചോദിച്ചു വാങ്ങിയ സന്ദേശങ്ങൾ പിന്നെ തിരിഞ്ഞുനോക്കാതെ അനാഥമായി കിടക്കുമ്പോൾ ചാറ്റ് റൂമുകൾ ആയി തനിക്കു ചുറ്റും വർണ്ണം വാരി എറിഞ്ഞ വീടിന്റെ ബാൽക്കണിയും, നിലാവ് പരന്നൊഴുകിയ ടെറസും ശവപറമ്പുകൾ ആകുന്നു. പ്രണയം  നിറഞ്ഞു കവിഞ്ഞ ഹൃദയം ഒഴിഞ്ഞ മൺകുടം ആകുന്നു. വീടിന്റെ ഉത്തരം ദേവദാരുവും കഴുക്കോൽ സരള വൃക്ഷവും ആയി തോന്നിച്ച പ്രണയദിനങ്ങൾ കയ്പ്പേറിയ കാഞ്ഞിരത്തിന്റെ തടിക്കൂട്ടിൽ ബന്ധിക്കപ്പെടുമ്പോൾ നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടക്കുന്നു. അടക്കിപ്പിടിച്ച തേങ്ങലുകൾ ഇരയെ ഡിപ്രെഷനിലേക്കും അതു വഴി ആത്മഹത്യയിലേക്കും നയിക്കുന്നു. ഓരോ പ്രണയവും ഓരോ ഓർമപ്പെടുത്തലുകൾ ആണ്. തിരുത്തലിനും ആത്മപരിശോധനക്കും ഉള്ള അവസരം കൂടി ആണ്. എല്ലാ പ്രണയിതാക്കൾക്കും ഊഷ്മളമായ പ്രണയ ദിനാശംസകൾ.

English Summary:

Malayalam Article ' Pranayam ' Written by Latha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com