ADVERTISEMENT

മൊബൈലിൽ എതോ വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ് പ്രിയതമ. ലോകത്തുള്ള എല്ലാവരെയും കേൾപ്പിക്കണമെന്ന ഉദ്ദേശത്തിലാണെന്ന് തോന്നുന്നു, ശബ്ദം കൂട്ടി വെച്ചിരിക്കുന്നത്. "എടീ, ശബ്ദമൊന്ന് കുറച്ചു വെയ്ക്ക്, ഞാനീ പത്രമൊന്ന് വായിച്ചോട്ടെ," "നട്ടുച്ചയായപ്പൊഴാണോ പത്രം വായന, അല്ലെങ്കിൽ തന്നെ ഇങ്ങനെ കുത്തിയിരുന്ന് പത്രം വായിച്ചിട്ട് എന്താ പ്രയോജനം?" സത്യത്തിൽ അവൾ പറയുന്നതിലും കാര്യമില്ലേ? പത്രങ്ങളിൽ ഇപ്പോൾ പരസ്യങ്ങളല്ലാതെ എന്തുണ്ടിപ്പോൾ? പരസ്യങ്ങൾക്കിടയിൽ നിന്ന് വാർത്ത കണ്ടുപിടിക്കാൻ തന്നെ എന്തു പ്രയാസമാണ്. അടുത്ത മാസം മുതൽ പത്രം നിർത്തിയാലോ എന്ന് ഞാൻ ആലോചിച്ചു.

ഒന്നാം പേജിലെ കൊലപാതക ബലാൽസംഗ വാർത്തകൾക്ക് ശേഷം രണ്ടാം പേജിലേക്ക് കടന്നു. അത് പരസ്യങ്ങൾക്ക് മാത്രമായി സംവരണം ചെയ്തിക്കുകയാണ്. മൂന്നാം പേജ് പ്രാദേശിക പേജായതിനാൽ അതിൽ പ്രദേശിക കൊലപാതകങ്ങൾ.. അക്കൂട്ടത്തിൽ കണ്ട ഒരു കൊലപാതക വാർത്ത എന്റെ ശ്രദ്ധ ആകർഷിച്ചു. "വൃദ്ധനെയും മകളെയും കൊന്നു.." പൊലീസ് പ്രതികൾക്കായി വല വീശിയിരിക്കുകയാണത്രേ. പൊലീസിന്റെ അനന്ത വിശാലമായ വലയെപ്പറ്റി ആലോചിച്ചിരിക്കുമ്പോഴാണ് വീടിന്റെ ഗെയ്റ്റിനു മുന്നിൽ നിൽക്കുന്ന രണ്ടു പേരെ ശ്രദ്ധിച്ചത്. 

പത്തറുപത് തോന്നിക്കുന്ന ഒരു വൃദ്ധനും. കൂടെ എസ്ക്കോർട്ടു പോലെ പതിനാറുകാരിയായ പെൺകുട്ടിയും. അവൾ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. ലിപ്സ്റ്റിക് തേച്ച് ചുവപ്പിച്ചിട്ടുണ്ട്. മധുരപ്പതിനേഴിന്റെ മുന്നിൽ മധുരമില്ലാത്ത അറുപത് ശ്രദ്ധിക്കപ്പെടേണ്ടതല്ലെങ്കിലും ഒരു മര്യാദയ്ക്ക് അറുപതിനെയും ഞാൻ നോക്കി. എനിക്കത്ര പരിചയം തോന്നാത്തതിനാൽ ഞാൻ ഭാര്യയെ വിളിച്ചു. "എടീ. ഇതാരാ വന്നതെന്ന് നോക്കിക്കേ.." അവൾ എഴുന്നേറ്റ് പുറത്തു വന്നതും ആഗതർ അകത്തേക്ക്`വന്നതും ഏതാണ്ട് ഒന്നിച്ചായിരുന്നു.

"ആരിത് വേലായുധനമ്മാവനോ, മഞ്ചു മോളുമുണ്ടല്ലോ, വരണം, വരണം" ഭാര്യ അവരെ സ്വാഗതം ചെയ്തു. "ആകെ കൂടി ഒരൊഴിവു കിട്ടുന്ന ഈ ഞായറാഴ്ച്ച തന്നെ വേണമായിരുന്നോ അമ്മാവാ നിങ്ങളുടെ എഴുന്നള്ളത്ത്?, ഇന്നാണെങ്കിൽ ഭാര്യയുമായി ഒരു സിനിമയ്ക്ക് പോയാലോ എന്ന് ആലോചിച്ചിരുന്നതുമാണ്." ഇങ്ങനെയാണ് മനസ്സിൽ കരുതിയതെങ്കിലും വീട്ടിൽ വരുന്നവരോട് ദുർമ്മുഖം കാണിക്കുന്നത് ശരിയല്ലല്ലോ എന്നോർത്ത് ഞാൻ ചിരിച്ചതായി വരുത്തി. ഊണെല്ലാം കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ഭാര്യ വെളിപ്പെടുത്തിയത്. "പിന്നെ, അതെന്റെ വകേലമ്മാവനും അമ്മാവന്റെ മോളുടെ മോളുമാ.. എല്ലാ അവധിക്കാലത്തും അമ്മാവൻ ഏതെങ്കിലും ബന്ധു വീട്ടിലാണ് താമസിക്കുന്നത്. ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത് നമ്മുടെ വീടാ.."

ദൈവമേ,അമ്മാവനും മോളും കൂടി അവധിക്കാലം മുഴുവൻ ഇവിടെ ചിലവഴിക്കാൻ വന്നിരിക്കുകയാണോ, ഇതെന്താ ടൂറിസ്റ്റ് വില്ലേജോ? അത്രയും നാൾ ഇവർ ഇവിടെ കഴിഞ്ഞാൽ ഞങ്ങളുടെ അവസ്ഥ എന്താകും! ഏതായാലും അമ്മാവനോട് ഒന്ന് മുട്ടി നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. "അമ്മാവാ, രാത്രി എട്ട് മണി കഴിഞ്ഞാൽ വീട്ടിലേക്ക് ബസ് കിട്ടില്ല അല്ലേ" "അതേ മോനേ,എന്ത് കഷ്ടമാണെന്ന് നോക്കണേ.." അമ്മാവൻ വീഴുന്ന മട്ടില്ല. വേല വേലായുധനോട് വേണോ എന്ന മട്ടിൽ അമ്മാവനും എസ്ക്കോർട്ടും ഇരുന്നു. അന്ന് രാത്രി മുഴുവൻ എന്റെ ചിന്ത അമ്മാവനെ തുരത്തുന്നതിനെപ്പറ്റിയായിരുന്നു. ഒടുവിൽ വകേലമ്മാവനെ വക വരുത്താൻ പുതിയൊരു വിദ്യ കണ്ടെത്തിയ സന്തോഷത്തോടെയാണ് രാവിലെ എഴുന്നേറ്റത്. രാവിലെ പ്രാതലിനിരിക്കുമ്പോൾ തന്നെ വിദ്യ പ്രയോഗിക്കാൻ തീരുമാനിച്ചു.

"അമ്മാവാ, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാളെ ഒരു വർഷമാകുന്നു." "ഉവ്വോ, ആ സദ്യയുടെ സ്വാദ് ഇപ്പോഴും നാവിൻ തുമ്പിലുണ്ട്.." രണ്ടും കൂടി ശരിക്കും വെട്ടി വിഴുങ്ങിക്കാണും.! "അമ്മാവാ, അന്ന് മധുവിധുവൊന്നും ശരിക്ക് ആഘോഷിക്കാൻ കഴിഞ്ഞില്ല. അതു കൊണ്ട് ഞങ്ങൾ ഒരു ടൂർ പ്രോഗ്രാം ഫിക്സ് ചെയ്തിരിക്കുകയാണ്. നാളെ രാവിലെ പോകാനിരിക്കുകയാണ്. നേരത്തെ ഫിക്സ് ചെയ്ത് ടിക്കറ്റുമൊക്കെ ബുക്ക് ചെയ്തു പോയി. വല്ലാത്ത വിഷമമുണ്ട്, അമ്മാവനും മഞ്ജു മോളും അവധിക്കാലം ചിലവഴിക്കാൻ വന്നിട്ട്.." കൃത്രിമ ദു:ഖത്തിന്റെ മുഖം മൂടി അണിഞ്ഞു കൊണ്ട് അർദ്ധോക്തിയിൽ നിർത്തി ഞാൻ അമ്മാവന്റെ മുഖത്തേക്കൊന്ന് നോക്കി.

"അതിനെന്താ മോനേ, നിങ്ങൾ പോകുമ്പോൾ ആ താക്കോലിങ്ങു തന്നേക്കണം, പ്രശ്നം തീർന്നില്ലേ, നിങ്ങൾ സമാധാനമായിട്ട് പോയിട്ട് വന്നാൽ മതി, നിങ്ങൾ വന്നിട്ടേ ഞങ്ങൾ പോകൂ.." "എല്ലാം ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തോളാം.." എസ്ക്കോർട്ടിന്റെ വക. "നിങ്ങൾ വരും വരെ വീട്ടിലാളുമായി, മഞ്ജുവാണെങ്കിൽ നല്ല പാചകക്കാരിയുമാണ്." അമ്മാവൻ പറഞ്ഞതു കേട്ടപ്പോൾ എസ്ക്കോർട്ടിന്റെ പാചക വൈദഗ്ദ്യം അനുഭവിക്കാനിരിക്കുന്ന ഹതഭാഗ്യൻ ഏതാണെന്ന് അതിനിടയിലും ഞാൻ ഓർക്കാതിരുന്നില്ല.. രക്ഷപെടാൻ ഇനി വഴിയൊന്നുമില്ല എന്ന് തീരുമാനിക്കുന്നതിനിടയിലാണ് പെട്ടെന്ന് ഇന്നലെ പത്രത്തിൽ കണ്ട വൃദ്ധന്റെയും മകളുടെയും കൊലപാതക വാർത്ത മനസ്സിലേക്ക് ഓടിയെത്തിയത്.

"അമ്മാവൻ ഈയിടെയായി പത്രമൊന്നും വായിക്കാറില്ലേ.." ഞാൻ ചോദിച്ചു. "പത്രത്തിനൊക്കെ തീ വിലയല്ലേ.." ഞാൻ കൈയ്യിലിരുന്ന പത്രമെടുത്ത് അമ്മാവനെ കാണിച്ചു. "അമ്മാവാ, ഈ വാർത്ത കണ്ടോ" അമ്മാവൻ വാർത്ത വായിച്ചിട്ട് ചെറു മകൾക്ക് കൈ മാറി. "അമ്മാവാ, നിങ്ങളിവിടെ എത്ര നാൾ താമസിക്കുന്നതിനും ഞങ്ങൾക്ക് വിരോധമൊന്നുമില്ല. പക്ഷേ, കാലമിതാണല്ലോ, നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ.." ഞാൻ പറഞ്ഞു നിർത്തി. അവരുടെ മുഖം കണ്ടിട്ട് വേല ഏറ്റ മട്ടുണ്ട്. എസ്ക്കോർട്ടോടു കൂടിയുള്ള അമ്മാവന്റെ തിരിച്ചു പോക്ക് ഏതു സമയവും ഉണ്ടാകാമെന്ന ഉറപ്പിൽ ഞാൻ ഉറങ്ങാൻ കിടന്നു. അധികം കഴിഞ്ഞില്ല, പ്രിയതമയുടെ വിളി. "ചേട്ടാ, അമ്മാവൻ വിളിക്കുന്നു.."

"നീയെന്താ പുതിയ സിനിമാ പേര് വല്ലതും പറഞ്ഞു പഠിക്കുകയാണോ.." ഞാൻ ചോദിച്ചു തീർന്നു, തീർന്നില്ല അതിനു മുൻപ് അമ്മാവനും മകളും അകത്തേക്ക് കടന്നു വന്നു. പോകാനുള്ള ഒരുക്കത്തിലാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തം. "വെറുതെ എന്തിന് ഭാഗ്യം പരീക്ഷിക്കുന്നു. ഞങ്ങളിറങ്ങട്ടെ" "പോയ് വരട്ടെ.." എസ്ക്കോർട്ടിന്റെ വക. "പൊയ്ക്കോ, വരണ്ട" എന്ന് പതുക്കെയും ശരി, അങ്ങനെയാകട്ടെ എന്ന് ഉറക്കെയും പറഞ്ഞു കൊണ്ട് ഞാനവരെ യാത്രയാക്കി. അകത്ത് സന്തോഷവും പുറത്ത് വിഷാദവുമായി ഗെയ്റ്റു വരെ അവരെ ഞങ്ങൾ അനുഗമിച്ചു.

"ഞാനൊരു ബുദ്ധിമാനാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ" എന്ന മട്ടിൽ നിന്ന എന്നോട് പ്രിയതമ ചോദിച്ചു, "എപ്പഴാ, മധുവിധു ടൂറിന് പോകുന്നെന്ന് പറഞ്ഞത്?" "വേല ഹസ്ബെന്റിനോടോ" എന്ന ഭാവത്തിൽ ഞാനൊന്ന് ചിരിച്ചു. ആശ്വാസത്തോടെ ഒന്ന് മയങ്ങാനായി കിടക്കുമ്പോഴാണ് പത്രത്തിനുള്ള പൈസയ്ക്ക് വേണ്ടി ഏജന്റ് വന്ന് നിൽക്കുന്ന കാര്യം ഭാര്യ പറഞ്ഞത്. "അടുത്ത മാസം മുതൽ പത്രം ഇടേണ്ട എന്ന് പറഞ്ഞല്ലോ, അത് പറഞ്ഞേക്കട്ടെ" പത്രത്തിന്റെ പൈസ കൊടുക്കാൻ പോകുമ്പോൾ ഭാര്യ ചോദിച്ചു. "വേണ്ട, പത്രമിട്ടോട്ടെ, കാശ് എങ്ങനെയെങ്കിലും നമുക്ക് കൊടുക്കാം" പത്രം കൊണ്ട് പ്രയോജനമില്ലെന്ന് മറ്റാരൊക്കെ പറഞ്ഞാലും എനിക്ക് പറയാൻ കഴിയുമോ?

English Summary:

Malayalam Short Story ' Vakelammavan ' Written by Naina Mannanchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com