ബെവ്‌ ക്യൂ ആപ്പ് 

Bevq-App
SHARE

ആഹാ ഇതെന്താ? ഇങ്ങനെയും ഒരു ആപ്പോ? സൊമാറ്റോ, ആമസോൺ, ഫ്ളിപ് കാർട്ട്, ബിഗ് ബാസ്കറ്റ്, ബൈജൂസ്‌ ആപ് ഇങ്ങനെ ഒരുപാട് ആപ്പുകൾ കേട്ടിട്ടുണ്ട്. ഡൗൺ ലോഡ് ചെയ്തിട്ടുമുണ്ട്.

ഈ ആപ്പെന്ന് പണ്ട് പറഞ്ഞിരുന്നത് മരപ്പണിക്കാർ ഉപയോഗിച്ചിരുന്ന തടി കൊണ്ടുള്ള ആണികളല്ലേ? പണ്ടൊരു കുരങ്ങൻ തടിയ്ക്കിടയിൽ കയറിയതും വാല് ആപ്പിൽ കുടുങ്ങിയതുമായ കഥയും കേട്ടിട്ടുണ്ട്. കമ്പ്യൂട്ടർ യുഗം വന്നതോടെ നൂറുനൂറ് ആപ്പുകൾ ആവിർഭവിച്ചു. കുട്ടികളും ചെറുപ്പക്കാരും എന്തിനു വയസ്സായവർവരെ ആപ്പുകളെപ്പറ്റി പഠിക്കുകയും ഉപയോഗിക്കുകയും ചെയ്തു തുടങ്ങി.

കൊറോണ വരുത്തിവെച്ച ബുദ്ധിമുട്ടുകളിൽ ഒന്നാമത്തേത് മദ്യശാലകൾ തുറക്കുകയില്ല, മദ്യം കിട്ടുകയില്ല എന്നതായിരുന്നു.(ഭക്ഷണസാധനങ്ങളും മരുന്നുകളും മറ്റ് അത്യാവശ്യസാധനങ്ങളും കിട്ടുകയില്ല എന്നതിന്റെ ഉത്ക്കണ്ഠ അതിനു താഴെയേ ഉള്ളു)

ബെവെറേജ്‌സ് അടച്ചതോടെ ഗൃഹനാഥന്മാർ നിസ്സഹായരായി വീട്ടിൽ കുത്തിയിരുപ്പായി. വീട്ടമ്മമാർ സന്തുഷ്ടരായി. 'അപ്പോൾ കുടിക്കാതെയും കഴിയാം' എന്നൊരു കളിവാക്ക് അവരുടെ കള്ളച്ചിരിയിൽ തെളിഞ്ഞു.

മദ്യം അനിവാര്യമായിത്തീർന്നിരിക്കുന്ന ഒരു ജീവിത രീതിയാണല്ലോ ഇന്ന് കേരളത്തിലേത്. സന്തോഷത്തിലും സങ്കടത്തിലും ആഘോഷങ്ങളിലും പൊട്ടിക്കുന്നത് മദ്യക്കുപ്പികൾ തന്നെ. "പറോട്ട, ബീഫ്, കള്ള് (അത് ഏതു ബ്രാൻഡുമാകാം) അതല്ലേ ഒരു കോംബോ" എന്നതല്ലേ മലയാളിയുടെ ഒരു  മെനു സങ്കല്പം.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് സിനിമകൾക്കിടയിലും സീരിയലുകളുടെ കൂടെയും പരസ്യങ്ങളിലും ഒക്കെ എഴുതിക്കാണിക്കാം. നല്ലതു തന്നെ. പക്ഷെ മദ്യം വിറ്റില്ലെങ്കിൽ സർക്കാരിന്റെ ഖജനാവ് കാലിയാകും. അപ്പോൾ പിന്നെ കള്ളുകച്ചവടം എത്രയും വേഗം പുനരാരംഭിക്കണം. പക്ഷേ, കൊറോണക്കാലമല്ലേ? എങ്ങനെ എങ്ങനെ? അതിനല്ലേ പുതിയ ആപ്പ്! ബെവ്‌ ക്യൂ ആപ്പ്! ബെവെറേജസ് ഔട് ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങാൻ ഈ ആപ്പ്  വഴി ടോക്കൺ എടുക്കാം. സ്ഥലവും സമയവും സംബന്ധിച്ച്  അറിയിപ്പു വരും. അപ്പോൾ പോയങ്ങു വാങ്ങിയാൽ മതി. ഒരാൾക്ക് നാലു കുപ്പിയെ കിട്ടൂ. (എന്നാലെന്താ? പണ്ടത്തെപ്പോലെ മണിക്കൂറുകൾ ക്യൂ നിൽക്കുകയോ ഉന്തും തല്ലും കൂടുകയോ വേണ്ട. കള്ളുകുടിയന്മാരുടെ ഒരു സമയം, അല്ലാതെന്താ? കൊറോണ കൊണ്ട് വന്ന ഒരേഒരു നല്ല കാര്യം എന്ന് അവരുടെ ആശ്വാസം). തമാശ അതല്ല. ബെവ്‌ ക്യൂവിലൂടെ അപേക്ഷയും കൊടുത്ത് കാത്തിരിക്കുന്നവർക്ക് പത്തും ഇരുപതും കിലോമീറ്റർ അകലെയുള്ള മദ്യഷാപ്പുകളിലേക്കാണ് ടോക്കൺ കിട്ടുക. എന്നാലെന്താ, സാധനം കിട്ടുമല്ലോ.

മദ്യപാനം ആകാമെന്നോ പാടില്ല എന്നോ നമുക്ക് പറയാനാവില്ല. എന്നാലും മദ്യപാനം മിതമായിട്ടാകാം, അമിതമാകരുത് എന്നൊരു പരസ്യം നമുക്ക് എഴുതിച്ചേർക്കാം. വല്ലപ്പോഴും ഒരു ഓണം, ഒരു ഈസ്റ്റർ, ഒരു ക്രിസ്തുമസ്, ഒരു പിറന്നാൾ ഒക്കെ കൊണ്ടാടുമ്പോൾ കുടുംബത്തിലെ എല്ലാവരും ചേർന്ന് ഒന്നോ രണ്ടോ പെഗ് അടിക്കുന്നത് ഇപ്പോൾ സർവസാധാരണം. അതൊരു തെറ്റായി ആരും കാണുന്നില്ല. പക്ഷേ ഒരു സഹപ്രവർത്തകൻ കുടിച്ചു കൊണ്ട് ഓഫീസിൽ വരികയും ജോലിക്കു വരാതെ എവിടെയെങ്കിലുമൊക്കെ കുടിച്ചു കിടക്കുകയും ചെയ്യുന്നത് ആ ഓഫീസിലുള്ളവർക്കു മുഴുവൻ അസൗകര്യമുണ്ടാക്കിയ ഒരനുഭവം എനിക്കുണ്ട്. വളരെ സമർത്ഥനായ ആ കീഴുദ്യോഗസ്ഥൻ ഇങ്ങനെ പെരുമാറുമ്പോൾ റിപ്പോർട്ട് ചെയ്യാൻ പോലും മടിച്ച് അയാളുടെ മേലുദ്യോഗസ്ഥ വല്ലാത്ത ഒരവസ്ഥയിലായി നിൽക്കുന്നത് കണ്ടതാണ്. മദ്യപാനം കുടുംബം നശിപ്പിച്ച കഥകൾ ഉണ്ട്. അതൊക്കെ എല്ലാവർക്കുമറിയാം. അതൊന്നും ഇവിടെ ആവർത്തിക്കുന്നില്ല.

ഇനി ഒരു തമാശക്കഥ പറയട്ടെ. അവശ്യം ചില സന്ദർഭങ്ങളിൽ പേരിനു മാത്രം കുടിക്കുന്നവരും പരിധികൾ വിടാതെ എന്നും രണ്ടെണ്ണം വീശുന്നവരും മുഴുക്കുടിയുടെ പടുകുഴിയിൽ വീണു പോയവരും എന്റെ കുടുംബത്തിലുണ്ട്. അക്കൂട്ടത്തിൽ നല്ല ഒന്നാന്തരം കുടിയനായ ഒരമ്മാവൻ ഞങ്ങൾ കുട്ടികൾക്ക് ഒരു പാട്ടു പഠിപ്പിച്ചു തന്നു.

"കള്ളുകുടി നല്ലരസം, വീരരസം, രൗദ്ര രസം, പിന്നെ ശൃംഗാര രസം  

കൊഞ്ചു കറി ഉണ്ടെങ്കിലോ എന്തു രസം, ഓ, നല്ലരസം"  

പുള്ളിക്കാരൻ നല്ല ഫിറ്റായി ആടിയാടി കയറി വരുമ്പോൾ അന്ന് കുട്ടികളായിരുന്ന ഞാനും അനിയത്തിമാരും അനിയന്മാരും (കസിൻസ്) ചേർന്ന് ഈ ഗാനം ഒരു കോറസ്സായി ഉച്ചത്തിൽ ആലപിച്ചു കൊണ്ടാണ് സ്വീകരിക്കുക. വീട്ടിലെ മുതിർന്ന സ്ത്രീകൾ കണ്ണുരുട്ടിപ്പേടിപ്പിച്ച് ഞങ്ങളുടെ വായടപ്പിക്കും. ഓ അതൊക്കെ ഒരു കാലം എന്ന് ഇന്നും ഞാൻ ചിലപ്പോഴൊക്കെ ഓർത്തു ചിരിക്കാറുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.