ADVERTISEMENT

"വൈശാഖൻ ഇന്ന് വരുന്നില്ലേ," രാവിലെ ഫോണിൽ പരമേശ്വരൻ നായരുടെ ചോദ്യം കേട്ടപ്പോൾ, അയാൾ ഒന്ന് ഇരുത്തി മൂളി. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു, "ഇല്ല, പരമേട്ടാ, ഒരു സുഖം തോന്നുന്നില്ല, നാളെയാവട്ടെ." "അല്ലാ, കുഴപ്പം ഒന്നും ഇല്ലാല്ലോ ല്ലേ??" പരമേശ്വരൻ നായർ വിടാൻ ഭാവമില്ല. അയാളുടെ ചോദ്യം തന്റെ ആരോഗ്യസ്ഥിതിയെ പറ്റിയാണ്, അപ്രതീക്ഷിത പ്രതീക്ഷകളുടെ കാലമാണല്ലോ ഇത്.. അത് മനസിലാക്കിയെന്നപോലെ വൈശാഖൻ പ്രതിവചിച്ചു. "ഏയ്‌ ഇല്ല, ശരീരത്തിനല്ല, മനസിനാണ് അസ്കിത... ഒന്നൂടെ നന്നായി ഉറങ്ങിയാൽ മാറും." മറുത്ത് ഒന്നും പറയാതെ പരമേശ്വരൻ നായർ ഫോൺ വച്ചു, അയാൾ പതിവ് നടത്തം തുടരുകയായിരിക്കും എന്ന് ഊഹിച്ച്, വൈശാഖൻ പുതപ്പ് തലയിൽ കൂടി വലിച്ചിട്ട് കിടക്കയിലേക്ക് അമർന്നു. വെളുപ്പാൻ കാലത്തെ നിശബ്ദതയെ കീറിമുറിച്ച് ഉയരുന്ന എസിയുടെ മൂളലും ശ്രവിച്ച് വെറുതെ കിടന്ന്, മനോരാജ്യത്തിലേക്ക് കടന്നു. ഫോണിൽ പറഞ്ഞ ഉറക്ക ക്ഷീണവും, മനസിന്റെ അസ്കിതയും ഒന്നും ഉണ്ടായിട്ടല്ല, അന്ന് പതിവ് അയാൾ തെറ്റിച്ചത്... വെറും അലസത.. ചില ദിവസം അങ്ങനെയാണ്, ചുമ്മാതെ മനോരാജ്യത്തിൽ മുഴുകി കുറേ നേരം അങ്ങനെ കിടക്കുന്നത് അയാൾക്ക് ഒരു ലഹരിയാണ്.. ഒരു ചെറിയ വട്ട്.. മുന്നോട്ട് നോക്കുമ്പോൾ ശൂന്യത മാത്രമായ, ഏകാകിയുടെ നൊസ്സ്. പരമേശ്വരൻ നായരേ പരിചയപ്പെട്ടിട്ട് അധികമൊന്നും ആയിട്ടില്ല... ആ പണക്കാരുടെ കോളനിയിൽ താമസം തുടങ്ങിയതിൽ പിന്നെ കിട്ടിയ കൂട്ടാണ്. എന്നും രാവിലെ ഒന്ന് അല്ലെങ്കിൽ ഒന്നര മണിക്കൂർ സഹവാസം. വേറെ പ്രോഗ്രാം ഒന്നുമില്ലെങ്കിൽ ചിലപ്പോൾ നീണ്ട് പോകുകയും ചെയ്യും.

ഒരേപോലെ വലിപ്പത്തിലും ഡിസൈനിലുമുള്ള ആ വലിയ ഹൗസിങ് കോളനിയുടെ പ്രധാനകവാടം കഴിഞ്ഞു വലത്തോട്ട് നടക്കുമ്പോൾ കിഴക്ക് ആകാശം ചുവന്നിട്ട് ഉണ്ടാകും, വെള്ളകീറിവരാൻ വിനാഴിക ബാക്കി. രണ്ട് കിലോമീറ്റർ നടന്ന് കഴിഞ്ഞാൽ പുണ്യപുരാതനക്ഷേത്രം. അവിടെ നിർമാല്യവും കണ്ട് ഒരു മൂന്ന് വലത്തിട്ട് തൊഴുത്, സേവപന്തലിൽ അൽപ്പം വിശ്രമം. അത് കഴിയുമ്പോൾ വാകച്ചാർത്ത് ആയി. അതും കണ്ട്, ശാന്തിയിൽ നിന്ന് പ്രസാദവും സ്വീകരിച്ച് തിരികെ ഫ്ലാറ്റിലേക്ക്.. കോളനിയിൽ സ്ഥിരതാമസമായേ പിന്നെയാണ് പരമേശ്വരൻ നായരുമായി ഇത്രയും അടുപ്പമായത്. താൻ കൂടെ കൂടുന്നതിനും വളരെ മുൻപേ ഒരു വഴിപാട് പോലെ നിത്യം മുടങ്ങാതെ ഇത് തുടരുന്ന കോളനിയുടെ കാരണവർ, സെക്രട്ടറി, പൗരപ്രമുഖൻ. മൂന്ന് മക്കളുടെയും, ഏഴ് കൊച്ചുമക്കളുടെയും ഒരു ഭാര്യയുടെയും നാഥൻ, സംസാര പ്രിയനാണെങ്കിലും, സാധു, പരോപകാരി, ജീവിതാനുഭവങ്ങൾ ഏറെയുണ്ട് എന്നഭിമാനിച്ച് ആരെയും ഉപദേശിച്ച് കളയുന്ന ധീരൻ, പരമേട്ടന് ചാർത്തികൊടുക്കാൻ ആലാത്തുകൾ ഏറെയുണ്ട്. പുതപ്പിന്റെ അടിയിൽ കിടന്ന് പരമേട്ടനെ ഓർത്ത് അയാൾ കുടുകുടെ ചിരിച്ചു. 

ആ കോളനിയിൽ അത്തരം ഒരു ഫ്ലാറ്റ് ബുക്ക് ചെയ്യുമ്പോൾ വൈശാഖൻ ഒരിക്കലും കരുതിയിരുന്നില്ല, ഒരിക്കൽ താൻ അവിടുത്തെ ഒരു സ്ഥിരം അന്തേവാസി ആകും എന്നോ? എല്ലാത്തിൽ നിന്നും ഒതുങ്ങി.. അവിടെ ഇങ്ങനെയൊക്കെ കൂടും എന്നോ? പാറപോലെ ഉറച്ചത് എന്ന് വിശ്വസിച്ചിരുന്ന തന്റെ ചവുട്ടടിയിലെ മണ്ണ് അൽപ്പാൽപ്പമായി ഒഴുകി പോകുന്നത് അറിയാൻ വളരെ വൈകി. അത് തികച്ചും യാഥാർഥ്യമായി മാറിക്കഴിഞ്ഞപ്പോൾ ഇത് ഒരു പിടിവള്ളിയായി എന്ന് പറയുന്നതാണ് സത്യം. ജോലിത്തിരക്കിന്റെ ഏതോ ഇടവേളയിൽ കൈയ്യിൽ ഇരുന്ന മൊബൈലിൽ മുഖമാഴ്ത്തിയപ്പോൾ ആണ്, ആ പരസ്യം കണ്ണിൽ ഉടക്കിയത്. പുണ്യപുരാതന ക്ഷേത്ര നഗരിയിൽ നിങ്ങൾക്കും ഒരു വാസയിടം.. കേരളത്തിൽ മാത്രമല്ല, മിഡിലീസ്റ്റിലും അറിയപ്പെടുന്ന ഒരു ബിൽഡേഴ്സിന്റെ പരസ്യമാണ്. അതിൽ ഒരു കൗതുകത്തിന്റെ പേരിലാണ് ക്ലിക്ക് ചെയ്തത്. മണിക്കൂറുകൾക്ക് ഉള്ളിൽ, മെയിലും, പിന്നാലെ കിളിനാദത്തിന്റെ വിളിയുമെത്തി. വാഗ്ദാനങ്ങളുടെ പെരുമഴ. ഓഫറുകൾ, ഇപ്പോൾ ഇല്ലെങ്കിൽ പിന്നെ ഒരിക്കലും ഇല്ല. 

ആദ്യമാദ്യം ഒരു രസത്തിനാണ് അത് എന്റർടൈൻ ചെയ്തത്.. ബാങ്ക് ലോൺ.. ഈസി ഇഎംഐ.. ഫർണിഷ്ഡ് അപ്പാർട്ട്മെന്റ്, ജിം, ടെന്നിസ് കോർട്ട്, ലൈബ്രറി.. മറ്റ് വിനോദങ്ങൾ.. അവസാനം ഭക്തി ട്യൂറിസം.. ശാന്തിയോട് സൂചിപ്പിച്ചപ്പോൾ, പതിവ് പോലെ തന്നെയായിരുന്നു, പ്രതികരണം.. നിങ്ങൾ ആണെങ്കിൽ നിരീശ്വരവാദി, വരുമാനം നോക്കിയാണെങ്കിൽ ആവശ്യത്തിൽ അധികം ഉണ്ടല്ലോ? എന്തിന്? അതിന്റെ ആവശ്യമെന്ത്? ആര് പോകാൻ പോകുന്നു.. കുട്ടികൾക്ക് താൽപ്പര്യമുണ്ടാകില്ല. വെറുതെ മോഹിപ്പിക്കരുത്. നമുക്ക് ഈ നാട്ടിൽ ഉള്ളതൊക്കെ മതി, ആരാണ് ഇതൊക്കെ നോക്കി നടത്താൻ. ഇനി എല്ലാം നിർത്തി നാട്ടിൽ കൂടിയാലോന്ന് ചോദിച്ചാൽ, നിങ്ങൾ എന്താണ് പറയുന്നത്, നമ്മൾ അത്രയ്ക്ക് ആയോ? കുട്ടികളുടെ ഭാവി നോക്കേണ്ടേ? പഠിത്തം, വിവാഹം? നമുക്ക് വേറെ എന്താണ് വരുമാനം? എന്താണ് നീക്കിയിരുപ്പ്. നാലുപേരുടെ പോലെ ജീവിക്കേണ്ട? നമ്മളോ കഷ്ട്ടപെട്ടു, (ആര്, മൂന്ന് നേരം സുഖമായി വേലക്കാരി വയ്ക്കുന്നതും ഉണ്ട്, ജിമ്മിൽ പോയി ആരോഗ്യം സംരക്ഷിക്കാൻ നടക്കുന്ന പച്ചപരിഷ്‌കാരി). സ്വന്തമായി ഒരു പൈസയുടെ മുടക്ക് ഇല്ലാഞ്ഞിട്ടും, നെഗറ്റിവിറ്റി വാരിവിതറുന്നതിന് ഒരു പിശുക്കും കാണിക്കാറില്ല.

അപ്രാവശ്യം മനസ്സ് പറഞ്ഞതിന്റെ പുറകെ ആയിരുന്നു പോയത്, വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ ഒരു ചെയിഞ്ചിനായി, കുറച്ചു ദിവസം.. ഒപ്പം മനസ്സിന്റെ ഏകാഗ്രതയ്ക്കായി ദൈവത്തിന്റെ മുന്നിൽ കുറച്ചുനേരം. തനിക്ക് മാത്രമല്ല, കൂടെ ജോലിചെയ്യുന്നവർക്കും നാട്ടിൽ പോകുമ്പോൾ അത് ആശ്വാസമാകും. ഒരു കെയർ ടേക്കർ ഉണ്ടായാൽ മതിയല്ലോ.. അങ്ങനെ ഉള്ള അന്വേഷണം ആണ് പരമേട്ടനിലേക്ക് എത്തുന്നതും.. എത്ര പെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞത്.. ഈശ്വരൻ എല്ലാം മുന്നേ അറിയുന്നു എന്ന് പലരും പറയുമ്പോൾ അൽപ്പ വിശ്വാസിയായ താൻ വിശ്വസിച്ചിരുന്നില്ല, ഇന്ന് സത്യം മുന്നിൽ അനാവൃതമായപ്പോൾ, വല്ലാതെ തോറ്റുപോയി എന്ന് വന്നപ്പോൾ ഇത് ഒരു പിടിവള്ളിയായി. ചുറ്റിലും ജോലിചെയ്തിരുന്നവരുടെ പല അനുഭവങ്ങൾ കേൾക്കുമ്പോൾ, ആശ്വാസത്തിനായി തന്റെ മുന്നിലേക്ക് ഓടിവരുമ്പോൾ, അവർക്ക് ആശ്വാസത്തിന്റെ ലേപനം പുരട്ടി മുന്നോട്ട് നയിക്കുമ്പോൾ, അത് പലപ്പോഴും വൈകുന്നേരങ്ങളിലെ സംസാരങ്ങളിൽ ശാന്തിയുമായി പങ്കുവയ്ക്കുമ്പോൾ അതൊന്നും തന്നെ ബാധിക്കില്ല എന്ന ഉറച്ച വിശ്വാസമായിരുന്നു. 

ഇതിനിടയിൽ നഷ്ടമായത് ബാല്യകാല സൗഹൃദങ്ങൾ, തറവാട്ടിലെ ഊഷ്മള ബന്ധങ്ങൾ. അഭ്യുദയകാക്ഷികളുമായി അകൽച്ച. നാട് വിട്ട് നിൽക്കുന്നവന്റെ അവസ്ഥകൾ ആണ്. പിറന്ന് വളർന്ന ചുറ്റുപാടുകളിൽ നിന്ന് എടുത്തെറിയപ്പെട്ട് പൊക്കിൾക്കൊടി ബന്ധം പോലും മാഞ്ഞുപോകുന്നവന്റെ വേദന ഇപ്പോൾ മനസിലാക്കുന്നു. സഞ്ചാരി.. പാഥേയം മാത്രം അന്വേഷിക്കുന്നു, വേരുകൾ അഴുകുന്നത് അറിയുന്നില്ല. അത്രക്കായിരുന്നല്ലോ, തന്റെ കുടുബത്തിനോടും, ചുറ്റുപാടിനോടും ഉണ്ടായിരുന്ന കരുതൽ. കിട്ടുന്ന സമയം കുടുബത്തിനോടൊപ്പം ചിലവഴിക്കാൻ ഓടിയെത്തുമ്പോഴും, അകന്നു നിന്നപ്പോഴും അത്രയ്ക്ക് ട്രാൻസ്‌പേരന്റ് ആയിരുന്നല്ലോ. അതുപോലെയാണ് മറ്റുള്ളവരും എന്ന് ധരിച്ച് വശായി. അവിടെ തെറ്റ് തന്റെ ഭാഗത്ത് മാത്രമായിരുന്നു. പരസ്‌പരം അദമ്യമായ വിശ്വാസം മാത്രം ഉണ്ടായാൽ മതി എന്ന് ബോധ്യപ്പെടുത്തി ഒന്നും കാംഷിക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയവൾ, പിന്നിൽ നിന്ന് കുത്തുമെന്നോ. സ്വന്തമെന്ന് കരുതിയ മക്കളെപ്പോലും വെടക്കാക്കി തനിക്കാകും എന്ന് ആരാണ് ചിന്തിക്കുക. ഉത്തമപുരുഷൻ എന്നപേര് സമ്പാദിക്കാൻ ശ്രമിക്കുമ്പോൾ, കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപോകാതെ നോക്കണം എന്ന അമ്മയുടെ ഉപദേശം മറന്നു. ഇനി ഉപദേശം വാങ്ങാൻ അമ്മയും കൂടെയില്ലല്ലോ. 

എന്നും ശാന്തിയോട് ഓർമ്മപ്പെടുത്തിയിരുന്നു.. മക്കളെ ആയാലും ഒരു തേർഡ് ഐ യോട് കൂടിവേണം അപഗ്രഥിക്കാൻ എന്ന്. മക്കൾ നമ്മുടേത് ആണെങ്കിലും, അവർ ഈ കാലത്തേ ചുറ്റുപാടുകളുടെ ഇടയിൽ വളരുന്ന വ്യക്തികൾ ആണ്, എന്ന് മറക്കരുത് എന്ന്. അത് സ്വയം ജീവിതത്തിൽ പകർത്താൻ മറന്നു. എല്ലാ പറവകളെയും അന്തവിഹായസ്സിലേക്ക് പറക്കാൻ തുറന്ന് വിടരുത് എന്ന ആപ്തവാക്യമാണ് ഇവിടെയും സാർഥകമായത്. പറക്കമുറ്റിയപ്പോൾ അവർ ഓരോരുത്തരും, പറന്നു. പറക്കാൻ പഠിപ്പിച്ചവനെത്തന്നെ ചവുട്ടി താഴ്ത്തി. അനന്തമായ ആകാശത്തിലെ വിശാലമായ അതിരുകൾ തേടി.. പറക്കട്ടെ അവർ ചിറക് കുഴയുന്ന വരെ. എവിടെയാണ് പിഴച്ചത്.. വൈശാഖൻ അപഗ്രഥിക്കാൻ ശ്രമിക്കാറുണ്ട്.. മനുഷ്യനാണല്ലേ, എങ്ങനെ എവിടെ പിഴച്ചു എന്ന് ചുമ്മാതെ അറിയാൻ.

പൂർവ്വ വിദ്യാർഥി സംഗമം, പൊതുരംഗത്തേക്കുള്ള പ്രവേശനം, ജോലി, അതോ ബന്ധുക്കളുടെ സാമീപ്യമാണോ.. എല്ലാത്തിൽ നിന്നും അൽപ്പാൽപ്പം സംഭാവന ഇല്ലാതില്ല. ശരിതെറ്റുകൾ ചൂണ്ടി കാണിച്ച് എല്ലാത്തിനും കൂടെ നിന്നത് താൻ തന്നെയാണല്ലോ, അകമഴിഞ്ഞ് ബന്ധുസഹായം ചെയ്തതും താനല്ലേ? അവർ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുമോ? അയാളുടെ ചിന്തകൾ കാടുകേറി. ഏയ് അതൊന്നുമല്ല, വേലി ചാടാൻ നിൽക്കുന്നവർ വേലി ചാടും, സ്വയം തിരിച്ചറിയുന്നവർ അതിരുകൾ സൃഷ്ടിച്ച് അതിൽ നിൽക്കും. അങ്ങനെ ആണെങ്കിൽ അവസരങ്ങളുടെ അന്തവിഹായസ്സ് തന്റെ മുന്നിലും തുറന്ന് തന്നെയാണല്ലോ ഇരുന്നത് എന്നും എപ്പോഴും. ധാർമ്മികതയുടെ സ്വയം നിയന്ത്രണങ്ങളുടെ ലക്ഷ്മണരേഖകൾ സ്വയം സൃഷ്ടിക്കുകയായിരുന്നല്ലോ. സൈമൺ ഫ്രോയിഡ് പറഞ്ഞപോലെ മനുഷ്യമനസ്സ് ഒരു പ്രഹേളികയാണ്. അവരവരെ, അവനവന്റെ മനസ്സിനെപ്പോലും തിരിച്ചറിയാൻ ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല. തനിക്കും പറ്റിയത് അത് തന്നെയാണല്ലോ. ആരോടും അത്രയ്ക്ക് ട്രാൻസ്‌പേരന്റ് ആവരുത് എന്ന് പേർത്തും പേർത്തും പറഞ്ഞ താൻ ആകെ ട്രാൻസ്‌പേരന്റ് ആയി, അവിടെയാണ് പിഴച്ചത്. 

മനസ്സിൽ ഒന്ന് ഒളിപ്പിച്ച്, മറ്റൊരുവേഷം കെട്ടി തന്റെ മുന്നിൽ ആടിയത് തിരിച്ചറിയണമായിരുന്നു.. അമിതമായ ആത്മവിശ്വാസം തന്നെ അന്ധനാക്കി. വ്യക്തമായ പ്ലാനിങ്, രണ്ടുവർഷത്തിൽ ഏറെയായി നടന്നിരുന്നു.. അതിന്റെ സൂചന പലപ്പോഴും മനസ്സ് തിരിച്ചറിഞ്ഞിരുന്നല്ലോ?? എന്നിട്ടും മനസ്സിനെ കേൾക്കാതെയിരുന്ന താൻ തന്നെ തെറ്റുകാരൻ. പക്ഷേ.. എന്നും എല്ലാം ഒളിപ്പിക്കാൻ കഴിയില്ല എന്ന ലോകനീതി, മറനീക്കി പുറത്ത് വന്നപ്പോൾ.. എല്ലാ പ്ലാനിങ്ങും തകരുകയായിരുന്നു.. ചീട്ട് കൊട്ടാരം പോലെ. വാർദ്ധക്യത്തിന്റെ കരുതൽ എന്ന ഡെമോക്ലിസിസിന്റെ വാൾ ആണ്, കേരളത്തിലെ പല കുടുംബങ്ങളും തകരാതെ സംരക്ഷിക്കുന്നത്.. വൈശാഖൻ ചിന്തിച്ചു.. അല്ല അത് ഒരു ക്ളീഷേ ആണ്.. കാലങ്ങളായി പലരെയും സ്വതന്ത്രമായി ചിന്തിക്കാൻ തടയുന്ന ബാലികേറാ മല. മാമൂലുകൾ മാറണം.. വ്യക്തി സ്വാതന്ത്ര്യത്തിന് മുൻതൂക്കം ഉണ്ടാവണം. ഒരിക്കൽ വിവാഹം നടന്നു എന്ന് കരുതി ജീവിതകാലം ടോക്സിക്ക് ആയി ചിലരുടെ സേഫ് സോണിനായി സ്വയം ഉരുകി കഴിയണം എന്ന ചിന്തകൾ മാറ്റണം. തന്റെ കൈകൾ ഇങ്ങനെയെങ്കിലും തലയ്ക്ക് വച്ചത് കൊണ്ടാണ്, സർവൈവ് ചെയ്യാൻ കഴിഞ്ഞത്. ഇനി ഒറ്റയ്ക്ക് മുന്നോട്ട് പോകണം. കുറച്ച് കാലം എങ്കിലും. തീരെ വയ്യാ എന്ന് തോന്നുമ്പോൾ അടുത്തപടി. നമ്മുടെ നാടും മാറിയിരിക്കുന്നു, വല്ലാതെ ഒറ്റപ്പെടുന്നവരെയും സഹായം വേണ്ടവരെയും സംരക്ഷിക്കുന്ന സ്ഥാപനങ്ങൾ വളർന്നു വരുന്നുണ്ട്, അത് ആശ്വാസം തന്നെ.

ഫോൺ വീണ്ടും റിംഗ് അടിക്കുന്നു, അയാൾ പുതപ്പ് മാറ്റി എഴുന്നേറ്റു, മുറിയിൽ ആകെ വെളിച്ചം, എസി ഓഫ് ചെയ്ത് ജാലകങ്ങൾ തുറന്നപ്പോൾ, മുറിയിലേക്ക് പ്രഭാതത്തിന്റെ കുളിര് അരിച്ചു കയറുന്നു. അയാൾ മൊബൈൽ എടുക്കാനായി മേശയുടെ അരുകിലേക്ക് നടന്നു. അത് നിശബ്ദമായി. അങ്ങേ തലയ്ക്കൽ പരമേട്ടൻ, അദ്ദേഹം അങ്ങനെയാണ്, പഴയ കുടുംബകാർന്നോരെപ്പോലെ. നേരെ കാണുന്നവരെ ടെൻഷൻ ആണ്. അയാൾ തിരികെ വിളിച്ചു.. വൈശാഖൻ താങ്കൾ ഇപ്പോഴും ഉറക്കമാണോ? ആരോഗ്യം എങ്ങനെയുണ്ട്.. ഫോണിൽ നമസ്കാരം പറയുന്നതിന് മുൻപ് ചോദ്യങ്ങളുടെ കെട്ടുകൾ അഴിച്ചു വിടുകയാണ്. പരമേട്ടാ.. എനിക്ക് കുഴപ്പമൊന്നും ഇല്ല.. ഒരു ചെറിയ മടി.. ദേ.. ചായ തിളപ്പിക്കാൻ പോകുകയാണ്.. പത്തുമണിക്ക് ഇൻഡോർ കോർട്ടിൽ കാണാം.. ഇന്ന് എന്റെ ഒരു കവിത തീർച്ചയായും ഉണ്ടാകും.. അപ്പുറത്ത് അദ്ദേഹം പൊട്ടിച്ചിരിക്കുകയാണ്.. അപ്പോൾ വൈശാഖന്റെ മനസ്സിൽ മറ്റൊരു ചിന്ത മുളപൊട്ടി.. എത്ര ശ്രമിച്ചാലും, കുടഞ്ഞെറിയാം എന്ന് വിചാരിച്ചാലും, മനുഷ്യൻ സ്വതന്ത്രർ ആവില്ല... ചുറ്റുപാടുകൾ, സ്നേഹം എന്ന് പേരിട്ട കയറുമായി ബന്ധിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കും.. നാം അതിൽ നിന്ന് രക്ഷപ്പെടാൻ.. കുതറുകയും... ജീവിതം എന്നും ഒരു കിളിമാസ്സ്‌ കളിയാണ്.. ശ്വാസം നിലയ്ക്കും വരെ.. കാലത്തിനും ദേശത്തിനും.. ചുറ്റുപാടിനും അനുസരിച്ച് കളിക്കാർ മാറുന്നു.. അത്രമാത്രം..

English Summary:

Malayalam Short Story ' Bhaktha Prahladan ' Written by Reghu Chandran R.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com