ഇളകി മറിയുന്നു കിര്‍ഗിസ്ഥാനും

HIGHLIGHTS
  • 15 വര്‍ഷത്തിനിടയില്‍ മൂന്നാമത്തെ 'വിപ്ളവം'
  • പ്രസിഡന്‍റിനെ കാണാതായി
videsharangom-kyrgyz-sooronbai-jeenbekov
Kyrgyzstan President Sooronbai Jeenbekov. Photo Credit : AP/PTI
SHARE

സോവിയറ്റ് യൂണിയന്‍റെ ഭാഗയമായിരുന്നതും റഷ്യയുടെ സ്വാധീന മേഖലയില്‍ ഉള്‍പ്പെടുന്നതുമായ മറ്റൊരു പ്രദേശം കൂടി അനിശ്ചിതത്വത്തിന്‍റെ പിടിയിലായിരിക്കുകയാണ്. മധ്യേഷ്യയിലെ കിര്‍ഗിസ്ഥാനില്‍ കഴിഞ്ഞ ചില ദിവസങ്ങളായി നടന്നുവരുന്ന സംഭവങ്ങളില്‍ അരാജകത്വത്തിന്‍റെയും കാഹളം മുഴങ്ങുന്നു. 

റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ബെലാറുസില്‍ പ്രസിഡന്‍റ് അലക്സാന്‍ഡര്‍ ലുകഷെന്‍കോവിന്‍റെ രാജിക്കുവേണ്ടി നടന്നുവരുന്ന സമരം മൂന്നാം മാസത്തിലേക്കു കടന്നുകഴിഞ്ഞു. ആ മേഖലയുടെ മറ്റൊരു ഭാഗത്ത് അസര്‍ബൈജാനും അര്‍മീനിയയും തമ്മിലുള്ള  തര്‍ക്കം വീണ്ടും യുദ്ധത്തിനു കാരണമായിരിക്കുന്നു. 

അതിനിടയിലാണ് കിര്‍ഗിസ്ഥാനും ഇളകിമറിയാന്‍ തുടങ്ങിയിരിക്കുന്നത്. ബെലാറുസില്‍ നടന്നതു പോലുളള തിരഞ്ഞെടുപ്പിലെ കള്ളക്കള്ളിയും തിരിമറികളുമാണ് അവിടെയും പ്രശ്നകാരണം. 

BELARUS-OSCE/
Belarussian President Alexander Lukashenko. Photo Credit : Vasily Fedosenko / Reuters

സോവിയറ്റ് യൂണിയനിലെ ഏറ്റവും വലിയ ഘടക രാജ്യമായിരുന്ന റഷ്യ ഈ മേഖലയിലെ നിര്‍ണായ ശക്തിയാണ്.  അവരെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ മൂന്നു പ്രദേശങ്ങളില്‍ ഒരേസമയത്തു കുഴപ്പം പൊട്ടിപ്പുറപ്പെട്ടത് ഉല്‍ക്കണ്ഠ സൃഷ്ടിക്കാനിടയുണ്ട്. 

ഉസ്ബക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കസഖ്സ്ഥാന്‍, തുര്‍ക്കമനിസ്ഥാന്‍ എന്നിവയോടൊപ്പം സോവിയറ്റ് യൂണിയനിലെ അഞ്ചു മധ്യേഷന്‍ റിപ്പബ്ളിക്കുകളില്‍ ഒന്നായിരുന്നു  കിര്‍ഗിസ്ഥാന്‍. തുര്‍ക്കമനിസ്ഥാന്‍ ഒഴികെയുള്ള മൂന്നെണ്ണവുമായും ചൈനയുമായും അത് അതിര്‍ത്തി പങ്കിടുന്നു.      

സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയോടെ 1991ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം, മറ്റു മധ്യേഷന്‍ റിപ്പബ്ളിക്കുകളില്‍നിന്നു വ്യത്യസ്തമായി ജനാധിപത്യ പാതിയിലൂടെ നീങ്ങിയ രാജ്യം എന്ന പേരും കിര്‍ഗിസ്ഥാനുണ്ടായിരുന്നു. ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ടു പ്രസിഡന്‍റുകാര്‍ അധികാരത്തില്‍നിന്നു പുറന്തള്ളപ്പെടുകയുമുണ്ടായി. അത്തരമൊരു പ്രക്ഷോഭമാണ് ഇപ്പോള്‍ നടന്നുവരുന്നതും. 

ഇക്കഴിഞ്ഞ ഞായറാഴ്ച (ഒക്ടോബര്‍ നാല്) നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പോടെയായിരുന്നു അതിന്‍റെ തുടക്കം. മൊത്തം 16 കക്ഷികള്‍ മല്‍സരിച്ചുവെങ്കിലും സീറ്റുകളെല്ലാം തൂത്തുവാരിയത് നാലു കക്ഷികളാണ്. ഇവയില്‍ മൂന്നും പ്രസിഡന്‍റ് സൂറോന്‍ബേയ് ജീന്‍ബെക്കോവിന്‍റെ ഗവണ്‍മെന്‍റിനെ അനുകൂലിക്കുന്നവരുമാണ്. പരാജയപ്പെട്ട പ്രതിപക്ഷ കക്ഷികള്‍ ക്ഷുഭിതരായി. 

RUSSIA AKAYEV INTERVIEW
Kyrgyz President Askar Akayev. Photo Credit : Vladimir Isachenkov/ AP Photo

വ്യാപകമായ കള്ളത്തരവും തിരിമറിയും നടന്നതായി ആരോപിച്ചുകൊണ്ട് അവര്‍ പിറ്റേന്നു തന്നെ സമരം തുടങ്ങി. പ്രസിഡന്‍റ്ജീ ന്‍ബെക്കോവ് രാജിവയ്ക്കണമെന്നും അദ്ദേഹത്തെ കുറ്റവിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജനം തെരുവിലിറങ്ങുകയും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കൈയേറുകയും ചെയ്തു. തലസ്ഥാന നഗരമായ ബിഷ്കെക്കില്‍, പ്രസിഡന്‍റിന്‍റെ ഓഫീസും പാര്‍ലമെന്‍റ് മന്ദിരവും ആക്രമിക്കപ്പെട്ടു. 

ചൊവ്വാഴ്ച മുതല്‍ പ്രസിഡന്‍റിനെ കാണാനുമില്ല. ഒളിവിലാണത്രേ. സമാനമായ സാഹചര്യങ്ങളില്‍ തന്‍റെ രണ്ടു മുന്‍ഗാമികള്‍ ചെയ്തതുപോലെ അദ്ദേഹം നാടുവിടാനിടയുണ്ടെന്നു കരുതുന്നവരുമുണ്ട്.  

അതിനിടയില്‍ പ്രധാനമന്ത്രി കുബാട്ബെക് ബോറണോവ് രാജിവയ്ക്കുകയും തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, സമരക്കാര്‍ തൃപ്തരായില്ല. 

അവര്‍ ഒരു ഹോട്ടലില്‍ യോഗം ചേരുകയും മുന്‍ എംപി സാദിര്‍ ജാപ്പറോവിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തു. 

ഒരു പ്രവിശ്യാ ഗവര്‍ണറെ തട്ടിക്കൊണ്ടുപോയ കേസില്‍ പത്തു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട അദ്ദേഹം ജയിലില്‍ കഴിയുകയായിരുന്നു. സമരക്കാര്‍ ബലം പ്രയോഗിച്ച് അദ്ദേഹത്തെ മോചിപ്പിച്ചു.  

തടവില്‍ കഴിയുകയായിരുന്ന മറ്റു ചില രാഷ്ട്രീയ നേതാക്കളും ഈ വിധത്തില്‍ മോചിതരായി. അഴിമതിക്കേസില്‍ 11 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട മുന്‍ പ്രസിഡന്‍റ് അല്‍മാസ്ബെക്ക് ആടംബയേവും ഇവരില്‍ ഉള്‍പ്പെടുന്നു. 

മൂന്നു വര്‍ഷംമുന്‍പ് ആടംബയേവിന്‍റെ പിന്‍ഗാമിയായി അധികാരത്തില്‍ എത്തിയ ആളാണ് ഇപ്പോഴത്തെ പ്രസിഡന്‍റ് ജീന്‍ബെക്കോവ്. അവര്‍ തമ്മിലുള്ള ബന്ധം പിന്നീട് ഉലഞ്ഞു. ഇപ്പോള്‍ നടന്നുവരുന്ന കുഴപ്പങ്ങളില്‍ അതുമൊരു പങ്കു വഹിക്കുന്നു. 

മധ്യേഷ്യന്‍ രാജ്യങ്ങളില്‍ താരതമ്യേന ദരിദ്രമാണ് കിര്‍ഗിസ്ഥാന്‍. എണ്ണയും ഗ്യാസും കല്‍ക്കരിയും സ്വര്‍ണവും കുഴിച്ചെടുക്കുന്നുണ്ടെങ്കിലും രാജ്യത്തിനു സാമ്പത്തിക ഭദ്രതനല്‍കാന്‍ അതു മതിയാകുന്നില്ല. ഇതിനെല്ലാം പുറമെ വ്യാപകമായ അഴിമതിയും സ്ഥിതിഗതികള്‍ വഷളാക്കുന്നു. 

പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഇതു മൂന്നാം തവണയാണ് കിര്‍ഗിസ്ഥാന്‍ ഇളകിമറിയുന്നത്. തുലിപ് വിപ്ളവം എന്നറിയപ്പെടുന്ന 2005ലെ ആദ്യസംഭവവും ഉണ്ടായത് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. അവരെ നേരിടാനാവാതെ പ്രസിഡന്‍റ് അസ്കര്‍ അകയേവ് കുടുംബസമേതം ആദ്യം തൊട്ടടുത്തുള്ള കസഖ്സ്ഥാനിലേക്കും അവിടെനിന്നു റഷ്യയിലേക്കും രക്ഷപ്പെട്ടു. 

അഞ്ചു വര്‍ഷത്തിനുശേഷം (2010ല്‍) നടന്നതും ഏപ്രില്‍ വിപ്ളവം എന്നറിയപ്പെട്ടതുമായ രണ്ടാമത്തെ പ്രക്ഷോഭം അവസാനിച്ചതും ഒരു പ്രസിഡന്‍റിന്‍റെ രാജിയിലാണ്. പ്രസിഡന്‍റ് കുര്‍മാന്‍ബെക്ക് ബാക്കിയെവ് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടതു കൃത്രിമത്തിലൂടെയാണെന്ന ആരോപണം പ്രക്ഷോഭത്തിനു കാരണമാവുകയായിരുന്നു. 

അതിനെ അടിച്ചമര്‍ത്താന്‍ ബാക്കിയെവ് നടത്തിയ ശ്രമം തെരുവുയുദ്ധത്തിനും വ്യാപകമായ ചോരച്ചൊരിച്ചലിനും ഇടയാക്കി. ഒടുവില്‍, അദ്ദേഹവും നാടുവിട്ടു, ബെലാറുസില്‍ അഭയം തേടി. 

സോവിയറ്റ് യൂണിയനിലെ മറ്റൊരു ഘടക റിപ്പബ്ളിക്കായിരുന്ന ബെലാറുസില്‍ പ്രസിഡന്‍റ് അലക്സാന്‍ഡര്‍ ലുകഷെന്‍കോവിനെതിരെ രണ്ടുമാസമായി നടന്നുവരുന്ന സമരത്തിന്‍റെയും തുടക്കം തിരഞ്ഞെടുപ്പില്‍നിന്നാണ്. അഞ്ചു തവണയായി 26 വര്‍ഷമായി അധികാരത്തിലിരിക്കുന്ന അദ്ദേഹം ആറാം തവണയും പ്രസിഡന്‍റാകാനായി ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനു വീണ്ടും മല്‍സരിച്ചു. 

പതിവുപോലെ വന്‍ഭൂരിപക്ഷത്തോടെ ജയിച്ചതായി അവകാശപ്പെടുകയും ചെയ്തു.  

വോട്ടെണ്ണലില്‍ തിരിമറി നടന്നുവെന്ന ആരോപണവുമായി സമരത്തിലാണ് പ്രതിപക്ഷം.  ലുകഷെന്‍കോ രാജിവയ്ക്കണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പക്ഷേ, അദ്ദേഹം അതിനു തയാറില്ല. 

റഷ്യ അതിനെ പിന്തുണയ്ക്കുമ്പോള്‍ അമേരിക്ക ഉള്‍െപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ അപലപിക്കുന്നു. ബെലാറുസിലെ കുഴപ്പങ്ങളില്‍ റഷ്യ പാശ്ചാത്യ ഗൂഡാലോചന കാണുന്നുമുണ്ട്. 

ലുകഷെന്‍കോ പുറംതള്ളപ്പെട്ടാല്‍ കാലക്രമത്തില്‍ ബെലാറസില്‍ പാശ്ചാത്യാനുകൂലികള്‍ അധികാരത്തില്‍ എത്തുമെന്നു റഷ്യ ഭയപ്പെടുകയാണത്രേ.       

കിര്‍ഗിസ്ഥാനു റഷ്യയുമായി അതിര്‍ത്തിയില്ലെങ്കിലും സുരക്ഷാ ഉടമ്പടിയുണ്ട്.  അവിടെ റഷ്യയ്ക്കു സൈനിക താവളവുമുണ്ട്. അഫ്ഗാനിസ്ഥാനിലെ യുഎസ് യുദ്ധത്തിന്‍റെ ആദ്യഘട്ടത്തില്‍ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും കിര്‍ഗിസ്ഥാന്‍ അനുവദിച്ചിരുന്നു. പിന്നീട് അതു നിര്‍ത്തി.  

പല കാര്യങ്ങളിലും കിര്‍ഗിസ്ഥാന്‍ റഷ്യയെ ആശ്രയിക്കുകയാണ്. ഏറ്റവും നീണ്ട അതിര്‍ത്തിപങ്കിടുന്ന ചൈനയ്ക്കാണെങ്കില്‍ കിര്‍ഗിസ്ഥാനുമായി വിപുലമായ വ്യാപാര ബന്ധവുമുണ്ട്. അവിടത്തെ സ്ഥിതിഗതികളില്‍ റഷ്യയ്ക്കും ചൈനയ്ക്കും ഉല്‍ക്കണ്ഠയുണ്ടാവുന്നതു സ്വാഭാവികം. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Kyrgyzstan crisis: No clear leadership after days of unrest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.