പത്രപ്പേരുകൾ

HIGHLIGHTS
  • പത്രങ്ങൾക്കു പേരുകൾ വന്ന വഴി
Kadhakkoottu1200-Oct24
ഡോ. എൻ.എ. കരീം. വൈക്കം ചന്ദ്രശേഖരൻ നായർ, കെ.എം. പണിക്കർ
SHARE

മിക്ക പത്രങ്ങൾക്കും പക്ഷപാതം ഉണ്ടെങ്കിലും ഞങ്ങൾ പക്ഷപാതികളാണ് എന്നു നെറ്റിയിൽ ഒട്ടിച്ചുവച്ച ഒരു പത്രമാസികയേ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ: ആർഎസ്പിയുടെ മുഖമാസികയുടെ പേര് ‘പക്ഷപാതം’ എന്നായിരുന്നു. തൊഴിലാളിയുടെ പക്ഷം.

മിക്ക പത്രങ്ങളും പേരുകൊണ്ടുതന്നെ നിലപാടു വ്യക്തമാക്കാൻ ശ്രമിക്കുന്നവരാണ്. പേരുകൊണ്ടു മാത്രം സംഗതി ശരിയായില്ലെങ്കിൽ ശീർഷകത്തിനു താഴെ ഒരു വരികൂടി ചേർക്കും.

അമേരിക്കയിൽനിന്നു തിരിച്ചെത്തി 1960കളിൽ കോട്ടയത്ത് ‘കേരളദ്ധ്വനി’ പത്രം തുടങ്ങിയ ഡോ. ജോർജ് തോമസ് ശീർഷകത്തിനു താഴെ ഇംഗ്ലിഷിൽ ഒരു വരികൂടി ചേർത്തു: All the news that's fit to print (അച്ചടിക്കാൻ യോഗ്യമായ എല്ലാ വാർത്തകളും).

അതിനുമുൻപ് ഒരു പത്രമേ അങ്ങനെയൊരു അവകാശവാദം നടത്തിയിരുന്നുള്ളൂ: അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ്!

രാംനാഥ് ഗോയങ്കയുടെ കാലത്ത് ‘ഇന്ത്യൻ എക്സ്പ്രസി’ന്റെ ഉപശീർഷകം; ‘Because The truth concerns us all’ (സത്യം നമ്മെയെല്ലാം ബാധിക്കുന്നതിനാൽ). ഇപ്പോൾ ആ സ്ഥാനത്തുള്ളത് ‘Journalism of Courage’ എന്നാണ് (ധീരതയോടെയുള്ള പത്രപ്രവർത്തനം).

ബോംബെയിലെ ബ്ലിറ്റ്സ് സ്വയം അവകാശപ്പെട്ടിരുന്നത് ‘Free, Frank and Fearless’ എന്നാണ് (സ്വതന്ത്രം, സുതാര്യം, നിർഭയം)

ഉപശീർഷകം കൊടുത്തു വെട്ടിലായത് കേരള സർവകലാശാല പ്രോ വൈസ്ചാൻസലറായ ഡോ.എൻ.എ. കരീം ആണ്. അദ്ദേഹം തന്റെ ‘നവയുഗം’ ദ്വൈവാരികയ്ക്കു നൽകിയ ഉപശീർഷകം ‘പ്രതിപക്ഷ പ്രസിദ്ധീകരണം’ എന്നാണ്. ഓരോ പക്ഷവും പുറത്തിറങ്ങുന്നത് എന്നേ അദ്ദേഹം ഉദ്ദേശിച്ചുള്ളൂവെങ്കിലും പക്ഷംപിടിക്കാത്ത പ്രസിദ്ധീകരണം മതി എന്നുപറഞ്ഞു വരിക്കാരാകാൻ സുഹൃത്തുക്കൾപോലും മടിച്ചതിനെപ്പറ്റി കരീം എഴുതിയിട്ടുണ്ട്.

ഇന്ന് ഏതെങ്കിലും ഒരു പത്രത്തിന്റെ പേരു റജിസ്റ്റർ ചെയ്യാൻ നമ്മൾ ചെന്നാൽ ആർഎൻഐ (റജിസ്ട്രാർ ഓഫ് ന്യൂസ്പേപ്പേഴ്സ്) ആ പേരിൽ ഇന്നൊരു പ്രസിദ്ധീകരണമുണ്ടെങ്കിൽ ആ പേരു നമുക്കു തരില്ല. ഇപ്പോഴില്ലാത്ത ഒരു പത്രം പണ്ട് ഇതേ പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ ആ പേരിന്റെ അവകാശികളുടെ സമ്മതപത്രം കൊണ്ടുവരണം. പണ്ട് ഈ പ്രശ്നമില്ലായിരുന്നു. അതുകൊണ്ടാണ്, മലയാള മനോരമ ആരംഭിച്ചു വർഷങ്ങൾ കഴിഞ്ഞ് കോഴിക്കോട്ട് മനോരമ എന്ന പേരിലൊരു പത്രം തുടങ്ങാൻ പുളിയാമ്പറ്റ കൃഷ്ണമേനോന് അനുമതി കിട്ടിയത്.

സിപിഐയുടെ മുഖപത്രമായ ‘നവജീവൻ’ പത്രം തൃശൂരിലും കോഴിക്കോട്ടും അച്ചടിക്കുന്നതിനു മുൻപു പല നവജീവനുകളുണ്ടായി. സി.വി.കുഞ്ഞുരാമന്റെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തുനിന്നിറങ്ങിയ (1934–1942) നവജീവനായിരുന്നു ആദ്യത്തേത്.

സ്വാതന്ത്ര്യസമര കാലത്തു കണ്ണൂരിൽനിന്നു മഹാകവി പി. കുഞ്ഞിരാമൻ നായർ പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേരും നവജീവൻ എന്നു തന്നെയായിരുന്നു. അന്നത്തെ ബ്രിട്ടിഷ് ഭരണാധികാരികൾക്കെതിരെ കടുത്ത ഭാഷയിലുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന് അവർ ആ പത്രം പൂട്ടിച്ചു.

ഡൽഹിയിൽ സിപിഐ ആശയപ്രചാരം നടത്തിയിരുന്ന New Age ൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് കേരളത്തിൽ സിപിഐ ‘നവയുഗം’ തുടങ്ങുന്നതിനൊക്കെ മുൻപേ ഇവിടെ ഒന്നിലേറെ നവയുഗങ്ങൾ ഉണ്ടായിരുന്നു. സാഹിത്യരചനകൾ പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ അവ അഭിമാനാവഹമായ റെക്കോർഡ് ഇടുകയും ചെയ്തു. കണ്ണൂരിലുണ്ടായിരുന്ന ‘നവയുഗ’ത്തിലാണ് ടി. പത്മനാഭന്റെ ആദ്യകഥ പ്രസിദ്ധീകരിക്കപ്പെട്ടത്. കവയിത്രി കടത്തനാട്ട് മാധവിയമ്മയുടെ ഭർത്താവ് എ.കെ. കൃഷ്ണൻ നമ്പ്യാരായിരുന്നു പത്രാധിപർ. ഡോ.എൻ.എ.കരീം 1948ൽ കൊച്ചിയിൽ ആരംഭിച്ച ‘നവയുഗ’ത്തിനു വേണ്ടിയാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ ‘ചോര തുടിക്കും ചെറുകൈയുകളേ പേറുക വന്നീ പന്തങ്ങൾ’ എന്ന പ്രസിദ്ധമായ കവിത എഴുതിയത്. 

‘വിദ്യാവിലാസിനി’ എന്ന പേരിൽ നാലു പ്രസിദ്ധീകരണങ്ങളെങ്കിലും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്: 1881ൽ തിരുവനന്തപുരത്ത് ആരംഭിച്ചത്, 1897ൽ വിളയത്തു കൃഷ്ണനാശാന്റെ പത്രാധിപത്യത്തിൽ കൊല്ലത്ത് ആരംഭിച്ചത്, 1899 ൽ ഇ.വി. രാമൻ ഉണ്ണിത്താൻ പ്രിന്ററും പബ്ലിഷറുമായി കൊട്ടാരക്കരയ്ക്കടുത്ത് വെളിയത്ത് ആരംഭിച്ചത്, കരുവാ കൃഷ്ണനാശാന്റെ ഉടമസ്ഥതയിൽ കൊല്ലം പ്രാക്കുളത്തുനിന്ന് ആരംഭിച്ചത്.

മുസ്‍ലിംലീഗിന്റെ മുഖപത്രമായി ‘ചന്ദ്രിക’ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടും സ്ഥാപിക്കുന്നതിനു ദശകങ്ങൾക്കുമുൻപ് 1899ൽ കെ. ഗോവിന്ദഭട്ടരുടെ ഉടമസ്ഥതയിലും പി.രാമൻതമ്പി, പി.കേശവൻപിള്ള എന്നിവരുടെ പത്രാധിപത്യത്തിലും കൊല്ലത്തു മറ്റൊരു ചന്ദ്രിക ആരംഭിച്ച് മൂന്നു വർഷം പ്രവർത്തിച്ചിരുന്നു.

പുതിയ നിയമം വന്നപ്പോൾ ആഗ്രഹിച്ച പേരു കിട്ടാഞ്ഞ് അതുകൂടി ചേർത്ത് പുതിയ പേരുണ്ടാക്കിയ രണ്ടു മലയാളികളെ ഓർമയിൽ വരുന്നു.

ചെമ്മീൻ കയറ്റുമതി വ്യവസായി സി. ചെറിയാന്റെ ഉടമസ്ഥതയിൽ വൈക്കം ചന്ദ്രശേഖരൻ നായർ പത്രാധിപരായി തുടങ്ങാനിരുന്ന വാരികയുടെ പേര് ‘കാർത്തിക’ എന്നാണ്. ആ പേരിൽ വേറൊരു പ്രസിദ്ധീകരണമുണ്ടെന്നു ന്യൂസ്പേപ്പർ റജിസ്ട്രാർ പറഞ്ഞപ്പോൾ വൈക്കം പേരു തിരുത്തി ആദ്യത്തേതിനെക്കാൾ മനോഹരമായ ‘ചിത്രകാർത്തിക’ എന്നാക്കി.

സർദാർ കെ.എം. പണിക്കർ പത്രാധിപരായി അകാലികൾ ഡൽഹിയിൽ ആരംഭിക്കുന്ന ദിനപത്രത്തിനു കണ്ടുവച്ച പേർ ‘ടൈംസ്’ എന്നാണ്. റജിസ്ട്രാർ അത് അനുവദിക്കാതിരുന്നപ്പോൾ ‘ഹിന്ദുസ്ഥാൻ’ എന്ന പേരു നൽകി. അതും തള്ളപ്പെട്ടപ്പോൾ അവ രണ്ടുംകൂടി ചേർത്ത് ‘ഹിന്ദുസ്ഥാൻ ടൈംസ്’ എന്ന പേരു മുന്നോട്ടുവച്ചതു കണ്ട് ആളൊരു സർദാർതന്നെയാണെന്നു ബോധ്യപ്പെട്ട റജിസ്ട്രാർ ആയുധം വലിച്ചെറിഞ്ഞു കീഴടങ്ങി.

English Summary : ‘Kadhakoottu’ Column written by Thomas Jacob, How the newspapers got its names

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.