ADVERTISEMENT

ഉന്നതമായ വാഗ്ദാനങ്ങളുടെ ലോകമാണു കവിത. അഗാധമായ വിനിമയത്തിലേക്കോ, സ്പർശനത്തിലേക്കോ, വിചാരത്തിലേക്കോ പുറപ്പെടുകയും എന്നാൽ എത്തിച്ചേരാതിരിക്കുകയും ചെയ്യുന്ന കാലം അതിലുണ്ട്. അക്ഷരങ്ങൾ തനിച്ചാണെങ്കിൽ അസംബന്ധമോ ഉദാസീനമോ ആയി കാണപ്പെടുന്നു. അവ ഒരുമിച്ചുചേരുമ്പോൾ ഒരു വാതിലോ വീടോ ആയിത്തീരുന്നുവെന്ന് മഹ്മൂദ് ദർവീശ് പറയുന്നു. 

(എന്നും ഒരേ മലഞ്ചെരിവു നോക്കിയിരുന്ന് എഴുതിയവ)

darwish-books

വെയിലിൽ ഉണങ്ങിയ മുളത്തണ്ടുകളുടെ ശൂന്യതയിലൂടെ സഞ്ചരിക്കുന്ന കാറ്റ് ജലത്തിന്റെ അമ്പുപോലെ, ചിതറുന്ന സ്വരമായി പുറത്തേക്ക് സഞ്ചരിക്കുന്നു. ഞാൻ മുളങ്കൂട്ടത്തിന്റെ അറ്റത്തു നിൽക്കുന്നു, വെളിച്ചം നോക്കുന്നു, കാറ്റിന്റെ ഗതി അറിയുന്നു; ശരി, അവിടെനിന്ന് ഷൂട്ട് ചെയ്യാമെന്നു പറയുന്നു. ക്യാമറ ഓൺ ചെയ്യുന്നതോടെ കാറ്റ് ശാന്തമായി, ശരീരചലനങ്ങൾ സാന്ദ്രമാകുന്നു. അപ്പോൾ കണ്ടുപിടിച്ച ഒരു അദ്ഭുതം പോലെ ആകാശം മുളങ്കാടുകൾക്കപ്പുറം ഉയരുന്നു. 

നാളെയോ മറ്റെന്നാളോ ജീവനറ്റാലും സ്ഥിരദുഃഖത്തിന്റേതായ ഒന്നും എന്നെപ്പറ്റി ഈ എഴുത്തുകളിൽനിന്നുണ്ടാവുകയില്ല. എത്രയോ കുഞ്ഞുങ്ങൾ ക്രൂരമായ വേദനയിൽ പിടഞ്ഞ് മരിക്കുന്നു. കൂട്ടമരണങ്ങളാൽ പറുദ്ദീസയിലേക്കുള്ള പാതയിൽ തിരക്കേറിയതായി ഒരു പ്രാർഥനയിൽ നാം കേൾക്കുന്നു. മനുഷ്യന്റെ ജീവിതത്തിന്റെ മൂല്യം എങ്ങനെയൊക്കെയാണ് അളക്കുക? ഒരു മുളന്തണ്ട് അതു സ്ഥിതി ചെയ്തിരുന്ന ഇടത്തിന്റെ സവിശേഷതയാൽ കലാപൂർണമാകുന്നു. ഉദാഹരണത്തിനു പുഴയോടും തടാകത്തോടും ചേർന്നു വളരുന്ന മുളകൾ പുല്ലാങ്കുഴൽവാദകർക്കു പ്രിയങ്കരമാണ്. ഒഴുകും ജലത്തിന്റെ സ്മരണ മുളന്തണ്ടുകളുടെ ഉടലുകൾ വഹിക്കുന്നു. ഓരോ വട്ടം കാറ്റ് സ്പർശിക്കുമ്പോഴും അത് ആർദ്രമാക്കുന്നു, അതിൽനിന്ന് സ്വരധാര ഉദാരമാകുന്നു. 

ഞാൻ നാളെയോ മറ്റെന്നാളോ മരിക്കും. ആനന്ദങ്ങളിൽനിന്ന് പറിച്ചെറിഞ്ഞ ആയിരക്കണക്കിനു കുഞ്ഞുങ്ങളെ ഒരുമിച്ചടക്കിയ കബറിടങ്ങളോടു ചേർന്ന ഒരിടത്താണു എന്നെ അടക്കം ചെയ്യപ്പെടുന്നതെന്നു സങ്കൽപിക്കുക. യുഗങ്ങൾ കടന്നുപോകുമ്പോൾ  എന്റെ ഫോസിലുകളിൽ ഉറങ്ങുന്ന കുഞ്ഞുങ്ങളുടെ കുറുകൽ അഗ്നിനാളമായി ഉയരുമോ?

ഷൂട്ട് കഴിഞ്ഞു മടങ്ങിപ്പോകുമ്പോൾ, കവിയുടെ  ഉടുപ്പിലേക്ക് ഒരു മിന്നാമിനുങ്ങ് പാറിവീണു. കുന്നനെയുള്ള മൺവഴിയിലൂടെ ജീപ്പ് താഴേക്ക് തെന്നിത്തെന്നി ഇറങ്ങുമ്പോഴാണ് അവളുടെ ഇടത്തെ ചുമലിൽനിന്നു താഴേക്ക് ആ വെട്ടം മിന്നിവീണത്. ആ വെട്ടം അതിന്റെ സ്ഥലവും കൂട്ടവും വിട്ടുപോന്നിരിക്കുന്നു. പരിമണമുള്ള അവളുടെ ഉടുപ്പിന്റെ പരപ്പിൽ താമസിയാതെ അത് അസ്തമിച്ചുപോകും.

Nanavukal

ജോർജിന്റെ കവിത: "ഉടലോ ഭാഷയാകാനാവാതെ ഒഴിഞ്ഞ് ഒഴുകുന്നു. ഭാഷകളുടെ ഒഴിവിൽ ഉടലായിരുന്നതും സ്നേഹമായിരുന്നതും ലിപികളായിരുന്നതും അകന്നുപോകുന്നു." 

ഏറ്റവും ഏകാഗ്രമായ ഒരു വിനിമയത്തിലൂടെ, ഭാഷയിലൂടെ തുളച്ചുപോയി, വസ്തുക്കളിലൂടെ കടന്ന് പുതിയൊരു വിനിമയത്തിലേക്ക് എത്താനുള്ള വെമ്പൽ ആവോളമുണ്ട്, ജോർജിന്റെ കവിതയിൽ. അത് ഏറ്റവും ഉന്നതമായ വാഗ്ദാനമാകുന്നു. എത്ര നീറിയിട്ടും എത്ര വിയർത്തിട്ടും ഭാഷയാകാതെപോയ വിനിമയങ്ങളാണവ. 

ജോർജ്: "ഉടയും വടിവുകളിൽ അലയും സമയം എത്ര നീറിയിട്ടും ഭാഷയാകാതെ പുളയും മണങ്ങളെ വിട്ടുപോകുന്നു." 

ഒരു മിന്നാമിനുങ്ങിനെ പ്രപഞ്ചത്തിൽനിന്ന് അടർത്തിമാറ്റുന്നതാണു നിന്റെ ആവിഷ്കാരം എന്നു ഞാൻ കവിയോടു പറഞ്ഞു. കുഞ്ഞുങ്ങളുടെ കുഴിമാടങ്ങളായി മാറിയ പുരാതന നഗരത്തിൽ, വർഷങ്ങൾക്കുമുൻപുള്ള വേനൽക്കാല രാത്രിയിൽ മട്ടുപ്പാവിൽനിന്ന് കാണുന്ന മെഡിറ്ററേനിയൻ  കടലിന്റെ ഇരുണ്ട ചക്രവാളങ്ങളിൽ കൊള്ളിമീനുകൾ പായുമ്പോൾ മഹ്മൂദ് ദർവീശ് തെസാറസിൽ പരതുന്നു വികാരത്തിന് എത്ര പദങ്ങളുണ്ട്.? പെണ്ണുങ്ങൾക്ക് കൊടുക്കാനായി എഴുതിയിട്ടു താളുകൾക്കിടയിൽ വച്ചുമറന്ന എത്ര കടലാസുകളുണ്ട്?

കോ ഉൻ: 

"നോക്കൂ, 

ഒരു വെള്ളശലഭം, 

ജ്ഞാനത്തിന്റെ ഭൂതം, 

മൂഢസാഗരത്തിനുമീതേ പറക്കുന്നു.  

ഇഹലോകത്തിലെ എല്ലാ ഗ്രന്ഥങ്ങളും അടഞ്ഞിരിക്കുന്നു."

Ko-Un-Changbi-Publishers
കൊറിയൻ കവി കോ ഉൻ, Photo credit: Changbi-Publishers

സാഹിത്യാധ്യാപകരും സാഹിത്യപ്രവർത്തകരുമായ ആളുകൾ പുരസ്കാരയോഗ്യമായ പുസ്തകങ്ങൾ കണ്ടെത്തുക മാത്രമല്ല ചെയ്യുന്നത്, തങ്ങൾ യോഗ്യമെന്നു നിർണയിച്ച പുസ്തകങ്ങൾ പുതിയ വായനക്കാർക്കും വിദ്യാർഥികൾക്കുമിടയിൽ അടിച്ചേൽപിക്കുകയും ചെയ്യും. അവർക്ക് വായിട്ടലയ്ക്കാൻ കഴിയുന്ന പ്രമേയമാണ് ആ പുസ്കകത്തിൽ ഉച്ചത്തിലുള്ളതെങ്കിൽ പറയുകയും വേണ്ട. അഭിരുചികളെയും ശീലങ്ങളെയും പൊളിച്ചുപണിയാനും വിപുലമാക്കാനുമുള്ള സാഹിത്യപരിശീലനം എന്നാണു നാം ആരംഭിക്കുക എന്ന് ഇരുട്ടിനു തൊട്ടുമുൻപ് തിടുക്കത്തിൽ നടത്തിയ ആ ഷൂട്ടിനുശേഷം കവി ചോദിച്ചു. മിന്നാമിനുങ്ങുകൾ തിളങ്ങുന്ന മരങ്ങൾക്കിടയിലൂടെ രാത്രി സഞ്ചരിക്കവേ ഞാൻ അവസാനത്തെ സന്ധ്യാവെളിച്ചം വീണ ആ ഫ്രെയിമുകളിലെ ചുണ്ടുകളുടെയും കണ്ണുകളുടെയും ചലനം, ശ്വാസമെടുക്കുന്ന സ്വരം, കാടുകളിലേക്ക് പോകുന്ന കാറ്റിന്റെ മുഴക്കം എന്നിവയെല്ലാം ഓർത്തു. ഞാൻ മരിച്ചാൽ എന്റെ സുഹൃത്താണെന്നും എന്റെ പുസ്തകങ്ങളെല്ലാം വായിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട് അവർ പ്രത്യക്ഷപ്പെടും, അവരുടെ ലേഖനങ്ങൾ തുടരെവരും, സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, അവർ എന്നെ അറിയുന്നില്ല. എന്നെ വായിച്ചിട്ടുമില്ല. അവരുടെ വെറുപ്പിന്റെ ആഴം ലോകം അറിയാൻ പോകുന്നില്ല..

ജീപ്പ് നിർത്തിയിട്ട് ഡ്രൈവർ എന്നെയും കവിയെയും ഉറ്റുനോക്കി. ഞങ്ങൾ ചിരിക്കുന്നതു കണ്ടപ്പോഴാണ് അയാൾക്ക് ആശ്വാസമായത്. നാളെ പഴനിക്കു പോകുന്നു. മുടിമുറിക്കാൻ, താങ്കൾ വരുന്നോ എന്ന് ഞാൻ ചോദിച്ചു. അയാൾ പുഞ്ചിരിച്ചു തലയാട്ടി. 

കൊറിയൻ പുസ്തകങ്ങൾ മാത്രം വിൽക്കുന്ന ഒരിടത്തുപോയി. മനോഹരമായ കൊറിയൻ ലിപികൾ, ആർഭാടമായ അച്ചടി. ഒരക്ഷരം വായിക്കാനറിയില്ല. കോ ഉൻ കവിതകൾ ഉണ്ടോ എന്നു ചോദിച്ചു. കൊറിയൻ ലിപിയിൽ അതു കാണാനാകുമോ,  ഇല്ല അതില്ല. ആ ചെറുപ്പക്കാരൻ കോ ഉന്നിനെ കേട്ടിട്ടുതന്നെയില്ല. ആരാണു കോ ഉൻ, അയാൾ മൊബൈൽ എടുത്തു ഗൂഗിളിൽ തിരയാൻ തുടങ്ങി. ഞാൻ സങ്കോചത്തോടെ പറയാൻ തുടങ്ങി, കോ ഉൻ കൊറിയൻ ഭാഷയിലെ മഹാകവികളിലൊരാണ്. അവർക്ക് അഭ്ഭുതമായി. പോരാൻനേരം എനിക്ക് കുറെ ചോക്കലേറ്റുകൾ കിട്ടി. 

Ko-Un-Barbara-Zanon-Getty-Images
കൊറിയൻ കവി കോ ഉൻ, Picture Credit: Barbara-Zanon-Getty-Images

കോ ഉൻ: "വഴിയോരത്തെ മാലിന്യക്കൂനയുടെ മുകളിൽ തകർന്ന ഒരു ഇലക്ട്രിക് ഫാൻ തണുത്തകാറ്റിൽ ആകാംഷയോടെ തിരിയുന്നു. കടന്നുപോകവേ, ഞാനവിടെ ഒരുപാടുനേരം നിന്നുപോയി."

2

മരിക്കുന്നതിനു മുൻപേ പൂർണമായും വായിക്കണമെന്ന് ആഗ്രഹമുള്ള നോവലിസ്റ്റുകളുടെയും കവികളുടെയും പട്ടികയിൽ സമീപമാസങ്ങളിൽ ഒരാൾ കൂടി ഇടം നേടി. അത് ഓസ്ട്രേലിയൻ നോവലിസ്റ്റായ ജെറൾഡ് മർനേൻ ആണ്. എൺപതുകളിൽ പിന്നിട്ട എഴുത്തുകാരനെക്കുറിച്ചുള്ള ജീവചരിത്രക്കുറിപ്പുകൾ തുടങ്ങുന്നതു തന്നെ അദ്ദേഹം തീരെ യാത്രയില്ലാത്ത മനുഷ്യനാണെന്ന വിശേഷണത്തോടെയാണ്. ജീവിതത്തിൽ ഇതെവരെ വിമാനയാത്ര ചെയ്തിട്ടുമില്ല. വൈദികനാകാൻ പോയിട്ട് അത് ഉപേക്ഷിച്ച് സ്കൂൾ അധ്യാപകനായി. നാലുദശകത്തിലേറെ മെൽബണിൽ ജീവിച്ചു. ഭാര്യയുടെ മരണശേഷം ഓസ്ട്രേലിയയിലെ വിദൂരമായ ഒരു ചെറുപട്ടണത്തിലേക്കു താമസം മാറ്റി. ഇത്തവണ നൊബേൽ സമ്മാനം ഊഹപ്പട്ടികകൾ പുറത്തുവന്നപ്പോൾ അതിലെല്ലാം മർനേൻ ഉണ്ടായിരുന്നു. ഇംഗ്ലിഷിൽ എഴുതിയിട്ടും യുഎസിലോ യുകെയിലോ പ്രശസ്തനല്ലാത്ത ഒരെഴുത്തുകാരൻ. ഓസ്ട്രേലിയയ്ക്കു പുറത്തുനിന്ന് ഒരു അംഗീകാരവും തേടിവന്നിട്ടില്ല. അരനൂറ്റാണ്ട് പിന്നിടുന്ന അസാധാരണമായ എഴുത്തുജീവിതമുള്ള മർനേനിനെപ്പറ്റി മുൻപൊരിക്കലും കേട്ടിട്ടുപോലുമില്ലല്ലോ എന്ന അമ്പരപ്പോടെയാണ് അയാളുടെ കൂടെ സഞ്ചരിക്കാമെന്നു തീരുമാനിച്ചത്. 

ജെറാൾഡ്‌ മർനേൻ, Picture Credit: ABC-Arts-Zan-Wimberley
ജെറാള്‍ഡ് മര്‍നെന്‍, Photo Credit: ABC-Arts-Zan-Wimberley

മർനേൻ മുഖ്യധാരയിൽ സ്വീകാര്യനാകാത്തതിന്റെ കാരണമെന്താണെന്ന് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ 'ദ് പ്ലെയിൻസ്' വായിച്ചപ്പോൾ മനസ്സിലായി. ഒരു ചെറിയ നോവലാണ്. എന്നാലത് തിടുക്കത്തോടെയുള്ള വായനയ്ക്കു കൈപ്പിടിയിൽ വരുകയില്ല. കാഫ്ക, ബോർഗസ്, ഇറ്റാലോ കാൽവിനോ തുടങ്ങിയവരുടെ പാരമ്പര്യത്തിൽ വരുന്ന എഴുത്താണത്. തന്റെ ദേശത്തിനു മറ്റൊരു വാഖ്യാനം നൽകുക എന്ന ലക്ഷ്യത്തോടെ പുറപ്പെടുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നോവൽ, ഒടുവിൽ സാഹിത്യത്തിനുതന്നെ ബദൽ അന്വേഷിക്കുന്ന തലത്തിലേക്കാണ് എത്തുന്നത്. 

അലിഗറിയുടെ സ്വഭാവമുള്ള ഒരു ഇതിവൃത്തമാണിത് - 'ദി ഇന്റീരിയർ' എന്നു പേരിട്ട തന്റെ തിരക്കഥയ്ക്കു വേണ്ടിയുള്ള ഗവേഷണത്തിനായി ഒരു ഫിലിംമേക്കർ ഓസ്ട്രേലിയയുടെ വിദൂരമായ ഒരു സമതലപട്ടണത്തിലെത്തുന്നു. തുടർന്നുള്ള ദിവസങ്ങളിൽ അയാൾ ആ വിചിത്രവും ഒറ്റപ്പെട്ടതുമായ ആ പ്രദേശത്തെ പബ്ബിൽ ആ നാട്ടിലെ പ്രമാണിമാരുടെ സഹായത്തോടെ ഗവേഷണത്തിനു വഴിയന്വേഷിക്കുന്നു. ആ ദേശത്തിന്റെ സംസ്കാരം പഠിക്കുക, അതിനെ അറിയുക, അതിൽനിന്ന് ഒരു തിരക്കഥയെഴുതുക - ഇതാണ് അയാളുടെ ഉദ്ദേശ്യം.  ഒരു ഭൂവുടമ അയാൾക്കു താമസവും സൌകര്യങ്ങളും ഏർപ്പാടാക്കുന്നു. ആ സമതലപ്രദേശത്തെ വലിയൊരു ലൈബ്രറിയ്ക്കുള്ളിൽ സാംസ്കാരികഗവേഷണവുമായി അയാൾ വർഷങ്ങൾ ചെലവഴിക്കുന്നു. ഭൂവുടമയുടെ മകളെയും ഭാര്യയെയും  അവരറിയാതെ നിരീക്ഷിക്കുന്നു. സിനിമയുടെ അവസാനരംഗത്ത് മകൾ ഒരു കഥാപാത്രമായി രംഗപ്രവേശം ചെയ്യുമെന്ന് അയാൾ സങ്കൽപിക്കുന്നു.

The-Plain

ഓസ്ട്രേലിയയുടെ മുഖ്യധാരയ്ക്കു പുറംതിരിഞ്ഞുനിൽക്കുന്ന പ്രബലമായ സാംസ്കാരികപാരമ്പര്യമാണു സമതലങ്ങൾക്കുള്ളത്. വിദൂര ഓസ്ട്രേലിയയുടെ ഈ അടഞ്ഞ ലോകത്ത് എപ്പോഴും നാം കാണുന്നത് ഒരു അപരാഹ്നം നീണ്ടുപോകുന്നതാണ്. മുഖത്തേക്കു വീഴുന്ന വെയിലിന്റെ പാളികളാണ്. ഫിലിംമേക്കർ ആദ്യമായി ഭൂവുടമകളുടെ കൂട്ടത്തോടെ സംസാരിക്കാൻ എണീക്കുമ്പോൾ ആ മുറിയുടെ നടുവിലേക്ക് വീണുകിടന്ന അപരാഹ്നത്തിലെ വെയിൽപ്പാളിയെ മറച്ചാണു നിന്നതെന്ന് നോവലിസ്റ്റ് എടുത്തുപറയുന്നുണ്ട്. വിചിത്രവും ക്ലേശകരവുമായ തലങ്ങളിലേക്ക് ആഖ്യാനം നീങ്ങുമ്പോൾ നാം ആശയക്കുഴപ്പത്തിലാകുന്നു. എവിടേക്കാണ് ഈ സഞ്ചാരമെന്ന് സംശയിക്കുന്ന. ഭൂവുടമയുടെ ഭാര്യയെ ലൈബ്രറിയിൽ എന്നും അയാൾ കാണുന്നുവെങ്കിലും അവർ പരസ്പരം സംസാരിക്കുകയോ പരിചയപ്പെടുകയോ ചെയ്യുന്നില്ല. പക്ഷേ ഒരിക്കൽ അവരുമായി സൗഹൃദം സ്ഥാപിക്കാം എന്ന് അയാൾക്ക് വിശ്വാസമുണ്ട്. അതിനായി, ഈ തിരക്കഥയെഴുതിക്കഴിഞ്ഞാൽ താനൊരു ലേഖനസമാഹാരം എഴുതിയിട്ട് ഏതെങ്കിലും ചെറുകിട പ്രസാധാകരെക്കൊണ്ട് സ്വകാര്യമായി അച്ചടിപ്പിക്കും. എന്നിട്ട് അതിലൊരു പുസ്തകം മാത്രമെടുത്ത് ലൈബ്രറിയിൽ ആ സ്ത്രീ പതിവായി പരതുന്ന ഇടത്തെ ഷെൽഫിൽ ലൈബ്രേറിയനെ സ്വാധീനിച്ച് വയ്പിക്കും.  ഇതെല്ലാം താനുദ്ദേശിക്കുന്നപോലെ നടക്കുമെന്ന കാര്യത്തിൽ ഫിലിംമേക്കർക്കു സംശയമില്ല. എന്നാൽ അയാളെ അലട്ടുന്നതു മറ്റൊരു പ്രശ്നമാണ് - ആ സ്ത്രീ അവരുടെ ജീവിതകാലത്ത് ഒരിക്കലെങ്കിലും ആ പുസ്തകം തുറന്നുനോക്കുമെന്ന് ഉറപ്പുവരുത്താൻ അയാൾക്കാവില്ല. 

1982 ൽ ഇറങ്ങിയ 'ദ് പ്ലെയ്ൻസ്' നമുക്ക് പരിഹരിക്കാനാവാത്ത ഒട്ടേറെ അനിശ്ചിതത്വങ്ങൾ അവശേഷിപ്പിക്കുമ്പോഴും തുടർന്നുള്ള എല്ലാ വായനകളിലും എനിക്ക് പ്രതീക്ഷയുണ്ട്. വായനക്കാർക്ക് അതറിയാം, തനിക്ക് ശരിക്കും മനസ്സിലാകാത്ത പുസ്തകങ്ങൾക്കുപിന്നാലെയും ക്ഷമയോടെ അയാൾ പോകും. ഈ പുസ്തകങ്ങളെല്ലാം യഥാർഥത്തിൽ ആർക്കുവേണ്ടിയാണോ എഴുതിയത്, ആരുടെ പ്രേമത്തിനുവേണ്ടിയാണോ പൂർത്തിയാക്കിയത്, അയാൾ  ആ വരികൾ കണ്ടെത്തിവായിക്കുമെന്ന ഉത്തമ വിശ്വാസത്തിലല്ലേ ഈ വാക്കുകളത്രയും നിലകൊള്ളുന്നത്. അയാൾക്കുള്ള ആ വരികൾ അയാളൊഴികെ മറ്റെല്ലാവരും വായിച്ചുകടന്നുപോകുന്നത് ഒന്നാലോചിച്ചുനോക്കൂ.

ഞാനും കവിയും മുഖത്തോടുമുഖം നോക്കി. ചിരിക്കാൻ ഒരു വിഷയം കിട്ടാതെ അങ്ങനെയിരുന്നു.

English Summary:

Discover the world of poetry, as Mahmoud Darweesh, Ko Un and George takes us on a journey of literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com