ADVERTISEMENT

കുവി ഭാഗം - 7

ഞാൻ ബസ്സിൽ നിന്നിറങ്ങിയതും അവളോടി വന്ന് എന്റെ ദേഹത്തേക്കു ചാടിക്കയറി. അവളുടെ കൂർത്ത നഖങ്ങൾ കൊണ്ട് എന്റെ ശരീരം പോറി. ഞാൻ അവളോട് പറഞ്ഞു

"നീയെന്നെ മാന്തി അല്ലേ?"

അതിന് മറുപടിയായി അവളൊന്നുകൂടി എന്റെ ശരീരത്തേക്കു ചാടിക്കയറി. എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി ഡ്യൂട്ടിക്കു പോകാൻ വേണ്ടി ആഹാരം കഴിക്കാൻ മെസ്സിലേക്കു പോയി. ഞാൻ അവൾക്ക് വാങ്ങിയ ബിസ്ക്കറ്റും ബണ്ണും അടങ്ങിയ പൊതിയുമെടുത്ത് അവരുടെ പിറകെ പോയി. കുവി എന്നേക്കാൾ മുന്നെ നടന്ന് മെസ്സിന് മുന്നിലെത്തി ഞാൻ വരുന്നുണ്ടോയെന്ന് മുന്നിൽ വരുന്നവരുടെ ഇടയിലൂടെ ചെരിഞ്ഞും കുനിഞ്ഞുമൊക്കെ നോക്കിക്കൊണ്ടിരുന്നു. ഞാൻ അടുത്തെത്തിയപ്പോൾ അവൾ മുകളിലേക്കു ചാടാൻ തുടങ്ങി. കയ്യിലിരുന്ന ബണ്ണിന്റെ പാക്കറ്റ് പൊട്ടിച്ചു. അവളെന്റെ മുന്നിൽ വന്ന് ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു. അവൾക്ക് ബൺ കൊടുക്കുന്നത് കണ്ട് ഫോറസ്റ്റ് വാച്ചർ മുരുകന്റെ നായ്ക്കളായ ടൈഗറും റോസും ഓടി വന്നു. അവർക്ക് ബൺ കൊടുത്തപ്പോൾ കുവി എന്റടുത്തേക്കു നീങ്ങിയിരുന്ന് എന്റെ മുഖത്തേക്കു നോക്കി. കൂടുതൽ ബണ്ണും അവൾ തന്നെ കഴിച്ചു. എന്റെ കയ്യിലെ ബൺ മുഴുവനും തീർന്നതു കണ്ട് ടൈഗറും റോസും തിരികെ പോയി.

കുവി എന്നോടൊപ്പം വന്ന് മെസ്സിന്റെ വാതിൽക്കൽ നിന്നു. എല്ലാവർക്കും സുപരിചിതയായതുകൊണ്ട് ആരും അവളെ ഓടിച്ചില്ല. ഞാൻ മെസ്സിനുള്ളിൽ കയറി എനിക്കും കുവിക്കും ചപ്പാത്തിയും മുട്ടക്കറിയുമെടുത്തു. ഞാൻ വെളിയിൽ വരുന്നതു കണ്ട് തുള്ളല് കൂടി. കൂരയിൽ കൂടി ഒഴുകി വരുന്ന മഴ മണ്ണിൽ വീണ് തെറിച്ച് തിണ്ണയാകെ ചെളി വീണ് നനഞ്ഞിരിക്കുന്നു. ഞാൻ ഷൂസ് കൊണ്ട് അതൊക്കെ വടിച്ച് കളഞ്ഞു. കുവിയപ്പോൾ ക്ഷമകെട്ടു എന്റെ കയ്യിലിരിക്കുന്ന ഭക്ഷണം ലക്ഷ്യമാക്കി ചാടിക്കൊണ്ടിരുന്നു. ഞാൻ ചപ്പാത്തി കീറിയിട്ട്  മുട്ടക്കറിയും ചേർത്ത് കുഴച്ച് കൊണ്ടിരുന്നപ്പോൾ കുവി മൂളിക്കൊണ്ട് അതിൽനിന്ന് കഴിക്കാൻ നോക്കി. ഞാൻ പറഞ്ഞു

"വിശക്കുന്നുണ്ടോ നിനക്ക് തന്നെയാണ് ഇത് ".....

എന്നിട്ട് ആ ഡിസ്പ്പോസിബിൾ പ്ലേറ്റ് അവളുടെ മുന്നിലേക്കു നീക്കിവച്ചു കൊടുത്തു.

അവൾ ഭക്ഷണം മുഴുവനും കഴിച്ച് അതിൽ പറ്റിയിരിക്കുന്നതു നക്കിത്തുടച്ച് പ്ലേറ്റ് നിരക്കി. പ്ലേറ്റ് എന്റെ കാലിൽ തട്ടി നിന്നു. കുവി എന്റെ മുഖത്തേക്കു നോക്കി. ഞാൻ കയ്യിലുണ്ടായിരുന്ന ബിസ്ക്കറ്റ് പാക്കറ്റ് പൊട്ടിച്ചു കുറച്ച് അതിലിട്ടു കൊടുത്തു. അവളതും ആർത്തിയോടെ കഴിച്ചു എന്റെ മുഖത്തേക്ക് വീണ്ടും നോക്കി.

വിശപ്പ് മാറിയില്ലേ... വാ നമ്മുക്ക് ചായ കുടിക്കാം... എന്നു പറഞ്ഞ് ഞാൻ കുവി കഴിച്ച പ്ലേറ്റ് കൂടി എടുത്തു കളഞ്ഞു. റോഡ് പണിയാൻ ടാർ കൊണ്ടുവരുന്ന പഴയ മൂന്നുനാല് വീപ്പയിൽ കൈ കഴുകാൻ വെള്ളം നിറച്ച് വച്ചിരുന്നു. ഞാനതിൽ കൈ കഴുകി. നിലത്ത് കിടന്ന ഒരു ചിരട്ടയെടുത്ത് കഴുകി അതിൽ വെള്ളം നിറച്ച് അവൾക്ക് കുടിക്കാൻ കൊടുത്തു. അവളതു മുഴുവനും കുടിച്ചു.അപ്പോൾ രതീഷ് മുകളിലെ വഴിയിൽ നിന്ന് വിളിച്ചു

''ഡാ..... വേഗം വാ... 

റെഡിയായി ഇരിക്കാൻ പറഞ്ഞു ,

വിളിക്കുമ്പോൾ ചെല്ലണം"...

ഓക്കേ ഡാ ഞാൻ ദേ എത്തി .....

അതും പറഞ്ഞ് ഞാൻ ചായ കെറ്റിലിൽ നിന്ന് ഒരു ഗ്ലാസ് ചായ ഒരു ഡിസ്പ്പോസിബിൾ പ്ലേറ്റിലെടുത്തു. കോടമഞ്ഞിൽ നിമിഷ നേരം കൊണ്ട് ചായയുടെ ചൂടാറി. ഞാൻ പോക്കറ്റിലുണ്ടായിരുന്ന ബിസ്ക്കറ്റ് കുറച്ചെടുത്ത് അതിൽ പൊട്ടിച്ചിട്ട് അവൾക്ക് വച്ച് കൊടുത്തിട്ട് എനിക്ക് ഒരു കപ്പ് ചായയുമെടുത്ത് വണ്ടിയുടെ അടുത്തേക്ക് ധൃതിയിൽ പോയി. ബസിന്റെ വാതിലിൽ നിന്ന സാബുസാർ പറഞ്ഞു.

ആഹാ ഇവൾ അജിത്തിനെ വിട്ടു പോകുന്ന മട്ടില്ലല്ലോ.....

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കുവി എന്റെ കൂടെ നിൽക്കുന്നു.

"നീയത് തിന്നാതെ ഇങ്ങു പോന്നോ... അതിപ്പോൾ ടൈഗറും റോസും എടുത്ത് കഴിച്ച് കാണും..... "

ഞാനവളോട് പരിഭവം പറഞ്ഞു. അതിന് മറുപടിയായി ഒരു നീളമുള്ള കുര അവൾ പാസ്സാക്കി. എന്നിട്ട് മുന്നോട്ട് ചാടി എന്റെ കൈപ്പത്തി അവളുടെ വായയ്ക്കുള്ളിലാക്കി ചെറുതായി കടിച്ചുപിടിച്ചു. അവളുടെ കുര കേട്ട് ബസ്സിനുള്ളിൽനിന്ന് സ്റ്റെഫി കുരച്ചു. ഞങ്ങൾ റെഡിയായി കൊണ്ടിരുന്നപ്പോൾ ചെല്ലാനുള്ള നിർദ്ദേശം വന്നു. പോകാനുള്ള ജീപ്പും വന്നു. ഞങ്ങൾ പതിവ് പോലെ തിരച്ചിൽ ആരംഭിച്ചു. പകൽ കുറച്ചു തെളിഞ്ഞ കാലാവസ്ഥയായതിനാൽ മുൻ ദിവസങ്ങളിലെയത്രയും ബുദ്ധിമുട്ടില്ലാതെ തിരച്ചിൽ നടത്തി. തിരിച്ചു പോകുന്നതിനിടെ സാബു സാറ് ഫോണിൽ ആരോടൊ സംസാരിക്കുന്നത് കേട്ടു. ഞാൻ സാറിനോട് ആരാണെന്ന് ചോദിച്ചു. സാബു സാർ പറഞ്ഞു.

"ഓഫീസിൽ നിന്നാണ് നമ്മുടെ ഡ്യൂട്ടി കഴിഞ്ഞു. നമ്മുക്ക് തിരിച്ച് പോകാം. "

ജീപ്പിലിരുന്ന് കൊണ്ട് തന്നെ ദൂരെ ഞങ്ങളുടെ ബസ് കണ്ടു. അടുത്ത് വരുന്തോറും ജീപ്പ് കണ്ടിട്ട് ബസിന് മുന്നിൽ നിന്ന് ചാടുന്ന കുവിയേയും കണ്ടു. ജീപ്പ് നിർത്തിയപ്പോൾ തന്നെ സാബുസാർ പറഞ്ഞു 

"എല്ലാവരും വേഗം റെഡിയായിക്കോ, കോട വന്നു വഴി മൂടുന്നതിനു മുന്നേ നമുക്ക് മലയിറങ്ങാം..."

എല്ലാവരും സന്തോഷത്തോടെ റെഡിയാകാൻ പോയപ്പോൾ എന്റെ നെഞ്ചിൽ തറച്ച ഒരു നോട്ടം ബസ്സിന്റെ പടിയുടെ താഴെ നിന്നുണ്ടായി. ഞാൻ സ്റ്റെഫിയെ ബസ്സിൽ ലോക്ക് ചെയ്തിട്ട് തിരിച്ചിറങ്ങി വന്നപ്പോൾ കുവി എന്റെ ദേഹത്തേക്കു ചാടി. എന്റെ വിരലിൽ കടിച്ചു കൊണ്ട് കൂടെ നടന്നു. ഞാൻ നടന്നു അമ്പലത്തിന്റെ തിണ്ണയിൽ വന്നിരുന്നു. ഞാൻ ആകെ ധർമ്മസങ്കടത്തിലായിരുന്നു. അവൾ എന്റെ തുടയിൽ മുൻകാലുകളൂന്നി എന്റെ മുഖത്തേക്ക് നോക്കി മൂളി. എന്റെ കയ്യിലൊക്കെ അവൾ നക്കി.

അപ്പോഴെക്കും കൂടെയുണ്ടായിരുന്നവരൊക്കെ പോകാൻ റെഡിയായി വന്നു. സുനിൽ എന്റെയിരിപ്പ് കണ്ട് എന്റടുത്ത് വന്നു ചോദിച്ചു.

എന്ത് പറ്റിയെടാ...

ഡാ നമ്മുക്കിവളെ കൂടി കൊണ്ടു പോയാലൊ.... 

ഞാൻ കുവിയുടെ തലയിൽ തടവികൊണ്ട് പറഞ്ഞു.

ഇതിനെ കൊണ്ടു പോകാനൊ....

എങ്ങനെ..... 

നീ ചുമ്മാതിരുന്നെ....

നീയിങ്ങ് വന്നേ നമ്മുക്ക് മെസ്സിൽ പോയൊരു ചായ കുടിച്ചിട്ട് വേഗം പോകാം...

സുനിൽ പറഞ്ഞു.

എന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ നോക്കുന്ന അവളുടെ മുഖത്തു നോക്കിക്കൊണ്ട് സുനിലിനോട് പറഞ്ഞു.

നീ പൊയ്ക്കൊ....

ഞാൻ വന്നേക്കാം....

മഴ ചെറുതായി ചാറുന്നുണ്ട്. പക്കെ അവളുടെ നോട്ടം എന്നെ അവിടെ നിന്ന് എഴുന്നേറ്റ് പോകാൻ സമ്മതിക്കാതെ വിലങ്ങിട്ട് നിർത്തിയിരിക്കുകയായിരുന്നു. അവർ മെസ്സിൽ പോയി ചായ കുടിച്ചിട്ട് തിരികെ വന്നു ബസ്സിൽ കയറി. സാബുസാർ വിളിച്ചു

"അജിത്തെ വേഗം വാ. കോട കൂടുന്നതിന് മുൻപെ താഴെയിറങ്ങാം..."

ഞാൻ എഴുന്നേറ്റു അവൾ ഞാൻ തിരിച്ച് പോകാൻ പോകുകയാണെന്ന് മനസ്സിലാകാതെ എന്റെ മുന്നിൽ വന്ന് എന്റെ നേരെ ഉന്നം പിടിച്ച് ചാടി കളിക്കാൻ നിന്നു. അവളുടെ ചേഷ്ടകൾ കണ്ട് എന്റെ നെഞ്ചിന് ഭാരം കൂടി വന്നു. ഞാൻ വണ്ടിയിൽ കയറാൻ പോയപ്പോൾ കുവിയുടെ വിധം മാറി. അവളെന്നോടൊപ്പം ചാടി ഫുഡ്ബോർഡിൽ കയറി പോലീസ് നായ്ക്കൾ കുരച്ചപ്പോൾ ഞാൻ കുവിയെ പിടിച്ചിറക്കി. അവൾ വീണ്ടും കയറാൻ നോക്കി. അവളുടെ ആ ചേഷ്ടകൾ, 

"ഞാനും കൂടി വന്നോട്ടെ? എന്നെ കൂടി കൊണ്ടുപോകുമോയെന്ന്? "

എന്നോട് ചോദിക്കുന്നതായി എനിക്ക് തോന്നി. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാൻ അവളെ പിടിച്ച് താഴെക്ക് നിർത്തി. അവളെന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കിക്കൊണ്ട് മൂളുകയായിരുന്നു. ഞാൻ തിരിഞ്ഞ് ബസ്സിനുള്ളവരുടെ മുഖത്തേക്കു നോക്കി.

എന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ രതീഷ് അടുത്ത് വന്നു പറഞ്ഞു

" നിന്റെ വിഷമം നമ്മുക്ക് മനസ്സിലാകുന്നുണ്ടെടാ...

പക്ഷേ എന്ത് ചെയ്യും...

ഡിപ്പാർട്ട്മെന്റ് വണ്ടിയിൽ എങ്ങനാടാ കൊണ്ടുപോകുന്നത്..."

ഞാൻ ഡോർ വലിച്ചടച്ചു. വണ്ടി കുറച്ച് മുന്നോട്ട് നീങ്ങിയപ്പോൾ ഞാൻ ഡോർ തുറന്ന് നോക്കിയപ്പോൾ അവളെ കണ്ടില്ല. പെട്ടന്നൊരു കുര കേട്ട് ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ റോഡിന് മുകളിലെ തേയിലക്കാടുകളിൽ കൂടി എന്നെയും നോക്കിക്കൊണ്ട് അവൾ വണ്ടിക്കൊപ്പം ഭ്രാന്തമായി ഓടുന്നു. അവൾ ഓടാതിരിക്കാൻ പോക്കറ്റിൽ കിടന്ന ബിസ്ക്കറ്റ് കഷ്ണം എറിഞ്ഞു കൊടുത്തു. കണ്ണുകളിൽ നിറഞ്ഞ കണ്ണീർ ആരും കാണാതെ തുടച്ച് കൊണ്ട് ഞാനവളെ നോക്കി. മലമുകളിൽ നിന്ന് വന്ന കോട മഞ്ഞ് ഞങ്ങളുടെ ഇടയിലേക്കു പതഞ്ഞു കയറി. അവളുടെ കുരയുടെ ശബ്ദം നേർത്തു വന്നു. കൈയ്യിലിരുന്ന ബിസ്ക്കറ്റ് പൊടി മഞ്ഞിൽ കുതിർന്ന് എന്റെ കൈകളിൽ ഒട്ടിയിരുന്നു. എന്റെ നെഞ്ചിനു ഭാരം കൂടി ശ്വാസം മുട്ടുന്നതായി തോന്നി.

തുടരും

കുവി ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

കുവി ഭാഗം രണ്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം മൂന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം നാല് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം അഞ്ച് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവി ഭാഗം ആറ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Lifestory of Pettimudi Dog Kuvi- Part 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com