ADVERTISEMENT

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം, മനുഷ്യർ എപ്പോഴും ആഗ്രഹിക്കുന്ന ഏറ്റവും വലിയ വികാരം. അത് തന്നെയാണ് കുന്ദനും ചിന്തിച്ചുകൊണ്ടിരുന്നത്. താൻ അകപ്പെട്ടിരിക്കുന്ന പത്മവ്യൂഹത്തിൽ നിന്നുള്ള മോചനം. ഓരോ ദിവസം കഴിയുംതോറും, അവർ തന്നെ അടച്ചു പൂട്ടിയിരിക്കുന്ന തടവറയുടെ ചുമരുകൾ തന്നിലേക്ക് കൂടുതൽ കൂടുതൽ അടുക്കുകയാണ്, അവസാനമാകുമ്പോൾ കൈകാലുകൾ അനക്കാനാവാതെ ശരീരം ഞെരുങ്ങിഞെരുങ്ങി താൻ ശ്വാസംമുട്ടി മരിക്കും, തന്റെ കരച്ചിൽപോലും ആരും കേൾക്കില്ല, കാരണം അപ്പോൾ അവർ തന്റെ തടവറക്ക് പുറത്ത് ആഘോഷങ്ങൾ നടത്തുകയാകും. അവരുടെ വിജയം തന്റെ ജീവിത ലക്ഷ്യമല്ല. തകർന്നില്ലാതാകുന്ന തന്റെ ഊരുകൾ തന്റെ ലക്ഷ്യമല്ല. എന്നാൽ എങ്ങനെ, ഏതുവിധത്തിൽ ഈ ഘട്ടത്തിൽ തനിക്ക് പ്രവർത്തിക്കാനാകും. പ്രകൃതി ഒരു വഴി തെളിയിച്ചുതരും, അതിരാവിലെയുള്ള സൂര്യകിരണങ്ങൾ തന്റെ ഉള്ളംകൈകളിൽ പതിഞ്ഞപ്പോൾ കുന്ദന് തോന്നി.

"ഇന്നലെ രാത്രി കുന്ദൻ എവിടെയായിരുന്നു." ദീപയാണ്. "ഞാനിവിടെ തന്നെയുണ്ടായിരുന്നു, രാപ്പകൽ പണികൾ നടക്കുകയല്ലേ". കുന്ദൻ പറഞ്ഞു. "അത് വിശ്വസിക്കാവുന്ന ഒരുത്തരമല്ല" ദീപ തുടർന്നു. "ആർ ആരെ വിശ്വസിപ്പിക്കണം എന്നൊന്നും എനിക്കറിയില്ല, അതല്ലെങ്കിൽത്തന്നെ ഞാൻ എന്നെപ്പോലും ഇപ്പോൾ വിശ്വസിക്കുന്നില്ല" കുന്ദൻ ദീപയുടെ കണ്ണുകളിൽ നോക്കി പറഞ്ഞു. "എന്റെ അറിവില്ലാതെ കുന്ദൻ ഇനി എവിടെയും പോകാൻ പാടില്ല, നന്ദന്റെ ഓർഡർ ആണ്" ദീപ പറഞ്ഞു. "ദീപക്ക് എന്നെ എവിടെ വേണമെങ്കിലും പിന്തുടരാം" കുന്ദൻ പറഞ്ഞു. "ഞാനിപ്പോൾ അണക്കെട്ടിന് മുകളിലുള്ള താൽക്കാലിക ഡാം പരിശോധിക്കുവാൻ പോവുകയാണ്, വേണമെങ്കിൽ കൂടെ വരാം" കുന്ദൻ പറഞ്ഞു. താൽക്കാലിക ഡാമിന്റെ പകുതിയിലധികം ദൂരം പിന്നിട്ടപ്പോൾ കുന്ദൻ വണ്ടി നിർത്തി. "ഞാനൊന്ന് നോക്കിവരാം" എന്ന് പറഞ്ഞു കുന്ദൻ മുന്നോട്ട് നടന്നു.

ദീപ വണ്ടിക്ക് പുറത്തിറങ്ങി നിന്നു. അപ്പോഴാണ് കുന്ദൻ തന്റെ കീശയിൽ നിന്നും എന്തോ എടുക്കുന്നത് ദീപ കണ്ടത്. അതൊരു സിഗരറ്റ് ലൈറ്റർ ആയിരുന്നു. പുകവലിക്കാത്ത കുന്ദൻ എന്തിനാണ് ലൈറ്റർ എടുത്തത് എന്ന് ദീപ ചിന്തിച്ചു. അപ്പോഴാണ് താൽക്കാലിക ഡാമിന് മുകളിലൂടെ വിതറിയിട്ടിരുന്ന പാറപൊട്ടിക്കാനുള്ള രാസമിശ്രിതം ദീപ കണ്ടത്. "കുന്ദൻ, അത് ചെയ്യരുത്" ദീപ ഉറക്കെ വിളിച്ചു പറഞ്ഞു. "നിന്നെയെനിക്ക് വെടിവെക്കേണ്ടി വരും" ദീപ ഉറക്കെ അലറി. "തീർച്ചയായും, നീ സ്നേഹിക്കുന്ന ഈ ഹൃദയത്തിലേക്ക് തന്നെ നിറയൊഴിക്കണം, ഒരു ജലസമാധിയാണ് ഞാൻ ആഗ്രഹിച്ചത്, അതിന് മറ്റൊരാളെ ഒപ്പം കൂട്ടുന്നത് നല്ലതാണ്". കുന്ദൻ പറഞ്ഞു. കുന്ദൻ തീ കൊളുത്താൻ നിലത്തിരുന്നു. ദീപയുടെ തോക്കിൽ നിന്നും വെടിയുണ്ടകൾ കുന്ദന്റെ നെഞ്ചുതകർത്തു പാഞ്ഞു, എങ്കിലും, തീ കൊളുത്തുന്നതിൽ അയാൾ വിജയിച്ചു. 

കുറെയധികം പൊട്ടിത്തെറികൾ, താൽക്കാലികമായി നിർമ്മിച്ചിരുന്ന ആ ഡാം പൊട്ടിത്തകർന്നു, പുതിയതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന അണക്കെട്ടിനെ ലക്ഷ്യമാക്കി വെള്ളം കുതിച്ചൊഴുകി. കുന്ദനും ദീപയും ആ പൊട്ടിത്തെറിയിൽ തെറിച്ചൊഴുകി. അതേ സമയം രാധ, പുതുതായി നിർമ്മിക്കുന്ന ഗോപുരത്തിന്റെ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. രാധയുടെ പ്രവർത്തിയിൽ സംശയം തോന്നിയ നന്ദൻ അവർക്ക് പുറകെ മുകളിലേക്കോടി. പാഞ്ഞുവരുന്ന വലിയ ജലപ്രവാഹം നോക്കിക്കൊണ്ട് തന്നെ രാധ ഗോപുരത്തിനുള്ളിൽ നിറച്ചിരുന്ന രാസമിശ്രിതങ്ങൾക്ക് തീകൊളുത്തി. നന്ദന് ഒന്നേ ചെയ്യാൻ കഴിഞ്ഞുള്ളു, തന്റെ തോക്കെടുത്ത് രാധയെ വെടിവെച്ചു. അത് സ്വീകരിക്കാനെന്നപോലെ രാധ തിരിഞ്ഞു നിൽക്കുകയായിരുന്നു. രാസമിശ്രിതങ്ങൾ അതിവേഗം കത്തിപ്പടർന്നു, അനേകം പൊട്ടിത്തെറികൾ. അതുവരെയുള്ള പദ്ധതിയുടെ നിർമ്മിതികളെല്ലാം പൊട്ടിത്തെറിച്ചു തകർന്നു തരിപ്പണമായി. ഒഴുകിവന്ന വലിയ ജലപ്രവാഹം എല്ലാവരെയും കൊണ്ട് താഴേക്ക് കുതിച്ചു.

അയാളും മൂപ്പനും പുഴയ്‌ക്കരികിൽ ഇരുന്നു ധ്യാനിക്കുകയായിരുന്നു. അപ്പോഴാണ് വലിയ ശബ്ദത്തോടെ വളരെ ഉയരത്തിൽ ജലപ്രവാഹം വരുന്നത് കണ്ടത്. മുകളിലേക്ക് ഓടുമ്പോൾ "മൂപ്പാ, ഓടി രക്ഷപ്പെട്ടോളൂ" എന്നയാൾ ഉറക്കെ അലറി, എന്നാൽ അത് പ്രതീക്ഷിച്ചിരുന്നപോലെ മൂപ്പൻ അവിടെയിരുന്നതേയുള്ളൂ. മൂപ്പനെയും കൊണ്ട് കുത്തിയൊഴുകുന്ന പുഴ താഴേക്ക് പാഞ്ഞു.

"മൂപ്പാ" എന്നുറക്കെ കരഞ്ഞുകൊണ്ട് അയാൾ ചാടിയെഴുന്നേറ്റു. അപ്പോഴാണ് വാതിലിൽ ആരോ ശക്തമായി തട്ടുന്നത് അയാൾ കേട്ടത്. കുറച്ചു കഴിഞ്ഞാണ് അയാൾക്ക്‌ സ്ഥലകാലബോധമുണ്ടായത്. വാതിൽ തുറന്നപ്പോൾ, ഓട്ടോക്കാരനാണ്. "മാഷെ, എത്ര നേരമായി വിളിക്കുന്നു, മാനന്തവാടി സൂപ്പർ ഫാസ്റ്റ് പോകാൻ ഇനി കുറച്ചു നേരമേ ഉള്ളൂ. വേഗിറങ്ങണം, വൈദ്യരെ കാണണ്ടേ" കുറച്ചു സംശയിച്ചു നിന്ന്, മുഖത്തെ വിയർപ്പ് തുടച്ചു അയാൾ പറഞ്ഞു. "ഇന്നിനി പോകണ്ട".

(അവസാനിച്ചു).

English Summary:

Malayalam Short Story ' Mananthavady Super Fast - 15 ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com