ADVERTISEMENT

ലോകം മുഴുവൻ രുചിയൊരുക്കി യാത്ര ചെയ്ത പ്രൊഫഷണൽ ഷെഫാണ് ജോസഫ് ജോൺ കരിയാനപ്പള്ളി എന്ന കുട്ടനാട്ടുകാരൻ. ഹോട്ടൽ മേഖലയിൽ നാൽപത് വർഷത്തിൽ ഏറെ ജോലി ചെയ്ത വ്യക്തിയാണ് ജോസഫ്. ‘കണക്ടിങ് ദി ഡോട്ട്സ്’ എന്ന സ്വന്തം പുസ്തകത്തിന്റെ പ്രിന്റിങ് ആവശ്യത്തിനായാണ് ബെംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് എത്തിയത്, ലോക്ഡൗൺ തുടർന്നതോടെ തൃശ്ശൂരിലെ ഫ്ലാറ്റ് ലൈഫിലേക്ക് മാറി. മുറിക്കുള്ളിലെ ജീവിതത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ട കാഴ്ചകൾ ഹൃദയത്തിൽ തൊട്ടു. പാചകം ചെയ്യാനുള്ള തന്റെ കഴിവ് ഈ സമയത്ത് ഉപയോഗിക്കാൻ ചുറ്റുമുള്ളവർക്ക് സഹായമാക്കാൻ പ്രവർത്തനം തുടങ്ങി. ഇതേകുറിച്ച് ജോസഫ് മനോരമഓൺലൈനോട് സംസാരിച്ചപ്പോൾ...

പാചകം ഏറെ ഇഷ്ടപ്പെട്ട് ചെയ്യുന്ന കാര്യമാണ്. ലോക്ഡൗണിൽ ഫ്ലാറ്റിന്റെ ബാൽക്കണി ജീവിതത്തിൽ തൃശൂരിന്റെ ആകാശ വീക്ഷണം കണ്ട് മടുത്ത ഞാൻ രാവിലെ അൽപ്പം ശുദ്ധവായൂ ശ്വസിക്കാൻ  വടക്കും നാഥന്റെ തിരുമുറ്റത്ത് എത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു...ഏതാണ്ട് മുന്നൂറിൽ അധികം ആളുകൾ റൗണ്ടിലും റോഡരികിലും മരച്ചുവടുകളിലുമായി പകുതി നനഞ്ഞും അല്ലാതെയും ഒരു പിടി ചോറിനായി യാചിക്കുന്നു...എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നിയ ദിവസം...ഇതേകുറിച്ച് ഫേസ്ബുക്കിൽ കുറിച്ചതിന് ലഭിച്ച പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. ലോക്ഡൗൺ പരിമിതികൾ ധാരാളം ഉള്ളത് കൊണ്ട് കൂടുതൽ പേർക്ക് വേണ്ടി വീട്ടിനുള്ളിലെ സൗകര്യങ്ങളിൽ നിന്നും കൂടുതൽ ഭക്ഷണപൊതികൾ തയാറാക്കുന്നത് പ്രായോഗികമല്ലായിരുന്നു. 

ഫെസ്ബുക്ക് കുറിപ്പ്

എല്ലാ സൗകര്യങ്ങളും ഒത്തു വന്ന് സഹായം തുടങ്ങാൻ നിന്നില്ല. ആദ്യദിവസം ഫ്ലാറ്റിലെ അടുക്കളയുടെ സ്ഥലപരിമിതിയിൽ ജോസഫും ഭാര്യയും ചേർന്ന് 17 പൊതിച്ചോറുകൾ തയാറാക്കി ആവശ്യക്കാരിലേക്ക് എത്തിച്ചു. ഇതിന്റെ ചിത്രങ്ങളും കുറിപ്പും സമൂഹമാധ്യമങ്ങളിലെ മനുഷ്യസ്നേഹികൾ ഏറ്റെടുത്തു. ഈ ചെറിയ നന്മ ഏറ്റെടുക്കാൻ പല ബാനറുകളും വിഭഗങ്ങളും മുന്നോട്ട് വരുന്നുണ്ട്. അവരോടൊക്കെ ജോസഫേട്ടൻ എന്ന അറുപത് വയസുകാരന്  പറയാൻ ഒന്നു മാത്രം  ജാതി, മതം, സമുദായം ഇതിന്റെ ഒന്നും ബാനറിൽ ഈ കാര്യം ചെയ്യാൻ ഉദ്ദ്യേശിക്കുന്നില്ല. കോവിഡ് പ്രമാണിച്ച് വീട്ടിൽ വെറുതെ ഇരുന്നപ്പോൾ അനാവശ്യമായ ശരീരിക അസുഖങ്ങളൊക്കെ അലട്ടുന്നത് പോലെ എനിക്ക് തോന്നി. എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക എന്ന ഒരു രീതിയിലാണ് ഇത് ചെയ്യാൻ തുടങ്ങിയത്. മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയാണെങ്കിൽ പണത്തേക്കാൾ ഉപരി അരിയും സാധനങ്ങളും തന്നോ അല്ലെങ്കിൽ പച്ചക്കറി അരിയാനും ഭക്ഷണം പൊതിഞ്ഞ് കൊടുക്കാനും സഹായിച്ചാൽ വളരെ ഉപകാരമായിരിക്കും.  സഹായം ചെയ്യാൻ തയാറായി വിളിച്ചവരോടൊക്കെ പറയാനുള്ളത് ഒരു സൗകര്യം കാണിച്ചു തന്നാൽ മാത്രം മതി. വീടിനോട് ചേർന്ന ചാർത്തോ മഴപെയ്താൽ നനയാത്ത ഒരു സ്ഥലമോ മാത്രം മതി അത് അടുക്കളയാക്കി രൂപപ്പെടുത്താൻ എന്നെക്കൊണ്ട് സാധിക്കും.

 

ഈ ലോക്ഡൗൺ സമയത്ത് നടന്ന് ഭക്ഷണം കൊടുക്കുന്നത് പ്രായോഗകമല്ല. തിങ്കളാഴ്ച സിറ്റി മേയറേയും പൊലീസ് കമ്മീഷണറെയും കണ്ട് അനുവാദം മേടിച്ചിട്ട് ഇതുമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. രണ്ടാം ദിനത്തിൽ 30 പൊതിച്ചോറ് തയാറാക്കാൻ സാധിച്ചു, ഇത് മുന്നൂറിലേക്ക് എത്തിക്കണം. തൃശ്ശൂരിൽ വിശക്കുന്നവർ ഇല്ല എന്ന് ഉറപ്പ് വരുത്താൻ അധികാരികൾ സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് ജോസഫ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com