ADVERTISEMENT

ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു 2023. മഹാമാരിക്ക് ശേഷം തിരിച്ചു കരകയറാൻ തുടങ്ങിയ രാജ്യങ്ങൾക്ക് റഷ്യ യുക്രെയ്ൻ യുദ്ധവും, ഇസ്രായേൽ ഹമാസ് സംഘർഷവും പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളർച്ചയുടെ പാതയിലായിരുന്നു. എന്നാൽ സാധാരണക്കാരന്റെ പോക്കറ്റിനെ ബാധിക്കുന്ന പല  മാറ്റങ്ങളും 2023 ൽ ഉണ്ടായി. ഓഹരി വിപണിയിലെ ചലനങ്ങൾ മുതൽ പണപ്പെരുപ്പം വരെ ഇതിൽപ്പെടുന്നു. പോയ വർഷം സമ്പദ് രംഗത്തെ ഇളക്കി മറിച്ച പ്രധാനവാർത്തകളിലേക്ക് നമുക്ക് കടന്നു പോകാം.

സമ്പദ് വ്യവസ്ഥ 

2023 വരെയുള്ള ഒമ്പത് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം  ഡോളർ മൂല്യത്തിൽ 87% വർധിച്ച വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. 'ഇന്ത്യയുടെ ജിഡിപി 2014ൽ ഏകദേശം 2 ട്രില്യൺ ഡോളറിൽ നിന്ന് 2023ൽ 3.75 ട്രില്യൺ ഡോളറിലെത്തി; ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുന്നു. ഇന്ത്യയെ ഇപ്പോൾ ആഗോള സമ്പദ്‌വ്യവസ്ഥയിൽ ബ്രൈറ്റ് സ്പോട്ട് എന്ന് വിളിക്കുന്നു, 'ധനമന്ത്രി നിർമല സീതാരാമന്റെ ഓഫീസ് എക്സിൽ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി യഥാർത്ഥത്തിൽ 6.1% ആയി വളർന്നു, ഇത് മിക്ക വിശകലന വിദഗ്ധരും പ്രതീക്ഷിച്ചതിലും വളരെ ഉയർന്നതായിരുന്നു. ദൃഢമായ കാർഷിക മേഖല, ഉന്മേഷദായകമായ സേവന മേഖല, ഉൽപ്പാദനത്തിലെ പിക്ക് അപ്പ്, ശക്തമായ സർക്കാർ കാപെക്‌സ്, അനുകൂലമായ അടിത്തറ എന്നിവ വളർച്ചയെ മുന്നോട്ട് നയിച്ചു. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, 2030-ഓടെ 7.3 ട്രില്യൺ യുഎസ് ഡോളറിന്റെ ജിഡിപിയുമായി ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ സാധ്യതയുണ്ടെന്ന് എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസ് പിഎംഐയുടെ ഏറ്റവും പുതിയ ലക്കത്തിൽ പറഞ്ഞതും ഏറെ വാർത്ത പ്രാധാന്യം നേടി. ഇതേക്കുറിച്ച് കൂടുതൽ വായിക്കാം

topten2

ഓഹരി വിപണി 

ഇന്ത്യയുടെ ഓഹരി വിപണി ഇപ്പോൾ സർവകാല റെക്കോർഡ് നിലയിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിലെ 61000 എന്ന നിലയിൽ നിന്ന് സെൻസെക്സ്  71000 കടന്ന് കുതിക്കുകയാണ്. റഷ്യ യുക്രെയ്ൻ യുദ്ധം, ഇസ്രായേൽ ഹമാസ് സംഘർഷം എന്നിവയൊക്കെ ഉണ്ടായെങ്കിലും ഇന്ത്യൻ ഓഹരി വിപണിയുടെ ജൈത്രയാത്രയെ തടയാൻ സാധിച്ചില്ല. ആഗോള തലത്തിൽ ഓഹരി വിപണി കിതച്ച് മുന്നേറുമ്പോൾ. ഇന്ത്യൻ ഓഹരി വിപണിക്ക് മുന്നും പിന്നും നോട്ടമില്ലാത്ത ഓട്ടത്തിന്റെ വർഷമായിരുന്നു 2023. വിപണിയുടെ ഈ വർഷത്തെ നീക്കങ്ങളിങ്ങനെയാണ്

കറൻസി 

Stock-market

ഇന്ത്യയുടെ രൂപയിൽ തന്നെ രാജ്യാന്തര വ്യാപാര ഇടപാടുകൾ നടത്തുന്നതിനുള്ള സ്പെഷ്യൽ രൂപീ വോസ്‌ട്രോ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള 60 ഇടപാടുകൾക്ക് റിസർവ് ബാങ്ക് അംഗീകാരം നൽകിയതായിരുന്നു ഏറെ വായിച്ച മറ്റൊരു വാർത്ത.

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക്  ഊന്നൽ നൽകുന്നതിനും, ആഗോള വ്യാപാര വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും, ഇന്ത്യൻ രൂപയിൽ ആഗോള വ്യാപാരം കൂട്ടുന്നതിനുമാണ് സ്പെഷ്യൽ റുപ്പീ വോസ്‌ട്രോ അക്കൗണ്ടുകൾ വഴിയുള്ള വ്യാപാരം  ഇന്ത്യ വിപുലീകരിക്കാൻ ശ്രമിക്കുന്നത്. റിസർവ് ബാങ്കിന്റെ പ്രത്യേക ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ഏതുരാജ്യങ്ങൾക്കും ഇന്ത്യയുമായി ഈ പ്രത്യേക വ്യാപാര കരാറിൽ ഏർപ്പെടാൻ സാധിക്കും.  ഇങ്ങനെയുള്ള വ്യാപാര ഇടപാടുകൾ വിപുലീകരിക്കാൻ ഇന്ത്യക്ക് സാധിച്ചാൽ അത് ഇന്ത്യൻ രൂപയെ ശക്തിപ്പെടുത്തും. കൂടാതെ ഡോളറിനെ ഒഴിവാക്കിയുള്ള രാജ്യാന്തര വ്യാപാര പണമിടപാടുകൾ ഫോറെക്സ് വിപണിയിൽ തന്നെ കറൻസികളുടെ മൂല്യത്തിൽ ഭാവിയിൽ വൻ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാമെന്ന ചർച്ചയും 2023 ൽ ഉണ്ടായി. രൂപ കരുത്താർജിക്കുന്നതിനെക്കുറിച്ച് അറിയാം

ക്രിപ്റ്റോ കറൻസി 

topte1

2023 വർഷാദ്യം ക്രിപ്റ്റോ കറൻസികൾക്ക് നല്ലകാലമായിരുന്നില്ലെങ്കിലും ബിറ്റ് കോയിനിന്‌ 2023 പകുതി മുതൽ വെച്ചടി കയറ്റമായിരുന്നു. ബിറ്റ് കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളെ എല്ലാം തന്നെ ഒരു ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്നതിന്  രാജ്യാന്തര ഏജൻസികളും  മുൻകൈ എടുത്ത വർഷമായിരുന്നു 2023. 163 ശതമാനമാണ് ഈ വർഷം ബിറ്റ് കോയിൻ ഉയർന്നത്. സ്വർണത്തേയും, ഓഹരിയേയും അപേക്ഷിച്ച് ബിറ്റ് കോയിൻ നല്ല പ്രകടനമാണ് ഈ വർഷം കാഴ്ച വെച്ചത്. എന്നാൽ ഒരുപാട് തട്ടിപ്പുകളും ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് ഉണ്ടായ വർഷമായിരുന്നു 2023. ക്രിപ്റ്റോനീക്കങ്ങളെക്കുറിച്ചറിയാം

സ്വർണം 

ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് സ്വർണത്തിന്റെ ഡിമാൻഡും വിലയും കൂടിയ വർഷമായിരുന്നു 2023. കേന്ദ്ര ബാങ്കുകൾ എല്ലാം തന്നെ സ്വർണത്തിൽ നിക്ഷേപിക്കാൻ ഈ വര്‍ഷം പ്രത്യേകം താല്പര്യപ്പെട്ടിരുന്നു. കാലാകാലങ്ങളായി യുദ്ധം,ക്ഷാമം, സാമ്പത്തിക അസ്ഥിര അന്തരീക്ഷം എന്നിവയെല്ലാം അതിജീവിക്കാൻ സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ വ്യക്തികളും, ധനകാര്യ സ്ഥാപനങ്ങളും, കേന്ദ്ര ബാങ്കുകളും ശ്രദ്ധിച്ചിരുന്നു. ഇസ്രായേൽ ഹമാസ് സംഘർഷം തുടരുന്നതും, റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിക്കാത്തതും, പണപ്പെരുപ്പം ഒരു രീതിയിലും മെരുങ്ങാത്തതും സ്വർണത്തിന്റെ തിളക്കം വരും വർഷങ്ങളിൽ വർധിപ്പിക്കുമെന്ന വിശ്വാസം 2023 ൽ കൂട്ടി. 

മ്യൂച്ചൽ ഫണ്ടുകൾ 

BC3-Copy

2023 ൽ 9 ലക്ഷം കോടി രൂപയുടെ അധിക വളർച്ചയാണ് ഇന്ത്യൻ മ്യൂച്ചൽ ഫണ്ട് വ്യവസായത്തിനുണ്ടായിരിക്കുന്നത്. നിക്ഷേപകരുടെ എണ്ണത്തിൽ 2 കോടിയിലധികം വളർച്ചയുണ്ടായി. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ്റ് പ്ലാൻ (സിപ്) വഴിയുള്ള നിക്ഷേപ രീതി ഇന്ത്യയിൽ ജനപ്രീതി നേടിയ വർഷമായിരുന്നു 2023. 2021 ൽ 8023 കോടി സിപ്പിൽ നിന്നും 2023 ൽ 17073 കോടിയാണ് ഉയർന്നത്.  ഓഹരി അധിഷ്ഠിത മ്യൂച്ചൽ ഫണ്ടുകളാണ് അധികവും വളർന്നത്. 2022 നെ അപേക്ഷിച്ച് 22 ശതമാനം വളർച്ചയാണ് സിപ്പുകൾക്കുണ്ടായത്.

പരമ്പരാഗത രീതിയിൽ മാത്രം നിക്ഷേപിക്കാൻ താല്പര്യപ്പെട്ടിരുന്ന ഇന്ത്യക്കാരെ ഓഹരി വിപണിയിലേക്കെത്തിക്കാൻ മ്യൂച്ചൽ ഫണ്ടുകൾ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2015 മുതലാണ് മ്യൂച്ചൽ ഫണ്ട് നിക്ഷേപണങ്ങളിൽ ഒരു വൻ കുതിച്ചു ചാട്ടം ഉണ്ടായി തുടങ്ങിയത്. 2015 നു മുൻപും മ്യൂച്ചൽ ഫണ്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇത്രയും ജനപ്രിയമായിരുന്നില്ല. 

2023 ഒക്‌ടോബർ 1 മുതൽ മ്യൂച്വൽ ഫണ്ട് എസ്‌ഐപി മാൻഡേറ്റ് റൂളിൽ ഒരു പ്രധാന മാറ്റം നടപ്പിലാക്കി. ഒക്ടോബർ  ഒന്നുമുതൽ തുടങ്ങുന്ന മ്യൂച്ചൽ ഫണ്ട് സിപ്പുകൾ പരമാവധി 30 വർഷത്തേക്ക് മാത്രമേ തുടരാൻ സാധിക്കുകയുള്ളൂ. നിലവിൽ, മ്യൂച്വൽ ഫണ്ടുകളിൽ 'റദ്ദാക്കുന്നത് വരെ' എന്ന മാന്‍ഡേറ്റ് കൊടുക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ ഇനി മുതൽ 'റദ്ദാക്കുന്നത് വരെ' എന്ന  ഓപ്ഷൻ ഉണ്ടാകുകയില്ല. ഇനി മുതൽ  നിക്ഷേപകർ മ്യൂച്ചൽ ഫണ്ടുകളിൽ മാൻഡേറ്റിന്റെ അവസാന തീയതി സൂചിപ്പിക്കണം. ഈ അവസാന തീയതി ഇഷ്യു ചെയ്യുന്ന തീയതിയിൽ നിന്ന് 30 വർഷം കവിയരുത് എന്നൊരു സുപ്രധാന മാറ്റവും ഈ വർഷം വന്നിരുന്നു. മാറ്റങ്ങളിവയാണ്

topten3

ബാങ്കിങ് രംഗം 

അമേരിക്കയിലെ ബാങ്കുകൾ ചിലത് തകർന്നതായിരുന്നു 2023 ലെ ബാങ്കിങ് രംഗത്തെ ചൂടേറിയ വാർത്ത. എഫ് ടി എക്സ് എന്ന ക്രിപ്റ്റോ എക്സ്ചെഞ്ചിന്റെ തകർച്ചയാണ് എല്ലാത്തിനും തുടക്കം കുറിച്ചത്. എഫ് ടി എക്സിന്റെ തകർച്ച, ക്രിപ്റ്റോ മേഖലയിലെ അമേരിക്കയിലെ ഒരു പ്രധാന ബാങ്കിങ് ദാതാക്കളായ 'സിൽവർ ഗേറ്റിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമായി. അതിനു ശേഷം സിലിക്കൺ വാലി ബാങ്കാണ് തകർന്നത്. പാക് വെസ്റ്റ് ബാങ്ക് കോർപ്പാണ് പിന്നീട്  പ്രശ്നത്തിൽപെട്ടത്. മറ്റ് രാജ്യങ്ങളിലെ ബാങ്കുകളേക്കാൾ ഇന്ത്യയിലെ ബാങ്കുകൾ പ്രശ്നങ്ങളിൽപ്പെടാതെ മുന്നോട്ടു പോകുന്നതിന് റിസർവ് ബാങ്ക് കരുതൽ ഉണ്ടെന്ന് തെളിയിച്ച വര്‍ഷവുമായിരുന്നു 2023.

വ്യക്തികൾ 

mutualfunds-2-

ഈ വർഷത്തിന്റെ ആദ്യത്തിൽ ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തു വന്നതിൽ പിന്നെ അദാനി ഓഹരികൾ തകർന്നടിഞ്ഞിരുന്നു. ഇതിനു ശേഷം ലോകത്തിലെ കോടീശ്വരന്മാരുടെ റാങ്കിങ്ങിൽ മുന്നിൽ ഉണ്ടായിരുന്ന അദാനി ആ ലിസ്റ്റിൽ കുറെയേറെ താഴെ പോയി. എന്നാൽ 2023 അവസാനിക്കുന്നതിനു മുൻപ് തന്നെ അദാനി ഒരു വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി  അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ സാക്ഷ്യം വഹിച്ച റാലിയുടെ പിൻബലത്തിൽ ലോകത്തിലെ ഏറ്റവും വലിയ 20 സമ്പന്നരുടെ പട്ടികയിൽ ഗൗതം അദാനി തിരിച്ചെത്തി. ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചിക പ്രകാരം, 66.7 ബില്യൺ ഡോളർ ആസ്തിയുള്ള അദാനി ഇപ്പോൾ ലോകത്തിലെ 19-ാമത്തെ ധനികനാണ്.  ഇതും 2023 ൽ  സാമ്പത്തിക രംഗത്ത്  ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു.

അസംസ്കൃത എണ്ണ 

റഷ്യ യുക്രെയ്ൻ  യുദ്ധം തുടങ്ങിയതിൽ പിന്നെ പല രാജ്യങ്ങളിലും അത്യാവശ്യ വസ്തുക്കൾ  പോലും ലഭിക്കാതാകുകയും, വില കുത്തനെ കൂടുകയും ചെയ്തപ്പോൾ, വലിയ പ്രശ്നങ്ങളില്ലാതെ പിടിച്ചു നിൽക്കാനായത് ഇന്ത്യക്കാണ്.  ആഗോള എണ്ണ  വിപണി വിലയേക്കാൾ വളരെ  കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നും അസംസ്കൃത  എണ്ണ ലഭിച്ചു തുടങ്ങിയതാണ് ഇന്ത്യക്ക് നേട്ടമായത്. ഇതോടെ അസംസ്കൃത എണ്ണ ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യുന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ  ഇന്ത്യ തങ്ങളുടെ സ്ഥാനം ഉയർത്തി. 2021നെ അപേക്ഷിച്ച് 2022 ആയപ്പോഴേക്കും ഇന്ത്യയുടെ എണ്ണ കയറ്റുമതിൽ കുത്തനെ വർധനവുണ്ടായിട്ടുണ്ട്. ഇന്ത്യയും, ചൈനയുമാണ് യുദ്ധം തുടങ്ങിയതിൽ പിന്നെ റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്ത് അത് ശുദ്ധീകരിച്ച് തിരിച്ചു കയറ്റുമതി ചെയ്യുന്ന വലിയ 'എണ്ണ' ഉൽപ്പാദകരായി മാറിയത്. റഷ്യയെ സഹായിക്കുക, ഡോളറിനെ തഴയുക, ശുദ്ധീകരിച്ച എണ്ണയുടെ വലിയ കയറ്റുമതിക്കാർ ആകുക എന്നിങ്ങനെ പല ലക്ഷ്യങ്ങൾ ഇന്ത്യ ഈ ഒരു കാര്യത്തിലൂടെ നേടുന്നുണ്ട്. 2023 ൽ അങ്ങനെ അസംസ്കൃത എണ്ണ ശുദ്ധീകരിച്ച് കയറ്റി അയക്കുന്ന രംഗത്തും ഇന്ത്യ ശക്തി തെളിയിച്ച വർഷമായിരുന്നു.

ഡിജിറ്റൽ പേമെന്റ് 

2023-ൽ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഇടപാടുകളിൽ അസാധാരണമായ കുതിപ്പിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. 2017-18 സാമ്പത്തിക വർഷത്തിലെ 92 കോടി ഇടപാടുകളിൽ നിന്ന് 2022-23-ൽ 8,375 കോടി ഇടപാടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.  വോളിയത്തിന്റെ അടിസ്ഥാനത്തിൽ 147 ശതമാനം വർധനവാണ് ഉണ്ടായത്. 2022-23 സാമ്പത്തിക വർഷത്തിലെ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളുടെ 62 ശതമാനം കൈയ്യടക്കിയതോടെ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ യുപിഐ ഒരു പ്രധാനിയായി മാറി. യുപിഐയുടെ മുന്നേറ്റമറിയാം

money-8-
English Summary:

Top Ten Financial Changes in2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com