ഷരീഫും സൈന്യവും തമ്മില്‍

HIGHLIGHTS
  • ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷ സഖ്യം
  • ജനറല്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
PAKISTAN-POLITICS/PMLN
Nawaz Sharif. Photo Credit: Faisal Mahmood / Reuters
SHARE

"ജനറല്‍ ബാജ്​വ, നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവന്ന എന്‍റെ ഗവണ്‍മെന്‍റിനെ നിങ്ങള്‍ അട്ടിമറിക്കുകയും നിങ്ങളുടെ ഇഷ്ടങ്ങള്‍ രാജ്യത്തു നടപ്പാക്കുകയും ചെയ്തു....കഴിവുകെട്ട ഒരു പാവ ഗവണ്‍മെന്‍റിനെ നിങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചു. രാജ്യം കുട്ടിച്ചോറായിരിക്കുന്നതിന് നിങ്ങള്‍ ഉത്തരവാദിയാണ്.... ജനറല്‍ ബാജ്​വ, ലെഫ്. ജനറല്‍ ഹമീദ്, ഇതിനെല്ലാം നിങ്ങള്‍ ഉത്തരം പറയേണ്ടിവരും."

മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫ് ഉച്ചഭാഷിണിയിലൂടെ  ഏതാണ്ട് ഇങ്ങനെ തുറന്നടിക്കുന്നതു കേട്ടു പാക്കിസ്ഥാനിലെ ജനങ്ങള്‍ ഞെട്ടിയിരിക്കണം. കാരണം, ജനറല്‍ ഖമര്‍ ജാവേദ് ബാജ്​വ രാജ്യത്തിന്‍റെ പട്ടാളത്തലവനും ലെഫ്. ജനറല്‍ ഫയിസ് ഹമീദ് ഐഎസ്ഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സൈനിക ചാരവിഭാഗത്തിന്‍റെ തലവനുമാണ്. 

Pakistan
Pakistani Army Chief Gen. Qamar Javed Bajwa. Photo Credit: Inter Services Public Relations via AP

രാഷ്ട്രീയത്തില്‍ ഇടയ്ക്കിടെ ഇടപെടുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്യുന്നവരാണ് പാക്ക് പട്ടാളത്തലവന്മാര്‍. ചാരത്തലവന്മാര്‍ അവരെ അതില്‍ സഹായിക്കുന്നു. അതിനാല്‍, ഈ രണ്ടുകൂട്ടരും ജനങ്ങളുടെ വെറുപ്പിനും അവജ്ഞയ്ക്കും പാത്രമായിത്തീരുന്നു. 

പക്ഷേ, അവരെ പരസ്യമായി വിമര്‍ശിക്കാന്‍ ആരും ധൈര്യപ്പെടാറില്ല. പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നത് അചിന്ത്യമാണ്. ആ പതിവാണ് ഷരീഫ് ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്.  

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഗവണ്‍മെന്‍റിനെ പുറത്താക്കാനുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിനു തുടക്കം കുറിക്കപ്പെട്ട വേളയിലാണ് ഈ സംഭവവികാസം. സമരത്തിന്‍റെ ഭാഗമായുളള ആദ്യസമ്മേളനം ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബര്‍ 16) പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റന്‍വാലയില്‍ നടന്നപ്പോള്‍ ലണ്ടനില്‍നിന്നു വിഡിയോ ലിങ്ക് വഴി പ്രസംഗിക്കുകയായിരുന്നു ഷരീഫ്. 

ഗുജ്റന്‍വാലയിലും രണ്ടു ദിവസത്തിനുശേഷം (ഞായറാഴ്ച), പാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലും നടന്ന പൊതുസമ്മേളനങ്ങളില്‍ പങ്കെടുത്തത് പതിനായിരങ്ങളാണ്. ഗുജ്റന്‍വാലയിലെ ജിന്ന സ്റ്റേഡിയത്തിലേക്കും കറാച്ചിയിലെ ജിന്നാ ബാഗിലേക്കും ജനം ഒഴുകിയെത്തുന്നതു തടയാന്‍ ഗവണ്‍മെന്‍റ് പല ശ്രമങ്ങളും നടത്തിയതായും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.   

പെഷാവര്‍, മുല്‍ത്താന്‍, ലഹോര്‍ എന്നീ നഗരങ്ങളിലും ഇത്തരം സമ്മളനങ്ങള്‍ ഇനി നടക്കാനുണ്ട്. അതിനുശേഷം ഇമ്രാന്‍റെ രാജി ആവശ്യപ്പെട്ട്‌ ജനുവരിയില്‍ ഇസ്ലാമാബാദില്‍ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കു ലോങ് മാര്‍ച്ച് നടക്കും. അവിശ്വാസ പ്രമേയം, പാര്‍ലമെന്‍റില്‍നിന്നും പ്രവിശ്യാ നിയമസഭകളില്‍നിന്നുമുള്ള കൂട്ടരാജി തുടങ്ങിയ പരിപാടികളും പ്രതിപക്ഷത്തിന്‍റെ പരിഗണനയിലുണ്ട്.  

ഏറ്റവും വലിയ രണ്ടു കക്ഷികളായ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ (പിഎംഎല്‍-എന്‍), പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവ ഉള്‍പ്പെടെ പതിനൊന്നു കക്ഷികളാണ് ഇമ്രാനെതിരെ ഒത്തുചേര്‍ന്നിരിക്കുന്നത്. പാക്കിസ്ഥാന്‍ ജനാധിപത്യ പ്രസ്ഥാനം (പിഡിഎം) എന്നറിയപ്പെടുന്ന ഈ സഖ്യത്തെ പ്രമുഖ മതാധിഷ്ഠിത കക്ഷിയായ ജംഇയ്യത്തുല്‍ ഉലമായെ ഇസ്ലാം (എഫ്) തലവന്‍ മൗലാന ഫസലുര്‍ റഹമാന്‍ നയിക്കുന്നു. 

ഇതുപോലൊരു സഖ്യത്തിനുവേണ്ടി മൗലാന മുന്‍പും ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. നവാസ് ഷരീഫിന്‍റെ പിഎംഎല്‍-എന്‍, മുന്‍പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയും മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും നയിക്കുന്ന പിപിപി എന്നിവര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയായിരുന്നു മുഖ്യ കാരണം.

എന്നാല്‍, ഇപ്പോള്‍ അവര്‍ തുല്യദുഃഖിതരാണ്. രണ്ടു കക്ഷികളുടെയും നേതാക്കളെ ഇമ്രാന്‍ അഴിമതിക്കേസുകളിലൂടെ വേട്ടയായിക്കൊണ്ടിരിക്കുന്നു. 

നവാസ് ഷരീഫ്, സഹോദരനായ മുന്‍പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ് എന്നിവര്‍ ഉള്‍പ്പെടെയുളള പിഎംഎല്‍-എന്‍ നേതാക്കളും മുന്‍പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി, സഹോദരി ഫര്യാല്‍ താല്‍പൂര്‍, മുന്‍പ്രധാനമന്ത്രി യൂസുഫ് റസഗീലാനി എന്നിവരെപ്പോലുള്ള പിപിപി നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു.  ഷരീഫിനു രണ്ടു കേസുകളില്‍ ജയില്‍ശിക്ഷ ലഭിക്കുകയും ചെയ്തു. 

ഇതേസമയം, സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെയുള്ള അഴിമതിയാരോപണങ്ങളുടെ നേരെ ഇമ്രാന്‍ കണ്ണടയ്ക്കുകയാണന്ന പരാതിയും അവര്‍ക്കുണ്ട്.  ഇതിനെല്ലാം എതിരെ ഒന്നിച്ചുനിന്നു പൊരുതേണ്ടത് അവരുടെ ആവശ്യമായിത്തീര്‍ന്നു. 

pakistani-army-chief-gen-qamar-javed-bajwa
Pakistani Army Chief Gen. Qamar Javed Bajwa. Photo Credit: Muhammad Yousuf / AP Photo

ഇമ്രാനെതിരെ ആഞ്ഞടിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇതെന്നും അവര്‍ മനസ്സിലാക്കുന്നു. അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം, വിലക്കയറ്റം വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവ മൂലം  പൊറുതിമുട്ടിയ ജനങ്ങള്‍ ഇമ്രാന്‍റെ കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണത്തില്‍ തീര്‍ത്തും അസംതൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പിഡിഎം രൂപീകരിക്കാനായി സെപ്റ്റംബര്‍ 20നു ചേര്‍ന്ന പ്രതിപക്ഷ നേതൃയോഗത്തിലും ലണ്ടനില്‍നിന്നു വിഡിയോ ലിങ്ക് വഴി ഷരീഫ് പ്രസംഗിക്കുകയുണ്ടായി.

പാക്കിസ്ഥാന്‍ ഇന്ന് എത്തിച്ചേര്‍ന്നിട്ടുള്ള ദുരവസ്ഥയ്ക്ക് ഉത്തരവാദി ഇമ്രാനേക്കാള്‍ പട്ടാളമാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. 

കോടതി വിധികളിലൂടെ തന്നെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ ജനറല്‍മാര്‍ ജഡ്ജിമാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇമ്രാനെ അധികാരത്തിലേറ്റാന്‍ 2018ലെ തിരഞ്ഞെടുപ്പില്‍ അവര്‍ കൃത്രിമം കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു. പാക്ക് പട്ടാളം രാഷ്ട്രത്തിനു മുകളിലുള്ള മറ്റൊരു രാഷ്ട്രമായി പ്രവര്‍ത്തിക്കുകയാണെന്നു തുറന്നടിക്കാനും അദ്ദേഹം മടിച്ചില്ല. 

ജനറല്‍മാരുടെ പേരെടുത്തു പറഞ്ഞുകൊണ്ട് ഷരീഫ് ഗുജ്റന്‍വാല പ്രസംഗത്തില്‍ നടത്തിയ കുറ്റപ്പെടുത്തലുകള്‍ ഗവണ്‍മെന്‍റിന്‍റെ വാര്‍ത്താ നിയന്ത്രണം കാരണം പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. വിദേശ മാധ്യമങ്ങളിലൂടെയാണ് ലോകം അറിഞ്ഞത്. 

ഇത്തരം പരാമര്‍ശങ്ങള്‍ അഭൂതപൂര്‍വമാണെങ്കിലും ഷരീഫിന്‍റെ കാര്യത്തില്‍ തികച്ചും അപ്രതീക്ഷിതമല്ല. കാരണം, നിലവിലുള്ള സാഹചര്യത്തില്‍ ഷരീഫിനു വേറെ പോംവഴിയില്ല. സുപ്രീം കോടതിവിധിയിലൂടെ 2017 ല്‍ ഭരണം നഷ്ടപ്പെട്ടശേഷം അഴിമതിവിരുദ്ധ കോടതികളില്‍നിന്ന് അദ്ദേഹത്തിനു ജയില്‍ശിക്ഷയും കിട്ടി. വേറെയും കേസുകള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നു. ഇതെല്ലാം കാരണം അദ്ദേഹത്തിന്‍റെ ഭാവി ഇരുളടഞ്ഞതായിത്തീര്‍ന്നു. 

അതിനിടയിലാണ്, ലഹോര്‍ ഹൈക്കോടതിയുടെ അനുമതിയോടെ ഹൃദ്രോഗ ചികില്‍സയ്ക്കായി കഴിഞ്ഞ നവംബറില്‍ ഷരീഫിനു നാലാഴ്ചത്തേക്കു ലണ്ടനിലേക്കു പോകാനായത്. പത്തുമാസം കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. അതുകാരണം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെടുകയും അദ്ദേഹത്തിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവുണ്ടാവുകയും ചെയ്തു. 

പക്ഷേ, ഷരീഫിന് ഒട്ടും കൂസലില്ലെന്നു കഴിഞ്ഞ ഒരു മാസത്തിനിടയില്‍ അദ്ദേഹം ലണ്ടനില്‍നിന്നു നടത്തിയ രണ്ടു പ്രസംഗങ്ങളും വ്യക്തമാക്കുന്നു. ഇമ്രാനുമായും അദ്ദേഹത്തെ താങ്ങിനിര്‍ത്തുന്ന പട്ടാളവുമായും നേരിട്ട് ഏറ്റുമുട്ടാന്‍തന്നെയാണ് അദ്ദേഹത്തിന്‍റെ ഭാവം. 

pakistan-politician-imran-khan-profile-image
Imran Khan. Photo Credit : Angela Weiss / AFP

താന്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇമ്രാന്‍, സഹോദരി അലീമ, ഇമ്രാന്‍റെ സ്പെഷ്യല്‍ അസിസ്റ്റന്‍റായിരുന്ന ജനറല്‍ അസീം സലീം ബാജ്വ എന്നിവര്‍ക്കെതിരായ  അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കുമെന്നു ഗുജ്റന്‍വാല പ്രസംഗത്തില്‍ ഷരീഫ് പ്രഖ്യാപിക്കുകയുമുണ്ടായി. 

ഇതിനെല്ലാം എതിരെ ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത് അതിരൂക്ഷമായ ഭാഷയിലാണ്. മുന്‍പ്രധാനമന്ത്രിയെ കുറുക്കനെന്നു വിളിച്ച അദ്ദേഹം ഷരീഫിനെ താന്‍ നാട്ടിലേക്കു മടക്കിക്കൊണ്ടുവരുമെന്നു ശപഥം ചെയ്യുകയും വിഐപി പരിഗണനകള്‍ ഒന്നുമില്ലാതെ ഒരു സാധാരണ ക്രിമിനലിനെപ്പോലെ ജയിലില്‍ അടക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഇതോടെ പാക്ക് രാഷ്ട്രീയം മുന്‍പൊരിക്കലും കടന്നുപോയിട്ടില്ലാത്ത ഒരു വഴിയിലേക്കു പ്രവേശിച്ചിരിക്കുകയാണ്.  

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom : Pakistan’s Former Prime Minister takes the Generals head on amid growing confrontation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.