അയാൾ പുറത്തിറങ്ങിയതും വീട്ടിനുള്ളിൽനിന്നും നിലവിളി, അപകടം; പ്രവാസിയുടെ വീട്ടിലെ ഹൃദയം തകർക്കും കാഴ്ച
Mail This Article
അനസ് ആ വീട്ടിലേക്ക് എത്തിയപ്പോഴേക്കും നേരം സന്ധ്യയായിരുന്നു. "അസ്സലാമു അലൈക്കും.." സലാം ചൊല്ലിക്കൊണ്ട് അയാൾ തന്റെ മുന്നിലെ വെളുത്ത തലമുടിയും അതേ നിറത്തിലുള്ള കൈ ബനിയൻ ധരിച്ച മനുഷ്യന് നേരെ കൈനീട്ടി. "വ അലൈക്കുമുസ്സലാം.." മറുപടി പറഞ്ഞെങ്കിലും ആളെ മനസ്സിലായില്ല എന്ന അർഥത്തിൽ അനസിന് നേരെ തെല്ല് മുഖമൊന്നുയർത്തി. നോട്ടത്തിലെ അർഥം മനസ്സിലാക്കി "ഞാൻ റഷീദിന്റെ സുഹൃത്താണെന്ന്" പറഞ്ഞപ്പോൾ ആ വൃദ്ധന്റെ കണ്ണിലെ തിളക്കം ഒന്ന് മാത്രം മതിയായിരുന്നു അനസിന് അതുവരെയുണ്ടായിരുന്ന യാത്ര ക്ഷീണം മറക്കാൻ. അനസ് മുറ്റത്ത് നിർത്തിയിട്ട കാറിന്റെ ഡിക്കിയിൽ നിന്ന് ഷാനിബ എന്ന് പേരെഴുതി ഒട്ടിച്ച് വെച്ച വലുതല്ലാത്ത, എന്നാൽ തീരെ ചെറുതുമല്ലാത്തയൊരു പ്ലാസ്റ്റിക് കവറും പേരൊന്നും എഴുതാത്ത വേറൊരു ചെറിയ പൊതിയും ഫൈബർ കസേരയിൽ വെച്ചു. 'ഓനവിടെ സുഖം തന്നെയല്ലേ....?' ആ ചോദ്യത്തിൽ തന്നെ ഉണ്ടായിരുന്നു റഷീദിനോട് ആ മനുഷ്യനുള്ള സ്നേഹം. ഉപ്പ മരിച്ചതിന് ശേഷം സഹായത്തിന് ആകെയൊരു അമ്മാവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് റഷീദ് പലവട്ടം പറഞ്ഞതുകൊണ്ടുതന്നെ ആളെ തിരിച്ചറിയാൻ അനസിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. "അവൻ സുഖമായിരിക്കുന്നു ഇക്കാ...." "ഷാനിബ... ഷാനി... ഒന്നിങ്ങു വന്നേ..." അയാൾ വീട്ടിനകത്തേക്ക് തല തിരിച്ച് ഉച്ചത്തിൽ വിളിച്ചു..
വണ്ടിയുടെ ശബ്ദവും മാമന്റെ വിളിയും കേട്ടതോടെ ആദ്യം പുറത്തേക്ക് വന്ന നാലു വയസ്സുകാരി തിരിഞ്ഞും മറിഞ്ഞും നോക്കി ആ കസേരയിലെ പ്ലാസ്റ്റിക് കവറുകൾ തൊട്ടും തലോടിയും നിന്ന് കുഴയുന്നവൾ റഷീദിന്റെ കുഞ്ഞാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അയാൾക്ക് മനസ്സിലായി. അവന്റെയതേ ആനച്ചെവികൾ... കണ്ണുകളിലെ കള്ള ലക്ഷണം.. റഷീദിനെ പറിച്ചെടുത്ത് ഒട്ടിച്ച് വെച്ചത് പോലെയുണ്ട്. വൈകാതെ ഷാനിബയും പുറത്തേക്ക് വന്നു. "ഇത് അവന്റെ അടുത്ത് നിന്ന് വന്ന ആളാ.." അമ്മാവൻ ആളെ പരിചയപ്പെടുത്തിയപ്പോൾ അവൾ അനസിനെ നോക്കിക്കൊണ്ട് പറഞ്ഞു "എനിക്കറിയാം.. ഫോട്ടോയിൽ കണ്ടിട്ടുണ്ട്.. വരുമെന്ന് പറഞ്ഞിരുന്നു എന്തേ ഇത്ര താമസിച്ചത്...?" "വീട്ടിലെ ഓരോ തിരക്കുകൾ.." "ഓ.. ഇരിക്കൂ ഞാൻ കാപ്പി കൊണ്ടുവരാം.." മറുപടിക്ക് കാത്ത്‌നിൽക്കാതെ അവൾ അകത്തേക്ക് പോയി. രണ്ട് കപ്പ് കാപ്പിയും കുറച്ച് ബേക്കറികളും ടേബിളിൽ വെച്ചുകൊണ്ട് "മാമ കാപ്പി..." എന്ന് അമ്മാവനെ നോക്കിയും "വാ ഇരിക്കൂ.." എന്ന് അനസിനെ നോക്കിയും ക്ഷണിച്ചു.
കാപ്പി കുടിക്കുന്നതിനിടയിൽ റഷീക്കാക് ഇനിയെപ്പോഴാണ് ലീവെന്ന് അവൾ ചോദിച്ചു. "എന്നും വിളിക്കാറുണ്ടല്ലോ..? നേരിട്ട് ചോദിച്ചൂടെ...?" എന്നും പറഞ്ഞ് അയാൾ അവളെ നോക്കിയൊന്ന് ചിരിച്ചു. "അതിന് ഒന്നും പറയില്ലല്ലോ.. ചോദിക്കുമ്പോൾ വരുമ്പോൾ വരുമെന്ന് പറയും. പലപ്പോഴും വരുന്നതിന്റെ ഒന്നോ രണ്ടോ ദിവസം മുൻപ് പറഞ്ഞാൽ ആയി. കഴിഞ്ഞപ്രാവശ്യം അതും ഉണ്ടായില്ല. ഒരു സുപ്രഭാതത്തിൽ കേറിവന്ന് സർപ്രൈസ് എന്നുപറഞ്ഞ് ചിരിച്ചു..' ഭർത്താവിന്റെ തുറന്നുപറച്ചിലുകളുടെ കുറവ് അവളുടെ വാക്കിൽ മുഴച്ചു നിന്നതായി അനസിന് തോന്നി. "നിങ്ങൾ സംസാരിക്കൂ ഞാൻ ഇപ്പോൾ വരാം..." എന്ന് പറഞ്ഞവൾ പതിയെ അകത്തേക്ക് നടന്നുപോയി. റഷീദിന്റെ വരവ് അത്രമാത്രം ആഗ്രഹിച്ചത് കൊണ്ടാവണം അമ്മാവനും മറ്റൊന്നും ചോദിക്കാനുണ്ടായിരുന്നില്ല. മൗനം തളംകെട്ടിയ ആ കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ അയാളുടെ മനസ്സും പതിയെ ഗൾഫിലെ റൂമിലേക്ക് പോയി. നാട്ടിലേക്ക് ലീവിന് പോകുന്ന നാളിലേക്കുള്ള ദൂരം തിരിച്ചും മറിച്ചും അളന്ന് തിട്ടപ്പെടുത്തിയാലും നാട്ടിലെ പ്രിയപ്പെട്ടവരോടത് വ്യക്തമായി പറയാൻ ഞങ്ങൾ പ്രവാസികൾക്ക് ആകാറില്ല. പലപ്പോഴും പല കാരണങ്ങളും ഉണ്ടാകും റീ എൻട്രി പുതുക്കി കിട്ടാത്തത് കമ്പനി ടിക്കറ്റ് കൈയ്യിൽ തരാത്തത് അങ്ങനെ പലതും. അതിനൊക്കെ പുറമേ പ്രതീക്ഷിക്കാതെയൊരു നാൾ കയറി ചെന്നൊരു മാത്ര കാണാൻ കൊതിച്ച് കാത്തിരിക്കുന്നവരുടെ കണ്ണിന് മുമ്പിൽ നിൽക്കുമ്പോൾ കിട്ടുന്നയൊരു നിർവൃതി അനിർവചനീയമാണ്.
Read also: മക്കളെ സ്കൂളിൽ വിടാൻ അയൽക്കാരി സഹായിച്ചില്ല, പരാതിയും പരിഭവവും; കാരണം കേട്ടപ്പോൾ വാദി പ്രതിയായി
കുടുംബത്തിൽ നിന്നൊരുത്തൻ കടൽ താണ്ടി പോയതുകൊണ്ട് മാത്രം മെച്ചപ്പെട്ടയൊരു നിലവാരത്തിലേക്ക് എത്തിപ്പിടിച്ച എത്രയോ കുടുംബങ്ങളിലെ ഒന്നു മാത്രമാണ് തന്റെയും. കുടുംബത്തിന്റെ സ്നേഹമല്ലാതെ മറ്റൊന്നും ദൂരം താണ്ടി മറഞ്ഞ് ഉടലുപ്പ് പൊഴിക്കുമ്പോഴും ആഗ്രഹിക്കാറില്ല. നാട്ടിലെല്ലാം ഭദ്രമാക്കിയൊരു നാൾ, ഇനിയില്ലായെന്ന വിധം തിരിച്ച് പോകണമെന്ന കൊതിയിൽ കൊല്ലങ്ങൾ ബലമായി തള്ളി നീക്കുന്നവരാണ് എല്ലാ പ്രവാസികളെ പോലെ ഞാനും റഷീദും... സൗദിയിൽ എത്തിയ ആദ്യ നാൾ മുതലുള്ള കൂട്ടുകെട്ടാണ്. ലേബർ ക്യാമ്പിൽ നിന്ന് പുലർച്ചെയുള്ള ബസിൽ കയറിയാൽ സൈറ്റിലെ ജോലിയും കഴിഞ്ഞ് ഇരുട്ടും മുമ്പ് തിരിച്ചെത്തും. കുളികഴിഞ്ഞുള്ള ഇത്തിരി നേരത്താണൊരു മുറിയിൽ തിങ്ങി കിടക്കുന്നവർക്ക് എന്തെങ്കിലുമൊക്കെ സംസാരിക്കാൻ സാധിക്കുക. റഷീദ് എപ്പോഴും പറയും നാല് വയസ്സുള്ള തന്റെ മകൾക്ക് വാപ്പയെന്നാൽ എവിടെ നിന്നോ സമ്മാനമയക്കുന്ന ഫോണിലെ ആരോ ആണെന്ന്..!
'റഷീദിന്റെ ഉമ്മ...!?' "അവളുടെ കാര്യമാകെ കുഴപ്പത്തിലാണെന്ന്" അമ്മാവനൊരു നെടുവീർപ്പോടെയാണ് പറഞ്ഞത്. "ഒരു മഴയത്ത് അയലിൽ നിന്ന് തുണികളെടുക്കാൻ മുറ്റത്തേക്കോടി വന്നതായിരുന്നു അവൾ. നിന്ന നിൽപ്പിൽ തെറിച്ച് ഉമ്മറത്തേക്കുള്ള ചവിട്ട് പടിയിലേക്ക് തലയിടിച്ച് വീഴാൻ പാകമൊരു മിന്നലേറ്റതാണത്രേ..!" അകത്തെ മുറി കാണിച്ചുകൊണ്ട് അമ്മാവൻ ശബ്ദം പറഞ്ഞു. "അറിയാം... അതിനു മുൻപ് ഒന്ന് രണ്ട് തവണ ഞാൻ ഉമ്മയുമായി സംസാരിച്ചിട്ടുണ്ടായിരുന്നു. എല്ലാവരെയും എനിക്ക് നന്നായി അറിയാം.. ഇതുവരെ കണ്ടില്ലെന്നേയുള്ളൂ.." അനസ് അത് പറഞ്ഞ് പതിയെ എഴുന്നേറ്റു. "ഇന്നിവിടെ തങ്ങിയിട്ട് പോയാൽ മതി" അമ്മാവൻ സ്നേഹപൂർവം നിർബന്ധിച്ചു. "എണ്ണി ചുട്ട അപ്പം പോലുള്ള ലീവ് കണ്ണ് മൂടി തുറക്കുമ്പോഴേക്കും പോകും. റഷീദിന്റെ ഉമ്മയെ ഈ പ്രാവശ്യമെങ്കിലും കാണണമെന്ന ആഗ്രഹത്തിൽ മാത്രമാണ് ഇത്ര ദൂരം വണ്ടിയോടിച്ച് വന്നത്. താമസിക്കുന്നതൊക്കെ പിന്നീട് ഒരു ദിവസം ആവാം. നാട്ടിൽ വീട് പണി നടക്കുന്നുണ്ട് അതിന്റെ കുറച്ചു തിരക്കുണ്ട്" ഉമ്മയെ കാണാനായി അയാൾ മുറിയിലേക്ക് ചെന്നു.
മുറിയിലാകെയൊരു മരുന്നിന്റേയും മൂത്രത്തിന്റേയുമൊക്കെ മിശ്ര മണമായിരുന്നു. എന്തെങ്കിലുമൊക്കെ ചില വാക്കുകൾ പതുക്കെ പറയുമെന്നല്ലാതെ സംസാരിക്കാനൊന്നും റഷീദിന്റെ ഉമ്മയ്ക്ക് പറ്റില്ല. മിന്നലേറ്റതിന് ശേഷം കേൾവിയും കുറഞ്ഞിട്ടുണ്ട്. ശരീരത്തിന്റെ ഇടത് വശം തളർന്നങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷമായി. 'ഇക്കാന്റെ കൂട്ടുകാരനാ...!' ഷാനിബ പറഞ്ഞിട്ടും ഉമ്മയത് കേട്ടില്ല.. കണ്ടപ്പോൾ തല അൽപ്പമനക്കി അയാളെ ഒന്ന് നോക്കുക മാത്രം ചെയ്തു. കണ്ണുകളിൽ നനവിന്റെ നേരിയയൊരു തിളക്കം മാത്രം. ആ ഉമ്മ എന്തൊക്കെയോ തന്നോട് പറയുകയാണെന്ന് അയാൾക്ക് തോന്നിപ്പോയി.. അൽപനേരം ആ കണ്ണുകളിലേക്ക് തന്നെ നോക്കി. പണ്ടെപ്പോഴോ ഫോൺ ചെയ്യുമ്പോൾ അനസിനോട് മുല്ലപ്പൂവിന്റെ മണമുള്ള അത്തർ കൊടുത്തയക്കാൻ പറഞ്ഞപ്പോൾ അത് ഞാൻ കൊണ്ടുവരാം കേട്ട് നിന്ന താൻ ഏറ്റതും എന്നാൽ വാക്ക് പാലിക്കാൻ പറ്റാതെ ആ തവണത്തെ ലീവ് കഴിഞ്ഞ് തിരിച്ചു പോയതും അയാൾ വേദനയോടെ ഓർത്തു. ശേഷം ആ ചെറിയ പൊതി തലയുടെ ഭാഗത്ത് വെച്ച് സലാം പറഞ്ഞശേഷം പുറത്തേക്ക് ഇറങ്ങി.
എല്ലാവരോടും യാത്ര പറഞ്ഞ് ഉമ്മറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് ഷാനിബാന്റെ നിലവിളി ഉയർന്നത്. ഉപ്പുമ്മ കട്ടിലിൽ നിന്ന് വീണെന്ന് പറഞ്ഞ് അപ്പോഴേക്കും റഷീദിന്റെ മോൾ ഉമ്മറത്തേക്ക് വന്നിരുന്നു. അനസും അമ്മാവനും ചെല്ലുമ്പോഴേക്കും ഷാനിബ ഉമ്മയെ താങ്ങി പിടിച്ച് കട്ടിലിലേക്ക് കിടത്തിയിട്ടുണ്ടായിരുന്നു. "നിങ്ങൾ ഇറങ്ങിയപ്പോൾ തൊട്ട് ഉമ്മ വല്ലാതെ കിതച്ചും വിറച്ചും കൊണ്ട് മറിഞ്ഞ് വീഴുകയായിരുന്ന്" ഷാനിബ ഉമ്മയെ താങ്ങി കിടത്തിയതിന്റെ കിതപ്പിന്റെ ഇടയിൽ പറഞ്ഞു. അതുകേട്ടപ്പോൾ അമ്മാവൻ അയാളെ നോക്കുക മാത്രം ചെയ്തു. കട്ടിലിന്റെ അരികിലേക്കൊരു സ്റ്റൂള് വലിച്ചിട്ട് ആ ഉമ്മയുടെ കൈയ്യും പിടിച്ച് അയാൾ കുറച്ച് നേരത്തേക്ക് അവിടെയിരുന്നു. അപ്പോഴാ ഉമ്മ ചുണ്ടുകൾ കൊണ്ട് വിതുമ്പി വിതുമ്പിയൊടുവിൽ റഷീദേ എന്ന് വിളിച്ചു. അതുകേട്ടപ്പോൾ ഷാനിബാന്റെ കണ്ണുകൾ നിറഞ്ഞു. അമ്മാവൻ മുറിയിൽ നിന്ന് പുറത്തേക്ക് പോയി. അനസ് കൈയ്യെടുക്കാതെയാ ഉമ്മ ഉറങ്ങുന്നത് വരെ ആ മുഖം നോക്കി അങ്ങനെ എന്തൊക്കെയോ ഓർത്തിരുന്നു. വൈകിയത് കൊണ്ടും ഉമ്മാക്ക് ഇനി എന്തെങ്കിലും ആയാൽ ഹോസ്പിറ്റലിലേക്ക് പോകാൻ മറ്റു വണ്ടി സൗകര്യങ്ങൾ ഒന്നുമില്ലാത്തതുകൊണ്ടും അയാൾക്ക് അന്ന് അവിടെ തന്നെ കഴിയേണ്ടി വന്നു. റഷീദിനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല. അല്ലെങ്കിലുമെത്ര നാടകീയമായാണ് ചില രംഗങ്ങൾ ജീവിതത്തിൽ അരങ്ങേറുന്നതെന്ന് ഓർത്ത് അയാൾ ആ രാത്രിയിൽ ഉറങ്ങാതെയങ്ങനെ കിടന്നു.
Read also: എത്രയോ പേരുടെ ജീവനെടുത്തവൻ, ആദ്യമായി ദുർബലനായത് ഒരു പെണ്ണിനു മുന്നിൽ; പ്രണയം പുലിയെ പൂച്ചയാക്കി
മനുഷ്യർ അവർ പോലുമറിയാതെ ചിലയിടങ്ങളിൽ ആരുടെയൊക്കെയോ പകരക്കാരനാകുന്നു. ആരൊക്കെയാണതിന്റെ ഗുണഭോക്താക്കളെന്ന് പോലുമറിയാതെ പകർന്നാടേണ്ടി വരുന്നു..! റഷീദേ.. എന്ന് വിളിച്ചപ്പോൾ മറുത്തൊന്നും പറയാതെ ഉമ്മയുടെ കൈയ്യും പിടിച്ചിരുന്നതിന്റെ ഗുട്ടൻസ് എന്താണെന്ന്, പുലർച്ചേ അവർ മരിച്ചുവെന്ന് അമ്മാവൻ ഉണർത്തി പറയുന്നത് വരെ അയാൾക്ക് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു.. കൃത്യമായ കാര്യകാരണങ്ങൾ ഇല്ലാതെയൊരു ചലനവും ഭൂമിയിലെ ജീവനുകളിൽ സംഭവിക്കുന്നില്ലായെന്ന് പറയുന്നതെത്ര പരമമായ സത്യമാണെന്ന് അയാൾക്ക് തോന്നി. ഇല്ലെങ്കിൽ റഷീദിനെ പരിചയപ്പെട്ട് ഇത്ര വർഷത്തിനിടയിൽ ഒരിക്കൽപോലും ആ ഉമ്മയെ കാണാൻ വരാൻ പറ്റിയില്ല. തനിക്ക് വാക്കു പാലിക്കാൻ വേണ്ടിയായിരിക്കണം നിയോഗം പോലെ ആ ഉമ്മ മരണത്തെ പിടിച്ചു നിർത്തിയത് എന്ന് അനസിന് തോന്നി.
Content Summary: Malayalam Short Story ' Oru Niyogam Pole ' Written by Hashir Moosa