ADVERTISEMENT

വെറും ഒന്നേമുക്കാൽ വർഷം കൊണ്ടാണ് യൂട്യൂബിലെ മാംമ്സ് ഡെയ്​ലി  എന്ന പാചക വ്ളോഗ് പത്ത് ലക്ഷം കാഴ്ചക്കാരെ നേടിയെടുത്തത്. യൂറോപ്പിലെ ആദ്യത്തെ മലയാളി വൺ മില്യൻ യൂട്യൂബറാണ് നീതു. സോഫ്റ്റ്‌വെയർ എൻജിനീയറായ നീതുവിനു പിന്തുണയുമായി നാല് മക്കളും ഭർത്താവും അടങ്ങുന്ന കുടുംബവുമുണ്ട്. പതിനാല് വർഷം മുൻപ് ഭർത്താവിനൊപ്പം ലണ്ടനിൽ എത്തിയതാണ് നീതു. ഇഷ്ടമുള്ള കാര്യം ചെയ്യാൻ ഒന്നും ഒരു തടസ്സമല്ലെന്നാണ് നീതു പറയുന്നത്. വിജയകരമായി യുട്യൂബ് ചാനലും ജോലിയും കുടുംബവും കൊണ്ടു പോകുന്നതിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി നീതു പങ്ക് വയ്ക്കുന്നു.

സോഫ്റ്റ്‌വെയർ എൻജിനീയർ; പാചകം ഇഷ്ടത്തോടെ

മൂന്ന് ആൺമക്കൾക്കു ശേഷം പെൺകുട്ടി ഉണ്ടായപ്പോൾ ജോലി ഉപേക്ഷിച്ച് കുട്ടിയെ നോക്കാൻ വീട്ടിലിരുന്നു. ആൺമക്കൾ സ്കൂളിലും ഭർത്താവ് ജോലിക്കും പോയിക്കഴിഞ്ഞാൽ വേറൊന്നും ചെയ്യാനില്ല. ജോലിക്കു പോയിരുന്നതു കൊണ്ട് വീട്ടിൽ വെറുതേ ഇരിക്കാനും മടി. ആ സമയത്താണ് പാചക പരീക്ഷണത്തിലേക്കു തിരിഞ്ഞത്. ചെറുപ്പത്തിലേ ജോലിയും മറ്റുമായി തിരക്കായതുകൊണ്ട് പാചക പരീക്ഷണത്തിന് വേണ്ടത്ര സമയം കിട്ടിയിട്ടില്ല. നാട്ടിൽനിന്നു കൊണ്ടുവന്നിരുന്ന പാചകക്കുറിപ്പുകൾ എടുത്ത് സ്വന്തം രീതിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തി ചെയ്യാൻ തുടങ്ങി. ഇതോടൊപ്പം വിഡിയോ എഡിറ്റിങ് ഏറെ ഇഷ്ടമുള്ളതും ഒട്ടും മടുപ്പിക്കാത്തതുമായ ജോലിയായി തോന്നി.

neethu-mamsdaily-pic
നീതുവും ജോൺസണും മക്കളായ ലിയം, ജെയ്ഡൻ, നൈതൻ, മെഗൻ എന്നിവർക്കൊപ്പം

ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ ചാനൽ തുടങ്ങി 

ചാനൽ തുടങ്ങി 15 വിഡിയോ ഇട്ടു, ഒന്നും പ്രതീക്ഷിച്ചല്ല ഇതൊക്കെ ചെയ്തത്. എഡിറ്റിങ് ഇഷ്ടമാണ്. 20 വിഡിയോയ്ക്ക് ശേഷമാണ് ഒരു വിഡിയോ ഹിറ്റായത്, അതൊരു ലെമൺ ജ്യൂസ് വിഡിയോയായിരുന്നു.

ചാനൽ തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ തിരിച്ച് ജോലിക്കും കയറി. പല സ്ഥലത്തും ജോലിക്ക് അപ്ലൈ ചെയ്തിട്ടുണ്ടായിരുന്നു. കാരണം അഞ്ച് വർഷമായി ജോലിയിൽനിന്നു ബ്രേക്ക് എടുത്തതു കൊണ്ട്  വീണ്ടും ജോലി കണ്ടുപിടിക്കുക എന്നതും പ്രയാസമായിരുന്നു. എന്തായാലും ഇഷ്ടപ്പെട്ട ഒരു കാര്യം ചെയ്യാൻ തുടങ്ങിയപ്പോൾ ജോലിയും തേടിവന്നു. എല്ലാവരും ചോദിക്കും നാല് പിള്ളേർ, വീട്, ജോലി ഇതൊക്കെ എങ്ങനെ നോക്കുന്നു എന്ന്. ഇഷ്ടമുള്ള കാര്യം ചെയ്യാനുള്ള സമയം നമുക്ക് കണ്ടെത്താൻ സാധിക്കും. പാചകം വിഡിയോയിൽ ബോറടിക്കാറേയില്ല, ഓരോ ദിവസവും പുതിയ ചേരുവകൾ, പുതിയ പാചകക്കുറിപ്പുകൾ.

തൃശൂർ സെന്റ് മേരീസ് കോളജിൽനിന്നു ബിസിഎ എടുത്ത ശേഷം കോയമ്പത്തൂരിൽ എംസിഎയ്ക്കു ചേർന്നു. അവിടെനിന്ന് ആദ്യത്തെ മൂന്നു മാസത്തിനുള്ളിൽ  ഒരു ക്യാംപസ് സിലക്‌ഷനിലൂടെ ജോലിക്ക് കയറി. ആദ്യം ജോലി, പഠനം പിന്നെയും തുടരാമല്ലോ എന്നാണ് ചിന്തിച്ചത്. മൂന്നു വർഷം മുൻപാണ് എംസിഎ പൂർത്തിയാക്കിയത്.

പാചകത്തിൽ വീട്ടിൽ വിജയിച്ച രുചി വിഡിയോകൾ മാത്രമേ പബ്ളിഷ് ചെയ്യാറുള്ളു. ചിലപ്പോൾ നമ്മുടേതായ ചേരുവകൾ ചേർക്കുമ്പോൾ പാകപ്പിഴകൾ വരാറുണ്ട്. അങ്ങനെയുള്ള വിഡിയോകൾ ഇടാറില്ല. അതുതന്നെ ‘ഡു നോട്ട് പബ്ളിഷ്’ എന്നൊരു ഫോൾഡറിലാക്കി വച്ചിട്ടുണ്ട്.

പാചക ഇഷ്ടത്തിൽ തുടങ്ങിയ യൂട്യൂബിൽ നിന്നു നല്ല വരുമാനവും ഇപ്പോൾ ലഭിക്കുന്നുണ്ട്. ആഴ്ചയിൽ 14 വിഡിയോകൾ ഇടാറുണ്ട്. മക്കളുടെ ആവശ്യങ്ങൾ,  ജോലിത്തിരക്ക് അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ മാത്രമേ മുടക്കം വരാറുള്ളു.

ദിവസവും കാഴ്ചക്കാരുടെ എണ്ണം നോക്കിയിരുന്ന ഒരു കാലമുണ്ട്. ആദ്യമൊക്കെ വെറും പത്തും അറുപതും കാഴ്ചക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. മടുപ്പ് കൂടാതെ തുടർച്ചയായി 15 വിഡിയോകൾ വരെ ചെയ്ത ശേഷമാണ് ഒരെണ്ണം ഹിറ്റായത്. തുടക്കക്കാർക്ക് ഇൻസ്റ്റന്റ് റിസൽറ്റ് വേണം എന്ന വാശി പാടില്ല. ക്ഷമയാണ് ഇവിടെ പ്രധാനം. ഇഷ്ടത്തോടെ ചെയ്താൽ മടുപ്പ് ഉണ്ടാകില്ല. യൂട്യൂബിന് വേണ്ടി അധികം പണം മുടക്കി വലിയ ഇൻവെസ്റ്റ്മെന്റ് ചെയ്യരുത്,  കാത്തിരുന്ന് മുന്നോട്ട് പോകാൻ പറ്റിയെങ്കിൽ വിലകൂടിയ ഉപകരണങ്ങൾ വാങ്ങുക.

മാംമ്സ് ഡേയ്​ലി

ചാനലിന് എന്ത് പേരുവേണം എന്ന ആലോചന വന്നപ്പോൾ മോനാണ് പറഞ്ഞത് മമ്മി എല്ലാ ദിവസവും കുക്ക് ചെയ്യില്ലേ അതു കൊണ്ട് Mummy Daily എന്നായാലോ? അതിൽ നിന്നും Mums Daily എന്ന പേരിലേക്ക് എത്തി.

കട്ട സപ്പോർട്ടുമായി കുടുംബം

neethu-family-pic
നീതുവും ജോൺസണും മക്കളായ ലിയം, ജെയ്ഡൻ, നൈതൻ, മെഗൻ എന്നിവർക്കൊപ്പം

തൃശ്ശൂർ ജില്ലയിലെ പുതുക്കാട് സ്വദേശിയാണ് നീതു. പൂഞ്ഞാർ പാതാമ്പുഴ സ്വദേശിയായ ഭർത്താവ് ജോൺസൺ ലണ്ടനിൽ നഴ്സായി ജോലി ചെയ്യുന്നു. ജോൺസനൊപ്പമാണ് നീതു ലണ്ടനിലേക്ക് എത്തിയത്. ഒൻപതാം ക്ലാസുകാരൻ ലിയം, എട്ടാം ക്ലാസുകാരൻ ജെയ്ഡൻ, ആറാം ക്ലാസുകാരൻ നൈതൻ, ഒന്നാം ക്ലാസിൽ പഠിക്കുന്ന മെഗൻ എന്നിവരാണ് മക്കൾ. ഭർത്താവിന്റെയും മക്കളുടെയും നല്ല സപ്പോർട്ട് ഉണ്ട്. മക്കൾ റെക്കോർഡിങ് സമയം മിണ്ടാതിരുന്ന് സഹായിക്കാറുണ്ട്. അതുപോലെ അവരെയും ബുദ്ധിമുട്ടിക്കാറില്ല. അവരുടെ എല്ലാക്കാര്യങ്ങളും ചെയ്ത ശേഷമാണ് വിഡിയോ എഡിറ്റിങ്ങും മറ്റും ചെയ്യുന്നത്. ഇത് ചിലപ്പോൾ പാതിരാത്രിയിലൊക്കെയാകും. വിഡിയോയ്ക്ക് വരുന്ന നെഗറ്റീവ് കമന്റ് ചിലപ്പോൾ ഞാൻ കാണുന്നതിനു മുൻപേ തന്നെ ജോൺസ് ഡിലീറ്റ് ചെയ്ത് കളയും. നമ്മൾ ഇത്രയും ആത്മാർഥമായി ചെയ്യുമ്പോൾ ചെറിയ നെഗറ്റീവ് കമന്റ്സ് പോലും വേദനിപ്പിക്കും. കാണണ്ട, ഡിപ്രസ്ഡ് ആകണ്ട എന്നു കരുതി ചിലപ്പോൾ മകനും കമന്റ്സ് മാറ്റാറുണ്ട്. 

English Summary : 1 Million Subscribers Mums Daily Cooking Vlog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com