ADVERTISEMENT

ഒരു പെണ്ണിന്റെ സാന്നിധ്യത്തിലൂടെ അസുരൻ ദേവനാകുന്നതു പുതിയ കാര്യമൊന്നുമല്ല. കാലങ്ങളായതു സംഭവിക്കുന്നു. ഇനിയുമതാവർത്തിക്കും. അതു മകളാകാം അമ്മയാകാം ഇണയാകാം പ്രണയിനിയാകാം സുഹൃത്തുമാകാം. എന്നാലിവിടെ അതുമാത്രമല്ല കഥ. കുറെ ഭാഗങ്ങൾ വിശദീകരിക്കുന്നതു മടുപ്പാകുന്നതിനാൽ ചെറിയ വരികളിലൊതുക്കുവാണ്. ചില രഹസ്യങ്ങളുമങ്ങനെയാണ്! ഒരിക്കലും തുറന്നുപറയാൻ കഴിയാത്തവിധം നാവും മനസ്സും ചങ്ങലയിൽ ബന്ധിതമായിപ്പോകും. കാലമവിടെ ഒരിക്കലും ഉണങ്ങാത്തൊരു മുറിവുണ്ടാക്കും. വ്രണമായി അതു നീറിനീറി വേദനിപ്പിച്ചുകൊണ്ടേയിരിക്കും. ചിലതൊക്കെ സുഖമുള്ള വേദനകളാണ്. ആരോ നൂലിൽ കെട്ടിയാടിക്കുന്ന പാവകളിപോലെ ജീവിതമാടിത്തീർക്കാൻ വിധിക്കപ്പെട്ടവർ. കാന്തനും അതിനായി ചായംതേച്ചു തിരഞ്ഞെടുക്കപ്പെട്ടവനായിരുന്നു. അല്ലെങ്കിൽ അന്നുരാത്രിയിൽ അവൻ രാധയുടെ വീട്ടിൽ ഓടിക്കയറില്ലായിരുന്നു! കഥ വേറെ വഴിയിലൂടെ സഞ്ചരിച്ചേനെ. രണ്ടു കാലുകളും തളർന്നുപോയവൾക്കു ഗർഭച്ഛിദ്രം നടത്താനോ എന്തിന് ആത്മഹത്യചെയ്യാനോ ഉള്ള സ്വാതന്ത്ര്യംപോലും അവളുടെ ശരീരശേഷി അനുവദിച്ചിരുന്നില്ലല്ലോ!

ദീപാവലിദിനത്തിൽ രാത്രിയാണ് രാധയുടെ വീട്ടിലേക്കു കാന്തൻ ഓടിക്കയറിയത്. അവൾ പെഴച്ചുപോയതും അവന്റെ ജീവിതം മാറ്റിമറിച്ചതുമായ രാത്രി. രണ്ടു കാലുകളും തളർന്നുനിലത്തിരുന്ന് ഇഴയാൻമാത്രം കഴിയുന്ന പെണ്ണാണ് രാധ. പത്താംക്ലാസ്സിൽ പഠിക്കുന്നതുവരെ നടന്നുപോയിരുന്ന അവൾ, ഒരു പനിവന്നു കിടപ്പിലായതിൽ പിന്നെ നടക്കാൻ കഴിയാതെയായി. കാന്തൻ ഓടിക്കയറിയതിന് അൽപസമയത്തിനുശേഷമെത്തിയ പൊലീസുകാർ അവൻ രാധയുടെ വീട്ടിനുള്ളിലുണ്ടെന്നു മനസ്സിലാക്കി. അവളുടെ വീടു വളഞ്ഞു. വിസിൽ മുഴക്കി. അവനെ ഭയന്നു വീട്ടിനുള്ളിലേക്കു കയറാനവർ മടിച്ചുനിന്നു. പുറത്തേക്കിറങ്ങിവരാൻ ആജ്ഞാപിച്ചു. അവനപ്പോഴേക്കും അവർക്കരികിലേക്കു നടന്നു ചെന്നു. കായലിൽ മുങ്ങിനിവർന്നതുപോലവൻ വിയർത്തു കുളിച്ചിരുന്നു. നിരായുധനാണെന്നു ബോധ്യമായതിനുശേഷമാണ് പൊലീസുകാർക്കവനെ വിലങ്ങുവയ്ക്കാൻ ധൈര്യമുണ്ടായത്. ആറുമാസത്തെ ജയിൽവാസം ശിക്ഷയായി കിട്ടി. അതു കഴിഞ്ഞവൻ തിരികെയെത്താൻ നാട്ടുകാരും കാത്തിരുന്നു.

'അങ്ങനത്തെ പാതകമാണല്ലോ അവൻ ചെയ്തത്. നടക്കാൻപോലും പറ്റാത്ത പെണ്ണിനു വയറ്റിലൊണ്ടാക്കി. ഓൾക്കൊരു തന്തയുണ്ടായിരുന്നതു ചത്തുംപോയി. ഇനി അവളെ ആരു നോക്കും? കാന്തൻ അവളെ കെട്ടട്ടെ!' ഇതൊക്കെയായിരുന്നു നാട്ടുകാരുടെ തീരുമാനം. ഇങ്ങനെയൊക്കെ ആണെങ്കിലും കാന്തനെന്ന അസുരനെ എല്ലാവർക്കും പേടിയായിരുന്നു. എല്ലാവരും ഒരുമിച്ചു നിൽക്കാമെന്ന വ്യവസ്ഥയിൽ അവർക്കു ധൈര്യമുണ്ടായി. കാന്തൻ ജയിലിൽ പോയ കാര്യമോർക്കുമ്പോൾതന്നെ പലർക്കും മുട്ടിടിക്കാറുണ്ട്. 'ഇത്രയും ക്രൂരത കാട്ടിയ അവൻ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല.' രാഷ്ട്രീയവും തല്ലും പിടിയുമായി നടക്കണ ചോരത്തിളപ്പുള്ളൊരു യുവാവാണ് കാന്തൻ. കൂട്ടുകാരോടൊപ്പം കഞ്ചാവും ചാരായവും മോന്തിക്കോണ്ടിരിന്നപ്പോ കൂട്ടത്തിലുള്ളവൻമാർക്കൊരു പൂതി. കാളയിറച്ചി തിന്നണമെന്ന്. കഞ്ചാവ് തലയ്ക്കു പിടിച്ചാൽ പിന്നെന്താ ചെയ്ക! 'ഈ പാതിരാത്രിയെവിടെന്നാടാ കാളയിറച്ചി കിട്ടണത്?' 'അതിനെന്താടാ ആറ്റിറമ്പിലെ വാസന്തിയുടെ പശു കഴിഞ്ഞാഴ്ചയല്ലേ പെറ്റത്!' റബ്ബറുകടക്കാരൻ പീലിയാണതു പറഞ്ഞത്. 'അതിന്?' 'അതൊരു കാളക്കുട്ടിയാണെന്നാ കേട്ടത്.’

രാത്രിനേരം. നിലാവിന്റെ വെട്ടംപോലും ആറ്റിൻകരയിലില്ലായിരുന്നു. അവരുടെ സംസാരത്തിനിടയിൽ വാസന്തിയുടെ എരിത്തിലിൽനിന്നു കാളക്കുട്ടിയുടെ കരച്ചിലും കേട്ടു. ''ടാ പീലിയേ, നെനക്ക് കാളയിറച്ചി ഞാൻ കൊണ്ടത്തരും.'' കഞ്ചാവ് ഒരു പുക കൂടെ വലിച്ചിട്ടാണ് കൊടുവാളുമായി കാന്തൻ എരിത്തിലിൽ എത്തിയത്. തള്ളപ്പശുവിനെ മുട്ടിയുരുമ്മി പാലും കുടിച്ചു നിൽക്കുന്ന കൊഴുത്തിരുണ്ടു കറുപ്പുനിറമുള്ള കാളക്കുട്ടി. അതിന്റെ പിൻകാലുകളിൽ ഒരെണ്ണം തുടയോടുകൂടെ അവൻ വെട്ടിയെടുത്തു. വേദനകൊണ്ടുള്ള കാളക്കുട്ടിയുടെ ദയനീയമായ കരച്ചിലൊന്നും കാന്തനെ ബാധിച്ചില്ല. കാളയിറച്ചിയുമായി ആറ്റിൻകരയിലെത്തി. ആറ്റുവെള്ളത്തിൽ കഴുകി വൃത്തിയാക്കി. കൊത്തി നുറുക്കി. അവിടെത്തന്നെ തീ കൂട്ടിയിട്ടു ചുട്ടെടുത്തു. ഉപ്പും മുളകും നാടൻവാറ്റുമായവർ ആഘോഷിച്ചു. കാളക്കുട്ടി അപ്പോഴും അർദ്ധജീവനോടെ രക്തംവാർന്നു കിടക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് രാവിലെയത് ചത്തു.

വാസന്തി നെഞ്ചത്തടിയും നിലവിളിയുമായി പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ്മേധാവിയായിരുന്ന ജയറാം പടിക്കൽ സ്റ്റേഷൻ സന്ദർശിച്ച ദിവസമായിരുന്നന്ന്. ഡി ജി പിയുടെ ഓർഡർപ്രകാരം കാന്തനെ എത്രയും പെട്ടെന്ന് അറസ്‌റ്റുചെയ്യാൻ ഉത്തരവുണ്ടായി. അവനല്ലാതെ ഇത്രയും ക്രൂരത ചെയ്യില്ലെന്നു പൊലീസുകാർക്ക് ഉറപ്പായിരുന്നു. ചുട്ടയിറച്ചിയും അവശിഷ്ടങ്ങളും മറ്റും ആറ്റിൻകരയിലെ അവന്റെ ഓലപ്പൊരയുടെ മുറ്റത്തുനിന്നു തെളിവായും കിട്ടി. അന്നുതൊട്ട് കാന്തൻ ഒളിവിലായിരുന്നു. പൊലീസ് സ്റ്റേഷനു ചുറ്റും വളർന്നു നിൽക്കുന്ന കശുമാവുകളിലെ ശിഖരങ്ങളിലൊന്ന് സ്റ്റേഷൻകെട്ടിടത്തിനു മുകളിലേക്കും മറ്റൊന്ന് ആറ്റിലേക്കുമായിരുന്നു. പൊലീസുകാർ കാന്തനെ അന്വേഷിച്ച് നാടുമുഴുവൻ തിരയുമ്പോൾ അവൻ മരത്തിനു മുകളിലൂടെ പൊലീസ് സ്റ്റേഷനു മുകളിലെത്തി സുഖമായി കിടന്നുറങ്ങും. പുലരുംമുമ്പു തിരികെ പോകും. അഥവാ പിടിക്കപ്പെടുകയാണെങ്കിൽ മറ്റേ ചില്ലയിലൂടെ ആറ്റിനു മുകളിലെത്തി വെള്ളത്തിലേക്കു ചാടി രക്ഷപ്പെടാം. ഇതൊക്കെയായിരുന്നവന്റെ പദ്ധതികൾ. എന്നിട്ടും ദീപാവലിരാത്രിയിൽ രാധയുടെ വീടുവളഞ്ഞ് പൊലീസുകാർ അവനെ പിടിച്ചു. പിടിച്ചതാണോ പിടികൊടുത്തതാണോ എന്നൊന്നും നാട്ടുകാർക്കറിയില്ല. 'പാവം രാധ, അന്നായിരിക്കാം പെഴക്കപ്പെട്ടത്.' എന്നവർ പിറുപിറുത്തു.

തള്ള നേരത്തേ ചത്തു. കെട്ടിയവൻ ചവിട്ടിക്കൊന്നെന്നാണ് നാട്ടാരു പറയണത്. കെട്ടിയവനെന്നു പറയാൻ പറ്റില്ല. ആറ്റിലു മീൻപിടിത്തവുമായി നടക്കണ പാപ്പച്ചൻ പണ്ട് അവളോടൊപ്പംകൂടിയതല്ലേ, കാലുവയ്യാത്ത ഒരു പെണ്ണും ഉണ്ടായി. ഒടുവിലവനും ചത്തു. മൂക്കറ്റം ചാരായവും മോന്തിക്കൊണ്ട് രാത്രിയിൽ മീൻ പിടിക്കാൻ പോയ പാപ്പച്ചൻ ആറ്റിലു വീണു കാണാതായിരുന്നു. ദീപാവലിയുടെ മൂന്നാംപക്കം ഓന്റെ ശവം ആക്കുളം കായലീന്നാണ് പൊങ്ങിവന്നത്. കണ്ണൊക്കെ മീൻ കൊത്തിത്തിന്നു. ചീർത്തു വീർത്തു നാറ്റം വമിക്കുന്നൊരു മാംസപിണ്ഡം. 'പേരിനൊണ്ടായിരുന്നൊരു തന്തയും പോയി. രാധയ്ക്കിനി ആരുമില്ല.’ സഹതപിച്ചിട്ടു നാട്ടുകാരു സ്വന്തം കാര്യം നോക്കി. അങ്ങനെയിരിക്കെയാണ് ഓൾക്കു വയറ്റിലുണ്ടെന്ന വാർത്ത പരന്നത്. കാന്തനാണ് അവളെ പെഴപ്പിച്ചിരിക്കണത്. ആറുമാസം കഴിഞ്ഞ് അവൻ ജയിലിൽനിന്നിറങ്ങി. മേലെക്കാവിലെത്തിയപ്പോൾ നാട്ടുകാരവനെ കാവിലെ പറമ്പിലിട്ടു വളഞ്ഞു. എല്ലാവരുടെ കൈയ്യിലും കുറുവടിയും കട്ടകളുമുണ്ടായിരുന്നു.

'എന്താടാ, കാന്തനോടു മുട്ടാൻ നിൽക്കുവാണോ?' 'നീയാ കാലുവയ്യാത്ത കൊച്ചിനു വയറ്റിലൊണ്ടാക്കീലെ?’ അവറാനാണ് വിളിച്ചു ചോദിച്ചത്. 'എന്നാരു പറഞ്ഞു?' 'അവളു തന്നാടാ പറഞ്ഞത്.' 'എന്നാൽ ഞാനവളോടൊന്നു ചോദിക്കട്ടെ.' 'ചോദ്യം പറച്ചിലൊന്നും വേണ്ട. നീയവളെ കെട്ടണം.' നാട്ടാരു വട്ടംചുറ്റി അവനിലേക്കടുത്തു. 'ആർക്കാടാ കാന്തന്റെ ദേഹത്തു തൊടാൻ ധൈര്യം? മാറി നിൽക്കെടാ.’ അരയിലുണ്ടായിരുന്ന കത്തി ഊരിയവൻ ചുറ്റിനും വീശി. ആൾക്കൂട്ടമൊന്നു ചിതറി മാറി. ‘ഞാനാണോളെ കൊച്ചിന്റെ തന്തയെന്നോള് പറഞ്ഞാ ഞാനോളെ കെട്ടും. അതിന് നിന്റെയൊക്കെ കൊണവതിയാരമൊന്നും വേണ്ട. ഞാനവളെയൊന്ന് കാണട്ടെ.’

രാധയുടെ വീട്ടിലേക്കു ജാഥയായിട്ടാണ് എല്ലാവരും പോയത്. കാന്തനോടൊപ്പം അൽപം അകലം പാലിച്ച് നാട്ടുകാരും അവളുടെ വീട്ടിലെത്തി. ഓലപ്പുരയിലെ വാതിൽ തുറന്ന് കാന്തൻ അകത്തു കയറി. ഇപ്പോ ഒരടിയും പൊട്ടിക്കരച്ചിലുമൊക്കെ പ്രതീക്ഷിച്ചുനിന്നവർക്കു നിരാശയായിരുന്നു ഫലം. അൽപസമയംകഴിഞ്ഞ് അവൻ പുറത്തിറങ്ങി. "അതേടാ, എന്റെ കൊച്ചുതന്നെയാ ഓളുടെ വയറ്റിലു വളരണത്. ഞാനോളെ കെട്ടും. കൂടെ പൊറുപ്പിക്കേംചെയ്യും." പറഞ്ഞപോലെ കാന്തൻ രാധയെ കെട്ടി. കാവിലുവച്ചായിരുന്നു താലികെട്ട്. നാട്ടാർക്കു നല്ലൊരു സദ്യയും കൊടുത്തു. ഒരു കുഞ്ഞിനെപ്പോലെ രാധയെ ഇരുകൈകളിലും എടുത്തു മാറോടുചേർത്തുകൊണ്ടവൻ വന്നു. മെഡിക്കൽ കോളജിലവളെ പ്രസവത്തിനായി ലേബർറൂമിൽ കൊണ്ടുകിടത്തിയതും, പെറ്റിട്ടു പിന്നെ വാർഡുവരെയും തിരിച്ചും ഒക്കെ കാന്തൻ അവളെ കൈകളിലങ്ങനെ കൊണ്ടുനടന്നു.

രാധ പ്രസവിച്ചതൊരു  പെൺകുഞ്ഞായിരുന്നു. അവൾ വളരുംതോറും കഥകളൊക്കെ അറിഞ്ഞു കാന്തനോടു വെറുപ്പായി. അവളുടെ കണ്ണിൽ അവൻ രണ്ടുകാലും തളർന്നുപോയ നിസ്സഹായയായ രാധയെ നശിപ്പിച്ച തെമ്മാടിയായിരുന്നു. നാട്ടുകാരുടെ അടക്കം പറച്ചിലും കൂട്ടുകാരുടെ കളിയാക്കലുകളും അവളുടെ ദേഷ്യം ഇരട്ടിപ്പിച്ചു. പത്താംക്ലാസ്സിൽ അവസാന പരീക്ഷ കഴിഞ്ഞു വന്നതിൽ പിന്നെയവൾ കാന്തനെ അപ്പാന്നു വിളിച്ചിട്ടില്ല. ഹോസ്റ്റലിൽനിന്നു പഠിച്ചു. ചെലവെല്ലാം കാന്തനായിരുന്നു നോക്കിയിരുന്നത്. പലപ്പോഴായുള്ള തല്ലും കേസ്സും ജയിൽവാസവുമൊക്കെ മടുത്ത് അവനൊരുപാട് മാറിയിരുന്നു. ഗുണ്ടായിസമൊക്കെ നിർത്തി. വാസന്തിക്ക് ഒരു പശുക്കുട്ടിയെ വാങ്ങിക്കൊടുത്തു. മേലെക്കാവിലൊരു ചായപ്പീടിക ഇട്ടു. രാധയ്ക്കും മകൾക്കും കൂട്ടായി.

മകളുടെ വെറുപ്പോടെയുള്ള പെരുമാറ്റം കാണുമ്പോഴെല്ലാം അവൻ ആ ദിവസമോർക്കും. പൊലീസ് സ്റ്റേഷനു മുകളിലേക്കുള്ള കശുമാവിൻചില്ല ഒടിഞ്ഞുവീണതും പൊലീസോടിച്ചതും രാധയുടെ വീട്ടിലേക്ക് ഓടിക്കയറിയതുമെല്ലാം. കന്മദംകണ്ടെത്തിയ ദിവസം. ദീപാവലിയായിരുന്നു. വെടിക്കോപ്പുകളുടെ ഒച്ചയെ മുറിച്ച് പൊലീസുകാരുടെ വിസിലിന്റെ ശബ്ദം. അസുരനെ പിന്തുടർന്നു തുരത്തിയോടിക്കുന്ന ബൂട്ടുകളുടെ പ്രകമ്പനങ്ങൾ. അസുരൻ ഓടിക്കയറിയതൊരു ദേവാലയത്തിലേക്കായിരുന്നു. രണ്ടുകാലുകളും തളർന്നുപോയ ദേവി. നിലത്തുകിടക്കുന്ന അവളുടെ മുകളിൽ മെല്ലിച്ച ശരീരമുള്ള ഒരാളിനെയാണ് അവൻ കണ്ടത്. ഒറ്റനോട്ടത്തിൽതന്നെ അതാരാണെന്നു മനസ്സിലായി. ഓർക്കാപ്പുറത്ത് ഒരാളോടിക്കയറിയതു കണ്ട് അയാളും ഭയന്നിരുന്നു. അവളുടെ ശരീരത്തിൽനിന്നയാളെഴുന്നേറ്റു. ശ്വാസംമുട്ടി കണ്ണുകൾ തുറിച്ചുപോയ അവൾ വായ് തുറന്നു ശ്വാസമാഞ്ഞുവലിച്ചെടുത്തു. 

അസുരൻ ദേവനായ നിമിഷം! 'നായിന്റെ മോനേ.' അയാളുടെ അടിനാഭിയിൽ തളർന്നുതൂങ്ങിയ മാംസപിണ്ഡത്തിൽതന്നെ അവൻ ആഞ്ഞു ചവിട്ടി. ഒറ്റച്ചവിട്ടിന് അയാളുടെ ബോധംപോയി. അയാളെ തോളിലെടുത്ത് ആറ്റിൻകരയിലെത്തി. ഒഴുക്കിലേക്കെടുത്തെറിയാനധികം പ്രയാസമുണ്ടായില്ല. ചത്തിട്ടില്ലെന്നു മനസ്സിലായപ്പോൾ കൂടെച്ചാടി ആഴത്തിലേക്കു ചവിട്ടിത്താഴ്ത്തി. ചലനം നിലച്ചപ്പോഴാണ് നീന്തി കരയിലേക്കു കയറി വീണ്ടും രാധയുടെ വീട്ടിലേക്കോടിയെത്തിയത്. വിയർപ്പിൽ കുളിച്ചതുപോലെയവന്റെ വേഷങ്ങൾ ആറ്റുവെള്ളത്തിൽ നനഞ്ഞു കുതിർന്നിരുന്നു. പൊലീസുകാർ വീടു വളഞ്ഞപ്പോൾ അവർ അകത്തേക്കു കയറി രാധയെ കാണാതിരിക്കാനും അയാളുടെ മരണത്തിലൊരു സംശയം ഉണ്ടാകാതിരിക്കാനുമായി പുറത്തേക്കിറങ്ങിച്ചെന്നു കാന്തൻ പിടികൊടുക്കുകയായിരുന്നു. മൂന്നിന്റന്ന് കായലിൽ ശവംപൊങ്ങിയപ്പോൾ കാന്തൻ ജയിലിലാണ്. ആരും ഒന്നും സംശയിച്ചില്ല.

രാധയ്ക്ക് എല്ലാം മകളോടു പറയണമെന്നുണ്ട് - നാട്ടുകാര് അസുരനെന്നു വിളിക്കുമെങ്കിലും തനിക്കയാൾ ദൈവമാണെന്ന്. മറ്റെന്തു പറഞ്ഞു വിശേഷിപ്പിക്കണം എന്നറിയില്ലെന്ന്. ഒരു തുറന്നുപറച്ചിലിൽ മാനത്തിനു കൂട്ടായി നിന്നു. കൂടെ കൂട്ടി. അവളാഗ്രഹിച്ചിട്ടുപോലും ഒരിക്കലും കാമത്തോടെ ആ ശരീരത്തിലൊന്നു സ്പർശിച്ചിട്ടില്ലെന്ന്. എന്നിട്ടും അവൻ അച്ഛനായെന്ന്. അതിരഥനായെന്ന്. അപ്പൊഴെല്ലാം കാന്തൻ അവളെ വിലക്കും. ‘ഒരു ചോദ്യമവിടെ ബാക്കിയാകുന്നുണ്ട് അതിനുത്തരം ഒരിക്കലും നിനക്കവളോടു പറയാൻ കഴിയില്ല. പറയുകയുമരുത്. ചില രഹസ്യങ്ങളങ്ങനെയാണ്. മാത്രമല്ല, നീയതു പറഞ്ഞുകഴിയുമ്പോൾ അവൾ എന്റെ മകളല്ലാതാകുകയല്ലേ? വെറുപ്പോടെയാണെങ്കിലും അവളെന്നും എന്റെ മകളായിരിക്കട്ടെ - ഈ അസുരന്റെ മകൾ.’

English Summary:

Malayalam Short Story ' Asurante Makal ' Written by Jayachandran N. T.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com