ബോള്‍ട്ടന്‍റെ പുസ്തക ബോംബ് ​

HIGHLIGHTS
  • ട്രംപിനെതിരെ ആരോപണങ്ങള്‍
  • നുണകളും കെട്ടുകഥകളുമെന്നു ട്രംപ്
bolton-book-release
SHARE

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ കീഴില്‍ പ്രമുഖ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരും താടിമീശയുള്ളവരല്ല. അതിനൊരു അപവാദമായിരുന്നു 17 മാസം അദ്ദേഹത്തിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന കപ്പടാ മീശക്കാരന്‍ ജോണ്‍ ബോള്‍ട്ടണ്‍. 

കൗബോയ് സിനിമകളില്‍ സാധാരണമായിരുന്ന അത്തരം മീശ ഇപ്പോള്‍ അമേരിക്കയില്‍തന്നെ അപൂര്‍വമാണ്. അതോടൊപ്പം, അമേരിക്ക ഉള്‍പ്പെടുന്ന പല നിര്‍ണായക പ്രശ്നങ്ങളിലും വച്ചുപുലര്‍ത്തുന്ന കര്‍ക്കശ നിലപാടുകളും ബോള്‍ട്ടനെ വേര്‍തിരിച്ചു നിര്‍ത്തുന്നു. 

അദ്ദേഹത്തെ തന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചതും ആ നിലപാടുകളായിരുന്നു.  പക്ഷേ, ബോള്‍ട്ടന്‍റെ  സമീപനങ്ങളിലെ വിട്ടുവീഴ്ചയില്ലായ്മ  ഒടുവില്‍ ട്രംപിനുപോലും സഹിക്കാനായില്ല. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അദ്ദേഹത്തെ ട്രംപ് പിരിച്ചുവിട്ടത്  ആ സാഹചര്യത്തിലായിരുന്നു. അതിനുശേഷം എട്ടുമാസത്തിനിടയില്‍  പ്രസിഡന്‍റിനെ ഇടിച്ചുതാഴ്ത്തുന്ന ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചുകൊണ്ട് പകരം വീട്ടിയിരിക്കുകയാണ് ബോള്‍ട്ടണ്‍.

അഞ്ഞൂറിലധികം പേജുകളുള്ള 'ദ്‌ റൂം വേര്‍ ഇറ്റ് ഹാപ്പന്‍ഡ്'  (അതു സംഭവിച്ച മുറി) എന്ന ഈ പുസ്തകത്തില്‍ മുറി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു വൈറ്റ്ഹൗസില്‍ പ്രസിഡന്‍റ്‌  പ്രവര്‍ത്തിക്കുന്ന സ്ഥലമായ ഓവല്‍ ഓഫീസാണ്. അവിടെ നടന്നതിനെല്ലാം താന്‍ നേര്‍ സാക്ഷിയായിരുന്നുവെന്നാണ് ബോള്‍ട്ടന്‍റെ അവകാശവാദം. 

John Bolton-Donald Trump

ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജൂണ്‍ 23) പുസ്തകത്തിന്‍റെ പ്രകാശനം നടക്കുന്നതു കോടതി മുഖേന തടയാന്‍ ഗവണ്‍മെന്‍റ് ശ്രമിച്ചു. പക്ഷേ, ഫലമുണ്ടായില്ല. മാത്രമല്ല, ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് തന്നെ പുസ്തകത്തിന്‍റെ ഭാഗങ്ങള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ചെയ്തിരുന്നു. 

അതിനാല്‍, പുസ്തക പ്രകാശനം നിരോധിച്ചതുകൊണ്ടുമാത്രം അതിലെ വിവരങ്ങള്‍ ജനങ്ങള്‍ അറിയുന്നതു തടയാന്‍ കഴിയുമായിരുന്നില്ല. അതു ചൂണ്ടിക്കാട്ടിയാണ് നിരോധനത്തിനു കോടതി വിസമ്മതിച്ചതും. കഴിഞ്ഞ ചില ആഴ്ചകളായി യുഎസ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ പുസ്തകവും അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും. മാധ്യമങ്ങളുമായുള്ള 

അഭിമുഖങ്ങളിലൂടെ ബോള്‍ട്ടന്‍ തന്നെ അതിനെല്ലാം ആവുന്നത്ര പ്രസിദ്ധീകരണം നല്‍കിവരുന്നുമുണ്ട്. ആ വിവരങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലുള്ളതാണ് ഈ ലേഖനം. 

അധികാരത്തിലിരിക്കുന്ന പ്രസിഡന്‍റിനെ അദ്ദേഹത്തിന്‍റെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ ഇത്രയും പച്ചയായി അപഹസിക്കുന്നത് അമേരിക്കയില്‍ ഇതുവരെ സംഭവിക്കാത്തതാണ്. ട്രംപിനു വിവരമില്ലെന്നും പ്രസിഡന്‍റാകാന്‍ അദ്ദേഹം യോഗ്യനല്ലെന്നും വരെ പറയുകയാണ്‌ ബോള്‍ട്ടണ്‍ തന്‍റെ പുസ്തകത്തില്‍.

രാജ്യകാര്യത്തിലല്ല, വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുന്ന കാര്യത്തിലാണ് ട്രംപിന് ഇപ്പോള്‍ ഏറ്റവുമധികം താല്‍പര്യമെന്നും പുസ്തകം കുറ്റപ്പെടുത്തുന്നു. "ഞാന്‍ ഉദ്യോഗത്തിലുണ്ടായിരുന്ന ഘട്ടത്തില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതു സംബന്ധിച്ച കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിലല്ലാതെ ട്രംപ് കാര്യമായ എന്തെങ്കിലും തീരുമാനം എടുത്തതായി ചൂണ്ടിക്കാണിക്കാന്‍ എനിക്കു കഴിയുന്നില്ല"-ഇതാണ് ബോള്‍ട്ടന്‍റെ വാക്കുകള്‍. 

ഒരിക്കല്‍, ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങുമായുള്ള വ്യാപാര ചര്‍ച്ചയ്ക്കിടയില്‍ തിരഞ്ഞെടുപ്പ് കാര്യവും ട്രംപ് പരാമര്‍ശിച്ചുവത്രേ. അമേരിക്കയിൽ നിന്നു സോയാബീനും ഗോതമ്പും വാങ്ങുന്നതു ചൈന വര്‍ധിപ്പിച്ചാല്‍ യുഎസ് കര്‍ഷകരുടെ വോട്ടുകള്‍ തനിക്കു കിട്ടുമെന്ന് അദ്ദേഹം സൂചിപ്പിച്ചതായും ബോള്‍ട്ടണ്‍ ആരോപിക്കുന്നു. ട്രംപും ചര്‍ച്ചയില്‍ പങ്കെടുത്ത യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്ഹൈസറും ഇതു നിഷേധിച്ചിട്ടുണ്ട്.  

ട്രംപും ബോള്‍ട്ടനും തമ്മില്‍ തെറ്റിപ്പിരിയാന്‍ കാരണം പക്ഷേ ഇതൊന്നുമല്ല, ഇറാനോടും ഉത്തര കൊറിയയോടുമുള്ള സമീപനത്തില്‍ പിന്നീടുണ്ടായ ഭിന്നതയായിരുന്നു. ഈ രാജ്യങ്ങളുമായി ആണവ പ്രശ്നത്തില്‍ നയതന്ത്ര നീക്കങ്ങള്‍ക്കു സ്ഥാനമില്ലെന്നും അവ രണ്ടും ബോംബിട്ടു തകര്‍ക്കണമെന്നുമാണ് ബോള്‍ട്ടന്‍റെ അഭിപ്രായം.

ഉത്തര കൊറിയയെയും ഇറാനെയും തകര്‍ക്കുമെന്ന ഭീഷണി ട്രംപും മുഴക്കിയിരുന്നുവെങ്കിലും ഒടുവില്‍ നയതന്ത്ര മാര്‍ഗവും പരീക്ഷിക്കാന്‍ അദ്ദേഹം തയാറാവുകയുണ്ടായി. അതിനുദാഹരണമായിരുന്നു ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി അദ്ദേഹം നടത്തിയ മൂന്ന് ഉച്ചകോടികള്‍. പക്ഷേ, ബോള്‍ട്ടന് അതു തീരെ രസിച്ചില്ല. 

തന്‍റെ മുന്‍ഗാമിയായ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഭരണകാലത്തു ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറുകയാണെന്നു 2018 മേയില്‍ ട്രംപ് പ്രഖ്യാപിച്ചത് ബോള്‍ട്ടന്‍റെ വിജയമായിരുന്നു. ഇറാനെ വരിഞ്ഞുമുറുക്കുന്ന വിധത്തിലുള്ള മറ്റൊരു കരാറായിരുന്നു ട്രംപിന്‍റെ ലക്ഷ്യം. 

പക്ഷേ, അതിനുവേണ്ടി നിന്നുകൊടുക്കാന്‍ ഇറാന്‍ കൂട്ടാക്കിയില്ല. ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനിയുമായി നേരിട്ടു സംസാരിക്കാന്‍പോലും ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ ബോള്‍ട്ടന്‍ ഇടങ്കോലിടുകയും ചെയ്തു. 

അഫ്ഗാനിസ്ഥാനില്‍നിന്നു  യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി താലിബാനെ ചര്‍ച്ചയ്ക്കുവേണ്ടി അമേരിക്കയിലേക്കു ക്ഷണിക്കാനും ട്രംപ് തീരുമാനിച്ചിരുന്നു. അതിനെയും ബോള്‍ട്ടന്‍ എതിര്‍ത്തു. ഇതെല്ലാം കൂടിയാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അദ്ദേഹത്തെ ട്രംപ് പുറത്താക്കാന്‍ ഇടയാക്കിയത്. 

bolton-book-release2

ബോള്‍ട്ടന്‍റെ സമ്മര്‍ദത്തിനു ട്രംപ് വഴങ്ങിയിരുന്നെങ്കില്‍ ചുരുങ്ങിയപക്ഷം ഇറാനുമായിട്ടെങ്കിലും അമേരിക്ക യുദ്ധത്തിലായിട്ടുണ്ടാകുമായിരുന്നുവെന്നു കരുതുന്നവരുണ്ട്. ബോള്‍ട്ടന്‍ തന്‍റെ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങൾ തന്നെ അതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ആ നിലയില്‍ ഈ കഥയിലെ വില്ലന്‍ ബോള്‍ട്ടനാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. 

ബോള്‍ട്ടന്‍റെ ഉപദേശങ്ങള്‍ താന്‍ കേട്ടിരുന്നുവെങ്കില്‍ അമേരിക്ക ഇപ്പോള്‍ 'ആറാം ലോകമഹായുദ്ധത്തില്‍' എത്തിയിട്ടുണ്ടാകുമായിരുന്നുവെന്നു ട്രംപ് തന്നെ ട്വീറ്റ് ചെയ്യുകയുണ്ടായി. പുസ്തകം മുഴുവന്‍ നുണകളും കെട്ടുകഥകളുമാണെന്നും പിരിച്ചുവിടുന്നതുവരെ തന്നെപ്പറ്റി ബോള്‍ട്ടന്‍ എഴുതിയതെല്ലാം നല്ല കാര്യങ്ങളായിരുന്നുവെന്നും ട്രംപ് പറയുന്നു. 

യുദ്ധം മാത്രം ആഗ്രഹിക്കുന്നവനും നൈരാശ്യം ബാധിച്ചവനും ബോറടിപ്പിക്കുന്നവനുമായ വിഡ്ഡിയാണ് ബോള്‍ട്ടനെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. 

ട്രംപിനെപ്പോലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനാണ് ബോള്‍ട്ടനും. 2005ല്‍ അമേരിക്കയുടെ യുഎന്‍ അംബാസ്സഡര്‍ ജോലിക്ക് അന്നത്തെ യുഎസ് പ്രസിഡന്‍റ് ജോര്‍ജ് ബുഷ് (റിപ്പബ്ളിക്കന്‍) ബോള്‍ട്ടനെ നിയമിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന്‍റെ തീവ്രനിലപാടുകള്‍ കാരണം സെനറ്റ് ആ നിയമം  അംഗീകരിക്കാതിരുന്നതിനാല്‍ ഉദ്യോഗത്തില്‍ തുടരാനായില്ല. 

അതിനുശേഷം സെനറ്റിന്‍റെ അംഗീകാരം ആവശ്യമില്ലാത്ത ഒരു ജോലിക്കുവേണ്ടി ബോള്‍ട്ടന്‍ തന്നോട് യാചിച്ചുവെന്നും അരുതെന്നു പലരും ഉപദേശിച്ചതു വകവയ്ക്കാതെയാണ് താന്‍ ബോള്‍ട്ടനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കിയതെന്നും ട്രംപ് വെളിപ്പെടുത്തിയിട്ടുണ്ട്.  

പുസ്തകം പ്രസിദ്ധീകരിക്കുന്നതു തടയാനുള്ള ഗവണ്‍മെന്‍റിന്‍റെ ശ്രമത്തെ ബോള്‍ട്ടന്‍ അതിജീവിച്ചുവെങ്കിലും മറ്റൊരു പ്രശ്നം അദ്ദേഹത്തെ തുറിച്ചുനോക്കുകയാണ്. ഔദ്യോഗിക രഹസ്യങ്ങള്‍ പരസ്യമാക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചതിന് അദ്ദേഹത്തിതനെതിരെ കേസെടുക്കാനുള്ള സാധ്യതയാണത്. 

മര്‍മ്മ സ്ഥാനങ്ങളില്‍ ഇരുന്ന ഉദ്യോഗസ്ഥര്‍ പുസ്തകം എഴുതുമ്പോള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് പരിശോധനയക്കു നല്‍കണമെന്നു നിയമമുണ്ട്. ബോള്‍ട്ടന്‍ അതനുസരിച്ചിരുന്നില്ല. വിവാദ പരാമര്‍ശങ്ങള്‍ നീക്കംചെയ്യപ്പെടുമെന്ന ഭയത്താലാണ് താന്‍ അങ്ങനെ ചെയ്തതെന്ന് അദ്ദേഹംവിശദീകരിക്കുന്നു. 

പുസ്തക പ്രകാശനം തടയാന്‍ വിസമ്മതിച്ച ജഡ്ജിതന്നെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ബോള്‍ട്ടനെതിരെ കേസെടുക്കാന്‍ പഴുതുണ്ടെന്ന കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. 'അതു സംഭവിച്ച മുറി' ഇനിയും പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടിവന്നേക്കാം എന്നര്‍ഥം. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : US President Donald Trump’s ex-advisor John Bolton's book on White House published

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA