ADVERTISEMENT

നടൻ ടോം ജേക്കബിന്റെ പാതപിന്തുടരാതെ ഫിറ്റ്നസിന്റെ ലോകത്ത് ഉയരങ്ങൾ കീഴടക്കുകയാണ് മകൾ ആൻ ടോം. 2023ലെ ഗ്ലോബൽ റെക്കഗ്നിഷൻ അവാർഡ് കൂടി നേടിയതോടെ ഫിറ്റ്നസ് രംഗത്ത് തന്റെ ചുവടുറപ്പിക്കുകയാണ് ആൻ.

ആൻ ടോം ഫിറ്റ്നസിന് 2023ലെ ഗ്ലോബൽ റെക്കഗ്നിഷൻ അവാർഡ്
ഞാനും ഭർത്താവ് അനൂപും കൂടിയാണ് ആൻ ടോം ഫിറ്റ്നസ് തുടങ്ങുന്നത്. ആദ്യം കുറെയേറെ കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നു. അത് എല്ലാം തരണം ചെയ്ത് മുന്നോട്ട് പോയതിന്റെ ഫലമായാണ് ഇന്നിപ്പോൾ ഈ അവാർഡ് ലഭിച്ചത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് അവാർഡ് കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട്. 

ann-tom
ഭർത്താവ് ആനൂപിനൊപ്പം ആൻ ടോം

ആൻ ടോം ഫിറ്റ്നസിലേക്ക്?
സ്ത്രീ ശരീരം ഇങ്ങനെയാകണം എന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് എന്നിൽ അടിച്ചേൽപ്പിക്കപ്പെട്ടതിന്റെ ഫലമായി ചെറിയ പ്രായത്തിൽ തന്നെ എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ ഒരു സമ്മർദം സമൂഹം നൽകിയതു കൊണ്ട് വണ്ണം കൂടിയാൽ മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന ഭയം എന്നെ നന്നായി അലട്ടി. അത് എന്നെ വൈകാരികമായും മാനസികമായും ഒരുപാട് തളർത്തി. ഭക്ഷണം കൂടിയാൽ വണ്ണം വയ്ക്കും എന്ന അനാവശ്യ ഭയം മൂലം ഞാൻ പലപ്പോഴും പട്ടിണി കിടന്നു. മെലിഞ്ഞ ശരീരത്തിനുവേണ്ടി ഏതുവരെ പോകാനും അന്നൊന്നും എനിക്ക് ഒരു മടിയും ഉണ്ടായില്ല. കുറച്ച് ഭക്ഷണം കഴിച്ചാൽ തന്നെ അത് കുറയ്ക്കണം എന്ന ചിന്തയിൽ ഞാൻ ഒരുപാട് നടന്നിട്ടൊക്കെയുണ്ട്. വലിയ വണ്ണം ഇല്ലാതിരുന്ന ആ പ്രായത്തിൽ ഇത്തരത്തിലെ എക്സ്ട്രീം സെൽഫ് കോൺഷ്യസ് ആയതിന്റെ ഫലമായി ആരോഗ്യപരമായി എനിക്ക് കുറേയധികം പ്രശ്നങ്ങളും ഉണ്ടായി. 

അങ്ങനെ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എനിക്ക് ഹോർമോൺ ഇംബാലൻസ് ഉണ്ടാവുകയും പോളിസിസ്റ്റ് ഒവേറിയൻ സിൻഡ്രോം എന്ന രോഗാവസ്ഥയിലേക്ക് ഞാൻ പോവുകയും ഡിപ്രഷൻ പോലെയുളള കാര്യങ്ങൾ എനിക്ക് വരുകയും ചെയ്തു. ആ പ്രായത്തിൽ സൊസൈറ്റി നമുക്ക് തരുന്ന ഒരു പ്രഷർ നേരിട്ട് അനുഭവിച്ച ഒരു വ്യക്തി എന്ന നിലയിൽ അതിൽ നിന്നും രക്ഷപ്പെടാൻ ഞാൻ കണ്ടെത്തിയ വഴികൾ പങ്കുവയ്ക്കുന്നതിനുമായാണ് ഇത്തരം ഒരു ഉദ്യമം സത്യത്തിൽ തുടങ്ങുന്നത്. സമൂഹത്തിലെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് അമിതമായി ഡയറ്റ് ചെയ്യുന്ന, അല്ലെങ്കിൽ എക്സർസൈസ് ചെയ്യുന്ന ചിലരെ ഒരു ഡിപ്രഷൻ സ്റ്റേജിലേക്ക് പറഞ്ഞു വിടാതെ അവരെ ലൈഫിലേക്ക് കൂട്ടികൊണ്ടു വരാനും അതിലൂടെ വലിയൊരു മാറ്റം കൊണ്ടുവരാനുമാണ് ഈ സ്ഥാപനത്തിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്.

ആൻ ടോം ഫിറ്റ്നസിന്റെ മെറ്റബോളിക് മാസ്റ്ററിങ് മെത്തേഡ്
ക്ലൈന്റിന്റെ ഇഷ്ടം മനസ്സിലാക്കി, അവർക്ക് ജീവിതകാലം മുഴുവൻ നല്ലൊരു ഡയറ്റും എക്സസൈസ് പാറ്റേണും ഒക്കെ തുടരാൻ സഹായിക്കുന്ന ഒരു പ്രോഗ്രാമാണത്. നമ്മുടെ ശരീരത്തിലെ കാലറിയെ പ്രോസസ്സ് ചെയ്യുന്നതിനാണ് മെറ്റബോളിസം എന്ന് പറയുന്നത്. പ്രായം കൂടുന്തോറും മനുഷ്യ ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് കുറഞ്ഞു വരുന്നു. എന്താണ് മെറ്റബോളിസം എന്നും ആ പ്രവർത്തിയിലൂടെ മനുഷ്യ ശരീരത്തിലെ കാലറിയെ എങ്ങനെയൊക്കെ ഊർജ്ജമാക്കി മാറ്റാമെന്നുമൊക്കെ പറഞ്ഞു മനസ്സിലാക്കുന്നതിനായാണ് മെറ്റബോളിക് മാസ്റ്ററിങ് എന്ന പ്രോഗ്രാം. 

പ്രസവത്തിലൂടെ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കാറുണ്ട്. പ്രസവ ശുശ്രൂഷയിലൂടെ അവയിൽ മാറ്റം വരുത്താൻ കഴിയുന്നുണ്ടോ?

പ്രസവ ശുശ്രൂഷയിൽ എനിക്ക് വിയോജിപ്പുള്ള ചില കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ് മൂന്നുമാസം ബെഡ് റെസ്റ്റ് എന്ന് പറയുന്നത്. കോംപ്ലിക്കേഷനുകൾ ഇല്ലാത്ത ഒരു സാധാരണ പ്രസവമാണ് നടന്നതെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെറിയ നടത്തമൊക്കെ ആവാം എന്നാണ് എനിക്ക് പറയാനുള്ളത്. പഴയ രീതി പിന്തുടർന്ന് ഒരേ കിടക്കയിൽ മൂന്നുമാസം കിടക്കുന്നത് സ്ത്രീ ശരീരത്തിന് ഒരിക്കലും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. പഴയകാലത്തെ അമ്മമാർക്ക് ഒരുപക്ഷേ അത് ഒരുപാട് ഗുണപ്പെട്ടിട്ടുണ്ടാവും. ഇന്ന് കാലഘട്ടവും ജീവിതരീതിയും ഭക്ഷണരീതിയും ഒക്കെ ഒരുപാട് മാറി. സത്യത്തിൽ പ്രസവത്തിൽ ഉണ്ടാകുന്ന വണ്ണം, നാലോ അഞ്ചോ മാസം കൊണ്ട് കുറയ്ക്കാവുന്നതേയുള്ളൂ. പ്രസവശേഷം ശരീരത്തിൽ ചലനം നടക്കുന്നില്ല എന്നുണ്ടെങ്കിൽ പ്രസവസമയത്ത് ഉണ്ടാകുന്ന വണ്ണം കുറയ്‌ക്കാനും ബുദ്ധിമുട്ടേണ്ടി വരുന്നതും കാണാറുണ്ട്. മാത്രമല്ല പ്രസവശുശ്രൂഷയുടെ ഭാഗമായി കഴിക്കുന്ന ആഹാരം അവരിൽ  കാലറി ഡിപ്പോസിറ്റ് ആയി മാറുകയും ചെയ്യുന്നു. നമുക്ക് എന്താണ് ആവശ്യം എന്ന് മനസ്സിലാക്കി അത്രമാത്രം ആഹാരം കഴിക്കുകയും, ഭക്ഷണം ദഹിപ്പിക്കുന്നതിന് ആവശ്യമായ വ്യായാമം കൂടി ചെയ്താൽ ഡിപ്രഷൻ എന്ന പോസ്റ്റ്പാർട്ടം സ്റ്റേജിനെ ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിയുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതോടൊപ്പം ശ്രദ്ധിക്കേണ്ട കാര്യമാണ് പ്രസവസമയത്ത് നഷ്ടപ്പെട്ട നൂട്രിയന്റസിനെ വീണ്ടെടുക്കുക എന്നത്. അതിനായി ഒരു ബാലൻസ്ഡ് ഡയറ്റ് തയാറാക്കി കഴിക്കാം.   

ann-tom-fitness1
ഭർത്താവ് ആനൂപിനൊപ്പം ആൻ ടോം

ശരീരത്തിലെ ഒരു ഭാഗത്തെ മാത്രം തടി കുറയ്ക്കാൻ പറ്റുമോ എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ടല്ലോ. അതേപ്പറ്റി?
പുരുഷന്മാരിലും സ്ത്രീകളിലും ഒരേപോലെ അവരുടെ വണ്ണം സ്റ്റോർ ചെയ്യുന്നത് നടു ഭാഗത്താണ്. മാത്രമല്ല കൈകാലുകളിലും കഴുത്തിനു ചുറ്റും ഒക്കെ ഈ ഫാറ്റ് ഡിപ്പോസിറ്റ് ഉണ്ടാവാറുണ്ട്. അത് കുറയ്ക്കാൻ ആ ഏരിയയിൽ മാത്രം വർക്ക് ഔട്ട് ചെയ്യുന്ന പല രീതികളും കണ്ടുവരുന്നുണ്ട്. അവയെല്ലാം പൂർണമായും ശരിയെന്നോ തെറ്റെന്നോ ഒരിക്കലും പറയാൻ കഴിയില്ല. ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ച് ആവും അവരിൽ വ്യത്യാസം ഉണ്ടാവുന്നത്.

പീരീഡ്സ് തുടങ്ങുന്ന സമയം പോലെ തന്നെ അത് അവസാനിക്കുന്ന സമയത്തും ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നു. സ്ത്രീകളിൽ ഒരു 30 വയസ്സു കഴിയുമ്പോൾ മെനോപോസിലേക്കുള്ള യാത്ര തുടങ്ങുന്നു. ആ യാത്രയെ പെരിമെനോപോസ് എന്നാണ് പറയുന്നത്. സെക്സ് ഹോർമോണുകളായ ഈസ്ട്രജനും പ്രൊജസ്ട്ടറോനും വ്യതിയാനപ്പെടുന്ന ഈ കാലഘട്ടത്തിലാണ് സ്ത്രീകളിൽ ഒരുപാട് മാറ്റങ്ങൾ കണ്ടുവരുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കൈ കാല് തുടങ്ങിയ ഭാഗങ്ങളിലെ ഫാറ്റ് റീഡിസ്ട്രിബ്യൂഷൻ. കൂടുതൽ പേരിലും അത് വയറിന്റെ ഭാഗത്തേക്ക് അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. ഇത്തരം ഹോർമോണൽ ഇംബാലൻസ് പലപ്പോഴും ഫാറ്റ് ഡിപ്പോസിറ്റിന്റെ ആക്കം കൂട്ടുകയും ചെയ്യുന്നു. പിന്നെ മറ്റൊന്നുള്ളത് ഫാറ്റ് സെൽസിനെ ഒരിക്കലും നമുക്ക് നശിപ്പിക്കാൻ കഴിയുകയില്ല എന്നതാണ്. നമ്മുടെ ശരീരത്തിലെ ഏതൊരു സെല്ലിനെയും പോലെ ഒരു സെൽ ആണ് ഫാറ്റ് സെൽ. ആ സെല്ലിന്റെ സൈസിനെ നമുക്ക് കുറയ്ക്കാൻ പറ്റും എന്ന് മാത്രം. 

അത് ഡയറ്റ് വഴിയോ വ്യായാമം വഴിയോ ഒക്കെ ആയേക്കാം. ഫാറ്റ് സെല്ലിനെ ഒരു ബലൂൺ ആയിട്ട് കണക്കാക്കിയാൽ ബലൂണിന്റെ കാറ്റ് അഴിച്ചുവിടുന്നത് പോലെ ഫാറ്റ് സെല്ലിനെ ചുരുക്കാം എന്നല്ലാതെ അതിനെ നമുക്ക് പൊട്ടിക്കാൻ പറ്റുകയില്ല. ഫാറ്റ് സെല്ലുകൾ ചുരുങ്ങിയിരിക്കുമ്പോഴാണ് നമുക്ക് വണ്ണം പോയി എന്നുള്ള തോന്നലും ഉണ്ടാവുന്നത്. ഈ ഫാറ്റ് സെല്ലിനെ കുറയ്ക്കാനായി വ്യായാമങ്ങൾക്ക് കഴിയുമോ എന്ന് ചോദിച്ചാൽ 10 ശതമാനം മാത്രമേ കഴിയൂ എന്നാണ് എനിക്ക് പറയാൻ കഴിയുന്നത്. ബാക്കി 90% ഫാറ്റ് സെല്ലിനെ കുറയ്ക്കാൻ സഹായിക്കുന്നത് നമ്മുടെ ഭക്ഷണക്രമീകരണത്തിലൂടെ മാത്രമാകും. ഫാറ്റ് ഡിപ്പോസിറ്റ് ഉണ്ടാവുന്ന ഭക്ഷണങ്ങൾ കൂടുതലായി കഴിച്ചതിനുശേഷം ആ വണ്ണം എക്സൈസിലൂടെ കുറയ്ക്കാം എന്ന് പറയുന്നതൊക്കെ വളരെ തെറ്റായ കാര്യമാണ്. കൃത്യമായ ന്യൂട്രീഷൻ ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാവുകയുള്ളൂ. പലപ്പോഴും കണ്ടെന്റുകൾക്ക് വേണ്ടി വീഡിയോസ് ഉണ്ടാക്കുന്ന പലരും ഇവയൊന്നും പറഞ്ഞു തരണമെന്നില്ല. എക്സസൈസും ഡയറ്റും ഒരേപോലെ ഈ പരിപാലിക്കുമ്പോൾ മാത്രമാണ് ഒരാൾ ആഗ്രഹിക്കുന്ന ഒരു ശരീര വടിവ് അയാൾക്ക് ലഭിക്കുകയുള്ളൂ. എങ്കിൽ ഒരുപക്ഷേ ഉണങ്ങിയ ഉരുളക്കിഴങ്ങ് പോലെ ശരീരം ക്ഷീണിക്കുക മാത്രമല്ല രോഗസാധ്യത വർദ്ധിക്കുകയും ചെയ്യും.

ഫിറ്റ്നസിലേക്ക് കുറുക്കുവഴികൾ തിരയുന്നവരോട് ?
എല്ലാവർക്കും അറിയുമോ എന്ന് അറിയില്ല നമ്മുടെ വയർ എന്ന് പറയുന്നത് നമ്മുടെ ഒരു സെക്കൻഡ് ബ്രെയിൻ ആണ്. നമ്മുടെ വയറ്റിൽ ഒരുപാട് നല്ല മൈക്രോബാക്റ്റീരിയകൾ ഉണ്ട്. പ്രോസസ്ഡ് ആയിട്ടുള്ള ആഹാരവും വ്യായാമം ഇല്ലായ്മയും വയറിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു. അത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. പലപ്പോഴും നമ്മുടെ വയറ് ആരോഗ്യമായിട്ട് ഇരിക്കാത്തതിന്റെ ഫലമായി ഇമ്മ്യൂണിറ്റിയിൽ കുറവ് സംഭവിക്കുകയും വളരെ എളുപ്പത്തിൽ അസുഖങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. പാക്ക്ഡ് ഫുഡ് പലതും പ്രോസസ്ഡ് ആണ്. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരുത്താനും ഈ പ്രോസസ്ഡ് ഫുഡ് കൊണ്ട് സാധിക്കുന്നു. അവ എല്ലാം ഒഴിവാക്കുന്നതിലൂടെ പരിധിവരെ അസുഖങ്ങളിൽ നിന്നും നമുക്ക് മാറിനിൽക്കാൻ കഴിയും. 

അതിനോടൊപ്പം തന്നെ നമുക്ക് ഇഷ്ടപ്പെടുന്ന വ്യായാമ രീതികൾ ചെയ്ത് ശരീരത്തെ ആക്ടീവായി സൂക്ഷിക്കുകയും വേണം. മൊമെന്റം ക്രിയേറ്റ് മോർ മൊമെന്റം എന്നതുപോലെ മൂവ്മെന്റ് ക്രിയേറ്റ് മോർ മൂവ്മെന്റ് എന്നാണല്ലോ. കൃത്യമായ ആഹാരരീതിയും വ്യായാമവും തുടങ്ങിയതോടുകൂടി എന്റെ ജീവിതത്തിലും അത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. ഫിറ്റ്നസിനെ ഒരു ജേർണിയായിട്ട് കാണുക. അതിനെ ഒരിക്കലും ഒരു ഡെസ്റ്റിനേഷൻ ആയിട്ട് കാണാതിരിക്കാൻ ശ്രമിക്കുക. ഡെസ്റ്റിനേഷൻ ആയിട്ട് കാണുമ്പോഴാണ് പെട്ടെന്ന് അതിലേക്ക് എത്താൻ വേണ്ടി നമ്മൾ ശ്രമങ്ങൾ നടത്തുന്നത്. അത് ഒഴിവാക്കി പകരം ഫിറ്റ്നസ് എന്നതിനെ നമ്മൾ ഒരു മുഴുനീള ജീവിതയാത്രയായി കാണുക. അത് ഒരിക്കലും നിർത്താതിരിക്കുക. നമ്മുടെ ശരീരത്തിന് എന്താണ് ആവശ്യം എന്ന് മനസ്സിലാക്കി, അതിന് പറ്റിയ ഒരു ട്രെയിനറെ കണ്ടുപിടിച്ച് അവരുടെ ഉപദേശം കൂടി സ്വീകരിച്ച ശേഷം മുന്നോട്ടു പോവുക.

ann-tom-fitness2

രണ്ടു കുട്ടികളുടെ അമ്മയാണ്, സംരംഭകയാണ്. ഒരേസമയം ഇവയെല്ലാം മുന്നോട്ടു കൊണ്ടു പോകുമ്പോൾ?
എല്ലാം കൂടെ മാനേജ് ചെയ്യാൻ നല്ല ചാലഞ്ച് ആണ്. പിന്നെ ചെറുപ്പം മുതലേ ഞാൻ ഒരു റിസ്ക് ടേക്കർ ആണ്. ഒരു കാര്യം വേണമെന്ന് തോന്നിയാൽ ആ നിമിഷം മുതൽ അതിനു വേണ്ടി ഞാൻ പരിശ്രമിക്കും. പിന്നീടത്തേക്ക് ഒരിക്കലും മാറ്റി വയ്ക്കാറില്ല. തീരുമാനങ്ങൾ ശരിയോ തെറ്റോ എന്നതൊക്കെ ആ പരിശ്രമത്തിന്റെ ഫലമായി വന്നുചേരുകയാണ് പതിവ്. ഈ റിസ്ക് എടുത്ത് എന്റെ അച്ഛനിൽ നിന്നാണ് ഞാൻ പഠിച്ചത്. പെട്ടെന്ന് കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഡാഡി. പ്രൊഫഷണലി ഒരു നേഴ്സ് ആണ് ഞാൻ. നല്ല വരുമാനം ഉണ്ടായിരുന്നു ഒരു സമയത്താണ് അതുപേക്ഷിച്ച് ആൻ ടോം ഫിറ്റ്നസ് തുടങ്ങുന്നത്. സത്യത്തിൽ ഒരു റിസ്ക് എടുക്കൽ തന്നെയായിരുന്നുവത്. ഒരു സ്ഥാപനം തുടങ്ങുകയാണ് എന്ന് ഉറപ്പിച്ചതോടെ അതിനു വേണ്ട എല്ലാ കാര്യങ്ങളും പഠിക്കാൻ തീരുമാനിച്ചു. ആദ്യത്തെ കുട്ടി ഉണ്ടായ സമയത്താണ് ഈ വെല്ലുവിളി എല്ലാം എടുത്തത്. ബിസിനസ്സിൽ സ്റ്റേബിൾ ആവാൻ തുടങ്ങിയപ്പോൾ രണ്ടാമത്തെ കുട്ടിയും ഉണ്ടായി. പ്രത്യേക നിമിഷത്തിനായി കാത്തുനിൽക്കാതെ ആക്‌ഷൻ എടുത്തതുകൊണ്ട് മാത്രമാണ് ഇന്നിപ്പോൾ ആൻ ടോം ഫിറ്റ്നസ് നല്ല രീതിയിൽ പ്രവർത്തിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എല്ലാവരും നല്ല ഒരു മൊമെന്റിനായി കാത്തിരിക്കുന്നു. നമ്മളെ ആരോ എപ്പോഴെങ്കിലും വന്നു രക്ഷപ്പെടുത്തും എന്നും കാത്തിരിക്കുന്നു. അങ്ങനെ കാലങ്ങളോളം പലരും കാത്തിരിപ്പ് തുടരുകയാണ്. നല്ലത് ഒരാൾ ചെയ്തു കൊണ്ടു വരും എന്ന വിശ്വാസത്തോടെ. അങ്ങനെ കാത്തിരിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്.

ജീവിതത്തിൽ റിസ്ക് എടുത്ത് മുന്നോട്ടു പോകണം. വെയിറ്റ് ലോസ് ചെയ്യണം എന്നാണ് ലക്ഷ്യമെങ്കിൽ അതിനായി കാത്തിരിക്കാതെ അതിനുവേണ്ടി പ്രവർത്തിക്കുക തന്നെ വേണം എന്നു മാത്രമാണ് എനിക്ക് പറയാനുള്ളത്. എന്റെ ഈ ഉദ്യമത്തിൽ എല്ലാ പിന്തുണയും തന്ന് എന്റെ കൂടെ നിൽക്കുന്നത് എൻറെ ഭർത്താവാണ്. എന്റെ ബിസിനസ് കാര്യങ്ങളിലും അതോടൊപ്പം വീട്ടിലെ കാര്യങ്ങൾക്കും സപ്പോർട്ട് ആയി അദ്ദേഹമുണ്ട്. കാര്യങ്ങളെല്ലാം ഞങ്ങൾ പപ്പാതിയായാണ് നോക്കുന്നത്. എന്നെ സംബന്ധിച്ചടത്തോളം അത് വലിയൊരു സപ്പോർട്ട് തന്നെയാണ്. ലൈഫിൽ ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ അത് നേടിയെടുക്കാനായി പരിശ്രമിച്ചു കൊണ്ടേയിരിക്കണം. വീഴും എന്ന് തോന്നുമ്പോൾ പോലും മുന്നോട്ടുപോകാനുള്ള ഒരു കുതിപ്പ് മാത്രമാണ് ജീവിതത്തെ വിജയമാക്കി മാറ്റുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

അച്ഛൻ ടോം ജേക്കബിനൊപ്പം ആൻ ടോം
അച്ഛൻ ടോം ജേക്കബിനൊപ്പം ആൻ ടോം

അച്ഛൻ ഒരു നടനാണ്. എന്തുകൊണ്ടാണ് ആ ഒരു പാത പിന്തുടരാതെ നഴ്സിങ് പ്രഫഷൻ സ്വീകരിച്ചത്?
ചെറുപ്പം മുതലേ എനിക്ക് മോഡലിങ്ങിനോട് ഇഷ്ടം ഉണ്ടായിരുന്നു. എന്നാൽ അഭിനയത്തോട് അത്രയും ഒരു താൽപര്യം തോന്നിയിരുന്നില്ല. പിന്നെ ചെറുപ്പം മുതലേ സയൻസ് പഠിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ നഴ്സിങ് തിരഞ്ഞെടുത്തു എന്ന് മാത്രം. എന്റേതായ രീതിയിലൂടെ ആളുകൾക്ക് പ്രയോജനപ്പെടുന്ന ഒരു ബ്രാൻഡ് ആയി മാറണമെന്ന് ചെറുപ്പം മുതലേ ആഗ്രഹിച്ചിട്ടുണ്ട്. എന്തെങ്കിലും ചില ഉൽപ്പന്നങ്ങൾ ഉണ്ടാക്കി അതിലൂടെ ബിസിനസ് ചെയ്യാൻ ഒന്നും എന്നെക്കൊണ്ട് സാധിക്കുകയില്ല എന്നും ഞാൻ മനസ്സിലാക്കി. ഞാൻ പാഷനോടെ ചെയ്യുന്ന കാര്യം ആളുകൾക്ക് എങ്ങനെ ഉപകാരപ്രദമാക്കാം എന്ന് ചിന്തിച്ചപ്പോഴാണ് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങാം എന്ന് ഞാൻ ഉറപ്പിച്ചത്. അതുകൊണ്ടുതന്നെ ഇതിൽ സയൻസും ഉണ്ട് സർവീസും ഉണ്ട് അതോടൊപ്പം തന്നെ എന്റെ പാഷനും ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

കാനഡയിൽ സ്ഥിരതാമസമാക്കിയ ആനിന്റെ മക്കൾ ലൂക്കാ, ലിയോ എന്നിവരാണ്.

English Summary:

Ann Tom Fitness - Global Recognition award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com