അമേരിക്കയ്ക്ക് ദൈവാനുഗ്രഹം

HIGHLIGHTS
  • മാന്യതയുടെ പ്രതീകമായി ജോ ബൈഡന്‍
  • അനൈക്യം അവസാനിപ്പിക്കുമെന്നു പ്രഖ്യാപനം
US-DEMOCRATIC-PRESIDENTIAL-CANDIDATE-JOE-BIDEN-HOLDS-ELECTION-NI
Joe Biden. Photo Credit : Tasos Katopodis / Getty Images / AFP
SHARE

"ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ" (ഗോഡ് ബ്ലെസ് അമേരിക്ക) എന്നതു നൂറ്റാണ്ടു കാലമായി പ്രചാരത്തിലുളള ഒരു ദേശഭക്തിഗാനമാണ്. പല യുഎസ് നേതാക്കളും തങ്ങളുടെ പ്രസംഗങ്ങളുടെ അവസാനത്തില്‍ ഇങ്ങനെ പറയുന്നതും പതിവാണ്. അമേരിക്കയെ സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളുടെ ആഴങ്ങളില്‍നിന്നു കഴിഞ്ഞ ചില ദിവസങ്ങളില്‍ ഉയര്‍ന്ന പ്രാര്‍ഥനയും ഒരുപക്ഷേ ഇതുതന്നെയായിരുന്നിരിക്കണം. 

അത്രയും ആശങ്കാജനകമായിരുന്നു നവംബര്‍ മൂന്നിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് അമേരിക്കയില്‍  വളര്‍ന്നു കൊണ്ടിരുന്ന അനിശ്ചിതത്വവും സംഘര്‍ഷാവസ്ഥയും. സ്ഥിതിഗതികള്‍ തെരുവു യുദ്ധമായി മാറുമോയെന്നു പോലും ഭീതി ജനിക്കുകയുണ്ടായി. 

ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചില്ല. ദൈവം അമേരിക്കയുടെ രക്ഷയ്ക്കെത്തി. ജോ ബൈഡന്‍ രാജ്യത്തിന്‍റെ 46ാമത്തെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ ഇലക്ടറല്‍ വോട്ടുകള്‍ നേടിയതായി അഞ്ചാം ദിവസമെങ്കിലും വ്യക്തമായതോടെ അങ്ങനെ ആശ്വസിക്കുകയാണ് പലരും. 

കഴിഞ്ഞ നാലു വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഡോണള്‍ഡ് ട്രംപ് ഈ തിരഞ്ഞെടുപ്പ് ഫലം ഇനിയും അംഗീകരിച്ചിട്ടില്ല. അതേസമയം, അദ്ദേഹത്തിന്‍റെ അംഗീകാരത്തിനു വേണ്ടി കാത്തുനില്‍ക്കാതെതന്നെ ലോക നേതാക്കള്‍ ബൈഡനെ അഭിനന്ദിക്കാന്‍ തുടങ്ങുകയും ചെയ്തു. റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനായ മുന്‍ യുഎസ് പ്രസിഡന്‍റ്  ജോര്‍ജ് ഡബ്ളിയു. ബുഷും ഇവരില്‍ ഉള്‍പ്പെടുന്നു. 

US-VOTE-TRUMP-politics
Donald Trump. Photo Creadit : Brendan Smialowski / AFP

ഇനിയും നാലു വര്‍ഷംകൂടി പ്രസിഡന്‍റായി തുടരാന്‍ ട്രംപിന് അവസരം നിഷേധിക്കപ്പെട്ടതിലൂടെയും ദൈവം അമേരിക്കയുടെ രക്ഷയ്ക്കെത്തിയതാണെന്നു കരുതുന്നവരുണ്ട്. ആ വിധത്തിലായിരുന്നു 2016ല്‍ അപ്രതീക്ഷിതമായി ആദ്യമായി പ്രസിഡന്‍റായി  തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ക്കുളള അദ്ദേഹത്തിന്‍റെ ഭരണം. വിവാദങ്ങളുടെ ഘോഷയാത്രകള്‍ അകമ്പടി സേവിക്കുകയും ജനങ്ങള്‍ക്കിടയില്‍ അനൈക്യം വളര്‍ത്തുകയും ചെയ്ത അത്തരമൊരു ഭരണം അമേരിക്കയുടെ സമീപകാല ചരിത്രത്തിലില്ല.

തിരഞ്ഞെടുപ്പിനുശേഷം വോട്ടെണ്ണലിന്‍റെ പേരില്‍ ട്രംപ് ഉയര്‍ത്തിയ കോലാഹലം വാസ്തവത്തില്‍ അതിന്‍റെയെല്ലാം തുടര്‍ച്ചമാത്രമായി കാണുന്നവരുണ്ട്. ജയിച്ചതു താനാണെന്നും ഡമേക്രാറ്റിക് പാര്‍ട്ടിക്കാര്‍ കള്ളവോട്ടുകളിലൂടെ തന്‍റെ വിജയം മോഷ്ടിച്ചുവെന്നുമാണ് അദ്ദേഹത്തിന്‍റെ വാദം. 

അതിനുള്ള തെളിവുകളൊന്നും പക്ഷേ അദ്ദേഹത്തിനു ഹാജരാക്കാന്‍ കഴിഞ്ഞില്ല. കൂടുതല്‍ നാണക്കേടിന് അവസരം നല്‍കാതെ തോല്‍വി സമ്മതിച്ച് പിന്തിരിയുന്നതാണ് നല്ലതെന്നു ഭാര്യ മെലാനിയയും ഉപദേഷ്ടാക്കളായ മകള്‍ ഇവാന്‍ക, ഭര്‍ത്താവ് ജാറിദ് കുഷ്നര്‍ എന്നിവരും ട്രംപിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വഴങ്ങാതിരിക്കാനും നിയമയുദ്ധവുമായി മുന്നോട്ടു പോകാനും ആവശ്യപ്പെടുകയാണത്രേ ട്രംപിന്‍റെ മുതിര്‍ന്ന പുത്രന്മാരായ ഡോണള്‍ഡ് ജൂനിയറും എറിക്കും.   

TOPSHOT-KOSOVO-US-VOTE-BIDEN
Shkumbin Gashi the owner of a lounge bar hangs a poster showing US democrat candidate for the US presidency Joe Biden and reading Congratulations Mr.President at a lounge bar in the town of Rahovec on November 6, 2020. Photo Credit : Armend Nimani / AFP Photo

ട്രംപിന്‍റേതില്‍നിന്നു തികച്ചും വ്യതിരിക്തമായ ഭരണം വാഗ്ദാനം ചെയ്തുകൊണ്ടാണ് ബൈഡന്‍ വൈറ്റ്ഹൗസില്‍ എത്തുന്നത്. മുന്‍പ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ കീഴില്‍ എട്ടു വര്‍ഷം വൈസ് പ്രസിഡന്‍റായിരുന്ന അദ്ദേഹം വ്യക്തിപരമായും ട്രംപില്‍നിന്ന് ഏറെ വ്യത്യസ്തനാണ്. 

ഒബാമയുടെ ഭരണത്തില്‍ ഉണ്ടായിരുന്ന അമേരിക്കയുടെ തിരിച്ചുവരവായിരിക്കും അടുത്ത വര്‍ഷം ജനുവരി 20നു ബൈഡന്‍ സ്ഥാനം ഏല്‍പ്പിക്കുന്നതോടെ സംഭവിക്കുകയെന്നും കരുതപ്പെടുന്നു. യോഗ്യനല്ലാത്ത ഒരാളുടെ പിടിയില്‍നിന്നു രാജ്യത്തിന്‍റെ ആത്മാവിനെ വീണ്ടെടുക്കലായി പോലും ഇതിനെ കാണുന്നവരുമുണ്ട്.

നാലു വര്‍ഷംമുന്‍പ് വൈറ്റ്ഹൗസില്‍ എത്തിയപ്പോള്‍ ട്രംപ് തുടങ്ങിവച്ചതു ഒബാമ നടപ്പാക്കിയതും നടപ്പാക്കാന്‍ ശ്രമിച്ചതുമായ നയപരിപാടികളുടെ തിരസ്ക്കാരമായിരുന്നു. വെള്ളക്കാരനല്ലാത്ത ആദ്യത്തെ യുഎസ് പ്രസിഡന്‍റായ ഒബാമയെ ട്രംപ് അംഗീകരിക്കുകപോലും ചെയ്തിരുന്നില്ലെന്നതാണ് വാസ്തവം. തന്‍റെ മുന്‍ഗാമിയെ ഇകഴ്ത്തിക്കാണിക്കുന്നതില്‍ അദ്ദേഹം ആനന്ദം കൊള്ളുകയാണെന്നു പോലും പലരും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. 

2016ല്‍ തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ്തന്നെ ഒബാമയുടെ പല തീരുമാനങ്ങളെയും ട്രംപ് ചോദ്യം ചെയ്യുകയുണ്ടായി. പ്രസിഡന്‍റായ ശേഷം അതെല്ലാം ഒന്നൊന്നായി മാറ്റിമറിക്കാനും തുടങ്ങി. അവയ്ക്കു പകരമായുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. 

അതിനൊരു കാരണം, രാഷ്ട്രീയവും ഭരണപരവുമായ കാര്യങ്ങളില്‍ ട്രംപിനുള്ള പരിചയക്കുറവായിരുന്നു. അതു തന്‍റെയൊരു യോഗ്യതയായി കരുതി അദ്ദേഹം അഭിമാനിക്കുകയും ചെയ്തു. ബിസിനസിലും ടിവി റിയാലിറ്റി ഷോയിലുമുള്ള പ്രശസ്തിയുടെ പിന്‍ബലവുമായിട്ടാണ്  അദ്ദേഹം റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ നേതൃനിരയില്‍ എത്തിയത്. അങ്ങനെ അവരുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായി. 

APTOPIX Election 2020 Biden
Joe Biden. Photo Credit : Andrew Harnik / AP Photo

എതിരാളിയായിരുന്ന ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്‌ളിന്‍റനേക്കാള്‍ ജനകീയ വോട്ടുകളുടെ കാര്യത്തില്‍ ഏറെ പിന്നിലായിരുന്നിട്ടും ഇലക്ടറല്‍ വോട്ടുകള്‍ കൂടുതല്‍ നേടി ട്രംപ് പ്രസിഡന്‍റായി. ഒടുവില്‍, ഒറ്റത്തവണ മാത്രം അധികാരത്തില്‍ ഇരിക്കാന്‍വിധിക്കപ്പെട്ട ചുരുക്കം ചില യുഎസ് പ്രസിഡന്‍റുമാരില്‍ ഒരാളായി പുറത്തുപോകേണ്ട നാണക്കേടിലുമായി. 

തികച്ചും വ്യത്യസ്തമായ പ്രതിഛായയുമായിട്ടാണ് ജോസഫ് റോബിനറ്റ് ജൂണിയര്‍ ബൈഡന്‍ എന്ന ജോ ബൈഡന്‍ 33 കോടിയോളം വരുന്ന അമേരിക്കക്കാരുടെ മുന്നില്‍ നില്‍ക്കുന്നത്. വൈസ് പ്രസിഡന്‍റാകുന്നതിനുമുന്‍പ് തുടര്‍ച്ചയായി ആറു തവണ (37 വര്‍ഷം) യുഎസ് സെനറ്റിലെ അംഗമായിരുന്നു അദ്ദേഹം. അതിനു മുന്‍പ് കുറച്ചു കാലം അഭിഭാഷകനായിരുന്നു. 

1972 ല്‍ ആദ്യമായി സെനറ്റില്‍ എത്തിയത് യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സൈനറ്റര്‍മാരില്‍ ഒരാള്‍ എന്ന ഖ്യാതിയോടെയാണ്. 2008ലും 2012ലും ഒബാമ തന്‍റെ കീഴില്‍ വൈസ് പ്രസിഡന്‍റായിരിക്കാന്‍ ബൈഡനെ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്‍റെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലായി. ആ എട്ടു വര്‍ഷം സെനറ്റിന്‍റെ അധ്യക്ഷനുമായിരുന്നു അദ്ദേഹം. 

ഒബാമയുടെ സുപ്രധാനമായ പല തീരുമാനങ്ങളുടെയും പിന്നില്‍ ബൈഡന്‍റെ കാര്യശേഷിയും പക്വമായ ഉപദേശ നിര്‍ദേശങ്ങളും പ്രതിഫലിക്കുകയും ചെയ്തു. ഉദ്യോഗത്തില്‍നിന്നു വിരമിച്ച പ്രസിഡന്‍റ്ുമാര്‍ പിന്‍ഗാമികളെ എതിര്‍ക്കാറില്ലെന്ന പതിവു ലംഘിച്ചുകൊണ്ട് ബൈഡനെ ജയിപ്പിക്കാന്‍ ഒബാമ വീറോടെ മുന്നോട്ടുവന്നതിന് ഒരു കാരണവും അതായിരുന്നു. 

ബൈഡന്‍റെ ഏറ്റവും വലിയ ഒരു സവിശേഷത അമേരിക്കയ്ക്ക് അകത്തു മാത്രമല്ല, പുറത്തുമുള്ളമുവര്‍ക്കു മനസ്സിലായത് ഈ തിരഞ്ഞെടുപ്പ് വേളയിലാണ്. വാക്കുകളിലും പെരുമാറ്റത്തിലും അമേരിക്കയുടെ പ്രസിഡന്‍റില്‍നിന്നു പ്രതീക്ഷിക്കപ്പെടുന്ന മാന്യതയും അന്തസ്സും പുലര്‍ത്തുന്നതില്‍ അദ്ദേഹം നിഷ്ക്കര്‍ഷത പാലിച്ചു. 

മുന്‍ സ്റ്റേറ്റ് സെക്രട്ടറികൂടിയായിരുന്ന ഹിലരി ക്ളിന്‍റനെ കുതന്ത്രക്കാരി എന്നു വിശേഷിപ്പിച്ചുകൊണ്ടിരുന്ന ട്രംപ് ബൈഡനെ ഉറക്കം തൂങ്ങിയെന്നു വിളിച്ചു കളിയാക്കിയിരുന്നു. ബൈഡന്‍ ഒരു തുക്കട സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹത്തോടു തോല്‍ക്കുന്നതു തനിക്കു നാണക്കേടാണെന്നും തോറ്റാല്‍ താന്‍ നാടുവിടുമെന്നുംവരെ ട്രംപ് പറയുകയുണ്ടായി. അതെല്ലാം ബൈഡന്‍ അവഗണിക്കുകയാണ് ചെയ്തത്. അതേവിധത്തില്‍ പ്രതികരിച്ചുകൊണ്ട് ഒരു വായാടിയോ വഴക്കാളിയോ ആയി അറിയപ്പെടാന്‍ അദ്ദേഹം തയാറായില്ല.

തിരഞ്ഞെടുപ്പ് വിജയം ഉറപ്പായതോടെ ജനങ്ങളെ പൊതുവില്‍ അഭിസംബോധന ചെയ്തുകൊണ്ട് ബൈഡന്‍ നടത്തിയ പ്രസ്താവനകളും ട്രംപില്‍നിന്നു തികച്ചും വ്യത്യസ്തനായ ഒരു രാഷ്ട്രത്തലവനായിരിക്കും അദ്ദേഹമെന്ന വസ്തുയ്ക്ക് അടിവരയിടുന്നു. താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റാണെന്നും തന്‍റെ പ്രഥമ കര്‍ത്തവ്യം ജനങ്ങള്‍ക്കിടയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ആഴത്തില്‍ വേരൂന്നിയ അനൈക്യം അവസാനിപ്പിക്കലാണെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. 

USA-ELECTION/BIDEN
Joe Biden. Photo Credit : Kevin Lamarque / Reuters

ഇത്തരമൊരു പ്രസിഡന്‍റിനെയാണ് ഇപ്പോള്‍ അമേരിക്കയ്ക്ക് ആവശ്യം. ഇതിനകം രണ്ടര ലക്ഷത്തോളം നാട്ടുകാരെ  കൊന്നൊടുക്കിയ ശേഷവും നിര്‍ബാധം തുടരുന്ന കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ശാസ്ത്രത്തില്‍ അധിഷ്ടിതമായ യാഥാര്‍ഥ്യ ബോധം വൈറ്റ്ഹൗസില്‍ എത്തുന്നതു കാണാനും അമേരിക്ക കാത്തിരിക്കുന്നു. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom Column by K. Obeidulla - US Presidential Election 2020 Results

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.