ADVERTISEMENT

കടുത്തുരുത്തി ∙ ജോലി നഷ്ടപ്പെട്ട നിരാശയും സാമ്പത്തിക പ്രശ്നങ്ങളും മൂലം മുഖ്യമന്ത്രിക്കു കത്തെഴുതി വച്ച ശേഷം ഹോട്ടൽ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. കലക്ടർ എം. അഞ്ജനയുടെ നിർദേശനുസരണം വൈക്കം തഹസിൽദാർ എസ്. ശ്രീജിത്ത് ഇന്നു റിപ്പോർട്ട് കൈമാറും. 

കടുത്തുരുത്തി വെള്ളാശേരി കാശാം കാട്ടിൽ രാജു ദേവസ്യ(55) യുടെ സംസ്കാരം കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപള്ളിയിൽ നടത്തി.  കുടുംബത്തിന്റെ ദാരിദ്ര്യം വിവരിച്ച് മുഖ്യമന്ത്രിക്ക് കത്ത് എഴുതിയ ശേഷം തിങ്കളാഴ്ച രാവിലെയാണ് ജീവിതം അവസാനിപ്പിച്ചത്. 

രാജുവിന്റെ കുടുംബത്തിനു വീട് നിർമിച്ചു നൽകുമെന്നു കേരള കോൺഗ്രസ് എം (ജോസ് വിഭാഗം ) ചെയർമാൻ ജോസ് കെ. മാണി അറിയിച്ചു. രാജു വാങ്ങിയ സ്ഥലത്താണ് വീട് നിർമിക്കുക. 

വഴിമുട്ടിച്ചത് ലോക്ഡൗൺ

കടുത്തുരുത്തി ∙ ജീവിക്കാനുള്ള എല്ലാ വാതിലുകളും ലോക്ഡൗണായപ്പോഴാണ് രാജു ദേവസ്യ ജീവനൊടുക്കിയത്.   ജോലി നഷ്ടപ്പെട്ടപ്പോൾ ലോട്ടറി കച്ചവടം നടത്താനായിരുന്നു രാജുവിന്റെ ശ്രമം.  മക്കൾ എയ്ഞ്ചലിനും  ഇമ്മാനുവലിനും കഴിഞ്ഞ ദിവസം  ക്ലാസ് തുടങ്ങിയെങ്കിലും നോട്ട് എഴുതാൻ ബുക്കുകൾ ഇല്ല.

 പഠനത്തിനു സ്മാർട്ട് ഫോൺ വാങ്ങാൻ മകളുടെ  കമ്മൽ വിൽക്കാൻ രാജു നിശ്ചയിച്ചു. ഇതു സഹോദരൻ വിലക്കി. രാജുവിന് പ്രമേഹവും മുട്ടുവേദനയും ഉണ്ടായിരുന്നു. ഇതിനുള്ള മരുന്നു വാങ്ങാനുമായില്ല. മകനും അമ്മയും ആശുപത്രിയിലായപ്പോൾ പണം കണ്ടെത്തിയത് ഭാര്യ ഷീലയുടെ സ്വർണം  പണയപ്പെടുത്തിയിട്ടാണ്. സാമ്പത്തിക പ്രശ്നങ്ങൾ രാജു ആരോടും പങ്കിടുമായിരുന്നില്ല. സഹോദരങ്ങൾ ഹോട്ടൽ ജോലി ചെയ്തും കൂലിപ്പണിയെടുത്തുമാണ് കഴിയുന്നത്. വെള്ളാശേരിയിൽ 10 സെന്റ് സ്ഥലത്ത് ഏതു സമയവും  വീഴാവുന്ന വീടാണ് 8 അംഗ കുടുംബത്തിനുള്ളത്.  രാജുവിന്റെ അമ്മ അന്നമ്മ ഒരു വർഷമായി തളർന്നുകിടപ്പാണ്. 

മരണക്കുറിപ്പ് രാജു എഴുതിയത് മക്കൾക്ക് മുന്നിൽ വച്ച് 

കടുത്തുരുത്തി ∙ ജീവനൊടുക്കുന്നതിനു മണിക്കൂറുകൾ മുൻപ് രാജു മുഖ്യമന്ത്രിക്ക് കത്തെഴുതിയത് മക്കളുടെ മുന്നിൽ വച്ച്.  ഒൻപതാം ക്ലാസുകാരി മകളുടെ പഴയ ബുക്കിൽ നിന്ന് ഒരു പേജ് കീറിയെടുത്തു. 

അപ്പ എന്താണ് എഴുതുന്നതെന്നു മക്കൾ ചോദിച്ചു. മുഖ്യമന്ത്രിക്കുള്ള നിവേദനം തയാറാക്കുകയാണെന്നു രാജു പറഞ്ഞതായി മക്കൾ പറഞ്ഞു.  രാജു എഴുതിയ കത്ത് വായിച്ചെങ്കിലും  അതിൽ ജീവനൊടുക്കുന്നതിനെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ലാത്തതിനാൽ ഇവർ സംശയിച്ചില്ല.

 മക്കൾക്കു ഭക്ഷണം തയാറാക്കി നൽകിയശേഷമാണു രാജു അമ്മയെ കാണാനായി സഹോദരന്റെ വീട്ടിലേക്കു പോയത്.  അവിടെയാണ് രാജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

സഹായമേകാൻ പ്രവാസികൾ

കോട്ടയം∙ രാജുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് മസ്കത്തിലെ മലയാളി കൂട്ടായ്മ. പഠനച്ചെലവ്, വീട്ടുവാടക എന്നിവ നൽകും. സുഹൃത്തുക്കളോടു സംസാരിച്ചശേഷം കൂടുതൽ സഹായം ലഭ്യമാക്കുമെന്നു ചെങ്ങന്നൂർ സ്വദേശി ജോജി ജോർജ് പറഞ്ഞു. 

രാജുവിന്റെ കുടുംബത്തിന് വീട് അനുവദിച്ചെന്ന് പഞ്ചായത്ത്

കടുത്തുരുത്തി ∙ രാജുവിന്റെ  കുടുംബത്തിനു പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി വഴി വീട് അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനിൽ .അപേക്ഷ നൽകുമ്പോൾ റേഷൻ കാർഡ് ഇല്ലായിരുന്നു. അടുത്തിടെയാണ് കാർഡ് ലഭിച്ചത്. വീട് നിർമിച്ച് നൽകാൻ ഞായറാഴ്ച 3 ന് യോഗം വിളിച്ചെന്നു വൈസ് പ്രസിഡന്റ് സിനി ആൽബർട്ട്  പറഞ്ഞു. 2017 ൽ  ലൈഫ് പദ്ധതിയിൽ വീടിനായി  അപേക്ഷ നൽകിയതാണെന്നു  കുടുംബാംഗങ്ങൾ പറയുന്നു.

English summary: Hotel worker suicide Kottayam

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT