ADVERTISEMENT

"ഉമ്മച്ചീ.. ഞാൻ പോവാണ് ബാ..യ്. വൈകുന്നേരം കാണാം." "നാജീ അവടെനിക്ക് ദാ ഈ ചായ കുടിച്ചിട്ട് പൊക്കൊ.." "എനിക്ക് വേണ്ടുമ്മച്ചീ ഞാൻ ഇറങ്ങീ..." അവൾ പാലം കടന്നു റോട്ടിലേക്ക് ഓടി. ഈ പെണ്ണെന്താ ഇങ്ങനെ, കട്ടനും കുടിക്കൂല്ല പാലും കുടിക്കൂല.. ചായയൊക്കെ കുടിച്ചാലേ ഇച്ചിരി ഉശിരൊക്കെ ണ്ടാവൂന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. "ന്റെ സെയ്യിദീ.. ഇന്നത്തെ കാലത്ത് ചായ കുടിക്കാത്ത മനുഷ്യന്മാര് ഇണ്ടാവ്യോ..!!" നാജിയ. അവൾ പത്താം ക്ലാസിൽ പഠിക്കാണ്. അവളുടെ ഉമ്മയാണ് ഇപ്പൊ സംസാരിച്ചോണ്ടിരുന്ന സൈന. ഉപ്പ ഖാദർ. പലചരക്ക് കടയിൽ ജോലി ചെയ്യാണ്.. മൂപ്പര് ഉണ്ടാക്കുന്നത് അയാൾക്ക് കള്ള് കുടിക്കാനേ തികയത്തുള്ളു. അത് കൊണ്ട് ഉമ്മ സൈന കൂലിപ്പണിക്ക് പോയിട്ടാണ് വീട്ട് ചിലവ് നടത്തി കൊണ്ടിരുന്നത്.

"അല്ല റസിയാ ഇയ്യെപ്പൊ വന്നൂ.. വന്നിട്ടെന്താ മുണ്ടാന്നവിടെ നിക്ക്ന്നെ? നാജി പോയപ്പൊ വെറുതെ കിടന്നത ഒന്നങ് മയങ്ങിപ്പോയി.. ഇയ്യ് കയറി വാ ഞാൻ കട്ടൻ ചായ എടുക്കാം. രണ്ടീസായിട്ട് പാൽ കിട്ടുന്നില്ല അതാ." "ന്റെ സൈനതാ മുത്തൂനെ വണ്ടി കേറ്റാൻ റോഡിലേക്ക് ഇറങ്ങിയതാ. മടങ്ങി വരുമ്പൊ വ്ടെ വാതിൽ തുടന്നിരിക്ക്ണെ കണ്ടു അതോണ്ട് കാരിയത. അപ്പൊ ഇങ്ങള് ഉറങ്ങുന്ന കണ്ടു. ഉണർത്തണ്ടെന്ന് കര്തി വാതിൽ ചാരി പോവാൻ നിക്കേനു.. അപ്പൊളാ ഇങ്ങടെ വിളി." "അല്ലാ ഇതെന്ത് പറ്റി.. സാധാരണ രാവിലെ പണിയൊക്കെകയിച്ച് നാജി പോയാൽ ഇങ്ങളും പോന്നതാണെല്ലോ. ഇന്നെന്ത് പറ്റി കിടത്തം ഒക്കെ? സുഖമില്ലേ..?" "എന്താണെന്നറീല്ല രണ്ടീസായിട്ട് തലവേദന പോലെ.. കട്ടൻ ചായ കുടിച്ചാൽ മാറിക്കോളും." "ന്റെ ഇത്താ.. മരുന്നിന് പകരം കട്ടൻ ചായ കുടിച്ചുള്ള ശീലം ഇതുവരെ ഇങൾ മാറ്റീല്ലേ !! ചിലപ്പൊ ഏത് നേരവും ഈ കട്ടൻ കുടിച്ചിട്ടാവും ഇങ്ങക്ക് തലവേന്ന വന്നെ" എന്ന് തമാശ രൂപേണ പറഞ്ഞ് രണ്ടാളും ചിരിച്ചു...

"ഇജ്ജ് ന്ത് പറഞ്ഞിട്ടെന്താ എൻക്ക് ഇതിലാണ്ട് പറ്റ്വേയില്ല.. പക്ഷേ ന്റെ മോളോ.. ഓക്ക് ചായപ്പൊടിയുടെ മണം തന്നെ പിടിക്കില്ല.. ഓളെ ഉപ്പാക്ക് പിന്നെ പാൽ.. മൂന്നാളും മൂന്ന് തര.." അവരുടെ സംസാരം നീണ്ടു... "അള്ളാഹ് ന്റെ പണിയൊന്നും തീർന്നില്ല.. ഇക്കയിപ്പൊ ചായ കുടിക്കാൻ വരും. ന്നാ പിന്നെ ഞാൻ ഇറങ്ങാണ് സൈനത്താ.. ഇങ്ങള് വിക്സ് പുരട്ടി കിടന്നോ." "ആഹ്.. നാജി വന്നിട്ടൊന്ന് ആശുപത്രീൽ പോണം. കുറച്ചായി ഇപ്പൊ ഇങ്ങന. പണിക്ക് പോയില്ലേൽ ശരിയാവില്ല ന്റെ കുട്ടി കഷ്ടത്തിലാവും. ന്നാ ശെരി"

"ഉമ്മാ...'' "ഇജ്ജ് ബന്നാ നാജീ.. ഞാൻ കാത്തിരിക്കായ്നു. നമുക്കൊന്നു ജംഗ്ഷൻ വരെ പോവാം. സാധനോക്കെ തീർന്നു ചായപ്പൊടി പോലുയില്ല.. രണ്ടീസം പണിക്ക് പോവാത്തോണ്ട് പൈസയില്ല.. അതോണ്ട് ഞമ്മളെ ബാബൂക്കാന്റെ പീടിയേന്ന് കടമെടുക്കാം. പിന്നെ ഗവൺമെന്റാശുപത്രീലും ഒന്ന് പോണം." "അത് ശരി തലവേദന കൂടി ലേ.. എത്ര ദിവസായ് ഞാൻ പറേണു പോവാന്ന് കേക്കാഞ്ഞിട്ടല്ലെ." കൈയ്യിലുണ്ടായിരുന്ന ചായപ്പിണ്ടിയുള്ള ഗ്ലാസ് ടേബിളിൽ വെച്ച് അവര് റെഡിയായി. "റസിയാ ഈ താക്കോൽ ഇവിടെ വെച്ചോ. മൂപ്പര് ബന്നാൽ ഇടങ്ങേറ് ആവണ്ട. ഞങ്ങള് പെട്ടെന്ന് വര...." 

അതെ, "കട്ടൻ ചായ"യുടെ അമിത ഉപയോഗം നിങ്ങളെ തലച്ചോറിനെയും ശരീരത്തെയും വല്ലാതെ ബാധിച്ചിരിക്കുന്നു. ചായപ്പൊടി വളരെ അപകടകാരിയാണ്. അതിന്റെ ലഹരിമൂലമാണ് ഒരുദിവസം പോലും നിങ്ങൾക്ക് അതൊഴിവാക്കാൻ കഴിയാത്തത്. വൃക്കകൾ നമ്മൾ കഴിക്കുന്ന ആഹാരങ്ങൾ തരംതിരിക്കുമ്പോൾ രാസപദാർഥങ്ങൾ കുമിഞ്ഞുകൂടിയ ഈ ചായപ്പൊടിയെ മാറ്റി നിർത്തുന്നു. അത് തലച്ചോറിനെ ബാധിക്കുന്നു. അത്കൊണ്ടാണ് തലവേദന വരുന്നത്. അപ്പൊ നിങ്ങൾ വീണ്ടും അതു തന്നെ ചെയ്യുന്നു.. അങ്ങനെയത് ക്യാൻസറായി മാറിക്കഴിഞ്ഞു. അത് നമുക്ക് ചികിത്സിച്ച് ബേധമാക്കാം. പക്ഷേ ഇനി ഒരിക്കലും കട്ടൻചായ എന്നല്ല ചായപ്പൊടി ഉപയോഗിച്ചുള്ള ഒന്നും തന്നെ കഴിക്കരുത്."

വീട്ടിലേക്ക് മടങ്ങുമ്പൊ ഉമ്മ ആകെ മൂകഭാവമായിരുന്നു. എനിക്ക് എന്ത് ചെയ്യണമെന്നോ എന്ത് പറയണമെന്നോ അറിയില്ല.. എന്തൊക്കെയോ പറയണമെന്നുണ്ട്.. പക്ഷേ നാവ് ചലിക്കുന്നില്ല. ജംഗ്ഷനിൽ നിന്ന് വീട്ടിലേക്ക് കുറച്ചു നടന്നാൽ മതി. ഞങ്ങൾ രണ്ടു പേരും നടന്നു. അരികത്താണേലും അകലത്തിലെന്നപോൽ! ഒന്നും മിണ്ടാതെ, കണ്ണീർ കണങ്ങൾ കവിളിനെ തഴുകുന്നുണ്ട്. തന്റെ സഞ്ചിയിൽ നിന്നും വാങ്ങിയ ചായപ്പൊടിപ്പാക്കറ്റ് പുഴയിലേക്ക് വലിച്ചെറിഞ്ഞു അവൾ. വീട്ടിലെത്തിയപ്പോൾ ഇരുട്ടിയിരുന്നു. ദേഷ്യം പിടിച്ചു ഉപ്പയുടെ മുഖം ചുമന്നിരുന്നത് കണ്ടു. എനിക്ക് പേടിയായി. ഞാൻ ഓടി റൂമിൽ കയറി വാതിലടച്ചു. നാലു കാലിൽ അയാൾ ഉമ്മയെ ഒരുപാട് തല്ലി. ചായ കൊണ്ടുവരാൻ പറഞ്ഞു. സഞ്ചിയിൽ ചായപ്പൊടി കാണാതായപ്പോൾ അവര് ഒന്ന് പതറി. "എവിട ടീ. ഇതുവരെ നിനക്ക് ചായയിടാൻ കഴിഞ്ഞില്ലേ" എന്തൊക്കെയോ പൊട്ടുന്ന ശബ്ദങ്ങൾ കേൾക്കവെ കരഞ്ഞു കലങ്ങിയ കണ്ണുമായ് നാജി ഉറക്കത്തിൽ വഴുതി വീണു.

സൂര്യരഷ്മികൾ കണ്ണിൽ വന്ന് പതിഞ്ഞപ്പോൾ അവൾ മിഴികൾ തുറന്നു. പിന്നാമ്പുറത്ത് ചെന്നു. ഉപ്പയില്ലന്ന് മനസ്സിലായ്. ഇന്നലെ ഒന്നും സംഭവിക്കാത്തത് പോലെ ഉമ്മയുടെ മുഖത്ത് പ്രത്യേകതരം ഭാവവും സന്തോഷവും. ഇതിപ്പൊ ന്ത് പറ്റീന്ന് നിനച്ചിരുന്നു പോയ് ഞാൻ. "ഹാ.. ജ്ജ് എണീറ്റാ വേഗം മാറ്റി വാ. ഇത് കഴിച്ചിട്ട് വേം പോവാൻ നോക്ക് എനിക്കും പോണം ന്നിട്ട്." അവര് ഒരുമിച്ച് ഭക്ഷണം കഴിച്ചിറങ്ങി. അസുഖവും വെച്ച് പണിക്കുപോവുന്നതിൽ അവൾക്ക് നീരസമുണ്ടെന്ന് മുഖത്തിന്ന് വായിച്ചെടുത്ത പോൽ സൈന പറഞ്ഞു "ഇന്ന് ഞാൻ നേരത്തെ എത്താം ട്ടോ" എന്ന് പറഞ്ഞ് അവളുടെ നെറ്റിയിൽ ചുംബിച്ചു. 'ഹ്മ്മ്മ്മ..' രണ്ട് പേരും ഇരുവഴികളിലേക്ക് തിരിഞ്ഞു.

പതിവുപോലെ വീട്ടിൽ തിരിച്ചെത്തിയ നാജി കാണുന്നത് വീടിന്റെ മുൻവാതിൽ തുറന്നു കിടക്കുന്നതാണ്. ഉമ്മയെ കാണുന്നില്ല. ഉപ്പ വന്നിട്ടുണ്ടെന്ന് മനസ്സിലായി. പക്ഷേ എവിടെ പോയീ!? പെട്ടെന്ന് ഫോൺ റിങ് ചെയ്തു. "ഹലോ.. ഖാദറേ നീ എവിടെയെത്തീ.. നിന്റെ ഭാര്യ സൈന റോഡിൽ തല കറങ്ങി വീണത് ജ്ജ് അറിഞ്ഞില്ലേ. ഗവൺമെന്റ് ആശുപത്രിയിൽ ഉണ്ട്. നീ ഇപ്പൊ തന്നെയിങ്ങ് വാ.. എന്താ നീയൊന്നും മിണ്ടാത്തേ, ഹലോ.. ഹലോ.." ഞാനറിയാതെ ഫോൺ നിലംപതിഞ്ഞു. ഇന്നലെ മേശമേൽ വെച്ച ചായപിണ്ടിയുള്ള ഗ്ലാസ് നിലത്ത് വീണ് പൊട്ടിച്ചിതറിക്കിടക്കുന്നതായ് ഞാൻ കണ്ടു..!

English Summary:

Malayalam Short Story ' Kattan Chaya ' Written by Hiba Ashraf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com