ADVERTISEMENT

മെയിൻ റോഡിൽനിന്നും ഇടതുവളഞ്ഞ കാർ, ഒന്നരകിലോമീറ്ററോളം നീണ്ടുകിടക്കുന്ന തോട്ടത്തിന്റെ നടുവിലൂടെ പാഞ്ഞു. റബ്ബർമരങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്ത് വീടുകൾ അധികമൊന്നുമില്ല. കണ്ണിൽ കുത്തിയാൽ കാണാത്തത്ര ഇരുട്ടിന്റെ മറവിലൂടെ ആ അംബാസഡർ കാർ പാഞ്ഞുവന്നു നിന്നത് ഒരു പഴയ ബംഗ്ലാവിന്റെ മുറ്റത്താണ്. ആയിരത്തിന്മേൽ ഏക്കറിലുള്ള റബർത്തോട്ടത്തിന്റെ ഒത്തനടുവിൽ സ്വാതന്ത്ര്യത്തിനുമുന്നേ ബ്രിട്ടീഷുകാർ പണികഴിപ്പിച്ചതെന്ന് കരുതുന്ന ബംഗ്ലാവാണിത്. കരിങ്കല്ലിൽ കുമ്മായംതേച്ച ചുവരുകൾ, ഭീമാകാരമായി തൂങ്ങിക്കിടക്കുന്ന കാട്ടുതേനീച്ചക്കൂട്ടങ്ങൾ പൊക്കത്തിലുള്ള ചുവരുകളിലെ ഭയപ്പെടുത്തുന്ന കാഴ്ചയാണ്. അൽപംമാറി വടക്കുഭാഗത്തായി റബർഷീറ്റ് ഉണക്കാനും മറ്റുമായി ഒരു വലിയൊരു പുകപ്പുരയുണ്ട്. കാറിന്റെ ഹെഡ്‌ലൈറ്റ് നിർത്തി ഡിക്രൂസ് ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി. വീശിയടിച്ചു പെയ്യുന്ന കനത്തമഴയിൽ അവിടെമാകെ നനഞ്ഞിരുന്നു. കാർപോർച്ചിലെ ലൈറ്റിടാതെ ഇരുട്ടത്തുതന്നെ കാറിന്റെ പുറകുവശം ലക്ഷ്യമാക്കി നീങ്ങി. ഡിക്കിതുറന്ന് ഒരു വലിയ പെട്ടിയുമായി ധൃതിയിൽ ബംഗ്ലാവിന്റെ അരികിലുള്ള ചായ്പിലേക്ക് കയറി. വലിയപെട്ടി പ്രയാസപ്പെട്ട് വലിച്ചു നീക്കികൊണ്ടു പോകുമ്പോൾ തറയിൽ രക്തത്തുള്ളികൾ ഇറ്റിറ്റുവീണുകൊണ്ടിരുന്നു. കതക് തള്ളിത്തുറന്ന് ചായിപ്പിന്റെ അകത്തുകയറി പെട്ടി ഉന്തി മുറിയുടെ മൂലയിൽ വയ്ക്കുമ്പോഴും രക്തത്തുള്ളികൾ വീണുകൊണ്ടേയിരുന്നു.

നടക്കാൻപോലും കഴിയാതെ മദ്യലഹരിയിൽ ഡിക്രൂസ് തീർത്തും അവശനായിരുന്നു. ബംഗ്ലാവിലെ പായലുനിറഞ്ഞ കൽഭിത്തികളിൽ താങ്ങിപ്പിടിച്ച് വിശാലമായ ഹാളിലേക്ക് കയറിയപ്പോൾ ക്ലോക്കിൽ ഒരുമണി മുഴങ്ങി. പുറത്ത് മഴ കനക്കുകയാണ്. നനഞ്ഞതും മുഷിഞ്ഞതുമായ വസ്ത്രങ്ങൾ മാറി മുറിയിലേക്ക് കയറി. രാത്രിയുടെ മദ്ധ്യയാമത്തിലെ ഇടിയും മിന്നലും തിമിർത്തുപെയ്യുന്ന മഴയും യാതൊരു ഭയവും അയാളിൽ ഉണർത്തിയില്ല. അയാൾ കട്ടിലിലേക്ക് വീണ് ബോധം കെട്ടുറങ്ങി. അടയ്ക്കാൻ മറന്നുപോയ ബംഗ്ലാവിലെ മുൻവാതിലിലൂടെ വീശിയടിക്കുന്ന കോടക്കാറ്റിൽ ഏറെക്കാലമായി കത്താതെ, നിറയെ കാലുകളുള്ള പഴകിയ വിളക്ക് തൂങ്ങിയാടുന്നുണ്ടായിരുന്നു. വേട്ടയാടിയ മാനിന്റെ തലയോട്ടി ഭിത്തിയിൽ തൂങ്ങിക്കിടക്കുന്നു. വശങ്ങളിലായി നാടൻ ഇരട്ടക്കുഴൽ തോക്ക്, മുമ്പ് ഇവിടെ താമസിച്ചിരുന്നവർ നായാട്ടിന് പോയതിന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരിക്കുന്നതാണ്. ഇപ്പോൾ വീശിയടിച്ചു പെയ്യുന്ന മഴ ഇപ്പോൾ എതാണ്ട് മാറിയമട്ടാണ്. അങ്ങിങ്ങായി ഇലകളിലും നിന്നുംമറ്റും മഴത്തുള്ളികൾ വീഴുന്ന ശബ്ദം മാത്രം. അന്ധകാരത്തിൽ അപൂർവ്വമായി വരുന്ന പിശാചുക്കളെ പോലെ ആ നിഗൂഢരാത്രി പതിയെപ്പതിയെ നിദ്രയിലാണ്ടു.

അടുത്ത പ്രഭാതത്തിൽ വളരെ വൈകിയാണ് ഡിക്രൂസ് ഉണർന്നത്. പ്രതികാരാഗ്നിയിൽ നീറിപ്പുകയുന്ന മനസ്സുമായിട്ടായിരുന്നു കാലങ്ങളായി അയാൾ ഉറങ്ങിയത്. കിടന്നാൽ അവന്റെ മുഖം തീക്കനൽപോലെ മനസ്സിലേക്ക് കയറിവരും. ആ കനലുകളാണ് കഴിഞ്ഞ പാതിരാവിൽ അലറിപെയ്ത മഴയോടൊപ്പം കെട്ടടങ്ങിയത്. പൊടുന്നനെയാണ് മദ്യലഹരി വിട്ടൊഴിഞ്ഞ ഡിക്രൂസിന്റെ മനസ്സിൽ ഭയപ്പെടുത്തുന്ന ചില ചിന്തകൾ ഉടലെടുത്തത്. നാട്ടിൽപോയ റബറുവെട്ടു തൊഴിലാളികൾ ഒന്നുരണ്ടു ദിവസങ്ങൾക്കകം തിരിച്ചെത്തും. അതിനുമുമ്പ് തന്നെ ഒരു തെളിവും അവശേഷിക്കാതെ തറയിൽവീണ രക്തത്തുള്ളികളെല്ലാം കഴുകി ആ ശവം മറവ് ചെയ്യണം. ഡിക്രൂസ് മുറിയിൽ നിന്നേഴുന്നേറ്റ് ചായ്പ്പിലേക്ക് നടന്നു. വലിയപെട്ടി ഇരിക്കുന്ന ചുറ്റിനും രക്തം തളംകെട്ടിക്കിടക്കുന്നു. പുറത്തേക്കിറങ്ങി അവിടെമാകെ നിരീക്ഷിച്ചു. പോയ രാത്രിയിലെ കനത്തമഴയിൽ പുറത്ത് പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. റബർത്തോട്ടത്തിൽ ആരെയും കാണുന്നില്ല എന്നുറപ്പു വരുത്തി. തറയിൽകിടന്ന രക്തം മുഴുവനും കഴുകി വൃത്തിയാക്കി. ചായ്പ്പിന്റെ താഴെയായി ഉപയോഗശൂന്യമായി കിടന്നിരുന്ന ചാണകുഴിയിലേക്ക് ആ വലിയപെട്ടി താഴ്ത്തി. എല്ലാം കഴിഞ്ഞ് ഒരു ദീർഘനിശ്വാസത്തോടെ ബംഗ്ലാവിലെ വിശാലമായ ഹാളിന്റെ മൂലയിലെ കസേരയിൽ ഇരുന്നു, കുറെനേരം അങ്ങനെതന്നെ ഇരുന്നു.

കുളിച്ച് പുതുവസ്ത്രങ്ങളണിഞ്ഞു കാർ സ്റ്റാർട്ട് ചെയ്ത് റബർത്തോട്ടത്തിന്റെ നടുവിൽ, ഉരുളൻകല്ല് നിരന്നുകിടക്കുന്ന റോഡിലൂടെ വെള്ളം തെറിപ്പിച്ച് കടന്നുപോയി. കവലയിലെ ഹോട്ടലിന്റെ മുന്നിൽ ചെന്നാണ് ആ കാർ നിന്നത്. ഭക്ഷണം ഉണ്ടാക്കാത്ത ദിവസങ്ങളിൽ ഡിക്രൂസ് ഇങ്ങനെ ഹോട്ടലിൽ പോകുന്നത് പതിവാണ്. ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ എസ്റ്റേറ്റിനെയും ബംഗ്ലാവിനെപ്പറ്റിയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. "രാത്രിയിൽ തോട്ടത്തീന്ന് വലിയ നിലവിളി കേട്ടല്ലോ...?" ഡിക്രൂസിനെ കണ്ടപ്പോൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാൾ ചോദിച്ചു. “ഇല്ല...” “നിങ്ങൾ എസ്റ്റേറ്റിലെ മാനേജരല്ലേ…? ഇന്നലെ രാത്രിയിൽ ഒരു ശബ്ദവും കേട്ടില്ലേ...?” കഴിച്ചുകൊണ്ടിരിക്കുന്ന ഒരാൾ വീണ്ടും ചോദിച്ചു. “ഇല്ല, ഞാനൊരു ശബ്ദവും കേട്ടില്ലല്ലോ...” “ഒരു കിലോമീറ്ററകലെ ഞങ്ങൾ കേട്ടല്ലോ... പിന്നെങ്ങനാണ് നിങ്ങള് കേക്കാതിരിക്കുന്നത്.” മറ്റൊരാൾ ചോദിച്ചു. “ഇന്നലെ പതിവിലും നേരത്തെ ഞാനുറങ്ങിപോയി, അതായിരിക്കും കേക്കാഞ്ഞത്…” ഡിക്രൂസ് മറുപടി പറഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ സംശയം മാറാതെ വീണ്ടും പറഞ്ഞു. “അവിടുന്നു ഇടയ്ക്കൊക്കെ ഇങ്ങനെ കേക്കാറുള്ളതാ, രാത്രിയിൽ വലിയ നിലവിളി കേട്ടാപോലും ആരും അങ്ങോട്ടേക്ക്പോയി നോക്കാറില്ല; ആരും അതിന് ധൈര്യപ്പെടാറില്ല... അതാണ്.” “എന്നാലും കഴിഞ്ഞ രാത്രീലെ നിലവിളി പതിവിലും പേടിപ്പെടുത്തുന്നതായിരുന്നു. ഏതായാലും ഒരുകാര്യം ഉറപ്പാടാ… അശുഭകരമായ എന്തോ ഒന്ന് ആ ബംഗ്ലാവിൽ സംഭവിച്ചിരിക്കുന്നു. അടുത്തദിവസം അറിയാം എന്നാ നടന്നെന്ന്.” നിഗൂഢത നിറഞ്ഞ ബംഗ്ലാവിലെ കഥകൾ കടയിലിരിക്കുന്നവർ പിന്നെയും പറയുന്നുണ്ടായിരുന്നു.

പലരും പറയുന്ന നിലവിളി ശബ്ദം താൻ എന്തുകൊണ്ട് കേൾക്കുന്നില്ല. ഡിക്രൂസ് ഗൗരവപൂർവ്വം ചിന്തിച്ചു. എന്തായാലും പതിവായി കേൾക്കാറുള്ള നിലവിളി ശബ്ദം പോലെ ഇതും അവർ തള്ളിക്കളയും. പിന്നെയും ആളുകൾ അവിടെനടന്ന സംഭവങ്ങളെപ്പറ്റി പറയുന്നത് സശ്രദ്ധം വീക്ഷിച്ച് കൊണ്ട് ഡിക്രൂസ് ഇരുന്നു. മടങ്ങിപോകുമ്പോഴും അവിടവിടെ കൂട്ടംകൂടി നിന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. മഴ നനഞ്ഞുകിടക്കുന്ന ബംഗ്ലാവിന്റെ മുറ്റത്തൂടെ അയാൾ നടന്നു. കഴിഞ്ഞ രാത്രിയിൽ തിമിർത്തു പെയ്തൊഴിഞ്ഞ മഴപോലെ ഏറെ നാളുകളായി ഉള്ളിൽ പുകയുന്ന തീ കെട്ടടങ്ങിയിരിക്കുന്നു. വല്ലാത്ത നിശബ്ദത. നീണ്ടു വളഞ്ഞ ഒറ്റയടി പാതയിലൂടെ അയാൾ നടന്നു. കുറെ ദൂരം നടന്നപ്പോഴാണ് തോട്ടത്തിന്റെ പൊക്കപ്പുറത്ത് അങ്ങകലെ കുറെ ആളുകൾ കൂടി നിൽക്കുന്നതു ഡിക്രൂസ് കണ്ടത്. എതിരെ ഒന്നുരണ്ടുപേർ എന്തൊക്കെയോ പറഞ്ഞ് നടന്നുവരുന്നുണ്ടായിരുന്നു. “എന്നാ അവിടെ ഒരാൾക്കൂട്ടം...?” ഡിക്രൂസ് ചോദിച്ചു. “അവിടോ… അവിടൊരുത്തൻ തൂങ്ങി നിൽക്കുന്നു.” അപരിചിതൻ മറുപടി പറഞ്ഞു. “തൂങ്ങി നിൽക്കുന്നെന്നോ…” ഡിക്രൂസ് വീണ്ടും ചോദിച്ചു. “റബറിന്റെ കമ്പേൽ ഒരുത്തൻ തൂങ്ങിചത്തു. ഇനി തൂങ്ങിചത്തതാണോ ആരെങ്കിലും കൊന്നു കെട്ടിതൂക്കിയതാണോന്നാർക്കറിയാം.” അപരിചിതന്റെ വാക്കുകൾകേട്ട് കൂടുതലൊന്നും ചോദിക്കാതെ തന്നെ ഡിക്രൂസ് നിശ്ചലനായി നിന്നുപോയി. നാട്ടുകാർ പലരും എന്തൊക്കെയോ തമ്മിൽപറഞ്ഞ് പോകുന്നുണ്ടായിരുന്നു. 

നനഞ്ഞ റബറിലകളിൽ ചവിട്ടി കുത്തുകല്ല് കയറി കയ്യാലപ്പുറത്ത് ആളുകൾ കൂടി നിൽക്കുന്നിടത്തേക്ക് ഡിക്രൂസ് പതിയെ നടന്നു. മുള്ളൻപന്നിയുടെ മുള്ളുകൾ വഴിനീളെ കാണാം. കഴിഞ്ഞ രാത്രിയിലെ ഭയപ്പെടുത്തുന്ന ഒരോ നിമിഷങ്ങളും അസാമാന്യധൈര്യത്തോടെ നേരിട്ടയാളാണ്, എങ്കിലും ഉള്ളിൽ അസ്വസ്ഥമാക്കിയ നിഗൂഢചിന്തങ്ങൾ അയാളുടെ ചലനങ്ങളിൽ അസ്വാഭാവികത സൃഷ്ടിച്ചു. എത്രയോനടന്ന പരിചിതമായ സ്ഥലമായിട്ടുകൂടി ഒരപരിചിതത്വം തോന്നിയപോലെ, ആ പ്രദേശത്ത് മറ്റൊരിക്കലും കാണാത്ത ഭാവമാറ്റം. പ്രകൃതിപോലും തന്റെ ചലനങ്ങൾ നിരീക്ഷിക്കുന്നപോലെ. ചുറ്റുംകൂടി നിൽക്കുന്ന ആളുകൾക്കിടയിലൂടെ അയാൾ കണ്ടു…! റബർമരത്തിന്റെ താണു നിൽക്കുന്ന മരക്കൊമ്പിൽ താടി നീട്ടിവളർത്തിയ യുവാവ്. കാലുകൾ നിലത്ത്തൊട്ട് കയറിൽതൂങ്ങി നിൽക്കുന്നു. ആ മനുഷ്യന്റെ മുഖം ഒരു തവണകൂടി നോക്കി. ഒരുവേള അഴലുപറിഞ്ഞു പോകുന്ന ദൃശ്യം ഭയത്തോടെ നോക്കി സ്തബ്ധനായി നിന്നുപോയി. ഭീതിയുടെ ചിറകടിശബ്ദം ഒരോ രോമകൂപത്തേയും അരിച്ച് കടന്നുപോയി. കഴിഞ്ഞ രാത്രി താൻ കൊലപ്പെടുത്തിയ മനുഷ്യനാണോ ഇവിടെ തൂങ്ങി നിൽക്കുന്നത്…! ഇത് അയാൾ തന്നെയല്ലേ…! രണ്ടുപേർക്കും ഒരേ രൂപസാദൃശ്യം…! ഇതെങ്ങനെ സംഭവിക്കും…! ഇത്രയുംനാൾ താൻ തേടിനടന്നയാൾ ഇതല്ലേ. ഡിക്രൂസ് ചിന്താകുലനായി. ആർക്കും മരിച്ചയാളെപ്പറ്റി വല്ല്യ അറിവൊന്നുമില്ല. ഒന്നുരണ്ടു പ്രാവശ്യം അയാളെ ഇവിടൊക്കെ കണ്ടിട്ടുണ്ട്, എന്നല്ലാതെ കൂടുതലായൊന്നും അയാളെപ്പറ്റി ആർക്കും അറിവില്ല. “ഏതായാലും ഇവിടെയുള്ള ആളൊന്നുമല്ല.” ഡിക്രൂസ് മനസ്സിൽ ഓർത്തു.

തിരികെ ബംഗ്ലാവിലേക്ക് നടന്നു പോകുമ്പോഴെല്ലാം ഡിക്രൂസിന്റെ മനസ്സിൽ ഭയപ്പെടുത്തുന്ന ആയിരമായിരം ചിന്തകൾ കാടുകയറി. ചാണകക്കുഴിയിൽ താഴ്ത്തിയ പെട്ടി അവിടെതന്നെ ഉണ്ടോന്ന്നോക്കണം. ആ മുഖം ഒന്നുകൂടിയൊന്ന് കാണണം. ആ രൂപസാദൃശ്യം മനസ്സിൽനിന്ന് വിട്ടുമാറുന്നില്ല. ഏതായാലും ആരും ഇങ്ങോട്ടേക്ക് വരാൻ പോകുന്നില്ല, എല്ലാവരും റബർ തോട്ടത്തിൽ കൂടി നിൽക്കുന്നുണ്ടാവും. ബാഗിനുള്ളിലെ അഴുകിത്തുടങ്ങിയ ജഢം ഒന്നു നോക്കിയപ്പോൾതന്നെ പെട്ടിഅടച്ചു വീണ്ടും ചാണകകുഴിയിലേക്ക് തന്നെ താഴ്ത്തി. തിരഞ്ഞു നടന്നതും ഏതോ മൃഗം മുക്ര ഇടുന്ന ശബ്ദം. തന്റെ മുന്നിൽ കെണിക്കൂട്ടിൽ വീണു കിടക്കുന്ന മുള്ളൻപന്നിയെ കണ്ടപ്പോൾ ഡിക്രൂസ് ശരിക്കും ഞെട്ടി. ദിവസങ്ങളായി കെണിക്കൂട് വച്ചിട്ടും കഴിഞ്ഞ രാത്രിയിലാണ് ഇര കെണിയിൽ വീണതെന്ന കാര്യം ഡിക്രൂസ് ഓർത്തു. “അവസാനം ഇര കെണിയിൽ വീണു. അവൻ കെണിയിൽ വീഴേണ്ടവനായിരുന്നു. അതു സംഭവിച്ചു.” ഡിക്രൂസ് ചെറിയ ശബ്ദത്തോടെ പറഞ്ഞു. ശരിക്കും ആ മനുഷ്യൻ ആരാണ്...? ഇവിടെങ്ങും ഒരിക്കൽ പോലും കണ്ടിട്ടുമില്ല… അപരിചിതമായ ഈ എസ്റ്റേറ്റിൽ അയാൾ എന്തിനു വന്നു. എന്തായാലും ആയിരത്തോളം ഏക്കറിൽ നീണ്ടുകിടക്കുന്ന എസ്റ്റേറ്റിൽ അപരിചിതനായി ഒരാൾ വന്നിട്ടുണ്ടെങ്കിൽ എന്തോ ലക്ഷ്യം കാണും. ഇതുവരെ താൻ തേടിനടന്ന മനുഷ്യന്റെ അതേ രൂപസാദൃശ്യം. ഒരു പക്ഷെ തനിക്ക് ആള് മാറിയതായിരിക്കുമോ…! കഴിഞ്ഞ രാത്രിയിൽ കഴുത്തിൽ കയറിട്ട് മുറുക്കിക്കൊന്ന രവീന്ദ്രനെ തന്നെയാണോ...! എല്ലാം നശിപ്പിച്ച ശത്രുവിനെ ഇല്ലാതാക്കിയപ്പോൾ ഒരിക്കൽപോലും കിട്ടാത്ത നിർവൃതിയായിരുന്നു. ഇപ്പോൾ തൂങ്ങി നിൽക്കുന്നവന്റെ രൂപസാദൃശം കണ്ടതു മുതൽ ഡിക്രൂസിന്റെ മനസ്സാകെ കലുഷിതമായി.

എവിടെയൊക്കെയോ പോകണമെന്ന് വിചാരിച്ചതായിരുന്നു എല്ലാം മറന്നിരിക്കുന്നു. രാവിലെ ഹോട്ടലിൽവെച്ച് ആരോ ഹരി എന്നു വിളിക്കുന്നതു കേട്ടപ്പോഴാണ് പഴയ പേര് ഓർമ്മയിൽ വന്നത്. താൻ ഇത്രയും പരുക്കൻ മനുഷ്യനായി മാറിയതെങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരുപക്ഷെ തന്നിലെ അനുഭവങ്ങളായിരിക്കും. ഡിക്രൂസ് എന്ന കള്ളപേരിൽ സ്വന്തം വീടും ബന്ധങ്ങളും ഉപേക്ഷിച്ച് എത്രയോ വർഷമായി ഇവിടെ ജീവിക്കുന്നു. ഹരി എന്ന മനുഷ്യൻ എന്നേ മരിച്ചുകഴിഞ്ഞു. താനിന്ന് ഹരി അല്ല. ഡിക്രൂസാണ്. കാരപ്പാറ എസ്റ്റേറ്റ് മാനേജർ ഡിക്രൂസ്. തനിയെ ഇരിക്കുന്ന ചില നേരങ്ങളിൽ ആ പാട്ടുകൾ കാതിൽ മുഴങ്ങുന്നതായി തോന്നും. കൊയ്യാൻ കാത്തു നിൽക്കുന്ന നിറകതിർ പോലെ മനസ്സു നിറഞ്ഞു തുളുമ്പുന്നു. കൊയ്ത്തു പാട്ടുകൾ കേട്ടുവളർന്ന ബാല്യകാലമായിരുന്നു ഹരിയുടേത്. സ്കൂളിൽ പോകാനായി നീണ്ടുകിടക്കുന്ന പാടവരമ്പിലൂടെയുള്ള നടത്തം. രണ്ടുമൂന്ന് വയസ് കൂടുതലുണ്ടെങ്കിലും പഠിക്കുന്ന കാലം മുതൽക്കെ രവീന്ദ്രൻ കൂടെ കാണും. ബംഗ്ലാവിനുള്ളിലെ തടികസേരയിൽ ഇരുന്നുകൊണ്ട് പഴയകാല ഓർമ്മകളിലൂടെ സഞ്ചരിച്ചു. അടുത്തടുത്ത വീടുകളിൽ താമസിക്കുന്നവരായതു കൊണ്ടുതന്നെ അവർക്കിടയിലെ സൗഹൃദം ആഴമേറിയതായിരുന്നു. ആയിടയ്ക്കാണ് സ്കൂളിൽ സ്ഥലംമാറി വന്ന പണിക്കരുമാഷിന്റെ മകൾ രുഗ്‌മിണിയെ കണ്ടുമുട്ടുന്നത്. വീടിനടുത്ത് ഒഴിഞ്ഞ് കിടക്കുന്ന വാടകവീട്ടിൽ താമസമാക്കിയതു മുതൽ രവീന്ദ്രനും ഹരിയും മാത്രമുള്ള പാടവരമ്പത്തൂടെയുള്ള യാത്രയിൽ രുഗ്മിണിയും കൂടുമായിരുന്നു. ഹരിയുടെ മനസ്സിൽ രുഗ്മിണിയോടുള്ള ഇഷ്ടം കയറിക്കൂടിയത് ആ യാത്രകളിലായിരുന്നു. 

പുഴയരികിലെ മണൽപ്പരപ്പിൽ അകലങ്ങളിലേക്ക് നോക്കിനിന്ന് രുഗ്മിണി ഒരിക്കൽ ചോദിച്ചു. “ഹരിയേട്ടൻ ഓർക്കുന്നുണ്ടോ...? ഞാൻ ആദ്യമായി ഈ കടവിൽ വന്നിറങ്ങിയത് എപ്പോഴായിരുന്നെന്ന്.” മുളംകൂട്ടത്തിന്റെ ഇടയിലൂടെ വീശിയടിക്കുന്ന കാറ്റിൽ രുഗ്മിണിയുടെ മുടിയിഴകൾ അലസമായി പാറുന്നുണ്ടായിരുന്നു. “കൂട്ടുകാരുമായി മഴയിൽ കുളിച്ച് ഈ മണൽപ്പരപ്പിൽ പന്തുകളിച്ചതൊക്കെ എങ്ങനെ മറക്കാൻ കഴിയും. കടത്തുതോണിയിൽ വന്നിറങ്ങിയ ആ പത്താം ക്ലാസ്സുകാരിയെ നോക്കി നിന്നതൊക്കെ ഇന്നലെ കഴിഞ്ഞപോലെ... മുളംകാട്ടിലെ ആരും കടന്നുവരാത്ത ഇടങ്ങളിൽ മുട്ടിഉരുമ്മുന്ന മുളംക്കൂട്ടങ്ങളെ പോലെ നിന്നതും, അന്നുപെയ്ത മഴത്തുള്ളികൾ നമ്മളിലേക്ക് ആഴ്ന്നിറങ്ങിയതും, ആ സായാഹ്നത്തിലെ നനുത്ത ഓർമ്മകൾ എന്റെ ഹൃദയത്തിന്റെ അറകളിലെന്നും മായാതെ നിൽക്കുന്നു. എത്രയോ ഋതുക്കൾ കടന്നുപോയെങ്കിലും വർഷ ഋുതുവിനെയായിരുന്നു എന്നും സ്‌നേഹിച്ചിരുന്നത്.” രുഗ്മിണിയുമായുള്ള ബന്ധം കൂടുതൽ അടുക്കുംതോറും രവീന്ദ്രനുമായി അകലാൻ തുടങ്ങി. രവീന്ദ്രൻ സ്വയം അകന്നുതുടങ്ങി എന്നുവേണം പറയാൻ. പിന്നീട് പലപ്പോഴും അന്തർമുഖനായിട്ടാണ് രവീന്ദ്രനെ കാണാറുള്ളത്. പണിക്കരുമാഷ് ജോലിയിൽ നിന്ന് പെൻഷനായതിനു ശേഷം ആ നാട്ടിൽ തന്നെ വീടുവെച്ച് താമസിക്കുകയായിരുന്നു. പഠനമെല്ലാം കഴിഞ്ഞ് പണിക്കരുമാഷ് തന്നെ മുൻകൈയെടുത്തായിരുന്നു അവരുടെ വിവാഹം. രവീന്ദ്രന്റെ സ്വാഭാവത്തിലുണ്ടായ മാറ്റം ഹരിയെയും രുഗ്മിണിയെയും ഭയപ്പെടുത്തുന്നതായിരുന്നു. ഹരിയില്ലാത്ത നേരങ്ങളിൽ വീട്ടിൽ വന്ന് രുഗ്മിണിയെ പലപ്പോഴും ശല്യം ചെയ്യുമായിരുന്നു. പിന്നീട് അതൊരു പകയായി മാറുകയായിരുന്നു. 

ഒരു സന്ധ്യാനേരം വീട്ടിലെത്തിയ ഹരി കാണുന്നത് തുറന്നിട്ട വാതിലിലൂടെ ആരോ ഓടി മറയുന്നതാണ്. മങ്ങിയനേരത്താണെങ്കിൽ കൂടി രവീന്ദ്രന്റെ ഓരോ ചലനങ്ങൾ എന്നേ അറിയാവുന്നതായിരുന്നു ഹരിക്ക്. എന്തോ അപകടം മനസ്സിലാക്കിയ ഹരി മുറിയ്ക്കുള്ളിലേക്ക് കയറിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. കട്ടിലിന് താഴെത്തറയിൽ കമഴ്ന്ന് കിടക്കുന്ന രുഗ്മിണി. തറയുടെ ചരിവിലേക്ക് രക്തം ഒഴുകികൊണ്ടേയിരിക്കുന്നു. ആ ദൃശ്യം മനസ്സിനെ വിഭ്രാന്തിയിലൂടെ കയറി ജീവിതം ലക്ഷ്യമില്ലാതെ ഒഴുകി. വീടുവിട്ട് അലയാൻ തുടങ്ങിയത് അതിന് ശേഷമാണ്. രുഗ്മിണിയില്ലാതെ ഒരു നിമിഷം പോലും അവിടെ നിൽക്കാൻ അയാൾക്ക് സാധിച്ചില്ല. കാരപ്പാറ എസ്റ്റേറ്റിൽ താമസമാക്കിയ ആദ്യകാലങ്ങളിൽ രാത്രിയിലും ഞായാറാഴ്ചകളിലും തോട്ടത്തിൽ പണി ഇല്ലാത്ത ദിവസങ്ങളിലുമെല്ലാം രവീന്ദ്രനെ അന്വേഷിച്ച് നടക്കുമായിരുന്നു. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും സിനിമ തിയേറ്ററിലുമെല്ലാം ഡിക്രൂസ് തിരയും. പലയിടത്തും തിരഞ്ഞിട്ടും ഒരിക്കൽ പോലും രവീന്ദ്രനെ കണ്ടെത്താൻ കഴിഞ്ഞില്ല. വർഷങ്ങൾ കഴിയും തോറും കാരപ്പാറ എസ്റ്റേറ്റിന്റെ ഒരു ഭാഗമായി അയാൾ മാറി. പിന്നീടൊന്നും ഓർമ്മയുടെ വാതായനങ്ങൾ തുറക്കാൻ അയാൾ ശ്രമിച്ചതേയില്ല. എങ്കിലും ഡിക്രൂസിന്റെ ഉള്ളിൽ കെടാത്ത കനൽ അവശേഷിക്കുന്നുണ്ടായിരുന്നു. തന്നെയും കുടുംബത്തെയും ഇല്ലാതാക്കിയ രവീന്ദ്രനെ കണ്ടെത്തണം. 

വർഷങ്ങൾ പലതു കഴിഞ്ഞു. പഴയതെല്ലാം മറന്നുതുടങ്ങി. ഒരു പക്ഷെ തന്റെ വിധി ആയിരിക്കാം. പിന്നീടുള്ള കാലങ്ങളിലെല്ലാം അയാൾ ആശ്വസിച്ചത് അങ്ങനെ ചിന്തിച്ചുകൊണ്ടായിരുന്നു. അങ്ങനെയിരിക്കയാണ് തോട്ടത്തിൽ റബർ വെട്ടാനായി വന്നവരുടെ കൂട്ടത്തിൽ പരിചിതരൂപം കണ്ടത്. വർഷങ്ങൾ കടന്നുപോയപ്പോഴുള്ള മാറ്റങ്ങൾ ഒഴിച്ചാൽ രവീന്ദ്രന്റെ അതേ രൂപം. പക്ഷെ തന്നെ കണ്ടിട്ടും ഒരു ഭാവചലനവും രവീന്ദ്രനിൽ സൃഷ്ടിക്കുന്നില്ലല്ലോ എന്നയാൾ അതിശയിച്ചു. ഭൂതകാലം ഓർമ്മയിൽ നിന്ന് മാഞ്ഞു പോയിരിക്കുമോ...? ഡിക്രൂസ് ചിന്തിച്ചു. ഏയ് ഒരിക്കലുമില്ല... ഒരാളുടെ ജീവിതവഴികളിലെ അനുഭവങ്ങൾ എങ്ങനെയാണ് മറക്കാൻ കഴിയുന്നത്. മരണത്തിലൂടെയല്ലേ മറക്കാൻ കഴിയുക. ഒന്നുകിൽ അറിയാത്ത ഭാവം നടിക്കുകയാണവൻ. പിന്നീടുള്ള ദിവസങ്ങളിൽ രവീന്ദ്രനുമായി കൂടുതൽ ചങ്ങാത്തത്തിലാകാൻ ഡിക്രൂസ് ശ്രമിച്ചു. മഴക്കാലമായതു കൊണ്ടു തന്നെ റബറുവെട്ട് അധികമില്ല. പരിസരമാകെ കൊതുകും, കരിയിലകൾക്കിടയിൽ നിറയെ അട്ടകളുമാണ്. പലയിടത്തും കാറ്റത്തൊടിഞ്ഞുവീണ മരശിഖരങ്ങൾ. തോട്ടത്തിന്റെ പലഭാഗത്തും പണിക്കാരുണ്ടെങ്കിലും ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന പ്രദേശം വളരെ വിജനമായി. കെട്ടിയോൻ കിടപ്പിലായതിൽ പിന്നെ ബംഗ്ലാവിൽ ഭക്ഷണമുണ്ടാക്കാനും വീടും മുറ്റവുമെല്ലാം വൃത്തിയാക്കാൻ വരുന്ന എസ്റ്റേറ്റ് കോളനിയിലെ ശാന്ത വല്ലപ്പോഴുമൊക്കെ വരാറുള്ളു. അതുകൊണ്ട് തന്നെ പുല്ലും ചെടികളും കാടുകയറി നിൽക്കുന്നു.

ബംഗ്ലാവിൽ നിന്ന് പല രാത്രികളും കേൾക്കാറുള്ള നിലവിളി ശബ്ദത്തിന് പറയാൻ ഏറെയുണ്ട്. ഇന്നീ കാടുകയറിയ ബംഗ്ലാവിൽ ഒരിക്കൽ തിമിർത്തു ജീവിച്ചവരുടെ കഥ. ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ചതായിരുന്നു ഈ ബംഗ്ലാവ്. ഇന്ത്യയിലെ പല നാടുകളും സന്ദർശിച്ച ഇംഗ്ലണ്ടിലെ വ്യവസായിയായ ഹെഗൻ സ്റ്റുവെർട്ട് കേരളത്തിൽ വരുകയും ഇവിടുത്തെ ഭൂപ്രകൃതിയിൽ ഇഷ്ടം തോന്നിയുമാണ് ഈ എസ്റ്റേറ്റ് വാങ്ങിയത്. മൂന്നാറിലെയും ഇടുക്കിയിലെയും തോട്ടങ്ങളിൽ തേയില കൃഷി തുടങ്ങിയത് അക്കാലത്തായിരുന്നു. വർഷത്തിൽ കൂടുതൽ സമയവും ഹെഗൻ ചെലവിടുന്നത് മൂന്നാറിലെ ആഡംബര ബംഗ്ലാവിലാണ്. എല്ലാ വർഷവും അവധിക്കാലം ആഘോഷിക്കുവാൻ ഹെഗന്റെ സുഹൃത്തുക്കൾ ഇംഗ്ലണ്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പതിവുണ്ടായിരുന്നു. ഓക്സ്ഫാന യൂണിവേഴ്സിറ്റിയിലെ സഹപാഠികളായി റിച്ചാഡും, ഹെൻറിയും, പിന്നെ ചെമ്പൻ തലമുടികൾ പാറിനടക്കുന്ന ഹെലൻ, തടിച്ച പൊക്കം കുറഞ്ഞ കെയിൻസ്, പൂച്ചകണ്ണുള്ള സുന്ദരി എമിലി എന്നിവരും ഒപ്പമുണ്ടാകും. കൗമാരപ്രായക്കാരായ പെൺകൊടികൾ ഹെഗന് രുചികരമായ ഭക്ഷണം ഒരുക്കുമായിരുന്നു. ഇംഗ്ലണ്ടിൽ നിന്ന് കൊണ്ടുവന്ന മുന്തിരിവീഞ്ഞും വീര്യമേറിയ സ്കോച്ച് വിസ്കിയും കഴിക്കുമ്പോൾ പ്രിയ സുഹൃത്തുക്കളായ റിച്ചാഡും ഹെൻറിയും കൂടെ കാണും. 

  • Also Read

“ഹെഗൻ നിങ്ങൾ എന്താണ് ഇവിടം ഇത്ര ഇഷ്ടം തോന്നാൻ, ഈ വന്യഭൂമിയിൽ ഏകാന്തമായി രാത്രിയിൽ എങ്ങനെ ഉറങ്ങും. ഭയാനകമായ വലിയ ബംഗ്ലാവിൽ എവിടെ നോക്കിയാലും ഭീതിയുടെ നിഴലനക്കങ്ങൾ. നേർത്ത ശബ്ദങ്ങൾ പോലും മനസ്സിൽ ഭയപ്പാടുകൾ ഉണർത്തും.” മദ്യലഹരിയിൽ റിച്ചാർഡിന് വാക്കുകൾ കുഴഞ്ഞ് കുഴഞ്ഞ് വരും. “റിച്ചാർഡ്, ഈ മൂന്നാറിന്റെ മഞ്ഞുമൂടിയ താഴ്‌വാരങ്ങൾ കാണുമ്പോൾ മനസ്സും ശരീരവും കുളിര് വന്നുമൂടും. ഇവിടുത്തെ പ്രകൃതിക്ക് ആരെയും മയക്കുന്ന വശ്യലഹരിയാണ്. റിച്ചാർഡ്, ഋതുഭേദങ്ങൾ ഓരോന്നായി ആസ്വദിക്കണം.” ഹെലനെ ചേർത്തു നിർത്തി അർദ്ധനഗ്നമായ അരയിലേക്ക് കൈ ചുറ്റിപ്പിടിച്ചുകൊണ്ട് ഹെഗൻ പറയും. ഹെലൻ നന്നായി ആസ്വാദിച്ചുകൊണ്ട് ഹെഗന്റെ മടിയിലേക്ക് ഇരിക്കും. ഇരുവരും ഒരുമിച്ചിരുന്ന് വീഞ്ഞും വിസ്ക്കിയും നന്നായി കഴിക്കും. പ്രകൃതിയിലെ വൻമരങ്ങൾ പോലും തണുത്തു വിറക്കുന്ന രാത്രികൾ അവർക്ക് സ്വപ്നതുല്യമാണ്. മദ്യസൽക്കാരമെല്ലാം കഴിഞ്ഞ് ഹെലനുമായി കിടപ്പറയിൽ കയറുമ്പോൾ രാത്രി അതിന്റെ മദ്ധ്യയാമത്തിലേക്ക് കടന്നിട്ടുണ്ടാവും. രജനിയാമങ്ങളിൽ മഞ്ഞുകണങ്ങൾ വീണു തളർന്നുറങ്ങിയ പൂമൊട്ടുകൾ പുലർകാലങ്ങളിൽ വിടരുംപോലെ നിദ്രയുടെ ആലസ്യത്തിൽ നിന്നവരുണരും. മൂന്നാറിന്റെ സൗന്ദര്യത്തിലലിഞ്ഞും മത്തുപിടിപ്പിക്കുന്ന ലഹരിയിൽ രജനിഗന്ധിയായി സ്വപ്നതല്പത്തിൽ വീണുറങ്ങാനും മോഹിക്കും.

മഞ്ഞുകാലം അതിന്റെ പാര്യമത്തിൽ നിൽക്കുമ്പോഴാണ് ഹെഗൽ റബർമരങ്ങൾ വച്ചുപിടിപ്പിച്ച കാരപ്പാറത്തോട്ടത്തിലേക്ക് പോകുന്നത്. മൂന്നാറിലെ കനത്ത മഞ്ഞുകാലത്തും ഇവിടെ നല്ല കാലാവസ്ഥയാണ്. ആൾതാമസം വളരെ കുറവായിരുന്നു അക്കാലത്ത്. മെയിൻ റോഡിൽനിന്ന് ഒന്നരകിലോമീറ്ററു താണ്ടിവേണം ഇവിടെ വരാൻ. കാരപ്പാറത്തോട്ടത്തിലെത്തിയാൽ സായിപ്പിന്റെ ഭക്ഷണകാര്യങ്ങൾ നോക്കിയത് പുളീംത്തോട്ടത്തിലെ കുടിയേറ്റക്കാരായ ചാക്കപ്പന്റെ ഭാര്യ ത്രേസ്യാമ്മയാണ്. ചാക്കപ്പൻ കാട്ടിൽകേറി വെടിവെച്ചിട്ട പന്നിയും, മൊയലുമൊക്കെ ബംഗ്ലാവിൽ കൊണ്ടുവരും. നന്നായി മുളകും കാന്താരിയും ചേർത്ത് ചുട്ടെടുത്ത മൊയലിറച്ചിയും പന്നിക്കറിയുമൊക്കെ കൊടുത്ത് ചാക്കപ്പനും ഭാര്യയും സായിപ്പിനോടടുക്കും. എസ്റ്റേറ്റിൽ താമസിക്കുന്ന രാത്രികളിൽ വെടിയിറച്ചി സായിപ്പിന് നിർബ്ബന്ധമാണ്. വ്യത്യസ്തമായ രുചികൾ ആസ്വദിച്ചു തുടങ്ങിയത് ഈ തോട്ടത്തിൽ വന്നതിന് ശേഷമാണ്. രാത്രികാലങ്ങളിൽ സ്കോച്ച് ഒഴിച്ചു കൊടുക്കാനും ഭക്ഷണം വിളമ്പാനുമൊക്കെ സായിപ്പിന് ചാക്കപ്പനും വേണം. നാവു കുഴയുന്നവരെ ഹെഗൽ സായിപ്പ് കഴിക്കും. മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്ന തോട്ടത്തിൽ പത്തുസെന്റ് വസ്തു സായിപ്പിനോട് ചാക്കപ്പൻ ചോദിക്കുന്നത് ഇതുപോലെയുള്ള മദ്യസൽക്കാരത്തിന്റെ ഇടയ്ക്കാണ്. സായിപ്പിനോടൊപ്പം നിന്നാൽ പലതും സാധിച്ചെടുക്കാം എന്ന ഉദ്ദേശത്തോടെയായിരുന്നു ഇരുവരും. അതിനായി ബോധം മറയുന്നവരെ മദ്യം കൊടുക്കും.

പകൽനേരങ്ങളിൽ, ഏകാന്തമായ ബംഗ്ലാവിൽ ഹെഗനു ഭക്ഷണം ഉണ്ടാക്കാനും മറ്റുമായി വരുന്ന ത്രേസ്യാമ്മ മാത്രമേ കാണു. എസ്റ്റേറ്റിൽ പണിയില്ലാത്ത നേരങ്ങളിൽ പുറംനാടുകളിൽ പണിക്കു പോയാൽ ആഴ്ചകൾ കഴിഞ്ഞെ ചാക്കപ്പൻ തോട്ടത്തിൽ മടങ്ങിവരാറുള്ളു. ചാക്കപ്പൻ ഇല്ലാത്ത ദിവസങ്ങളിൽ രാത്രിയിൽ ഹെഗനു മദ്യം വിളമ്പുന്നത് ത്രേസ്യാമ്മയാണ്. എല്ലാ ദിവസവും ഹെഗനു മദ്യം വേണം. കുറെ കഴിയുമ്പോൾ ത്രേസ്യാമ്മയെ ചേർത്തിരുത്തി വായിലേക്ക് മദ്യം ഒഴിച്ചു കൊടുക്കും. ഈ പ്രവർത്തിയിൽ ആദ്യമൊക്കെ എതിർപ്പു പ്രകടിപ്പിക്കുമെങ്കിലും കുറെ കഴിയുമ്പോൾ ഹെഗന്റെ വികൃതികൾ ആസ്വദിച്ചു തുടങ്ങും. അരയിൽ വട്ടംചുറ്റി പിടിക്കുമ്പോഴ് കുളിരുകോരിപുളഞ്ഞ് ഓരോ രാത്രിയിലും ഹെഗന്റെ കിടപ്പറയിലെ വനപുഷ്പമായി ത്രേസ്യാമ്മ മാറും. റബറിലകൾ തിങ്ങിനിറഞ്ഞ കൂരിരുട്ടിലും അവരുടെ നിശകൾ ഉന്മാദിനികളെ പോലെയാകും. അങ്ങനെ രാത്രികൾ ഓരോന്നായി കൊഴിഞ്ഞു വീഴും. എസ്റ്റേറ്റിനടുത്തുള്ള പള്ളിവക സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന സൂസമ്മ അവധി ദിവസങ്ങളിൽ അമ്മയോടൊപ്പം ബംഗ്ലാവിലേക്ക് പോകും. റബർത്തോട്ടത്തിൽ നിന്ന് ചുള്ളിക്കമ്പ് പെറുക്കാനും മറ്റുമായി ഇടയ്ക്കൊക്കെ സൂസമ്മ അമ്മയോടൊപ്പം കൂടും. ഒരു ദിവസം ഉച്ചയ്ക്ക് സ്കൂൾവിട്ട സൂസമ്മ നേരത്തെ ബംഗ്ലാവിലെത്തി. സാധാരണ അടുക്കള വാതിലിൽ കൂടി കയറുകയാണ് പതിവ്. അവിടെയൊന്നും നോക്കിയിട്ട് കാണാഞ്ഞിട്ട് നടന്നു. “അമ്മേ... അമ്മേ... അമ്മയെവിടെ പോയി....” സൂസമ്മ ഉറക്കെ വിളിച്ചു. “ഇനി വീട്ടിൽ പോയികാണുമോ...” സൂസമ്മ അടുക്കളവരെ കയറി നോക്കുകയുള്ളു. അനേകം മുറികളുള്ള ബംഗ്ലാവിന്റെ അകത്തളങ്ങളിൽ കയറി ചെല്ലാൻ അവൾക്ക് ഭയമാണ്. 

അടുക്കളയിൽ നിന്നും പുറത്തിറങ്ങി ബംഗ്ലാവിന് ചുറ്റിനും തിരഞ്ഞു നടന്ന സൂസമ്മ വീട്ടിലേക്ക് പോകാനായി നടന്നപ്പോഴാണ് എന്തോ ശബ്ദങ്ങൾ കേട്ടു നിന്നത്. ശബ്ദം കേട്ട ഭാഗത്തേക്കവൾ സാവധാനം നടന്നു. അടച്ചിട്ട മുറികളുടെ കൊളുത്തിട്ട ജനാലകൾ തുറക്കാൻ പാഴ്ശ്രമങ്ങൾ നടത്തി. ഒരിക്കലും കയറാത്ത ബംഗ്ലാവിന്റെ അകത്തളങ്ങളിലേക്ക് ആദ്യമായി കയറി. ഉള്ളിലെ ആഡംബരമായ അലങ്കാരങ്ങളിൽ വിസ്മയത്തോടെ നോക്കിനിന്നു. ബംഗ്ലാവിന്റെ ഉള്ളിലെ സ്റ്റെയർകേസ് കയറി മുകളിലേക്ക് ചെന്നപ്പോൾ കണ്ട ദൃശ്യം ആ പെൺകുട്ടിയ്ക്ക് ഒരിക്കലും ഉൾകൊള്ളാൻ സാധിക്കുമായിരുന്നില്ല. അമ്മ അന്യപുരുഷന്റെ കൂടെ കിടക്കുന്ന അരുതാത്ത കാഴ്ച. നിമിഷങ്ങളോളം പേടിച്ചു വിറച്ച് സ്തബ്ദയായി നിന്ന സൂസമ്മ നിലവിളിച്ച് പുറത്തേക്ക് ഓടി. ആരോ കണ്ടു എന്നു മനസ്സിലാക്കിയ ഹെഗൻ പുറത്തേക്ക് ഓടി സൂസമ്മയുടെ നേരെ പാഞ്ഞു. റബർതോട്ടത്തിലൂടെ ഓടിയ അവളെ ഒച്ച പുറത്തുകേൾക്കാതിരിക്കാൻ വാപൊത്തി പിടിച്ചു. ഏറെ നേരം അങ്ങനെ തന്നെ നിന്നു. മരിച്ചെന്ന് തോന്നിയപ്പോഴാണ് റബറിന്റെ ചാഞ്ഞ് നിൽക്കുന്ന കൊമ്പിൽ കെട്ടിതൂക്കിയത്. ഇതെല്ലാം കണ്ടു നിൽക്കാനേ ത്രേസ്യാമ്മയ്ക്ക് കഴിഞ്ഞുള്ളു. ആ രാത്രി തന്നെ മകൾ തൂങ്ങിനിന്ന അതേ മരകൊമ്പിൽ തൂങ്ങിമരിച്ചു. അന്ന് നിലവിളിച്ചോടിയ പെൺകുട്ടിയുടെ നിലവിളിയാണ് നാട്ടുകാർ ഇപ്പോഴും കേൾക്കുന്നത്. പിന്നീടുള്ള രാത്രികളിൽ നിലവിളി ശബ്ദം കേട്ട് ഞെട്ടിയുണർന്ന് ബംഗ്ലാവിന് പുറത്തേക്ക് ഓടുമായിരുന്ന ഹെഗൻ തോട്ടത്തിന്റെ ഒഴിഞ്ഞ കോണുകളിൽ ബോധം കെട്ടുറങ്ങി പോകുമായിരുന്നു. പിന്നീടെപ്പോഴോ നാട്ടിലറിഞ്ഞു തോട്ടത്തിലെ പൊട്ടകിണറ്റിൽ വീണു ഹെഗൻ മരിച്ചവിവരം.

പകൽ നേരങ്ങളിൽ പോലും ഭയന്ന് ആരും അങ്ങോട്ടേക്ക് വരാറേയില്ല. ദുർമരണങ്ങൾ സംഭവിച്ച ബംഗ്ലാവ് വർഷങ്ങളായി അടഞ്ഞു കിടന്നു. കാലപ്പഴക്കത്താൽ കേടുപാടുകൾ സംഭവിച്ചതെല്ലാം പിന്നീടു കാരപ്പാറ എസ്റ്റേറ്റ് വാങ്ങിയ ഹാരിസൺ മലയാളം കമ്പനിക്കാര് നന്നാക്കിയെടുത്തു. പലരും മാനേജർമാരായി ജോലി ചെയ്തിട്ടുണ്ടെങ്കിലും ബംഗ്ലാവിലെ ഏകാന്ത ജീവിതവും രാത്രിയിലെ ഭയപ്പെടുത്തുന്ന ശബ്ദങ്ങളും കാരണം അവരെല്ലാം പാതിവഴിയെ ഉപേക്ഷിച്ചു പോയി. പിന്നീട് വന്നതായിരുന്നു ഡിക്രൂസ്. ഒറ്റപ്പെട്ട ജീവിതം ഒരു വിരസതയും അയാളിൽ സൃഷ്ടിച്ചില്ല. ജീവിതാനുഭങ്ങൾ മാറ്റിയെടുത്തതാവാം. വ്യത്യസ്തമായ സാഹചര്യങ്ങളിൽ ഒരേ ദിവസങ്ങൾ നടന്ന രണ്ടു മരണങ്ങൾ. അതിൽ രണ്ടു പേർക്കും രൂപസാദൃശ്യം ഒന്നു തന്നെ. പുറം ലോകമറിഞ്ഞത് ഒന്നുമാത്രം. റബ്ബർ മരത്തിൽ തൂങ്ങി മരിച്ചയാളെപ്പറ്റി അന്വേഷണങ്ങൾ നടന്നു. കവലയിലെ ആൽമരച്ചുവട്ടിലും ചായക്കടയിലും ആളുകൾ അടക്കം പറഞ്ഞുകൊണ്ടിരുന്നു. ഒരു കാലത്ത് അസമയത്താരും തോട്ടത്തിനുള്ളിലേക്ക് കയറത്തില്ലായിരുന്നു. ഇവിടുത്തെ നിശബ്ദത ചിലരിൽ ദുർചിന്തകളിലേക്ക് നയിക്കും. വർഷങ്ങൾക്കു മുമ്പ് രണ്ടു യുവാക്കൾ മരക്കൊമ്പിൽ ജീവിതം അവസാനിപ്പിച്ചത് ദുരൂഹമായി ഇന്നും അവശേഷിക്കുന്നു. തോട്ടത്തിൽ പണിയുന്നവരെയും നാട്ടുകാരെയും ചോദ്യം ചെയ്തതിൽ നിന്ന് പൊലീസ് ഉറപ്പിച്ചത് ഇവിടെ പണി ചെയ്തുപോരുന്ന ആളാണെന്നാണ്. ഒരു ദേശത്തും കൂടുതലെങ്ങും തങ്ങാതെ പലയിടത്തും അലഞ്ഞു നടക്കുന്നയാൾ. ഡിക്രൂസ് അയാളെ കൊന്ന അതേ രാത്രിയിൽ തന്നെയാണ് രവീന്ദ്രൻ ഈ തോട്ടത്തിൽ വന്നതും തൂങ്ങി മരിച്ചതും. ശരിക്കും എന്തിനായിരിക്കും ഈ എസ്റ്റേറ്റിൽ വന്നത്. താനിവിടെ ഉള്ളതെന്ന് അറിഞ്ഞു കൊണ്ടാണോ...?

തോട്ടത്തിൽ പണിയാൻ വന്നയാൾ രവീന്ദ്രനുമായി, യാദൃശ്ചികമായി വന്ന രൂപസാദൃശ്യം അയാൾക്കു തന്നെ വിനയാകുകയായിരുന്നു. പക്ഷെ ഡിക്രൂസിന് മാത്രമേ ആ സത്യം അറിയാമായിരുന്നുള്ളു, താൻ രവീന്ദ്രനെന്നു വിചാരിച്ചു കഴുത്തിൽ കയറിട്ടു മുറുക്കി കൊന്നത് മറ്റൊരാളായിരുന്നെന്ന്. എങ്ങുനിന്നോ വന്നയാൾ, എത്ര അടുപ്പം ഭാവിച്ചിട്ടും സംശയമൊന്നും കൂടാതെ അയാൾ തന്നോടൊപ്പം നിന്നത്. എങ്കിൽ താൻ കൊലപ്പടുത്തിയത് ആരേയാണ്…? മദ്യപിച്ച് ബോധരഹിതനാക്കി കഴുത്തിൽ കയറിട്ടും കുത്തിയും കൊലപ്പെടുത്തിയത് ആരെയാണ്…? മരണം വരെ ചോദ്യശരങ്ങൾ തന്റെ നേരെ വരും. തന്റെ കുടുംബം ഇല്ലാതാക്കിയാളിനു നേരെ മനസ്സിൽ പകയും വഹിച്ചായിരുന്നു വർഷങ്ങളായി ജീവിച്ചത്. പ്രതികാരാഗ്നിയിൽ കനലുകൾ കെട്ടടങ്ങിയപ്പോൾ ഒരു കുറ്റബോധം മനസിൽ പിടികൂടിയിരിക്കുന്നു. താൻ ആളു മാറി കൊലപ്പെടുത്തിയ മനുഷ്യന്റെ ആത്മാവ് ഇവിടെയൊക്കെ അലയുന്നുണ്ടാവും. ഒരു പക്ഷെ പിന്നീടൊരിക്കൽ ആ യുവാവിന്റെ മരണത്തെപ്പറ്റി അന്വേഷിക്കുമ്പോൾ താൻ കുടുങ്ങുമല്ലോ. ഓർക്കുമ്പോൾ ശരീരത്ത് ഭയം വന്നു നിറയുന്നു. ബംഗ്ലാവിന്റെ ഇരുളടഞ്ഞ ഏകാന്തതയിൽ മൗനമായി ഡിക്രൂസ് ചിന്തിച്ചു.

English Summary:

Malayalam Short Story ' Bheethiyude Nizhalanakkangal ' Written by Cicil Kudilil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com