ADVERTISEMENT

ആഹാ, വായിൽ അലിഞ്ഞിറങ്ങുന്ന മധുര ചോക്ലേറ്റ്, കയ്പൻ ഡാർക് ചോക്ലേറ്റ്, അണ്ടിപ്പരിപ്പിന്റെയും ബദാമിന്റെയും ഹേസൽ നട്സിന്റെയും കൂടെച്ചേർന്ന കറുമുറു ചോക്ലേറ്റ്– രുചി നിറച്ച് ഉരുണ്ടും നീണ്ടും പരന്നുമിങ്ങനെ കിടക്കുന്ന ചോക്ലേറ്റിന്റെ കുറച്ചു ഒാർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. മധുരം ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. കുട്ടികൾ മാത്രമല്ല, മുതിർന്നവരും ചോക്ലേറ്റിന്റെ ആരാധകരാണ്. എല്ലാ ചോക്ലേറ്റ് പ്രേമികൾക്കും ആഘോഷിക്കാൻ ഒരു ദിവസമുണ്ട് ജൂലൈ 7. ലോക ചോക്ലേറ്റ് ദിനമായി ആഘോഷിക്കുന്നു. കൂടാതെ പ്രണയദിനമായ വാലൻ്റൈൻസ് ആഴ്ചയില്‍ മൂന്നാം ദിനമായ ഫെബ്രുവരി 9 ന് ചോക്ലേറ്റ് ദിനമായും ആഘോഷിക്കുന്നുണ്ട്. സമ്മാനിക്കാം ഹൃദയം നിറഞ്ഞ മധുരം. ഈ ചോക്ലേറ്റ് ദിനത്തിൽ തയാറാക്കാം സ്പെഷൽ വിഭവം. വളരെ എളുപ്പത്തിൽ ചോക്ലേറ്റ് മഡ് കേക്കും ഫ്രോസ്റ്റിങ്ങും തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ആവശ്യമായ ചേരുവകൾ

ഡാർക്ക് ചോക്ലേറ്റ് - 100 ഗ്രാം
പാൽ - 1 കപ്പ്
കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ
പഞ്ചസാര - 1 കപ്പ്
മുട്ട - 2 എണ്ണം
വാനില എസ്സൻസ് - 1 ടീസ്പൂൺ
ഓയിൽ - ¼ കപ്പ്
മൈദ - 1 കപ്പ്
ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
ഉപ്പ് - ¼ ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു സോസ് പാനിൽ പാലും ചോക്ലേറ്റ് കഷ്ണങ്ങളും ഇട്ട് കുറഞ്ഞ തീയിൽ ചോക്ലേറ്റ് ഉരുക്കി എടുക്കുക. ഇനി കൊക്കോ പൗഡർ, പഞ്ചസാര എന്നിവ ചേർത്തു കുറഞ്ഞ തീയിൽ തന്നെ എല്ലാംകൂടി യോജിപ്പിച്ചെടുക്കുക. ശേഷം ചൂടിൽ നിന്ന് ഇറക്കി മറ്റൊരു ബൗളിലേക്ക് ഒഴിച്ച് ചെറുതായി ചൂടാറാൻ വയ്ക്കാം. മുട്ട ചെറുതായൊന്നു അടിച്ചശേഷം ഇതിലേക്ക് ഒഴിച്ചു കൊടുത്ത് എസ്സൻസും ഓയിലും കൂടി ചേർത്ത് ഇളക്കി എടുക്കാം. അതിനുശേഷം മൈദ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ഒരു അരിപ്പയിലൂടെ അരിച്ചു ചേർത്തു യോജിപ്പിച്ചെടുക്കുക.

ഓയിൽ തടവി ബട്ടർ പേപ്പർ ഇട്ടുവച്ച 7 ഇഞ്ചിന്റെ കേക്ക് ടിന്നിലേക്ക് ഈ ബാറ്റർ ഒഴിച്ചു കൊടുത്തു, 160 ഡിഗ്രി ചൂടിൽ 50 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം. ബേക്ക് ചെയ്ത ശേഷം ഉടനെ തന്നെ കേക്ക്, ടിന്നിൽ നിന്ന് പുറത്തേക്കെടുത്തു ബട്ടർ പേപ്പർ എല്ലാ എടുത്തുമാറ്റി ചൂടാറാൻ വയ്ക്കാം. അതിനുശേഷം മുകളിൽ ഫ്രോസ്റ്റിങ് ഒഴിച്ച് 10 മിനിറ്റു ഫ്രിജിൽ വച്ചു തണുപ്പിച്ച് എടുക്കാം.

ഫ്രോസ്റ്റിങ്ങിന്

ഡാർക്ക് ചോക്ലേറ്റ് - 100 ഗ്രാം
പാൽ - ½ കപ്പ്
കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ
പൊടിച്ച പഞ്ചസാര - 1 കപ്പ്
വാനില എസൻസ് - ½ ടീസ്പൂൺ
ബട്ടർ - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാംകൂടി കുറഞ്ഞ തീയിൽ യോജിപ്പിച്ച് എടുത്തു, ചൂടാറിയശേഷം ഫ്രിജിൽ വച്ച് ഒരു മണിക്കൂർ തണുപ്പിച്ച് എടുക്കാം.

English Summary:

Chocolate Mud Cake Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com