ADVERTISEMENT

ഡൽഹിയിലെ മഞ്ഞ് പെയ്യുന്ന രാവിൽ ഷുക്കൂർപൂർ തെരുവ് വീഥിയിലൂടെ അവന്യൂ അപ്പാർട്ട്മെന്റ് ലക്ഷ്യമാക്കി ഒരു ബുള്ളറ്റ് പാഞ്ഞു. ഒരിക്കലും ഉറങ്ങാത്ത ആ നഗരം, ഇന്ന് മരം കോച്ചുന്ന തണുപ്പിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. ബുള്ളറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ട് തെരുവോരത്തെ കടത്തിണ്ണകളിൽ അഭയം പ്രാപിച്ച  തെരുവ് നായ്ക്കൾ തല ഉയർത്തി നോക്കിയതിന് ശേഷം വീണ്ടും തങ്ങളുടെ കർമ്മം തുടർന്നു. ബുള്ളറ്റിന്റെ കറുത്ത പെട്രോൾ ടാങ്കിന് മുകളിലേക്ക് അയാളുടെ ഇടത്തെ തോളിൽ നിന്നും രക്തം ഇറ്റിറ്റ് വീണു.. തലയിൽ നിന്നും ഹെൽമെറ്റ് ആയാസപ്പെട്ട് അയാൾ ഊരിമാറ്റി. റാം.. നീണ്ട് വളർന്ന് കിടന്ന ചെമ്പൻ മുടിയിഴകൾ പാതിരാക്കാറ്റിൽ പാറിപറന്നു. അവന്യൂ അപ്പാർട്ട്മെന്റിലെ പാർക്കിംങ്ങ് ഏരിയയിൽ ബുള്ളറ്റ് ഒതുക്കിവെച്ച് 481- A ഫ്ലാറ്റ് ലക്ഷ്യമാക്കി റാം നീങ്ങി. സെക്യൂരിറ്റിക്കാരൻ ഉറക്കച്ചടവോടെ അയാൾക്ക് സലാം പറഞ്ഞു . ലിഫ്റ്റിനുള്ളിലെ കണ്ണാടിയിലെ, തന്റെ പ്രതിബിംബത്തിലേക്ക് അയാൾ ഒന്ന് നോക്കി പുഞ്ചരിച്ചു. റാം.. ഏതോ കമ്പനിയിലെ ഉയർന്ന ഉദ്യേഗസ്ഥൻ.. ചില രാത്രിയിലെ യാമങ്ങളിൽ..

"ഫോർത്ത് ഫ്ലോർ.." പെണ്ണിൻ കിളിനാദത്തിനൊപ്പം ലിഫ്റ്റിന്റെ വാതിൽ മലർക്കെ തുറന്നു. പെരുവിരൽ അമർത്തി ഫ്ലാറ്റ് വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ച റാം, ധരിച്ചിരുന്ന ജാക്കറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞു. സ്വീകരണമുറിയിലെ ചെറിയ അലമാര തുറന്ന് നിരനിരയായി നിരത്തിവെച്ചിരിക്കുന്ന മദ്യക്കുപ്പികളിൽനിന്നും ഓൾഡ് മങ്ക് റം കൈയ്യിലെടുത്ത് ബാത്ത് റൂം ലക്ഷ്യമാക്കി നടന്നു. ഷേവിങ്ങ് ബ്ലെയിഡ് കൈയ്യിൽ എടുത്ത് ബാത്റൂമിലെ കണ്ണാടിയിലൂടെ രക്തം ഇറ്റുവീഴുന്ന തന്റെ ഇടത്തേ കൈ ചുമലിലേക്ക് നോക്കി. മുന്നിൽ ഇരുന്ന മദ്യക്കുപ്പിയെടുത്ത് വായ്ക്കുള്ളിലേക്ക് കമിഴ്ത്തി, കുറച്ച് മുറിവിലേക്കും ഒഴിച്ചു. ഷേവിങ്ങ് ബ്ലെയിഡിന്റെ മൂർച്ചയേറിയ ഭാഗം മുറിവിലേക്ക് കടത്തി കണ്ണുകൾ ഇറുക്കിയടച്ച് ആഞ്ഞ് വലിച്ചു.. വാഷ്ബേയ്സിനിലേക്ക് കട്ടപിടിച്ച ചോരക്ക് ഒപ്പം ചെറിയ ഒരു ലോഹവും തെറിച്ച് വീണു.. റാം മൊബൈൽ എടുത്ത് കോൾ ബട്ടനിൽ വിരൽ അമർത്തി. സ്ക്രീനിൽ 'കിഷൻജി' എന്ന പേര് തെളിഞ്ഞു. "ബോൽ ബേട്ടാ.." ഘനഗംഭീരമായ സ്വരം ഫോണിൽ ഉയർന്നു. "സന്ദീപ് പട്ടേൽ.. ഹീ ഇസ് നോമോർ.. ദി ഗെയിം ഇസ് ഓവർ." ഫോണിൽ ഒരു പൊട്ടിച്ചിരി ഉയർന്നു. "സബാഷ് ബേട്ടാ.. സബാഷ്.. എൻജോയ്.." മറുതലക്കൽ ഫോൺ കട്ടായി. റാം ജീൻസിന്റെ പോക്കറ്റിൽ നിന്നും ഫോട്ടോ എടുത്ത് മുഖത്തിന് നേരെ ഉയർത്തി.. 'സന്ദീപ് പട്ടേൽ...' അയാളുടെ മുഖത്ത് ക്രൂരമായ ഒരു ചിരിപടർന്നു കൈയ്യിൽ ഇരുന്ന ഷേവിങ്ങ് ബ്ലെയിഡ് കൊണ്ട് ആ ചിത്രത്തിൽ അയാളൊരു ഗുണനം വരച്ചു. 

Read also: ഒളിഞ്ഞുനോട്ടം, മദ്യപാനം, മടി; ഫ്ലാറ്റിലെ സെക്യൂരിറ്റിമാരുടെ സ്വഭാവം കെങ്കേമം, താമസക്കാർക്ക് ടെൻഷൻ

ബാൽക്കണിയിലെ അരണ്ട വെളിച്ചത്തിൽ, ചാരുകസേരയിലിരുന്ന് വെള്ള കടലാസിൽ കറുത്ത സാധനത്തെ പൊടിച്ച് സിഗരറ്റ് രൂപത്തിലാക്കി ചുണ്ടിൽവെച്ച്  റാം അതിന് തീകൊളുത്തി. അയാൾ ഊതി പറപ്പിച്ച വെളുത്ത പുകച്ചുരുളുകൾ അന്തരീഷത്തിൽ പാറിപ്പറന്ന് തൂമഞ്ഞിൽ ലയിച്ചു. ഇടത്തെ കൈയ്യിൽ വരിഞ്ഞ് കെട്ടിയ വെള്ളതുണിയിൽ ചോരയുടെ ചുവപ്പ്.. കത്തിയമരുന്ന വെള്ളക്കടലാസ് ചുണ്ടിൽ ചേർത്ത് അയാൾ വീണ്ടും ആഞ്ഞ് വലിച്ചു. ഇനി വേദനയറിയില്ല... ഇനിയൊരു മരവിപ്പ് മാത്രം.. തന്റെ ശരീരത്തിന് ഇതൊന്നും പുതിയത് അല്ല.. മനസ്സ്.. അതുപിന്നെ പണ്ടേ മരവിച്ചതാ.. റാം പുറത്തെ ഇരുട്ടിലേക്ക് നോക്കി. കിഷൻ ജിയുടെ വിശ്വസ്തൻ.. റാം. ഇന്ദ്രപ്രസ്ഥത്തിന്റെ ഭരണവും സിരാകേന്ദ്രങ്ങളും നിയന്ത്രിക്കുന്നത് കിഷിൻജിയുടെ വിരൽ തുമ്പുകളാണെന്ന സത്യം ഡൽഹിയിലെ തെരുവോര കച്ചവടക്കാർക്കുപോലും അറിയാം. കിഷൻജി എന്ന പടുവൃക്ഷത്തിന്റെ വേരുകൾ അത്രമാത്രം ആഴത്തിലാണ്. ഡൽഹിയിലെ ജീവവായു ശ്വസിക്കാൻ ഒരാൾക്ക് യോഗ്യതയില്ലാന്ന് കിഷൻജിക്ക് തോന്നിത്തുടങ്ങിയാൽ ആയുധങ്ങൾ തേച്ചുമിനുക്കി വേട്ടയ്ക്ക് ഇറങ്ങണം താൻ.. ഇര ആരെന്നോ, എന്തിനെന്നോ തിരക്കാറില്ല ഇന്നുവരെയും. വേട്ടക്കാരന് ഇരയുടെ കണ്ണുകളിലെ ദൈന്യത കാണാൻ പാടില്ലാ.. ഒരു നിമിഷം അതു നോക്കി നിന്നാൽ ഇര രക്ഷപ്പെടും.. അതു വേട്ടക്കാരന്റെ പരാജയമാണ്. ഇന്നുവരെയും തന്നെ ഏൽപ്പിച്ച ദൗത്യത്തിൽ പരാജയപ്പെട്ടിട്ടില്ല. ഇരയുടെ ചോരയുടെ മണം മാറും മുൻപെയെത്തും തുലാഭാരം നടത്താനുള്ള ഇന്ത്യൻ കറൻസി.. കിഷൻജിയെ താൻ കണ്ടത് പോലും രണ്ടോ മൂന്നോ പ്രാവശ്യം മാത്രം. തന്നെയും ഒളിപ്പിച്ച് നിർത്തിയിരിക്കുകയാണ് ഈ ആഡംബരഫ്ലാറ്റിനുള്ളിൽ. വിലയേറിയ രണ്ട് വാഹനങ്ങൾ.. ഈ ബഹുനില സമുച്ചയത്തിൽ തനിക്ക് മറ്റൊരു മുഖം നൽകിയിരിക്കുകയാണ് കിഷൻജി...  

"ആഹ്..." റാമിന്റെ മുറിവേറ്റ കൈ അറിയാതെ ചാരുകസേരയിൽ തട്ടി വീണ്ടും ചോര പൊടിഞ്ഞു. "ഒരുപെണ്ണിന്റെ ചൂട് ഏറ്റാൽ പോവും ശരീരത്തിന്റെ വേദനകൾ.." റഷീദിന്റെ വാക്കുകൾ.. "ചെയ്തത് ശരിയോ, തെറ്റോ എന്നൊരിക്കലും ചിന്തിക്കരുത് ചെയ്ത കാര്യത്തിൽ ഉറച്ചു നിൽക്കുക.." റഷീദിന്റെ മഹദ് വചനങ്ങൾ.. ഒരു പ്രഭാതത്തിൽ കടലിലെ വേലിയേറ്റ സമയത്ത് തീരത്ത് അടുത്ത അവന്റെ ചീർത്തുപൊങ്ങിയ ശവശരീരം കാണാൻ താൻ പോയില്ല.. മരണത്തിന്റെ യമദൂതന്  മനഃസാക്ഷി പാടില്ലല്ലോ നാളെ ഒരുപക്ഷെ താനും.. ഈ വേദനയൊന്ന് മറക്കണം ശരീരത്തിന്റെ വേദന മാറും പക്ഷെ മനസ്സിന്റെ വേദനയോ? നിർത്താതെയുള്ള കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ബാൽക്കണിയിലെ ചാരുകസേരയിൽ നിന്നും റാം ആയാസപ്പെട്ട് കണ്ണുകൾ തുറന്നത്.. കൂറ്റൻ ബദാംമരത്തിന്റെ ചില്ലകൾക്കിടയിലൂടെ അതിരഥന്റെ വെള്ളി വെളിച്ചം കണ്ടപ്പോഴാണ് പുതിയൊരു പ്രഭാതത്തിലേക്കാണ് താൻ മിഴികൾ തുറന്നതെന്ന് അയാൾക്ക് മനസ്സിലായത്. പെട്ടെന്ന് തന്നെ മുന്നിൽ ഇരുന്ന പകുതിയിലേറെ തീർന്ന മദ്യക്കുപ്പിയും സിഗരറ്റുകുറ്റികളുടെ കൂമ്പാരവും എടുത്ത് സ്വീകരണമുറിയിലേക്ക് നടന്നു. ഒപ്പം കൈയ്യിലെ മുറിവ് മറയ്ക്കാൻ ജാക്കറ്റ് എടുത്തണിഞ്ഞു. നിമിഷങ്ങൾക്കകം അയാൾ ബഹുനില സമുച്ചയത്തിലെ റാം ആയിമാറി. വാതിൽ തുറന്ന റാം കണ്ടത് മിന്നുന്ന ചേല ചുറ്റി നെറ്റിയിൽ നെടുംനീളത്തിൽ ഭസ്മം പൂശി നിൽക്കുന്ന കനകമ്മാളിനെയാണ്. രാവിലെ വന്ന് ഫ്ലാറ്റ് അടിച്ചുവാരി, തുടച്ച് പ്രഭാതഭക്ഷണം മുതൽ രാത്രി ഭക്ഷണം വരെ ഉണ്ടാക്കി വെച്ചിട്ട് പോവും. ഇവിടെ മാത്രമല്ല ഇവിടുത്തെ ഒട്ടുമിക്ക ഫ്ലാറ്റുകളിലും കനകമ്മാളിന്റെ കൈപ്പുണ്യമാണ് പലരുടെയും വിശപ്പ് അകറ്റിയിരുന്നത്. ആവി പറക്കുന്ന ചൂടുചായ ഊതിക്കുടിക്കുന്നതിനിടയിൽ റാം ഓർത്തു, തനിക്ക് എത്രപെട്ടെന്നാണ് ഭാവമാറ്റം സംഭവിച്ചത്. കൊലയാളിയായ റാമിൽ നിന്നും ബിസ്സിനസ്കാരനും മാന്യനുമായ റാമിലേക്കുള്ള ദൂരം എത്ര ചെറുതാണ്.. ഒരിക്കൽ അഴിഞ്ഞ് വീഴും ഈ പൊയ്മുഖം.. ഇടത്തെ കൈയ്യുടെ വേദനയും അതുമാറ്റാനുള്ള മരുന്നും അയാളുടെ മനസ്സിൽ തെളിഞ്ഞു. കനകമ്മാളിനോട് യാത്രപോലും പറയാതെ റാം പുറത്തേക്ക് നടന്നു.

Read also: 'കൊറോണ പോസിറ്റീവ് ആയെങ്കിലും ഉപ്പ രക്ഷപ്പെടുമെന്നു തന്നെയായിരുന്നു പ്രതീക്ഷ, പക്ഷേ...'; ഒരു മകളുടെ അനുഭവക്കുറിപ്പ്

ബ്ലൂസ്റ്റാർ മസാജ്പാർലറിനു മുൻപിൽ, പജിറോ ഒരു ഇരമ്പലോടെ വന്നുനിന്നു. തമിഴൻ സെന്തിൽ നടത്തുന്ന വ്യഭിചാരശാലയാണ് പുറത്തെ ബോർഡിൽ മാത്രം മസാജ്പാർലർ.. അകത്ത് മാംസക്കച്ചവടം.. കുറെ നാളായി ഇങ്ങോട്ടേക്ക് വന്നിട്ട്. വിലപറഞ്ഞു മേടിക്കുന്ന ശരീരത്തിന് മാംസം മാത്രമേയുള്ളു.. ഒരു പൊങ്ങ് തടിപോലെ.. ചിന്തകളെ അകറ്റിനിർത്തി റാം പജിറോയുടെ ഡോർ തുറന്ന് വേദനസംഹാരിതേടി മാംസ വിൽപ്പനശാലയുടെ പടികൾ കയറി. "തമ്പി... റൊമ്പനാളായി പാത്തിട്ട്.. എങ്കെ പോയാച്ച്.." സെന്തിൽ എന്ന വ്യാപാരിയുടെ മനസ് ഉണർന്നു. "എന്നെ പാക്കാതെ നിനക്ക് തൂക്കം വരാതെയാ.. ഇതെൻ ചിന്നവീടാ.. എപ്പോഴും ഞാൻ ഇങ്ക വരാൻ.." പകുതി മലയാളം കലർന്ന തമിഴിൽ സെന്തിലിന്റെ വ്യാപാര തന്ത്രത്തിന്റെ മുനയൊടിച്ചു റാം. "തമ്പി... നിനക്ക് ലക്ക് ഇറുക്കെ... പുതുശാ വന്ന മുതൽ നിനക്ക്.. തമ്പി  നിന്നുടെ നാട്ടുക്കാരി കേരളാ... ഏക് ദം ഫ്രഷ്.." സെന്തിലിന്റെ പുതിയ തന്ത്രത്തിൽ റാമിന്റെ മനസ് അയാൾക്ക് മുന്നിൽ അടിയറവ് പറഞ്ഞു. മുറിക്കുള്ളിലെ മെഴുകുതിരിയുടെ അരണ്ട വെട്ടത്തിൽ റാമിന്റെ മിഴികളിൽ ഒരു രൂപം തെളിഞ്ഞുവന്നു. നെറ്റിയിലെ വലിയ സിന്ദൂരപ്പൊട്ട്.. ചുവന്ന കോട്ടൺ സാരിയിൽ വെണ്ണക്കല്ലിൽ കൊത്തിയ ശിൽപ്പം പോലെ.. മെഴുകുതിരി നാളത്തിന്റെ വെട്ടം ആ കണ്ണുകളിലെ പ്രകാശത്തിനു പിന്നെയും തിളക്കമേറ്റി. റാം ആ രൂപത്തിനുനേരെ നടന്നടുത്തു. മുഖം കുനിച്ചു നിന്ന ആ ശിൽപ്പത്തിന്റെ മുഖം അയാൾ മെല്ലെ പിടിച്ചുയർത്തി. "എന്താ നിന്റെ പേര്..?" ചരസ്സിന്റെ ഗന്ധം നിറഞ്ഞ നിശ്വാസം അവളുടെ കവിളിൽ പതിച്ചു. "പൂജാ..." ഇടറിയ സ്വരം അവളിൽനിന്നും പുറത്തു വന്നു. തീ നാളങ്ങളുടെ തിളക്കത്തിൽ അവളുടെ മിഴികളിലെ മിഴിനീർത്തുള്ളികൾ തുളുമ്പി നിന്നു. റാം  അവളുടെ അരക്കെട്ടിൽ ചുറ്റിപിടിച്ച് തന്നിലേക്ക് അടുപ്പിച്ചു. പെട്ടെന്ന് എന്തോ ഓർത്തതുപോലെ അയാൾ അവളുടെ ശരീരത്തിലെ പിടിവിട്ടു. കിടക്കയിൽ അർദ്ധനഗ്നനായി കിടന്ന റാംമിന്റെ വിരിഞ്ഞ മാറിടത്തിലേക്ക് അവൾ സുഗന്ധതൈലം ഒഴിച്ച് മെല്ലെ തടവി. അവളുടെ മിഴിനീര് അയാളുടെ നെഞ്ചിലേക്ക് അടർന്ന് വീണു. "കുഞ്ഞുനാളിൽ അമ്മ ഇങ്ങനെ ചെയ്ത് തന്നതിനുശേഷം ഇപ്പോൾ ആവും അല്ലേ..?" പതിഞ്ഞ ദയനീയ ശബ്ദത്തിൽ പൂജ പറഞ്ഞതും റാം അവളുടെ കൈകൾ തട്ടിമാറ്റിയതും ഒരുപോലെയായിരുന്നു. അയാളുടെ കണ്ണുകളിൽ അഗ്നിയിൽ പൊതിഞ്ഞൊരു രൂപം തെളിഞ്ഞു. അവളെ തള്ളിമാറ്റി ഷർട്ട് ധരിച്ച് ഭ്രാന്തമായൊരു ആവേശത്തിൽ അയാൾ പുറത്തേക്ക് പാഞ്ഞു.

Read also: ഭര്‍ത്താവ് എപ്പോഴും മൊബൈലിൽ, തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഭാര്യ; പ്രശ്നം പരിഹരിച്ച് അമ്മായിയമ്മ

ഡൽഹിയുടെ വിരിമാറിലൂടെ ഭ്രാന്തൻ കുതിരയെപോലെ റാം പജിറോ പായിച്ചു. ബെലേശ്വർ കടൽപ്പാലത്തിൽ അലറിവിളിച്ചുക്കൊണ്ട് പജിറോ അനക്കമറ്റു നിന്നു.  ഉപ്പുരസമുള്ള കടൽക്കാറ്റ് അയാളെ തഴുകി കടന്നുപോയി. കടൽപ്പാലത്തിന്റെ തൂണുകളിൽ പ്രഹരം ഏൽപ്പിക്കുന്ന തിരമാലകളുടെ ശബ്ദത്തോടൊപ്പം ഇരുപത് വർഷങ്ങൾക്കു മുൻപുള്ള ഓർമ്മകളും അയാളുടെ കാതുകളിൽ മന്ത്രോച്ചാരണം നടത്തി. പാലക്കൽ തറവാട്ടിലെ ജയകാന്തൻ.. ഈഴവ പെണ്ണ് ദേവികക്ക് പുടവ കൊടുത്തതിന്റെ അന്ന് തന്നെ ജീവിച്ചിരിക്കെ ഇരിക്കപിണ്ഡം വെച്ച് തറവാട്ടിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു ജയകാന്തൻ. പാലക്കൽ തറവാട്ടിലെ ഇളംമുറക്കാരനും വാശിയിൽ ഒട്ടും പിറകിൽ അല്ലാത്തതുകൊണ്ട് തറവാട്ടു വക ഭൂമിയിൽ തന്നെ കുടിൽകെട്ടി തന്റെ ദാമ്പത്യം ജീവിതം ജയകാന്തൻ ആരംഭിച്ചു. പാലക്കൽ തറവാട്ടിനു മേൽ വീണ കരിനിഴൽ അവർ തുടച്ചുമാറ്റിയത് തനിക്ക് നാല് വയസുള്ളപ്പോൾ ഭൂതത്താൻ കുളത്തിൽ അച്ഛന്റെ ശവം പൊങ്ങിയപ്പോളായിരുന്നു..! ജയകാന്തനൊപ്പമുള്ള ജീവിതത്തിന്റെ ശേഷിപത്രമാവാം രാധികയിലും ജീവിതത്തോട് പോരാടാനുള്ള ആർജ്ജവം നിറച്ചത്. പാലക്കൽ തറവാട്ടിനെതിരെ അവൾ വർഷങ്ങൾ നീണ്ട നിയമയുദ്ധം നടത്തി. വിധി തങ്ങൾക്ക് എതിരാകുമെന്ന് ഭയന്നവർ തന്റെ കുടിൽ ഒരു അരക്കില്ലമാക്കി മാറ്റി. വൈകുന്നേരം പാടത്തെ കളി കഴിഞ്ഞ് വന്ന താൻ കണ്ട കാഴ്ച  അമ്മയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന വല്യച്ഛനെയാണ്.! കെട്ടിമറച്ച ഓലക്കീറിനുള്ളിൽ ഇരുന്ന അരിവാളിൽ നോട്ടം പതിഞ്ഞ തന്റെ കണ്ണുകൾക്കൊപ്പം കൈകൾ അത് കരസ്ഥമാക്കിയതും വല്യച്ഛന്റെ പുറം ശരീരത്തിന് നേരെ അരിവാൾ പാഞ്ഞതും നിമിഷാർദ്ധങ്ങൾക്കുള്ളിലായിരുന്നു. അലർച്ചയോടെ അയാൾ അമ്മയുടെ ദേഹത്തെ പിടിവിട്ട് തനിക്ക് നേരെ തിരിഞ്ഞു. വീണ്ടും കൈകൾ ചലിച്ചു.. ഇടത്തു നെഞ്ചിൽ നിന്നും ചിതറി തെറിച്ച ചോര തന്റെ കാഴ്ചയെ മറച്ചു. അയാൾ അലറി വിളിച്ചുകൊണ്ട് പുറത്തേക്ക് പാഞ്ഞു. അമ്മയുടെ മുഖത്തെ ഭയവും ഇടനെഞ്ച് പൊട്ടിക്കരയുമ്പോൾ പറഞ്ഞ വാക്കുകളും തന്നെ ആ നാട്ടിൽ നിന്നുതന്നെ പാലായനം ചെയ്യാൻ പ്രേരിപ്പിച്ചു. അമ്മയുടെ ഹൃദയത്തോട് ചേർന്ന് കിടന്ന സ്വർണ്ണത്തിൽപ്പൊതിഞ്ഞ ശിവ ഭഗവാന്റെ ലോക്കറ്റ് കൈകളിൽ തന്ന് മൂർദ്ധാവിൽ ചുംബിക്കുമ്പോൾ അമ്മയുടെ കണ്ണീർ വീണ് തന്റെ മുഖം നനഞ്ഞ് കുതിർന്നിരുന്നു. ആൾക്കൂട്ടത്തിന്റെ ആരവം തന്റെ കുടിലിനോട് അടുക്കുന്ന ശബ്ദം കേട്ട അമ്മ തന്നെ പുറത്തേക്ക് തള്ളിയിറക്കുമ്പോൾ ആ കണ്ണുകൾ ദയനീയമായി നോക്കുന്ന ചിത്രം കരിങ്കല്ലിൽ കൊത്തിയതുപോലെ ഇന്നും മായാതെ മനസ്സിലുണ്ട്. 

Read also: ' എന്റെ ഇഷ്ടം ഞാൻ അവളോടു പറഞ്ഞടാ, നാളെ മറുപടി കിട്ടും'; പിറ്റേന്ന് കണ്ടത് ചുവന്ന പട്ടിൽ പൊതിഞ്ഞ അവന്റെ ശരീരം

റെയിൽവേ പാളത്തിനടുത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് കുടിലിലേക്ക് നോക്കിയ താൻ കണ്ട കാഴ്ച അഗ്നിഗോളം തീർത്ത വീടും അഗ്നിവിഴുങ്ങിയ തന്റെ അമ്മയും ആയിരുന്നു..! ആർത്തുവന്ന പൊട്ടിക്കരച്ചിൽ പുറത്തേക്ക് വരാതെ കൈകൾക്കൊണ്ട് തടഞ്ഞ് നിർത്തി, പാളത്തിലൂടെ ഓടുമ്പോൾ ഈ ഭൂമിയിൽ തനിക്ക് ആരുമില്ലെന്ന തിരിച്ചറിവ് ആവാം കാലുകൾക്ക് വേഗത വർധിപ്പിച്ചത്. ഇന്ദ്രപ്രസ്ഥത്തിൽ ഏതോ തീവണ്ടിയിൽ എത്തിപ്പെട്ടപ്പോൾ തന്നെ തനിക്ക് തന്നെ നഷ്ടമായി..  ഒപ്പം പേരിന്റെ ആദ്യക്ഷരമായ ശ്രീയും.. അസുരജന്മം പേറി നടക്കുന്നവന് ശ്രീ ചേരില്ല.. സംഹാരമാണ് താൻ.. കടൽക്കാറ്റിൽ റാമിന്റെ നെഞ്ചോട് ചേർന്ന് കിടന്ന ശിവഭഗവാന്റെ ലോക്കറ്റ് ഇളകിയാടി.. പൂജ.. ഒരു നിമിഷംകൊണ്ട് തന്നെ ഭൂതകാലത്തിൽ എത്തിച്ചവൾ.. ആ കണ്ണുകളും സിന്ദൂരപ്പൊട്ടും മനസ്സിൽ നിന്നും മായുന്നില്ല. മനസ്സിൽ എന്തോ തീരുമാനിച്ചുറച്ചതുപോലെ റാം പജീറോ ബ്ലൂസ്റ്റാർ മസാജ് സെന്ററിലേക്ക് തിരിച്ചു. റാം ജാക്കറ്റിനുള്ളിൽ നിന്നും നോട്ടുകെട്ടുകൾ എടുത്ത് തമിഴൻ ഇരിക്കുന്ന ടേബിളിലേക്ക് എറിഞ്ഞു. "പൂജാ.. അവളിനി ആർക്കു വേണ്ടിയും കിടക്ക വിരിക്കില്ല.. എനിക്ക് മട്ടും. പുരിജിതാ ഉനക്ക്?" അയാളുടെ ശബ്ദത്തിലെ ഗാംഭീര്യവും കണ്ണുകളിലെ കനലും തമിഴനെ ഭയപ്പെടുത്തിയെങ്കിലും മേശക്ക് മുകളിലെ നോട്ടുകെട്ടുകൾ അയാളുടെ മുഖത്ത് സന്തോഷം പകർന്നു. മുറിക്കുള്ളിലേക്ക് കടന്നു ചെന്ന റാമിനെ കണ്ട് പൂജ ഭയചകിതയായി ഭിത്തിയിലേക്ക് ചേർന്ന് നിന്നു. റാം അവളുടെ കണ്ണുകളിലേക്ക് നോക്കി. ആ മിഴികളിൽ മിഴിനീര് നിറയുന്നത് അയാൾ കണ്ടു. ഇരുകരങ്ങൾകൊണ്ട് മുഖം ഉയർത്തി അയാൾ അവളുടെ മൂർദ്ധാവിൽ ചുംബിച്ച്.. നെറ്റിയിലെ സിന്ദൂരപ്പൊട്ടിലേക്ക് അയാളുടെ നെറ്റിത്തടം ചേർത്തു. റാം.. സ്നേഹത്തിന്റെ അർഥതലങ്ങൾ അറിയുകയായിരുന്നു പൂജയിലൂടെ.. അയാളിൽ പ്രണയത്തിന്റെ നീരുറവ പൊട്ടി തുടങ്ങി. മണിക്കൂറുകളോളം അയാൾ പൂജയുടെ സ്നേഹത്തിനായി ചെലവഴിച്ചു. സംഹാരകൻ സംരക്ഷകനായി മാറുന്ന കാഴ്ച അയാളെയും അത്ഭുതപ്പെടുത്തി. ഓരോ പുലരിയും പിറവിയെടുക്കുന്നത് അവൾക്കായി മാത്രമാണെന്നും, സ്നേഹം എന്ന വികാരത്തിന് ഒരാളെ അടിമയാക്കി മാറ്റാമെന്നും അയാൾ തിരിച്ചറിഞ്ഞു. പൂജയുടെ മടിയിൽ തലവെച്ച് കിടക്കുമ്പോഴും, അവൾ മുടിയിഴകളിൽ വിരലുകൾ ഓടിക്കുമ്പോഴും അയാൾ പലപ്പോഴും ആ പന്ത്രണ്ട് വയസ്സുകാരൻ ശ്രീയായി മാറുകയായിരുന്നു. ഒപ്പം അമ്മയുടെ മുഖവും. പതിവ് പോലെ സിന്ദൂരപ്പൊട്ടിലേക്ക് നെറ്റിചേർക്കുമ്പോൾ അയാൾ പറഞ്ഞു. "മാരിയമ്മൻ കോവിലെ തിരുവിഴയുടെ അന്ന് ഞാനീ കഴുത്തിൽ ഒരു താലി അണിയിക്കും. അതിനുശേഷം മാത്രമേ ഞാൻ നിന്റെ ശരീരത്തിൽ തൊടൂ..." അയാളുടെ ആർദ്രത നിറഞ്ഞ ശബ്ദം അവളുടെ മിഴികളെ സജലങ്ങളാക്കി. "റാം.. ഞാനൊരു വിധവയാണ്.. ഒരു ദിവസമെങ്കിലും ഞാനൊരു ഭാര്യയായിരുന്നു.." അവളുടെ അടുത്ത വാക്കിനുമുൻപ് അയാളുടെ വിരലുകൾ അവളുടെ അധരങ്ങൾക്ക് വേലിക്കെട്ട് തീർത്തു.

Read also: ' മിണ്ടരുത്, ജോലിയും കൂലിയും ഇല്ലാത്ത നിനക്ക് കല്യാണമോ..?', അച്ഛന്റെ ശൗര്യത്തിനു മുന്നിൽ അവൻ വീടുവിട്ടിറങ്ങി

പൂജയെ തേടിയെത്തിയ റാമിന്റെ മുന്നിൽ സെക്യൂരിറ്റിക്കാരൻ മാർഗ്ഗതടസം സൃഷ്ടിച്ചു. എന്തിനെന്ന ചോദ്യം റാമിന്റെ മുഖത്തു നിന്നു വായിച്ച അയാൾ അതിനുള്ള ഉത്തരം നൽകി. "ബഡാ സാബ് ആഗയാ.. കിസീക്കോ അഭീ അന്തർ ചോടനാ നയി കർക്കേ ബോലാ.." പൂജയുടെ സ്നേഹത്തിനു മുന്നിൽ ഉരുകിയൊലിച്ചുപോയ റാം പുനർജ്ജനിച്ചു. അയാൾ സെക്യൂരിറ്റിക്കാരനെ താഴേക്ക് വലിച്ചെറിഞ്ഞ് വാതിൽ ചവിട്ടി തുറന്ന് അകത്തേക്ക് പ്രവേശിച്ചു. "പൂജ.. എങ്കേ..." റാമിന്റെ ശബ്ദം ആ കെട്ടിടത്തിൽ മാറ്റൊലി സൃഷ്ടിച്ചു. തമിഴന്റെ നിശബ്ദതക്ക് പകരമായി റാമിന്റെ കൈകൾ അയാളുടെ കഴുത്തിൽ മുറുകി. "കമ്മീഷണർ സർ.. വന്താച്ച് .."  തമിഴന്റെ ദൃഷ്ടി ഒരു മുറിയുടെ വാതിലിനു നേരെ നീണ്ടു. വാതിൽ ചവിട്ടി തുറന്ന റാം കണ്ട കാഴ്ച പേടിച്ചരണ്ട മാൻപേടയെ പോലെ മുറിക്കുള്ളിൽ നിൽക്കുന്ന പൂജയെയാണ്. അയാളെ കണ്ടതും റാം എന്ന നിലവിളിയോടെ അയാളിലേക്ക് ഓടി അടുത്തു. നിറഞ്ഞ് തുളുമ്പുന്ന അവളുടെ മിഴികളിലേക്ക് നോക്കി അയാൾ കൈവിരൽ പുറത്തേക്ക് ചുണ്ടി. പൂജ പുറത്തേക്ക് പോയതും തന്റെ ശരീരത്തിന്റെ തന്നെ ഭാഗമായ റിവോൾവർ അരയിൽ നിന്നും പുറത്തേക്ക് എടുത്ത് കമ്മീഷണറെ അയാളോട് ചേർത്ത് റിവോൾവർ അയാളുടെ വായ്ക്കുള്ളിൽ തിരുകി. "റാം.. തൂ സുനാ യേഗാ മേരാ നാം.. കിഷൻ... കിഷൻജി.. ഏ നാം തൂ ജെറൂർ സുനാ യേഗാ.." കമ്മീഷണറുടെ കണ്ണുകൾ ഭീതിയോടെ പിടച്ചു. അയാൾ ആയാസപ്പെട്ട് കൈകൾ രണ്ടും കൂപ്പി. അയാളെ കട്ടിലിലേക്ക് തള്ളിമറിച്ച് റാം മുറിക്ക് പുറത്തേക്ക് നടന്നു. പൂജയുടെ കരം കവർന്ന റാം മസാജ് സെന്ററിന്റെ പടിയിറങ്ങുമ്പോൾ അവളുടെ മിഴികളിൽ നിന്നും ഉതിർന്ന് വീണ മിഴിനീർക്കണങ്ങൾ പടിക്കെട്ടിൽ ചിന്നിച്ചിതറി വീണു. അവന്യൂ അപാർട്ട്മെന്റെിലെ റാമിന്റെ ഫ്ലാറ്റ് പൂജയുടെ സ്നേഹമന്ത്രത്താൽ ഒരു സ്വർഗ്ഗമായി തീരുകയായിരുന്നു. ഉദയാസ്തമയങ്ങൾ അവർ ഒരുമിച്ച് കണ്ടു. ഈ ലോകത്തിലെ സർവജീവജാലങ്ങളിലും അയാൾ സ്നേഹം കണ്ടു. മനസ്സ് തുറന്ന് ചിരിക്കാൻ, പരിഭവം പറയാൻ ഒരു കൊച്ചുകുട്ടിയെപോലെ പൂജയുടെ മുന്നിൽ നിന്ന് ശാഠ്യം പിടിക്കാൻ റാമിന്... അല്ല അയാൾ ശ്രീ ആവുകയായിരുന്നു റാമിനെ അയാൾ മറന്നുതുടങ്ങി.

Read also: ' ഞാൻ മരിച്ചാൽ ശരീരം ദഹിപ്പിക്കരുത്, എന്റെ പറമ്പിൽ കുഴിച്ചിട്ടാൽ മതി'; കർഷകന്റെ ജീവിതം, മരണം, പുനർജന്മം

മൊബൈൽ ഫോൺ നിർത്താതെ ശബ്ദിക്കുന്നതു കേട്ടാണ് പൂജ ഫോണിലേക്ക് നോക്കിയത്. "റാം.. ഒരു കിഷൻ ജി വിളിക്കുന്നു.." കുളി പകുതിയിൽ നിർത്തിവന്ന റാമിന്റെ മുഖത്ത് ഭയം നിഴൽ വിരിയുന്നത് പൂജ ആദ്യമായി കണ്ടു. "റാം.. ബേട്ടാ.. കൈസേ തൂ.. ടീക്കേനാ തൂ.. ഒരുപാട് പ്രാവശ്യം ഞാൻ നിന്നെ വിളിച്ചു. പക്ഷെ നീ എടുത്തില്ല.. ഉം.. പോട്ടെ. നിനക്കൊരു ജോലിയുണ്ട്.. ആളിന്റെ ഫോട്ടോ ഇപ്പോൾ നിന്റെ കൈയ്യിൽ എത്തും..." കുറച്ചു നിമിഷങ്ങൾ കിഷൻജിയുടെ വാക്കുകൾക്ക് മുന്നിൽ പതറിപ്പോയ റാം ധൈര്യം വീണ്ടെടുത്തു പറഞ്ഞു. "എനിക്ക്... എനിക്ക് കഴിയില്ല കിഷൻ ജി.. മാഫ് കരോ.." കിഷൻജിയുടെ ഉച്ചത്തിലുള്ള പൊട്ടിച്ചിരിയായിരുന്നു അതിനുള്ള മറുപടി. "പൂജാ.. അവൾ ഇത്രപെട്ടെന്ന് നിന്നെ മാറ്റിയെടുത്തോ ബേട്ടാ...  മാരിയമ്മൻ കോവിലെ ഉത്സവം നാളെയാണ് അല്ലേ.. റാം  നാളെയാണ് നീ അവളുടെ കഴുത്തിൽ താലി ചാർത്തുന്നത് അല്ലേ.. അതിന് അവൾ ജീവനോടെ ഉണ്ടാവണ്ടേ.." കിഷൻജി വീണ്ടും പൊട്ടിച്ചിരിച്ചു. കോളിംങ്ങ് ബെൽ തുടരെ മുഴങ്ങിയത് കേട്ട് റാം വാതിലിന് നേരെ ഭയത്തോടെ നോക്കി. "ബേട്ടാ.. ജാക്കെ ദർവാജാ ഖോലോ.. നിനക്കുള്ള ജോലിയാണ് വന്നിരിക്കുന്നത്." വാതിൽ തുറന്ന റാം കണ്ടത് ചിരിച്ചുകൊണ്ട് നിൽക്കുന്ന കനകമ്മാളിനെയാണ്. അവർ ഒരു കവർ അയാൾക്ക് നേരെ നീട്ടി. "മേടിക്കൂ റാം.." കിഷൻജിയുടെ വാക്കുകൾ ഫോണിൽ മുഴങ്ങി. വിറയാർന്ന കൈകൾകൊണ്ട് കവർ മേടിക്കുമ്പോൾ കിഷൻജി വീണ്ടും സംസാരിച്ചു തുടങ്ങി. "എന്താ റാം നീ ഞെട്ടിയോ.. കനകമ്മാൾ മാത്രമല്ല  സെക്യൂരിറ്റക്കാരനും, പുറത്ത് ഇസ്തിരി ഇടുന്ന രാം ചന്ദും എല്ലാവരും എന്റെ ആളുകളാ. നിന്നെ നിരീക്ഷിക്കാൻ വേണ്ടിമാത്രം ഉള്ളവർ.. ഞാൻ പറഞ്ഞ ജോലി നാളെ നടക്കണം റാം.." അവസാന വാചകം പറയുമ്പോൾ കിഷൻജിയുടെ സ്വരത്തിന്റെ കാഠിന്യം അയാൾ തിരിച്ചറിഞ്ഞു. മനസ്സിൽ ഭയത്തിന്റെ നിഴൽ വീണ റാമിനേറ്റ അടുത്ത പ്രഹരമായിരുന്നു കബോഡിനുള്ളിൽ നിന്നും പൂജ കൊണ്ടുവന്നു കാണിച്ച ഫോട്ടോകൾ.! "ആരാ റാം.. ഇവരൊക്കെ..? എന്തിനാ ഇതെല്ലാം കുത്തി മുറിച്ച് വെച്ചിരിക്കുന്നത്?" താൻ പ്രാണൻ എടുത്തവർ.. ഈ ലോകത്തുനിന്ന് തന്റെ കൈകളാൽ നീക്കം ചെയ്തവർ.. കൊല്ലരുതേ എന്നുള്ള അവരുടെ യാചന അയാൾക്ക് മുന്നിൽ തെളിഞ്ഞു. ഓഫിസിലെ.. ജോലിക്കാരായിരുന്നു.. ഇടറിയ ശബ്ദത്തിൽ അയാൾ അതുപറയുമ്പോൾ. റാമിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. "എല്ലാവരെയും പറഞ്ഞ് വിട്ടതാവും അല്ലേ റാം..?" അയാളുടെ കണ്ണുകളിലേക്ക് നോക്കി അവൾ ചോദിക്കുമ്പോൾ ഇതുവരെ കാണാത്ത അവളുടെ മിഴികളിലെ തീക്ഷ്ണത അയാളെ ഭയപ്പെടുത്തി.

Read also: ' നീ ജോലിക്കു തന്നെയാണോ മോനേ പോകുന്നത്...?';സന്ധ്യയായിട്ടും മകൻ എത്തിയില്ല, പകച്ച് നിൽക്കുന്ന അമ്മ

ബാൽക്കണിയിൽ ഇരുട്ടിലേക്ക് നോക്കി നിന്ന റാമിന്റെ മനസ്സ് പ്രക്ഷുബ്ധമായ കടൽപോലെ ഇളകി മറിയുകയായിരുന്നു. രക്ഷപ്പെടണം.. നശിച്ച തന്റെ ഓർമ്മകളിൽ നിന്നും... മനസ്സിൽ സ്നേഹത്തിന്റെ വിത്ത് പാകിയ പൂജ. അവളെ നഷ്ടപ്പെടാൻ കഴിയില്ല ഈ ജന്മം.. കിഷൻജിയുടെ ചാരക്കണ്ണുകളിൽ നിന്നും ഒരു രക്ഷപ്പെടീൽ  അസാധ്യമാണ്.. നാളെ മാരിയമ്മൻ കോവിലെ ഉത്സവം. നാളെ ഈ തെരുവ് ജനസാഗരമാവും. "റാം.. എന്തായി പറയണത്.. എന്തിനാണ് ഇപ്പോൾ തന്നെ ഇവിടം വിട്ടു പോകുന്നത്..?" പൂജയുടെ ചോദ്യത്തിനു അവളുടെ ഇരു ചുമരുകളിലും പിടിച്ച് ആ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. "നിന്നെ നഷ്ടപ്പെടാതിരിക്കാൻ.. നമ്മൾക്ക് ജീവിക്കാൻ.. എല്ലാം ഞാൻ പറയാം പൂജാ.. ആദ്യം നമ്മൾക്ക് ഇവിടെ നിന്നും രക്ഷപ്പെടണം.." ആൾക്കൂട്ടത്തിലെ തിരക്കുകൾക്കിടയിലൂടെ റാം പൂജയുടെ കരം പിടിച്ച് ഒരു പരൽ മീനിനെപോലെ ഒഴുകി നീങ്ങി. ഷുക്കൂർപൂർ ഹൈവേ.. അതായിരുന്നു റാമിന്റെ ലക്ഷ്യസ്ഥാനം. അവിടെ നിന്നും ധാരാളം ഇന്റർസ്റ്റേറ്റ് ബസുകൾ ഉണ്ടാവും  ആദ്യം കിട്ടുന്ന ബസിൽ ഈ നഗരം വിടണം. ഗല്ലികളിലൂടെ പൂജയെയും കൊണ്ട് അയാൾ പായുകയായിരുന്നു. ഇനിയൊരു സ്കൂൾ മൈതാനം.. അതു കഴിഞ്ഞാൽ ഹൈവേ ആയി. ഇരുട്ടിന്റെ മറപറ്റി നീങ്ങിയ അവർക്ക് നേരെ ശക്തമായ പ്രകാശം വന്നടിച്ചു.. അവ ഒന്നിന് പുറകെ ഒന്നായി കത്തിജ്ജ്വലിച്ച് മൈതാനത്ത് പകൽവെട്ടം വിതറി.. പ്രകാശരശ്മികൾ അയാളുടെ കാഴ്ചയെ മറച്ചു. തങ്ങൾ ഒരു വാഹനവ്യൂഹത്തിന്റെ നടുവിലാണെന്ന് റാം മനസിലാക്കിയത് ഡോറുകൾ തുറന്നടയുന്ന ശബ്ദം കേട്ടാണ്. തങ്ങൾക്ക് നേരെ നടന്നടുക്കുന്നവരെ അയാൾ കണ്ടു. പൂജയ്ക്ക് കവചം ഒരുക്കി അയാൾ മുന്നിൽ നിന്നു "റാം... ബേട്ടാ...  രക്ഷപ്പെട്ടുപോവുകയാണോ?" കിഷൻജി ശബ്ദത്തിനൊപ്പം വെളിച്ചത്തിലേക്ക് വന്നു. "കിഷൻ ജി ഞങ്ങൾ പൊക്കോട്ടെ.. എവിടെക്കെങ്കിലും... ഞാൻ ഒന്നും പറയില്ല.. ആരോടും ഒന്നും.. ഞങ്ങളെ പോവാൻ അനുവദിക്കൂ.." റാമിന്റെ കരച്ചിൽ പോലെയുള്ള വാക്കുകൾക്ക് മറുപടി കൊടുക്കാതെ അവർ റാമിലേക്ക് അടുത്തുകൊണ്ടിരുന്നു. 

Read also: ആരോടും മിണ്ടില്ല, മുഖത്ത് നോക്കില്ല, എപ്പോഴും പത്രവായന; 'അരക്കിട്ടുറപ്പിച്ച ചുണ്ടുകളുള്ള' വല്ലാത്തൊരു ഭർത്താവ്

യാചനയുടെ സ്വരം അല്ല വേണ്ടിയതെന്ന് തിരിച്ചറിഞ്ഞ റാം തന്റെ സന്തതസഹചാരിയെ അരയിൽ തിരഞ്ഞു. "ബേട്ടാ.. തൂ കയാ ദേഖ് രെ.. റിവോൾവർ.. നിറയൊഴിക്കാൻ ഞാൻ പഠിപ്പിച്ച്.. നിന്റെ കൈയ്യിൽ ഏൽപ്പിച്ച റിവോൾവർ... ഹേ ബേവാ കൂഫ്.. നോക്ക് നിന്റെ ആയുധം എവിടെയെന്ന്.." കിഷൻ ജി പൊട്ടിച്ചിരിച്ചു. റാമിന് അപകടം മണത്തു. അയാൾ മെല്ലെ പുറകിലേക്ക് തിരിഞ്ഞു. അയാളുടെ തലച്ചോറിൽ മിന്നൽ പിണരുകൾ തീർക്കുന്നതായിരുന്നു ആ കാഴ്ച.. റിവോൾവർ തന്റെ നെഞ്ചിന് നേരെ പിടിച്ച് നിൽക്കുന്ന പൂജാ..!! "പൂജാ..." റാമിന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി. "ഓർമ്മയുണ്ടോ റാം നിനക്ക് ഇയാളെ...  അൻവർ...    എന്റെ കഴുത്തിൽ താലി ചാർത്തിയ എന്റെ അൻവർ.. ആദ്യരാത്രിയിൽതന്നെ അൻവറിന്റെ ജീവനെടുത്ത് നീയെന്നെ വിധവയാക്കി.. എന്നെ ഈ ലോകത്തിൽ അനാഥയാക്കി നീ..." ഇടിമുഴക്കംപോലെയുള്ള പൂജയുടെ വാക്കുകൾക്ക് മുന്നിൽ നിസഹായതയോടെ റാം വിളിച്ചു. "പൂജാ..." റാം അവളുടെ അടുത്തേക്ക് നീങ്ങി. "റാം.. ഞാൻ നിങ്ങളെ സ്നേഹിച്ചു വരികയായിരുന്നു.. പക്ഷെ.. എന്റെ അൻവർ.. എന്റെ അൻവറിന്റെ ആത്മാവ് ക്ഷമിക്കില്ല എന്നോട്.." റാമിന്റെ നെഞ്ചിൽ നിന്നും ഒരു മാംസകഷ്ണം തെറിച്ചു വീണു. അയാൾ മുഖം ഉയർത്തി ചെറു മന്ദഹാസത്തോടെ അവളെ നോക്കി. വീണ്ടും റിവോൾവർ ശബ്ദിച്ചു. ചോരയിൽ മുങ്ങി റാം അവൾക്കരികിലേക്ക് നടന്ന്, അവളുടെ സിന്ദൂരപ്പൊട്ടിൽ നെറ്റിത്തടം ചേർത്ത് ആർദ്രതയോടെ വിളിച്ചു "പൂജാ...." അവളുടെ ശരീരത്തിലൂടെ താഴേക്ക് ഉതിർന്ന് വീണ അയാളെ തന്റെ മടിയിലേക്ക് അവൾ കിടത്തി. "പൂജാ..." അവളുടെ മിഴികളിലേക്ക് നോക്കി വിളിച്ച റാമിന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി അണയാതെ നിന്നു. പൂജ  റാമിന്റെ ശരീരം നെഞ്ചോട് ചേർത്ത് അലറിക്കരഞ്ഞു...

Content Summary: Malayalam Short Story ' Sindoorappottu ' Written by Prasad Mannil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com