ADVERTISEMENT

ഭൂചലനം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ്, കാട്ടുതീ, വരൾച്ച....2023ൽ ലോകത്ത് കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും ഉണ്ടാക്കിയ പ്രതിസന്ധികൾ ചില്ലറയല്ല. എൽ നിനോ വർഷം കൂടിയായതിനാൽ മഴയുടെ അളവ് കുറഞ്ഞത് പലപ്രദേശങ്ങളെയും കനത്ത ചൂടിലേക്ക് തള്ളപ്പെട്ടു. പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ ലക്ഷങ്ങളുടെ ജീവനാണ് പൊലിഞ്ഞത്. ദുരന്തകഥകൾക്കു പുറമെ പരിസ്ഥിതി, ജന്തുലോകത്തിന് ആശ്വാസവും സന്തോഷവും നൽകുന്ന ചില കൗതുകവാർത്തകളും കണ്ടുപിടിത്തങ്ങളും 2023 സാക്ഷ്യം വഹിച്ചിട്ടുണ്ട്. പുതിയ ഇനം ജീവികൾ, പ്രകൃതിസംരക്ഷണ മാർഗങ്ങൾ തുടങ്ങിയവയെല്ലാം പ്രതീക്ഷകൾ നൽകുന്നവയാണ്. അറിയാം, മനോരമ ഓൺലൈൻ പരിസ്ഥിതി വിഭാഗത്തിൽ ശ്രദ്ധിക്കപ്പെട്ട 10 വാർത്തകൾ...

1. സമീപത്ത് ജ്വലിക്കുന്ന ആഴി, സന്നിധാനത്തെ ആൽമരം പച്ചപ്പിൽതന്നെ: കൊടുംചൂടിലും ഇതെങ്ങനെ?

ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിക്കു മുന്നിലെ ആൽമരം. ചിത്രം: നിഖിൽ രാജ് ∙ മനോരമ
ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിക്കു മുന്നിലെ ആൽമരം. ചിത്രം: നിഖിൽ രാജ് ∙ മനോരമ

ശബരിമല സന്നിധാനത്ത് ആഴിയോടു ചേർന്നു നിൽക്കുന്ന വർഷങ്ങൾ പഴക്കമുള്ള ആൽമരം ഭക്തർക്കു കൗതുകമാണ്. ആഴിയിൽ നാളികേരങ്ങൾ കത്തിയമരുന്നതിന്റെ കനത്ത ചൂട് വർഷങ്ങളായി ഏറ്റുവാങ്ങിയിട്ടും മരത്തിനു കേടുപാടുകൾ സംഭവിക്കുന്നില്ല. പുതിയ ഇലകൾ തളിർത്തുകൊണ്ടേയിരിക്കുന്നു. എന്താണ് ഇതിന്റെ കാരണം? 

പൂർണരൂപം വായിക്കാം...

2.  കാഴ്ചശക്തിയില്ല, സ്കൂബിയുടെ ‘കരംപിടിച്ച്’ ചെന്നിത്തലയുടെ കുടുംബം

രമേശ് ചെന്നിത്തല, മൂത്തമകൻ രോഹിത്തിന്റെ കുഞ്ഞ് രോഹൻ, ഭാര്യ അനിത, ഇളയമകൻ രമിത് എന്നിവർ സ്കൂബിക്കൊപ്പം.
രമേശ് ചെന്നിത്തല, മൂത്തമകൻ രോഹിത്തിന്റെ കുഞ്ഞ് രോഹൻ, ഭാര്യ അനിത, ഇളയമകൻ രമിത് എന്നിവർ സ്കൂബിക്കൊപ്പം.

ആറു വർഷം മുൻപ്, 2017ൽ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടിൽ ഒരു അതിഥിയെത്തി. ഇളയമകന്‍ രമിത്താണ് സ്കൂബി എന്ന ആ നായ്ക്കുട്ടിയെ വീട്ടിലെത്തിച്ചത്. കുറച്ചു നാൾ പിന്നിട്ടപ്പോൾ ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടു. നീട്ടി വിളിച്ചാല്‍ ഓടിയെത്തുന്ന സ്‌കൂബി ചെന്നിത്തലയുടെ ഭാര്യ അനിതയുടെ കാലില്‍ ഇടിച്ചാണ് നില്‍ക്കുന്നത്! മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് ആ സത്യം മനസ്സിലായത്. 

സ്കൂബിയുടെ കഥ ‘മനോരമ ഓൺലൈനോട്’ പങ്കുവച്ച് രമേശ് ചെന്നിത്തലയും ഭാര്യ അനിതയും. വായിക്കാം...

3. മസ്തിഷ്‌കം വീര്‍ക്കും, ഹൃദയമിടിപ്പ് മിനിറ്റിൽ 140 തവണ; എവറസ്റ്റിൽ മനുഷ്യ ശരീരത്തിന് സംഭവിക്കുന്നതെന്ത്? 

Image Credit: Vixit/ Shutterstock
Image Credit: Vixit/ Shutterstock

ഉയരം കൂടും തോറും നിമിഷങ്ങള്‍ക്ക് ജീവന്റെ വിലയുണ്ടാവും. എവറസ്റ്റിന് മുകളിലെത്തിയാല്‍ മനുഷ്യ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളേറെയാണ്. സമുദ്ര നിരപ്പിലെ അന്തരീക്ഷത്തിലാണ് 21 ശതമാനം ഓക്‌സിജനുള്ളത്. മുകളിലേക്ക് പോകും തോറും ഓക്‌സിജന്റെ അളവില്‍ കുറവുണ്ടാവും. 12,000 അടി ഉയരത്തിലൊക്കെ എത്തിയാല്‍ സമുദ്ര നിരപ്പില്‍ ലഭിക്കുന്നതിന്റെ നാലിലൊന്ന് ഓക്‌സിജന്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഇത് നമ്മുടെ മസ്തിഷ്‌കത്തിന്റേയും മറ്റ് അവയവങ്ങളുടേയും പ്രവര്‍ത്തനത്തെ ബാധിക്കും. 2007ല്‍ ജെറെമി വിന്‍ഡ്‌സര്‍ എന്ന ഡോക്ടര്‍ എവറസ്റ്റിന് മുകളില്‍ വെച്ച് നാല് മലകയറ്റക്കാരുടെ രക്തം ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് സമുദ്ര നിരപ്പില്‍ ലഭിക്കുന്നതിന്റെ നാലിലൊന്ന് ഓക്‌സിജന്‍ മാത്രമേ എവറസ്റ്റിന് മുകളില്‍ ലഭിക്കുന്നുള്ളൂവെന്ന് തെളിഞ്ഞത്. മരണം മുന്നിലെത്തിയ രോഗികളുടെ അവസ്ഥയ്ക്ക് തുല്യമാണിത്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

4. ഇന്ത്യയിൽ കണ്ടെത്തിയത് പുതിയ പീഠഭൂമി; വേനലിലും തളരാത്ത ജൈവവൈവിധ്യം

Image Credit: Twitter/ SoniaCAdhana
Image Credit: Twitter/ SoniaCAdhana

ഇന്ത്യയിൽ പുതിയ പീഠഭൂമി കണ്ടെത്തി പുണെയിലെ അഗാർക്കർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ. ബസാൾട്ട് പ്ലാച്യു എന്ന തരത്തിലുള്ള പീഠഭൂമിയാണ് ഇത്. കാലാവസ്ഥാ വ്യതിയാനത്തെ സസ്യവർഗങ്ങൾ എങ്ങനെ മറികടക്കുന്നെന്നുള്ളതിന് മികച്ച ഉദാഹരണം നൽകുന്നതാണ് ഈ പീഠഭൂമിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള മഞ്ജരെ എന്ന ഗ്രാമത്തിലാണ് പീഠഭൂമി കണ്ടെത്തിയത്. പശ്ചിമഘട്ട പ്രദേശങ്ങളിൽപെട്ട ഈ മേഖലയിൽ പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു പീഠഭൂമി ഉണ്ടെന്നുള്ളത് അവർക്ക് അറിയാത്ത കാര്യമായിരുന്നു.

പൂർണരൂപം വായിക്കാം...

5. പ്രളയത്തിനു പിന്നാലെ മറ്റൊരു ദുരിതം കൂടി; കരകയറുമോ ലിബിയ?

കിഴക്കൻ ലിബിയയിലെ ഡെർണയിലുണ്ടായ വെള്ളപ്പൊക്കം∙  (Photo by AFP)
കിഴക്കൻ ലിബിയയിലെ ഡെർണയിലുണ്ടായ വെള്ളപ്പൊക്കം∙ (Photo by AFP)

ഡാനിയൽ കൊടുങ്കാറ്റിന്റെ സംഹാരതാണ്ഡവത്തിൽ നിന്നും ഇനിയും മോചിതമാകാതെ തുടരുകയാണ് കിഴക്കൻ ലിബിയ. ദുരന്തം നാശം വിതച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് കിടപ്പാടം പോലുമില്ലാതെ വലയുന്ന ആയിരക്കണക്കിന് വരുന്ന ലിബിയൻ ജനതയ്ക്ക് ആശ്വസിക്കാൻ വകയില്ല. മലിനജലത്തിന്റെ രൂപത്തിൽ വീണ്ടും ഇവർക്ക് മുന്നിൽ ഭീഷണി ഉയർത്തുകയാണ്.പ്രളയം ഏറ്റവും കൂടുതലായി ബാധിച്ച ഡെർണ പോലെയുള്ള പല മേഖലകളിലും ജലജന്യ രോഗങ്ങൾ വ്യാപകമായി പടരുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജലസ്രോതസുകളിലെല്ലാം മാലിന്യം കലർന്ന പ്രളയജലം നിറഞ്ഞതാണ് ഈ അവസ്ഥയ്ക്ക് കാരണം. 

പൂർണരൂപം വായിക്കാം...

6. മലയാളികൾ കണ്ടെത്തിയ ‘പാതാള പൂന്താരക’നെ സ്റ്റാറാക്കി ഡി കാപ്രിയോ

ലിയനാഡോ ഡി കാപ്രിയോ, കുഫോസ് ഗവേഷകർ കണ്ടെത്തിയ പാതാള പൂന്താരകൻ (Photo: Instagram/leonardodicaprio)
ലിയനാഡോ ഡി കാപ്രിയോ, കുഫോസ് ഗവേഷകർ കണ്ടെത്തിയ പാതാള പൂന്താരകൻ (Photo: Instagram/leonardodicaprio)

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകർ കണ്ടെത്തിയ ‘പാതാള പൂന്താരകനെ’ ഹോളിവുഡ് നടനും ടൈറ്റാനിക് നായകനുമായ ലിയനാഡോ ഡി കാപ്രിയോ ഏറ്റെടുത്ത് ഇൻസ്റ്റഗ്രമിലൂടെ പങ്കുവച്ചു. ലോച്ച് ഇനത്തിൽ പെട്ട അപൂർവയിനം ഇത്തിരിക്കുഞ്ഞൻ പാതാള പൂന്താരകനെ ചെങ്ങന്നൂരിലെ എ. ഏബ്രഹാമിന്റെ വീട്ടിൽ നിന്നാണ് ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിനു ലഭിച്ചത്. വിമുക്ത ഭടനും പരിസ്ഥിതി പ്രവർത്തകനുമായ ഏബ്രഹാമിന്റെ കരുതലാണ് കണ്ടുപിടുത്തത്തിലേക്കു നയിച്ചത്. 2020 ഒക്ടോബർ 24 നായിരുന്നു സംഭവം. ഷവറിലെ വെള്ളത്തിലൂടെ വന്നു വീണ ഏകദേശം 3 സെന്റീ മീറ്റർ നീളമുള്ള മത്സ്യത്തെ കൊല്ലാതെ ഗവേഷകർ വരുന്നതു വരെ സൂക്ഷിച്ചു വച്ചു. 17 അടി ആഴമുള്ള കിണറ്റിൽ നിന്നാണ് ഓവർ ഹെഡ് ടാങ്കിലൂടെ മീൻ എത്തിയത്.

പൂർണരൂപം വായിക്കാം...

7. ജീവവായു വിലങ്ങി ഈ ഇന്ത്യൻ നഗരങ്ങൾ: ഓക്സിജനും കാറ്റും കുറഞ്ഞു; ഗുരുതരാവസ്ഥ!

NEW DELHI 2023 NOVEMBER 05   :   Smog near Rashtrapati Bhawan and Karthavvya Path due to heavy air pollution at Delhi   . @ JOSEKUTTY PANACKAL / MANORAMA
NEW DELHI 2023 NOVEMBER 05 : Smog near Rashtrapati Bhawan and Karthavvya Path due to heavy air pollution at Delhi . @ JOSEKUTTY PANACKAL / MANORAMA

ലോകത്ത് ഏറ്റവുമധികം ആളുകളുടെ ജീവനെടുക്കുന്നത് വായുമിലിനീകരണം എന്ന മനുഷ്യനിര്‍മിത ദുരന്തമാണ്. വര്‍ഷം തോറും ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് പൊടുന്നനെയും മെല്ലെയും കാരണമാകുന്ന വായുമലിനീകരണം ഫലപ്രദമായി നേരിടാനുള്ള മാര്‍ഗങ്ങള്‍ പോലും ഇപ്പോഴും ആരുടെയും പക്കലില്ല. അറിയാവുന്ന മാർഗങ്ങൾ നടപ്പാക്കാനുള്ള സാഹചര്യമോ ഇച്ഛാശക്തിയോ വായുമലിനീകരണം രൂക്ഷമായ നഗരങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഇല്ല.

പൂർണരൂപം വായിക്കാം...

8. ഇങ്ങനെ പോയാൽ എത്ര ഭൂമി വേണ്ടിവരും? അമേരിക്കയ്ക്ക് 5, ചൈനയ്ക്ക് 2, ഇന്ത്യയ്ക്കോ?; അറിയണം ഈ പ്രതിസന്ധി

Photo Contributor: Julia Ardaran/jittawit21
Photo Contributor: Julia Ardaran/jittawit21

‘ഈ ഭൂമിയില്‍ എല്ലാവരുടെയും ആവശ്യത്തിനുള്ളതുണ്ട്, ആരുടെയും അത്യാർത്തിക്കുള്ളതില്ല’ എന്ന് മഹാത്മജി പറഞ്ഞിട്ട് ഒരു നൂറ്റാണ്ട് തികയുന്നു. ഇങ്ങനെ പോയാല്‍ മനുഷ്യർക്കു ജീവിക്കാൻ എത്ര ഭൂമി വേണമെന്ന 2018 ലെ ആഗോളപാദമുദ്ര ശൃംഖലയുടെ ദേശീയപാദമുദ്ര കണക്കുകള്‍ അറിയുന്നത് രസകരമാണ്. ഇപ്പോള്‍ അമേരിക്ക പിന്തുടരുന്ന വികസന കാഴ്ചപ്പാടും രീതികളുമായി പോയാല്‍ 5 ഭൂമി വേണ്ടിവരും. ഓസ്ട്രേലിയ പോലെയായാല്‍ 4 ഭൂമിയും വേണം. ദക്ഷിണ കൊറിയയ്ക്ക് 3.5, റഷ്യക്ക് 3.3, ജര്‍മനിക്ക് 3, സ്വിറ്റ്സര്‍ലന്‍ഡ്, യുകെ എന്നിവര്‍ക്ക് 2.9, ഫ്രാന്‍സ് ജപ്പാന്‍ മുതലായവര്‍ക്ക് 2.8, ഇറ്റലിക്ക് 2.6, സ്പെയിനിന് 2.3, ചൈനയ്ക്ക് 2, ബ്രസീലിന് 1.8, ഇന്ത്യയ്ക്ക് 0.7 എന്നിങ്ങനെ ഭൂമി വേണ്ടിവരും. ലോകമാകെ കണക്കാക്കിയാല്‍ 1.7 ഭൂമിയും.

പൂർണരൂപം വായിക്കാം...

9. നാട് മുടിപ്പിക്കും വിദേശ സസ്യങ്ങൾ; പത്തിൽ 5 എണ്ണം കേരളത്തിൽ: വാർഷിക നഷ്ടം 35 ലക്ഷം കോടി രൂപ

കൊങ്ങിണി പൂച്ച (Photo: Twitter/@neerukam)
കൊങ്ങിണി പച്ച

നമ്മുടെ ആവാസവ്യവസ്ഥകൾക്ക് അന്യമായതും അവിടങ്ങളിൽ അതിക്രമിച്ച് കടന്ന് വൻതോതിൽ പടർന്നു പിടിച്ച് ആവാസവ്യവസ്ഥകളുടെ സ്വാഭാവിക പ്രവർത്തനത്തിനും നിലനിൽപിന് തന്നെയും ഭീഷണിയാവുന്നതുമായ വിദേശ സസ്യ–ജന്തു– സൂക്ഷ്മജീവികളെയാണ് ‘അധിനിവേശ സ്പീഷീസുകൾ’ എന്ന് വിശേഷിപ്പിക്കുന്നത്. ‘കമ്മ്യൂണിസ്റ്റ് പച്ച’ എന്ന പേരിലറിയപ്പെടുന്ന ചെടി ഉദാഹരണമാണ്.

കൂടുതൽ അറിയാം...

10. കപ്പപ്പൊടി അന്ന് കേരളത്തിന്റെ പട്ടിണിയകറ്റി; ഇന്ന് ആ കുട്ടികളുടെ അതിജീവനാഹാരം: ആമസോൺ എങ്ങനെ ‘അമ്മ’സോണായി

ആമസോൺ വനത്തിൽ നിന്നും രക്ഷപ്പെട്ട കുട്ടിയോട് കുശലം പറയുന്ന കൊളംബിയൻ വ്യോമസേന ഉദ്യോഗസ്ഥർ (Photo by Handout / Colombian Air Force / AFP), വനത്തിനുള്ളിൽ കുട്ടികൾക്കൊപ്പം രക്ഷാപ്രവർത്തകർ (Photo: Twitter/@SameerC29466786)
ആമസോൺ വനത്തിൽ നിന്നും രക്ഷപ്പെട്ട കുട്ടിയോട് കുശലം പറയുന്ന കൊളംബിയൻ വ്യോമസേന ഉദ്യോഗസ്ഥർ (Photo by Handout / Colombian Air Force / AFP), വനത്തിനുള്ളിൽ കുട്ടികൾക്കൊപ്പം രക്ഷാപ്രവർത്തകർ (Photo: Twitter/@SameerC29466786)

വിമാനം തകർന്ന് ആമസോൺ വനത്തിൽ അകപ്പെട്ട നാലു കുട്ടികളെ 40 ദിവസത്തിനുശേഷം കൊളംബിയൻ സൈന്യം രക്ഷപ്പെടുത്തിയത് വൻ വാർത്തയായിരുന്നു. ആ കാട് കുട്ടികൾക്ക് അമ്മയെപോലെ കരുതൽ ഒരുക്കുകയായിരുന്നു. ആദിമ– പ്രാക്തന ഗോത്ര വർഗത്തിൽപെട്ടവരായത് കുട്ടികൾക്ക് അനുകൂലമായി. കാടിനെക്കുറിച്ചും അവിടത്തെ കനികളെക്കുറിച്ചും നല്ല അറിവുള്ള മക്കളായിരുന്നു. തകർന്ന വിമാനത്തിലുണ്ടായിരുന്ന ഭക്ഷ്യപൊടികളും ഇടയ്ക്കിടെ മിന്നിമറഞ്ഞ തിരച്ചിൽ വിമാനങ്ങളിൽ നിന്നു താഴേക്കിട്ട് പൊട്ടിച്ചിതറിയ ഭക്ഷണപ്പൊതികളും അവരെ സഹായിച്ചു. കാട്ടിലെ പഴങ്ങളും വേരുകളും വെള്ളവുമെല്ലാം ഇതിനൊപ്പം ജീവൻരക്ഷാ നാളികളായി പ്രവർത്തിച്ചു.

പൂർണരൂപം വായിക്കാം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com