അമേരിക്കയില്‍ വയോധികരുടെ യുദ്ധം

HIGHLIGHTS
  • ആര് ജയിച്ചാലും പുതിയ പ്രായ റെക്കോഡ്
  • തിരഞ്ഞെടുപ്പ് വിഷയം കോവിഡ്
USA-ELECTION/BIDEN
ജോ ബൈഡന്‍
SHARE

അമേരിക്കയുടെ പ്രസിഡന്‍റ് പദം തന്നില്‍നിന്നു പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ജോ ബൈഡനെ ഡോണള്‍ഡ് ട്രംപ് വിളിക്കുന്നതു 'സ്ലീപി ജോ' എന്നാണ്. അതായത് ഉറക്കംതൂങ്ങി ജോ. 2016ലെ തിരഞ്ഞെടുപ്പില്‍ തന്നെ എതിര്‍ത്ത ഹിലരി ക്ളിന്‍റനെ അദ്ദേഹം വിളിച്ചത് 'ക്രൂക്കഡ് ഹിലരി' അഥവാ കുതന്ത്രക്കാരിയായ ഹിലരി എന്നായിരുന്നു. 

എട്ടു വര്‍ഷം വൈസ് പ്രസിഡന്‍റും അതിനുമുന്‍പ് 36 വര്‍ഷം യുഎസ് സെനറ്ററുമായിരുന്ന ബൈഡനെ ട്രംപ് ഉറക്കംതൂങ്ങിയെന്നു വിളിക്കുന്നതു വ്യക്തമായ ഉദ്ദേശ്യത്തോടെയാണ്. യുഎസ് നായകപദവി പോലുള്ള ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അദ്ദേഹം ശാരീരികവും മാനസികവുമായി അയോഗ്യനാണെന്നു വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം.  

ബൈഡനു 77 വയസ്സായെന്ന വസ്തയാണ് ഇതിന്‍റെ പിന്നില്‍. നവംബര്‍ മൂന്നിലെ തിരഞ്ഞെടുപ്പിനു ശേഷം 17 ദിവസം കഴിഞ്ഞാല്‍  78 ആകും. ഇത്രയും ഉയര്‍ന്ന പ്രായത്തില്‍ ആദ്യതവണ പ്രസിഡന്‍റായ ആരുംതന്നെ അമേരിക്കയുടെ ഏതാണ്ടു രണ്ടര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിലില്ല. 

അതേസമയം, ട്രംപ് ബൈഡനേക്കാള്‍ ഏറെയൊന്നും ചെറുപ്പമല്ലെന്നതും അനിഷേധ്യമായ വസ്തുതയാണ്. കഷ്ടിച്ച് നാലു വയസ്സിന്‍റെ വ്യത്യാസം. ഇക്കഴിഞ്ഞ 

US-POLITICS-TRUMP
ഡോണള്‍ഡ് ട്രംപ്

ജൂണ്‍ 14ന് ട്രംപിനു 74 വയസ്സായി. 2016ല്‍ ആദ്യതവണ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഏറ്റവും കൂടിയ പ്രായത്തില്‍ ആ നേട്ടം വരിക്കുന്ന ആദ്യത്തെ ആളായിരുന്നു അദ്ദേഹം. 

ഇത്തവണ വീണ്ടും ജയിക്കുകയാണെങ്കില്‍ രണ്ടാം തവണ പ്രസിഡന്‍റാകുന്ന ഏറ്റവും പ്രായംചെന്ന വ്യക്തിയെന്നും വിശേഷിപ്പിക്കപ്പെടും. അതിനാല്‍, ബൈഡന്‍റെ പ്രായാധിക്യം അതേവിധത്തില്‍ ഒരു വലിയ ചര്‍ച്ചാവിഷയമാക്കാന്‍ ട്രംപ് ഉദ്ദേശിക്കുന്നില്ല. 

മാത്രമല്ല, പ്രായക്കൂടുതല്‍ ഒരു പ്രശ്നമായി ഉയര്‍ത്തിക്കാട്ടുന്നതിനോടു സീനിയര്‍ പൗരന്മാരായ വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കുമെന്ന സംശയവും ഉണ്ടാവാം. ആ വിഭാഗത്തില്‍പ്പെടുന്ന ആളുകള്‍ ഇപ്പോള്‍തന്നെ പൊതുവില്‍ അസ്വസ്ഥരാണ്.കോവിഡ് മഹാമാരിയില്‍നിന്നുള്ള ഭീഷണി ഏറ്റവുമധികം നേരിടുന്നത് അവരാണല്ലോ.  

തന്‍റേതുപോലുള്ള ചുണയും ചുറുചുറുക്കും ബൈഡന് ഇല്ലെന്നു സ്ഥാപിക്കാനാണ് ട്രംപിന്‍റെ ശ്രമം. അതിനാല്‍,അമേരിക്കയുടെ പ്രസിഡന്‍റാകാന്‍ ബൈഡന്‍ പ്രാപ്തനല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. 'ഉറക്കംതൂങ്ങി ജോ' പ്രയോഗം അങ്ങനെയുണ്ടായതാണ്.

ഇതിനിടയില്‍ തന്നെയാണ് മറ്റൊരു കാര്യവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അഭിപ്രായ വോട്ടുകളില്‍ ബൈഡന്‍ ട്രംപിനെ കവച്ച് കുതിക്കുന്നു. 

തിരഞ്ഞെടുപ്പിനു നൂറു ദിവസം ബാക്കിയുള്ളപ്പോള്‍ വാഷിങ്ടണ്‍ പോസ്റ്റ് പത്രവും എബിസി ന്യൂസ്‌ ടിവി ചാനലുംകൂടി നടത്തിയ സര്‍വേയില്‍ കണ്ടത് ബൈഡന്‍ 15 പോയിന്‍റ് വരെ മുന്നിലെത്തിയതാണ്.

മറ്റു ചില അഭിപായ വോട്ടുകളുടെ ഫലവും ട്രംപിന് ആശ്വാസം പകരുന്നതല്ല. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ കോട്ടകളായി അറിയപ്പെടുന്ന ചില സംസ്ഥാനങ്ങളില്‍പോലും അദ്ദേഹം ഏറെ പിന്നിലായതു പരക്കേ അല്‍ഭുതമുളവാക്കുന്നു.   

gerald-ford-us-president
ജെറള്‍ഡ് ഫോഡ്

ഒരു തവണ പ്രസിഡന്‍റാകുന്നവര്‍ രണ്ടാമതും തിരഞ്ഞെടുക്കപ്പെടുകയാണ് സാധാരണ പതിവ്.ജെറള്‍ഡ് ഫോഡ്, ജിമ്മി കാര്‍ട്ടര്‍, ജോര്‍ജ് ബൂഷ് സീനിയര്‍ എന്നിവര്‍ മാത്രമേ കഴിഞ്ഞ നാലു ദശകങ്ങള്‍ക്കിടയില്‍ അതിന് അപവാദമായിട്ടുളളൂ. ട്രംപിനെയും ഒറ്റത്തവണത്തെ പ്രസിഡന്‍റുമാരില്‍ ഒരാളായി  ഇപ്പോള്‍തന്നെ എഴുതിത്തള്ളുകയാണ് പലരും.  

ഈ വര്‍ഷത്തെ ആദ്യത്തെ രണ്ടുമാസംവരെ പക്ഷേ, ഇതായിരുന്നില്ല സ്ഥിതി. ഇംപീച്ചമെന്‍റ് ഉള്‍പ്പെടെയുള്ള പല പ്രശ്നങ്ങളും ട്രംപിനെ പ്രതിക്കൂട്ടിലാക്കുകയും ഇത്തവണ അദ്ദേഹം ജയിക്കാനുള്ള സാധ്യതയ്ക്കു മങ്ങലേല്‍പ്പിക്കുകയും ചെയ്തിരുന്നുവെന്നതു ശരിയാണ്. എങ്കിലും, പരാജയത്തിന്‍റെ വ്യക്തമായ സൂചകളുണ്ടായിരുന്നില്ല. 

അത്രയും മെച്ചപ്പെട്ടു നില്‍ക്കുകയായിരുന്നു യുഎസ് സാമ്പത്തിക സ്ഥിതി. തൊഴിലില്ലായ്മയുടെ നിരക്കു വളരെ താഴെയായിരുന്നു. ഈ രണ്ടു കാര്യങ്ങളാണ് പലപ്പോഴും തിരഞ്ഞെടുപ്പിലെ ജയാപജയങ്ങള്‍ നിര്‍ണയിക്കുന്നത്. 

TOPSHOT-US-VOTE-DEMOCRAT-SANDERS
ഹിലരി ക്ലിന്റൻ

പക്ഷേ, ചൈനയില്‍ നിന്നെത്തിയ കോവിഡ് മഹാമാരി അമേരിക്കയില്‍ മരണനൃത്തം ചെയ്യാന്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ മാറാന്‍ തുടങ്ങി. മഹാമാരിയും അതുണ്ടാക്കിയ നാശനഷ്ടങ്ങളും അതിനെ നേരിടന്നുതില്‍ ട്രംപിനുണ്ടായ പാളിച്ചകളുമാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയം.   

വോട്ടെടുപ്പ് ഏതാണ്ടു മൂന്നുമാസം മാത്രം അകലെ നില്‍ക്കുമ്പോള്‍ അമേരിക്കയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷമാണ്. രോഗബാധിതര്‍ 42 ലക്ഷം. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ തൊഴിലില്ലായ്മ കുതിച്ചുകയറുന്നു. ഈ സാഹചര്യത്തിലും ജനങ്ങള്‍ തന്‍റെകൂടെ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. അഭിപ്രായ വോട്ടുകളില്‍ ബൈഡന്‍ തന്നെക്കാള്‍ 15 പോയിന്‍റ്വരെ മുന്നിലാണെന്ന  വാര്‍ത്തകള്‍ വ്യാജമെന്നു പറഞ്ഞ് അദ്ദേഹം തള്ളിക്കളയുന്നു. 

ഇതിനിടയില്‍തന്നെയാണ് സ്ലീപിങ് ജോ പ്രയോഗവും യുഎസ് പ്രസിഡന്‍റാകാന്‍ ജോ ബൈഡന്‍ ശാരീരികവും മാനസികവുമായി പ്രാപ്തനല്ലെന്ന ആരോപണവുംട്രംപ് ആവര്‍ത്തിക്കുന്നത്. രണ്ടു വാചകങ്ങള്‍ ഒന്നിച്ചു പറയാന്‍ ബൈഡനു കഴിയുന്നില്ല, 'താന്‍ ജീവിച്ചിരിപ്പുണ്ടോയെന്നു പോലും ജോയ്ക്ക് അറിഞ്ഞുകൂടാ' എന്നിങ്ങനെ പോകുന്നു ട്രംപിന്‍റെ പരിഹാസം. 

ബൈഡനെ ദുര്‍ബലനും അപ്രാപ്തനുമായി ചിത്രീകരിക്കുന്ന ടിവി പരസ്യങ്ങള്‍ ട്രംപിന്‍റെ പ്രചാരണ സംഘം പല സംസ്ഥാനങ്ങളിലും പ്രക്ഷേപണം ചെയ്തുവരുന്നുമുണ്ട്. ഇതേസമയം, മറ്റു പല കാരണങ്ങളാല്‍ ട്രംപ് തന്നെ പ്രസിഡന്‍റ് പദവിയിലിരിക്കാന്‍ യോഗ്യനല്ലെന്ന വിമര്‍ശനവും ഉയരുയാണ്. ഇതിനുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഒരു പുസ്തകം കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോണ്‍ ബോള്‍ട്ടനായിരുന്നു. 

USA-TRUMP/BOLTON-ROLE
ജോണ്‍ ബോള്‍ട്ടൻ

ട്രംപിന്‍റെ മരിച്ചുപോയ ജ്യേഷ്ഠന്‍റെ മകള്‍ മേരി ട്രംപ് എന്ന മനശ്ശാസ്ത്ര വിദഗ്ദ്ധ ഈ മാസം പ്രസിദ്ധീകരിച്ച പുസ്തകത്തിലും സമാനമായ പരാമര്‍ശങ്ങളുണ്ട്.  'ലോകത്തില്‍ വച്ചേറ്റവും അപകടകാരിയായ മനുഷ്യനെ എന്‍റെ കുടുംബം സൃഷ്ടിച്ചത് എങ്ങനെ?' എന്നാണ് ആ പുസ്തകത്തിന്‍റെ ഉപശീര്‍ഷകം തന്നെ. നിലവിലുള്ള പ്രസിഡന്‍റിനെ മോശമായി ചിത്രീകരിക്കുന്ന രണ്ടു പുസ്തകങ്ങള്‍ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പുറത്തുവരുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ അഭൂതപൂര്‍വമാണത്രേ. 

അമേരിക്കയില്‍ ഓരോ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും മല്‍സര രംഗത്തിറങ്ങുന്നതു രണ്ടു തവണ അഥവാ എട്ടു വര്‍ഷം വൈറ്റ് ഹൗസില്‍ ഇരിക്കാനുള്ള ആഗ്രഹത്തോടെയാണ്. അതിലധികം ഭരണഘടന അനുദിക്കുന്നില്ല. 

പക്ഷേ, അടുത്ത തിരഞ്ഞെടുപ്പിന്‍റെ സമയം (2024) ആകുമ്പോഴേക്കും ബൈഡനു 82 വയസ്സാകും. ഇത്തവണ ജയിച്ചാല്‍ ആ പ്രായത്തില്‍ വീണ്ടും മല്‍സരിക്കാന്‍ അദ്ദേഹം തയാറാകുമോ എന്ന ചോദ്യം ഇപ്പോള്‍തന്നെ ഉയരുകയാണ്. അദ്ദേഹത്തിന്‍റെ വൈസ് പ്രസിഡന്‍റിന്‍റെ പ്രസക്തിയും പ്രാധാന്യവും വര്‍ധിക്കാനുള്ള സാധ്യതയിലേക്ക് ഇതു വിരല്‍ ചൂണ്ടുന്നു. 

അതിനാല്‍, ഈ തിരഞ്ഞെടുപ്പില്‍ ബൈഡന്‍റെ റണ്ണിങ് മേറ്റ് അഥവാ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന് അറിയാനും കാത്തിരിക്കുകയാണ് അമേരിക്കക്കാര്‍.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : United States Presidential Election 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.