നൈല്‍ നദിയില്‍ ചോര വീഴാതിരിക്കാന്‍

HIGHLIGHTS
  • കൂറ്റന്‍ അണക്കെട്ട്, കൂറ്റന്‍ തര്‍ക്കം
  • രമ്യമായി പരിഹരിക്കാന്‍ തീവ്രശ്രമം
ETHIOPIA-SSUDAN-CONFLICT-DIPLOMACY
അബി അഹമദ്
SHARE

"നമ്മുടെ മേഖലയിലെ അടുത്ത യുദ്ധത്തിനു കാരണം രാഷ്ട്രീയമായിരിക്കില്ല, വെള്ളമായിരിക്കും". മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഈജിപ്തിലെ അന്നത്തെ  വിദേശമന്ത്രി ബുത്രോസ് ബുത്രോസ് ഗലി ഇങ്ങനെ പറഞ്ഞത് ഇപ്പോള്‍ പ്രത്യേകിച്ചും ഓര്‍മിക്കപ്പെടുന്നു. പില്‍ക്കാലത്ത് യുഎന്‍ സെക്രട്ടറി ജനറലിന്‍റെ പദവികൂടി വഹിച്ച ആളാണ് അദ്ദേഹം.    

INDIA-UN-POLITICS-BOUTROS-GHALI
ബുത്രോസ് ബുത്രോസ് ഗലി

ബുത്രോസ് ഗലിയുടെ വാക്കുകള്‍ പ്രസക്തമാകുന്നത് ആഫ്രിക്കയിലെ മൂന്നു രാജ്യങ്ങള്‍ തമ്മില്‍ നടന്നുവരുന്ന ചൂടുപിടിച്ച തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തിലാണ്. നൈല്‍ നദിയിലെ ഒരു പടുകൂറ്റന്‍ ഒരു അണക്കെട്ടിനെച്ചൊല്ലിയാണ് തര്‍ക്കം.പക്ഷേ, കാതലായ പ്രശ്നം വെള്ളംതന്നെ.

വടക്കു കിഴക്കന്‍ ആഫ്രിക്കയിലെ ഇത്യോപ്യയില്‍ ജലവൈദ്യുതി പദ്ധതിക്കുവേണ്ടി നിര്‍മിക്കുന്നതും മുക്കാല്‍ ഭാഗത്തോളം പൂര്‍ത്തിയായിട്ടുള്ളതുമാണ് ഈ അണക്കെട്ട്. ആ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമാണിത്. ഇത്യോപ്യയെ സംബന്ധിച്ചിടത്തോളം സമ്പല്‍ സമൃദ്ധിയിലേക്കു കുതിച്ചുയരാനുള്ള ചവിട്ടുപടിയും.

പക്ഷേ, അയല്‍രാജ്യങ്ങളായ ഈജിപ്തും സുഡാനും ഇതിനെ കാണുന്നത് തങ്ങളുടെ നിലനില്‍പ്പിനു നേരേയുള്ള ഭീഷണിയായിട്ടാണ്. അണക്കെട്ടില്‍ വെള്ളം ഭരിക്കപ്പെടുന്നതോടെ നൈല്‍ നദിയില്‍നിന്നു തങ്ങള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന വെള്ളത്തിന്‍റെ അളവും ഒഴുക്കും കുറയുമെന്നും കടുത്ത വരള്‍ച്ചയുടെ പിടിയില്‍ തങ്ങള്‍ അകപ്പെട്ടുപോകുമെന്നും അവര്‍ ഭയപ്പെടുന്നു. 

ഒത്തുതീര്‍പ്പിനു വേണ്ടി വര്‍ഷങ്ങളായി, പല തലങ്ങളിലും ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ പിടിച്ചുലയ്ക്കുന്ന വിധത്തില്‍ പ്രശ്നം അവശേഷിക്കുകയാണ്. അതിനിടയില്‍ ഇത്യോപ്യയുടെയും ഈജിപ്തിന്‍റെയും മന്ത്രിമാര്‍ തമ്മിലുള്ള വാക്പോരും നടന്നു.

ആഫ്രിക്കയിലെ ഏറ്റവും നീളമുള്ള (6695 കിലോമീറ്റര്‍) നദിയായ നൈലിന്‍റെ പോഷക നദിയായ നീല നൈലില്‍ സുഡാന്‍റെ അതിര്‍ത്തിക്കടുത്താണ് ഇത്യോപ്യ അണക്കെട്ടു നിര്‍മിച്ചിരിക്കുന്നത്. ഈ നദിയും നൈലിന്‍റെ മറ്റൊരു പോഷകനദിയായ വെള്ള നൈലും സുഡാനില്‍ ഒത്തുചേരുകയും ഈജിപ്തിലൂടെ ഒഴുകി മെഡിറ്ററേനിയന്‍ കടലില്‍ ചെന്നവസാനിക്കുകയുമാണ്. 

നൈലിന്‍റെ വഴിയിലാണ് 1960കളില്‍ ഈജിപ്ത് നിര്‍മിച്ച അസ്വാന്‍ അണക്കെട്ടും സ്ഥിതിചെയ്യുന്നത്. അതിനും ഒരു കഥയുണ്ട്. അണക്കെട്ട് നിര്‍മിക്കാന്‍ അമേരിക്ക പണം വാഗ്ദാനം ചെയ്തുവെങ്കിലും പിന്നീടു പിന്‍വലിയുകയായിരുന്നു.   

ഈജിപ്തിലെ പ്രസിഡന്‍റ് ജമാല്‍ അബ്ദുന്നാസ്സര്‍ സോവിയറ്റ് സഹായം തേടുകയും അങ്ങനെ സോവിയറ്റ് യൂണിയന്‍ മധ്യപൂര്‍വദേശത്തു നിര്‍ണായക സ്വാധീനം കരസ്ഥമാക്കാന്‍ തുടങ്ങുകയും ചെയ്തു. അതിനുശേഷം അര നൂറ്റാണ്ടു കഴിഞ്ഞപ്പോഴാണ് ആഫ്രിക്കയിലെ മറ്റൊരു അണക്കെട്ട് രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുന്നത്.

grand-ethopian-renaissance-dam
ദ് ഗ്രേറ്റ് റിനൈസ്സന്‍സ് ഡാം

നവോഥാനത്തിന്‍റെ അടയാളം എന്ന അര്‍ഥത്തില്‍ 'ദ് ഗ്രേറ്റ് റിനൈസ്സന്‍സ് ഡാം' എന്നു പേരിട്ടിട്ടുള്ള ഇത്  ഇത്യോപ്യ നിര്‍മിച്ചിരിക്കുന്നതു വിദേശ സാമ്പത്തിക സഹായമില്ലാതെയാണ്. ജനങ്ങളുടെ സംഭാവനയിലൂടെയും ജീവനക്കാരുടെ ശമ്പള വിഹിതത്തിലൂടെയും കടപ്പത്ര വില്‍പ്പനയിലൂടെയും പണം സംഭരിക്കുകയായിരുന്നു. 

മതിപ്പു ചെലവ് 460 കോടി ഡോളര്‍. പ്രതീക്ഷിക്കുന്ന വൈദ്യുതി ഉല്‍പ്പാദനം ആറായിരം മെഗാവാട്ട്. ഒമ്പതു വര്‍ഷംമുന്‍പ്  തുടങ്ങിയ അണക്കെട്ട് നിര്‍മാണം മുക്കാല്‍ ഭാഗം പൂര്‍ത്തിയായതോടെ റിസര്‍വോയറില്‍ വെള്ളം നിറക്കാന്‍ തുടങ്ങുന്ന ഘട്ടമെത്തി. അപ്പോഴാണ് ഈജിപ്തുമായും സുഡാനുമായുമുള്ള തര്‍ക്കം മൂര്‍ഛിച്ചത്. 

മഴക്കാലമായ ഈ ജൂലൈയിലും ഓഗസ്റ്റിലും വെള്ളം നിറക്കാന്‍ തുടങ്ങാനായിരുന്നു ഇത്യോപ്യയുടെ പരിപാടി. ഇപ്പോള്‍ നടന്നില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ മഴക്കാലം വരെ കാത്തിരിക്കേണ്ടിവരും. 7400 കോടി ക്യുബിക്ക് മീറ്റര്‍ സംഭരണ ശേഷിയുള്ള റിസര്‍വോയര്‍ രണ്ടു വര്‍ഷംകൊണ്ടു പൂര്‍ണമായി നിറയ്ക്കാനും ഇത്യോപ്യ ഉദ്ദേശിക്കുന്നു. 

EGYPT-MUBARAK
ഹുസ്നി മുബറക്ക്

ഇത്യോപ്യ 2011ല്‍ അണക്കെട്ടിന്‍റെ പണി തുടങ്ങുമ്പോള്‍ ഈജിപ്ത് രാഷ്ട്രീയമായി ഇളകിമറിയുകയായിരുന്നു. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നു പ്രസിഡന്‍റ് ഹുസ്നി മുബറക്ക് സ്ഥാനമൊഴിഞ്ഞ സമയമായിരുന്നു അത്. അതിനിടയില്‍ അണക്കെട്ടിന്‍റെ പ്രശ്നം ശ്രദ്ധിക്കാന്‍ ഈജിപ്തിനു കഴിഞ്ഞില്ലത്രേ. വിവരം ഇത്യോപ്യ തങ്ങളെ അറിയിച്ചില്ലെന്നും ഇപ്പോള്‍ ഈജിപ്ത് ഭരിക്കുന്ന പ്രസിഡന്‍റ് അബ്ദല്‍ ഫത്താഹ് അല്‍ സിസി കുറ്റപ്പെടുത്തുന്നു.  

vote-FILES-EGYPT-VOTE-SISI
അബ്ദല്‍ ഫത്താഹ് അല്‍ സിസി

റിസര്‍വോയറുകളില്‍ ഇത്യോപ്യ വെള്ളം നിറക്കുന്നതിന്‍റെ തോതും വേഗവും അനുസരിച്ച് നൈലില്‍നിന്നു തങ്ങള്‍ക്കു കിട്ടുന്ന വെള്ളത്തിന്‍റെ അളവും ഒഴുക്കും അനിശ്ചിതത്വത്തിലാകുമെന്നാണ് ഈജിപ്ത് ആശങ്കപ്പെടുന്നത്. അതിനാല്‍ അതു സംബന്ധിച്ച് വ്യക്തവും കൃത്യവുമായ ഉറപ്പുകള്‍ അവര്‍ ആവശ്യപ്പെടുന്നു. 

മിക്കവാറും ഒരു മരുപ്രദേശമാണ് ഈജിപ്ത്. കൃഷിക്കും വ്യവസായത്തിനും കുടിവെള്ളത്തിനുമെല്ലാം ഏതാണ്ടു പൂര്‍ണമായും ആശ്രയിക്കുന്നത് നൈലിനെയാണ്. ഇത്യോപ്യ അണക്കെട്ടു നിര്‍മിക്കുന്ന നീല നൈലിലൂടെയാണ് നൈലിലേക്ക് ഏറ്റവുമധികം വെള്ളം എത്തിച്ചേരുന്നതും. വെള്ളത്തിനുവേണ്ടി നൈലിനെ മുഖ്യമായി ആശ്രയിക്കുന്ന  സുഡാനുമുണ്ട് ഒട്ടും കുറവല്ലാത്ത ഭീതിയും ആശങ്കളും. 1929ലും 1959ലും നൈലിലെ വെള്ളം മിക്കവാറും പൂര്‍ണമായി പങ്കിട്ടെടുക്കുന്ന ഒരു കരാറില്‍ അവര്‍ ഒപ്പിട്ടിരുന്നു. 

ബ്രിട്ടനാണ് അതിനു കാര്‍മികത്വം വഹിച്ചിരുന്നത്. ഈജിപ്തും സുഡാനും സമീപ മേഖലയിലെ മറ്റു പല രാജ്യങ്ങളും അന്നു ബ്രിട്ടന്‍റെ നിയന്ത്രണത്തിലോ സംരക്ഷണത്തിലോ ആയിരുന്നു. ഈ കരാര്‍ പക്ഷേ, ഇത്യോപ്യ അംഗീകരിക്കുന്നില്ല. അണക്കെട്ടിനെപ്പറ്റി ഈജിപ്തും സുഡാനും പ്രകടിപ്പിച്ചുവരുന്ന ഭയാശങ്കകള്‍ക്ക് അടിസ്ഥാനമില്ല എന്നതാണ് ഇത്യോപ്യയുടെ നിലപാട്. ഇത്യോപ്യയിലെ ദാരിദ്യനിര്‍മാര്‍ജനത്തിന് ഈ പദ്ധതി കൂടിയേ തീരൂവെന്ന നിലപാടില്‍ അവരുടെ പ്രധാനമന്ത്രി അബി അഹമദ് ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. 

ഇത്യോപ്യയുടെ പകതിയിലേറെ ഭാഗങ്ങളില്‍ ഇപ്പോള്‍ വൈദ്യുതിയില്ല. എല്ലാ ഭാഗങ്ങളിലും വൈദ്യുതി എത്തിക്കുക, അതിന്‍റെ സഹായത്തോടെയുള്ള വ്യവസായ വികസനത്തിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുക, മിച്ചമുള്ള വൈദ്യുതി അയല്‍ രാജ്യങ്ങള്‍ക്കു ലഭ്യമാക്കുക-ഇതെല്ലാമാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. 

കഴിഞ്ഞ വര്‍ഷത്തെ നൊബേല്‍ സമാധാന സമ്മാന ജേതാവാണ് അബി അഹമദ്. അയല്‍രാജ്യമായ എരിട്രിയയുമായുള്ള രണ്ടു പതിറ്റാണ്ടുകാലത്തെ അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ചതിന്‍റെ പേരിലായിരുന്നു സമ്മാനം. അത്തരമൊരു രചനാത്മക സമീപനം അണക്കെട്ടിന്‍റെ കാര്യത്തില്‍ അദ്ദേഹത്തില്‍നിന്ന് ഉണ്ടാവുന്നില്ലെന്ന് ഈജിപ്തും സുഡാനും കുറ്റപ്പെടുത്തുന്നു. 

തര്‍ക്കം തീര്‍ക്കാന്‍ മൂന്നു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടന്നുവെങ്കിലും ഫലമുണ്ടായില്ല. അതിനാല്‍, അമേരിക്കയുടെയും ലോകബാങ്കിന്‍റെയും മധ്യസ്ഥത തേടി.  

അതും ഫലിക്കാതിരുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രശ്ന പരിഹാര ദൗത്യം ആഫ്രിക്കന്‍ യൂണിയന്‍ ഏറ്റെടുത്തു. അതിന്‍റെ ചെയര്‍മാനും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റുമായ സിറില്‍ റാമഫോസ നടത്തിവരുന്ന ശ്രമങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ബന്ധപ്പെട്ട എല്ലാവരും ഇപ്പോള്‍.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Nile dam dispute: Ethiopia, Egypt and Sudan agree to resume talks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA