ADVERTISEMENT

കച്ചവടക്കാരന് ആർത്തിയാണ്, ഒടുക്കത്തെ ആർത്തി വിശപ്പടങ്ങുകയോ ദാഹം ശമിക്കുകയോയില്ല. പണം അയാളെ വല്ലാതെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കും. ഓഫീസ് സമയം കഴിഞ്ഞ് എത്തിയെങ്കിലും ലാപ്ടോപ്പ് തുറന്നുവച്ച് അയാൾ അതിൽ പരതിക്കൊണ്ടേയിരുന്നു. ഭൂതകാല ഫയലുകൾ തിരഞ്ഞെടുത്തു അതിലേക്ക് സശ്രദ്ധം കണ്ണുകൾ പായിച്ചു. വർത്തമാന ഫയലുകളിൽ വരാൻ പോകുന്ന സൗഭാഗ്യങ്ങളിലേക്ക് ഒരു അപഗ്രഥനം നടത്തി. ഭാവി അതിശോഭനമാകുന്നതിനെപ്പറ്റി കിനാവ് കണ്ടു. തൊട്ടടുത്തു നിന്നിരുന്ന ഭാര്യയോട് ചൂടു ചായ ആവശ്യപ്പെടാതെ ആറി തണുത്ത ചായയുടെ അരുചി ഇതിനിടയിൽ എപ്പോഴോ അയാൾ അസ്വദിച്ചു. എന്തോ പറയാൻ വന്നവളെ ആ ഫോൺ കോളും തടസ്സപ്പെടുത്തി. ആരോടോ കച്ചവട കാര്യങ്ങൾ പറയുന്നതിനിടയിൽ അവളെ നോക്കി ഒന്നു ചിരിച്ചു. ഇതിനിടയിൽ ഉടയാടകൾ അഴിച്ചുമാറ്റി, ഒരു കുളി പാസാക്കിയതുപോലെ ഒരു തോന്നൽ ഉണ്ടാക്കി. വീണ്ടും ലാപ്ടോപ്പിന്റെ മുമ്പിൽ വന്നിരുന്നു. കണ്ടത് വീണ്ടും കാണാൻ മൗസിൽ കൈവച്ചു. ലാപ്ടോപ്പ് പ്രതികരിച്ചില്ല. ലാപ്ടോപ്പിന്റെ കീ കളിൽ വിരലുകൾ അമർത്തി. അയാളും ലാപ്ടോപ്പും തമ്മിൽ വഴക്കായി. ലാപ്ടോപ്പിനെ പുലഭ്യം പറഞ്ഞു. ഒടുവിൽ അയാൾ തോറ്റു കൊടുത്തു. ലാപ്ടോപ്പിന്റെ പവർ ബട്ടണിൽ ആഞ്ഞ് വിരലമർത്തി. ടപ്പ് എന്ന പതിഞ്ഞ ശബ്ദത്തിൽ ലാപ്ടോപ്പ് പ്രവർത്തനം നിർത്തി. വീണ്ടും വാശിയോടെ പവർ ബട്ടണിൽ വിരൽ അമർത്തി. ലാപ്ടോപ്പിൽ അക്ഷരങ്ങൾ തെളിഞ്ഞു വന്നു. അയാൾ തെല്ലൊന്നു ശാന്തനായി. ആ ശാന്തതക്ക് അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. അയാളുടെ തടിച്ച കണ്ണട ചൂണ്ടുവിരൽ കൊണ്ട് അൽപം കൂടെ മുകളിലേക്ക് തള്ളിക്കയറ്റിവെച്ച്, കറുത്ത സ്ക്രീനിൽ എഴുതി വന്ന വെള്ളയക്ഷരങ്ങൾ വായിച്ചു. Boot device not found.

കണ്ണിൽ ഇരുട്ട് കയറി. ഒരു വലിയ കച്ചവടക്കാരന്റെ ഭാവിയും ഭൂതവും വർത്തമാനവും എല്ലാം ഇതാ ഇവിടെ ഇല്ലാതായിരിക്കുന്നു. തന്റെ ഇടപെടിലുകൾക്കു അതിനെ ഒരിഞ്ചു മുന്നോട്ടു കൊണ്ടുപോകുവാൻ കഴിഞ്ഞില്ല. അയാൾ അവിടെ മരച്ചിരുന്നു. ഭാവിയെ കുറിച്ച് ഓർത്തപ്പോൾ രക്ഷപ്പെടാൻ മാർഗ്ഗം തേടി ചത്ത കമ്പ്യൂട്ടറുമായി പ്രവീണിന്റെ കമ്പ്യൂട്ടർ ഷോപ്പിൽ എത്തി. അയാളുടെ ശല്യം സഹിക്കാതെ പ്രവീൺ ലാപ്ടോപ്പ് മറിച്ചിട്ടു. ആർത്തിക്കാരന് എപ്പോഴും സമയക്കുറവ് ഉണ്ടാകും. ഡോക്ടർ തലയോട് ഇളക്കുന്നതുപോലെ പ്രവീൺ ലാപ്ടോപ്പിന്റെ കവർ സസൂഷ്മം അഴിച്ചെടുത്തു. ഹാർഡ് ഡിസ്ക് മറ്റൊരു ഉപകരണത്തിലേക്ക് മാറ്റി നിമിഷങ്ങൾ കൊണ്ട് എല്ലാം കഴിഞ്ഞു. എന്തുപറ്റി പ്രവീൺ?? ഓപ്പറേഷൻ തിയേറ്ററിന്റെ പുറത്തു നിൽക്കുന്ന രോഗിയുടെ അടുത്ത ബന്ധുക്കൾ ചോദിക്കുന്നതുപോലെ അയാൾ ചോദിച്ചു. രക്ഷയില്ല... അപ്പോൾ എന്റെ  ഭൂതം, വർത്തമാനം, ഭാവി.. പ്രവീൺ ഒന്ന് ചിരിച്ചു. സസൂഷ്മം ലാപ്ടോപ്പ് തുറന്ന പ്രവീൺ അലസമായി ഹാർഡ് ഡിസ്ക് തിരിച്ചുവച്ച് അതിന്റെ അവസാന ആണിയും വെച്ചു. വീട്ടിൽ തിരിച്ചെത്തി ഇതികർത്തവ്യാ മൂഢനായ് മരച്ചിരുന്നു. വീണ്ടും വീണ്ടും ആ നശിച്ച വെള്ളയക്ഷരങ്ങളിലേക്ക് അയാളുടെ കണ്ണുകൾ പാഞ്ഞു. Boot Device not found..

തലയിൽ കൈയ്യും കൊടുത്തിരിക്കുമ്പോൾ മൊബൈൽ ശബ്ദിച്ചു. മനസ്സില്ലാ മനസ്സോടെ കോൾ ബട്ടൺ അമർത്തി. താങ്ങാൻ പറ്റാത്ത വാർത്ത തേടി എത്തിയിരിക്കുന്നു. സംഭാഷണം വളരെ വേഗം ആദ്യവും അവസാനവും ഇല്ലാതെ അവസാനിച്ചു. വേദന നിറഞ്ഞ ഉള്ളടക്കം ആയതിനാൽ വർത്തമാനം തുടരാനുള്ള ആവേശമോ ആഹ്ലാദമോ ഉണ്ടായിരുന്നില്ല. മാറ്റങ്ങൾ ഒന്നും ഇല്ലാതെ കമ്പ്യൂട്ടർ അവിടെ തന്നെ ഉണ്ട്. Boot device not found... മൂക്കും വായും പൊത്തി പമ്പയാറിന്റെ ആഴത്തിലേക്കിട്ടവനെ പോലെ അങ്ങനെ ഇരുന്നു. കാലുകളും കൈകളും നീട്ടിവലിച്ചു മുകളിലേക്ക് കയറാൻ ശ്രമിക്കുംതോറും ആഴത്തിന്റ ഭീകരതയും കൂരിരുട്ടും അയാളെ ചെളിനിറഞ്ഞ കയത്തിലേക്ക് ആഞ്ഞുവലിച്ചത് പോലെയായി. ഭാര്യയും മറ്റൊരു വിധത്തിൽ വിവരങ്ങൾ അറിഞ്ഞിരുന്നു. അവൾക്ക് അയാളോട് അത് തുറന്നു പറയാൻ തോന്നിയില്ല. എങ്കിലും സാവധാനം അയാളുടെ അടുത്തേക്ക് അവൾ എത്തി. അവളുടെ മുഖം വല്ലാതെ വാടി വിഷമിച്ചിരുന്നു. കണ്ണുകളിൽ ചുടുകണ്ണീർ തുളുമ്പിനിന്നു. ഒറ്റവാക്കിൽ അവൾ പറഞ്ഞു നിർത്തി. റസാക്ക് ഭായി മരണപ്പെട്ടിരിക്കുന്നു. അറിഞ്ഞിരുന്നു എന്ന ഒറ്റ വാക്ക് മറുപടിയും.

സുഹൃത്ത് ബന്ധത്തിന്റെ സകല പരിപാവനതകളും കാത്തുസൂക്ഷിക്കുന്നവൻ. പമ്പയാറിന്റെ തീരത്ത് വെച്ചാണ് റസാക്കിനെ ആദ്യമായി കണ്ടുമുട്ടുന്നത്. ഫോണിൽ സംസാരിച്ച സുഹൃത്ത് തന്നെയാണ് റസാക്കിനെ പരിചയപ്പെടുത്തിയത്. പിന്നെ വരും ഈർക്കിലിൽ കോർത്ത പരൽ മീനുകളുമായി. വിളിച്ചാലും നിൽക്കില്ല, ഒറ്റ പോക്കാണ്. സമയം കിട്ടുമ്പോൾ പരൽ വറുത്തതുമായി റസാക്കിനെ കാണാൻ ചെല്ലും. പക്ഷേ ചെല്ലുന്നിടത്ത് കാണില്ല. വിളിച്ചാൽ ഫോൺ എടുക്കില്ല. പമ്പയാറിന്റെ ആഴത്തിൽ എവിടെയോ മീൻ പരതുന്നുണ്ടാവും. വായിൽ മീൻ കടിച്ചുപിടിച്ച് ഓളപ്പരപ്പിലൂടെ റസാക്ക് നീന്തി വരുന്നത് കാണാൻ രസമാണ്. ഭൂതവും ഭാവിയും വർത്തമാനവും ഇല്ലാത്തവന് ജീവിതം തമാശയാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവന് തിരയും തീരവും ആവേശമാണ്. റസാക്കിനെ പറ്റി ആലോചിക്കും തോറും അയാളുടെ കണ്ണുകൾ നിറഞ്ഞു. ആദ്യമായി സ്വന്തം ഭൂതത്തെയും വർത്തമാനത്തെയും ഭാവിയെയും മറന്നു. അസ്ഥപ്രജ്ഞനായി അങ്ങനെ ഇരുന്നു. രണ്ടാമതും തന്റെ മുമ്പിൽ എപ്പോഴോ കൊണ്ടുവച്ച ചായ രുചിച്ചു. ഇപ്പോൾ അതിന്റെ തണുപ്പ് അറിയാം അതിന്റെ മധുരത്തിന്റെ അളവ് അറിയാം. തണുത്ത ചായയുടെ അരുചി അറിയാം. എല്ലാ കാര്യങ്ങളും മാറ്റിവെച്ച്, സംഭവസ്ഥലത്തേക്ക് ഓടി. ആറ്റുതീരവും പരിസരപ്രദേശങ്ങളും ആൾക്കൂട്ടം പൊതിഞ്ഞു നിന്നു. വെള്ളയിൽ പൊതിഞ്ഞ ശരീരം നീല ബാഗിൽ പൊലീസ് സിബ് ഇട്ടു സീൽ ചെയ്തു. ഇനിയും ഭൗതികശരീരം മണ്ണിലേക്ക് മറയാൻ ചടങ്ങുകൾ മാത്രമേയുള്ളൂ.

അവനവനു വേണ്ടി അല്ലാതെ അപരനെ സ്നേഹിച്ചവന്റെ പറയാതെയുള്ള കടന്ന് പോക്ക്. മുങ്ങിയും താണും ഒന്നും രണ്ടും മീനുകളെ പിടിക്കുന്നവന്റെ വായിൽ കൂട്ടത്തോടെ പിടിച്ചടക്കാൻ തോട്ട പൊട്ടിക്കുന്നവന് എന്നെപ്പോലെ ആർത്തി മാത്രമാണ്. ചൊട്ടപൊട്ടിയ തെങ്ങിൻതോപ്പിലൂടെ തിരികെ നടക്കുമ്പോൾ മുന്തിയ മൊബൈൽ ഫോണിൽ നിന്ന് ബിസ്സിനസ്സ് പങ്കാളിക്ക് ഒരു വാട്സാപ്പ് സന്ദേശം അയച്ചു. പ്രിയപ്പെട്ട സുഹൃത്തേ, നാളത്തെ ബിസ്സിനസ്സ് മീറ്റിങ്ങിൽ ഞാനില്ല. തിരിഞ്ഞുനോക്കുമ്പോൾ ധനം കൊണ്ട് ധാരാളം നേടി. നേടിയതൊന്നിലും ഞാൻ ഒരഴകും കാണുന്നില്ല. എന്റെ സുഹൃത്ത്  മരണപ്പെട്ടു. അവൻ ജീവിതത്തിൽ ഒന്നും നേടിയിരുന്നില്ല. പക്ഷേ യാത്രാമൊഴി ചൊല്ലിയവന്റെ സൗന്ദര്യമുള്ള ജീവിതം ഞാനും എന്റെ ചുറ്റുപാടും ഒരുപാട് ആസ്വദിച്ചു. എന്നിലെ മാലിന്യത്തെ പൊന്നാക്കുകയും എന്നെ വെറുക്കുന്നവരെ സ്നേഹിക്കാൻ പഠിപ്പിക്കുകയും അങ്ങനെ എനിക്ക് ആശ്വാസവും എന്റെ നിദ്രകൾക്ക് മധുര സ്വപ്നങ്ങൾ നൽകുകയും ചെയ്ത,  പതികനായിവന്ന മനുഷ്യൻ എത്ര വലിയവനാണ് എന്ന് മനുഷ്യപുത്രനായ യേശുവിൽ ഖലീൽ ജിബ്രാൻ പറയുംപോലെ..

English Summary:

Malayalam Short Story ' Priyappetta Razak ' Written by Jenu Maliyil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com