നൈജീരിയ: ആളിക്കത്തിയ ജനരോഷം

HIGHLIGHTS
  • രാജ്യം സമ്പന്നം, ജനങ്ങള്‍ ദാരിദ്ര്യത്തില്‍
  • പൊലീസ് വിഭാഗം അക്രമി സംഘമായി
nigeria-president-muhammadu-buhari-profile-photo
Muhammadu Buhari. Photo Credit : Sunday Alamba / AP Photo)
SHARE

ആഫ്രിക്കയില്‍ ജനസംഖ്യയിലും എണ്ണസമ്പത്തിലും ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന രാജ്യമായ നൈജീരിയയില്‍ ഈയിടെ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം അവസാനിച്ചത് എഴുപതോളം പേരുടെ മരണത്തിനു ശേഷമാണ്. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെങ്കിലും അന്തരീക്ഷത്തില്‍ സംഘര്‍ഷം മുറ്റിനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രക്ഷോഭത്തിനു കാരണമായിത്തീര്‍ന്ന പ്രശ്നങ്ങളില്‍ പലതും ബാക്കി കിടക്കുകയും ചെയ്യുന്നു. അതിനാല്‍, ജനരോഷം വീണ്ടും പൊട്ടിത്തെറിക്കാനുള്ള സാധ്യതകള്‍ അധികമാരും തള്ളിക്കളയുന്നില്ല. 

'സാര്‍സ്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന പ്രത്യേക പൊലീസ് വിഭാഗത്തിന്‍റെ നിഷ്ഠുരമായ അതിക്രമങ്ങളായിരുന്നു ഒക്ടോബര്‍ ഏഴുമുതല്‍ രണ്ടാഴ്ചയോളം നീണ്ടുനിന്ന പ്രക്ഷോഭത്തിനു  മുഖ്യകാരണം. യുവാക്കളായിരുന്നു സമരത്തിന്‍റെ മുന്‍നിരയില്‍. 

ഏഷ്യയിലെ ഹോങ്കോങ്ങിലും തായ്​ലൻഡിലും ഇടയ്ക്കിടെ നടന്നുവരുന്നതും അടുത്ത കാലത്തു ലോകത്തിന്‍റെ മറ്റു പല ഭാഗങ്ങളും സാക്ഷ്യം വഹിച്ചതുമായ യുവശ്ശക്തി പ്രകടനങ്ങളെപ്പോലെ ഇതിനും സംഘടനയോ നേതാക്കളോ ഉണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ വിവരമറിയുന്ന മുറയ്ക്കു രാജ്യത്തിന്‍റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും യുവാക്കള്‍ സമരത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു.

'സാര്‍സ്' പിരിച്ചുവിട്ടതായി പ്രഖ്യാപിക്കാന്‍ പ്രസിഡന്‍റ് മുഹമ്മദു ബുഹാരി നിര്‍ബന്ധിതനായി. പക്ഷേ, ജനങ്ങള്‍ അതുകൊണ്ടു സംതൃപ്തരായിട്ടില്ല. കാരണം, 'സാര്‍സി'നെതിരെ ഇതിനു മുന്‍പും-ചുരുങ്ങിയതു നാലു തവണ-ജനരോഷം ആളിക്കത്തുകയും അപ്പോഴെല്ലാം അതിനെ പിരിച്ചുവിടാന്‍ ഭരണകൂടം സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ആ വാക്കുകള്‍ പൂര്‍ണമായി പാലിക്കപ്പെട്ടിരുന്നില്ല.

പ്രക്ഷോഭത്തിനു തിരികൊളുത്തിയത് 'സാര്‍സി'നോടുള്ള പ്രതിഷേധമായിരുന്നുവെങ്കിലും ജനങ്ങളെ, വിശേഷിച്ച് യുവാക്കളെ ഗവണ്‍മെന്‍റിനെതിരെ തെരുവില്‍ ഇറക്കിയത് അതു മാത്രമായിരുന്നില്ല. നൈജീരിയയ്ക്കു  മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും അതിന്‍റെ പ്രയോജനം ജനങ്ങളില്‍ എത്തുന്നില്ലെന്ന ദീര്‍ഘകാലത്തെ പരാതിയും സമരത്തിനു വഴിയൊരുക്കുകയായിരുന്നു. 

മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ (ജിഡിപി) അടിസ്ഥാനത്തില്‍ ആഫ്രിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ് നൈജീരിയ. എണ്ണ കയറ്റുമതിയിലും പ്രകൃതി വാതക നിക്ഷേപത്തിന്‍റെ കാര്യത്തിലും ആ ഭൂഖണ്ഡത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. 

അതേസമയം, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവും ആഫിക്കയില്‍ ഏറ്റവുമധികം നൈജീരിയയിലാണ്. ബ്രിട്ടനില്‍നിന്നു സ്വാതന്ത്യം നേടി 60 വര്‍ഷം പിന്നിട്ട ശേഷവും ജനങ്ങള്‍ക്കു മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്താന്‍ നൈജീരിയയുടെ സാരഥികള്‍ക്കു കഴിഞ്ഞില്ല. 

പ്രശസ്തരമായ സിവിലിയന്‍ നേതാക്കളും അവരില്‍നിന്നു പല തവണ അധികാരം പിടിച്ചടക്കിയ പട്ടാളത്തലവന്മാരും സൈനിക യൂനിഫോം ഉപേക്ഷിച്ച് സിവിലിയന്‍ അങ്കിയണിഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്. ഈ മൂന്നാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആളാണ് അഞ്ചുവര്‍ഷമായി അധികാരത്തിലിരിക്കുന്ന പ്രസിഡന്‍റ് മുഹമ്മദു ബുഹാരി. കുറച്ചുകാലം അദ്ദേഹവും ഒരു സൈനിക ഭരണകൂടത്തിന്‍റെ തലവനായിരുന്നു. 

നൈജീരിയയിലെ 20 കോടിയില്‍പ്പരം ജനങ്ങളില്‍ 40 ശതമാനംവരെ (എട്ടു കോടിയിലേറെപേര്‍) ജീവിക്കുന്നതു ദാരിദ്ര്യ രേഖയ്ക്കു താഴെയാണ്.  ദാരിദ്ര്യ നിര്‍മാര്‍ജനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുടെ കൂട്ടായ്മയായ ഓക്സ്ഫാമിന്‍റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിലുള്ളതാണ് ഈ അമ്പരപ്പിക്കുന്ന സത്യം. പൊതുജനാരോഗ്യം, പൊതു വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ സ്ഥിതിഗതികള്‍ പരമ ദയനീയം. 

ജനങ്ങളില്‍ 27.1 ശതമാനം പേര്‍ക്കു തൊഴിലില്ലെന്നു ഗവണ്‍മെന്‍റിന്‍റെതന്നെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 25 വയസ്സിനും 34 വയസ്സിനും ഇടയിലുള്ള യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 30 ശതമാനമാണ്. നൈജീരിയയിലെ ജനങ്ങള്‍ക്കിടയില്‍ 30 വയസ്സിനു താഴെയുള്ളവര്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 40 ശതമാനമാണെന്നുകൂടി ഓര്‍ക്കണം. 

അഴിമതിയുടെ രംഗത്തും ആഫ്രിക്കയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുകയാണ് നൈജീരിയ. രാജ്യങ്ങളിലെ അഴിമതി നിരീക്ഷിക്കുകയും അതിനെതിരായ പോരാട്ടത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന രാജ്യാന്തര സംഘടനയായ 'ട്രാന്‍സ്പേറന്‍സി  ഇന്‍റര്‍നാഷനല്‍' പറയുന്നതാണിത്. 

nigeria-politician-olusegun-obasanjo-profile-photo
Olusegun Obasanjo. Photo Credit : Richard Drew / AP Photo

1993ല്‍ രൂപംകൊണ്ട ഈ സംഘടനയുടെ സ്ഥാപകരില്‍ ഒരാള്‍ പില്‍ക്കാലത്തു നൈജീരിയയുടെ പ്രസിഡന്‍റായിരുന്നു-ഒലുസഗുന്‍ ഒബസാന്‍ജോ. അദ്ദേഹത്തിന്‍റെ മുന്‍ഗാമിയായിരുന്ന  പട്ടാള ഭരണാധിപന്‍ ജനറല്‍ സാനി ഒബാച്ച എണ്ണപ്പണം കൊള്ളയടിക്കുന്നതില്‍ ചരിത്രംതന്നെ സൃഷ്ടിക്കുകയുമുണ്ടായി. 

രാജ്യത്തിന്‍റെ വടക്കു കിഴക്കന്‍ മേഖലയില്‍ ബോക്കോ ഹറാം പോലുളള ഭീകര സംഘങ്ങളുടെ വിളയാട്ടമാണ്. അതിനിടയില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന വിധത്തില്‍ മറ്റൊരു പ്രതിഭാസവും ഉടലെടുത്തു. കവര്‍ച്ച, മോചന ദ്രവ്യം തട്ടിയെടുക്കുന്നതിനുവേണ്ടി ആളുകളെ തട്ടിക്കൊണ്ടുപോകല്‍ എന്നിവ പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു.

അതവസാനിപ്പിക്കാന്‍ സാധാരണ പൊലീസ് സേന മതിയാവില്ലെന്ന ന്യായത്തില്‍ ഗവണ്‍മെന്‍റ് പൊലീസില്‍ ഒരു പ്രത്യേക വിഭാഗത്തിനു രൂപം നല്‍കി. അങ്ങനെ 1993ല്‍ നിലവില്‍വന്നതാണ് സ്പെഷ്യല്‍ ആന്‍റി റോബറി സ്ക്വാഡ് അഥവാ 'സാര്‍സ്'. പക്ഷേ, വെളുക്കാന്‍ തേച്ചതു പാണ്ടായി. 

ഭരണകൂടം നല്‍കിയ പ്രത്യേകമായ അധികാരത്തിന്‍റെ പിന്‍ബലത്തോടെ അതേ കുറ്റകൃത്യങ്ങളില്‍ 'സാര്‍സി'ലെ അംഗങ്ങളും ഏര്‍പ്പെടാന്‍ തുടങ്ങി. വെറും സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ആളുകളെ, വിശേഷിച്ച് ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി തടവിലിടുന്നതും ക്രൂരമായി പീഡിപ്പിക്കുന്നതും പതിവായി. അവരുടെ പിടിയിലായതിനെ തുടര്‍ന്നു കാണാതായവരുമുണ്ട്. 

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ മാത്രം നടന്ന ഇത്തരം 82 സംഭവങ്ങള്‍ വിവരിക്കുന്ന ഒരു റിപ്പോര്‍ട്ട് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അടി, ഇടി, ചവിട്ട്, കത്തുന്ന സിഗരറ്റ് കുറ്റികൊണ്ടു പൊള്ളലേല്‍പ്പിക്കല്‍ തുടങ്ങി, കഴുത്തില്‍ കയറിട്ടുതൂക്കല്‍, കഴുത്തുവരെ തലമുഴുവന്‍ പ്ളാസ്റ്റിക് സഞ്ചികൊണ്ടുമൂടിയും വെള്ളത്തില്‍ കുറേനേരെ തലമുക്കിപ്പിടിച്ചും ശ്വാസംമുട്ടിക്കല്‍വരെയുള്ള അവരെ മര്‍ദ്ദനമുറകള്‍ അതില്‍ വിവരിച്ചിട്ടുണ്ട്. 

നൈജീരിയയുടെ അറുപതാം സ്വാതന്ത്ര്യദിന വാര്‍ഷികത്തിന്‍റെ ഏഴാം നാള്‍ (ഒക്ടോബര്‍ ഏഴിനു) സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഒരു വിഡിയോ ജനങ്ങളെ ഞെട്ടിച്ചു. തങ്ങളുടെ പിടിയിലായ ഒരു യുവാവിനെ  'സാര്‍സി'ലെ ചിലര്‍ കൂടിനിന്നു മര്‍ദ്ദിക്കുന്നതും അയാള്‍ മരിക്കുന്നതുമാണ് അതില്‍ ചിത്രീകരിച്ചിരുന്നത്. സമരം പൊട്ടിപ്പുറപ്പെട്ടത് അതോടെയാണ്. 

പട്ടാള ഭരണം അവസാനിച്ചതിനു ശേഷമുള്ള രണ്ടു ദശകങ്ങള്‍ക്കിടയില്‍ ഉണ്ടായ ഏറ്റവും വലിയ ജനമുന്നേറ്റമായി അതു വളര്‍ന്നു. സമാധാനപരമായി പ്രകടനം നടത്തിയവരെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും   ഗവണ്‍മെന്‍റ് നേരിട്ടത് പൊലീസിനെയും പട്ടാളത്തെയും കയറൂരി വിട്ടുകൊണ്ടായിരുന്നു. 

പഴയ തലസ്ഥാനവും രാജ്യത്തിന്‍റെ സാമ്പത്തിക സിരാകേന്ദ്രവുമായ ലേഗോസില്‍ ഒക്ടോബര്‍ 11നു നടന്ന വെടിവയ്പില്‍ 12 പേര്‍ മരിച്ചു. സമരര്‍ക്കാര്‍ക്കിടയില്‍ ഗുണ്ടകള്‍ കയറിപ്പറ്റുകയും അക്രമങ്ങള്‍ അഴിച്ചുവിട്ടതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. 

സാര്‍സ് പിരിച്ചുവിടുകയാണെന്നു പ്രസിഡന്‍റ് ബുഹാരി പ്രഖ്യാപിച്ചത് അതിനെ തുടര്‍ന്നാണ്. പ്രകടനക്കാര്‍ പിരിഞ്ഞുപോയതോടെ പ്രശ്നം തല്‍ക്കാലത്തേക്കെങ്കിലും അവസാനിച്ചുവെന്ന ആശ്വാസത്തിലാണ് ബുഹാരിയും അദ്ദേഹത്തിന്‍റെ ഗവണ്‍മെന്‍റും. എന്നാല്‍, ജനമുന്നേറ്റത്തിനു മുന്നില്‍ ഇത്തവണ ഭരണകൂടം പതറിപ്പോയെന്ന സത്യവും അവശേഷിക്കുന്നു. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : President Muhammadu Buhari urges 'peace' as Nigeria struggles with unrest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA