വിധിയെഴുതുന്ന അമേരിക്ക

HIGHLIGHTS
  • തപാല്‍ വോട്ടിലും മുന്‍കൂര്‍ വോട്ടിലും വന്‍വര്‍ധന
  • ഫലം വൈകുമോ എന്നു സംശയം
us-election-2020-president-donald-trump
Donald Trump. Photo Credit : Jonathan Ernst / Reuters
SHARE

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനേക്കാളേറെ ഒരു റഫറണ്ടം അഥവാ ജനഹിത പരിശോധനയാണ് ചൊവ്വാഴ്ച (നവംബര്‍ മൂന്നിന്) അമേരിക്കയില്‍ നടക്കുന്നത്. നാലു വര്‍ഷമായി രാജ്യം ഭരിക്കുന്ന ഡോണള്‍ഡ് ട്രംപ് അടുത്ത നാലു വര്‍ഷംകൂടി തുടരാന്‍ അര്‍ഹനാണോ എന്ന ചോദ്യമാണ്  ജനങ്ങളുടെ മുന്നില്‍. 

വോട്ടര്‍മാരില്‍ പകുതിയോളമോ അതിലേറെയോ പേര്‍ തപാല്‍ ബാലറ്റിലൂടെയും മുന്‍കൂര്‍ ബാലറ്റ് മുഖേനയും ഈ ചോദ്യത്തിന് ഉത്തരം നല്‍കിക്കഴിഞ്ഞു. ബാക്കിയുളളവരാണ് ചൊവ്വാഴ്ച വോട്ടു ചെയ്യുക. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ട്രംപോ ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ മുന്‍വൈസ്പ്രസിഡന്‍റ് ജോ ബൈഡനോ ആരായിരിക്കും അമേരിക്കയുടെ 46ാമത്തെ പ്രസിഡന്‍റ് എന്നറിയുന്നത് അതിനു ശേഷമായിരിക്കും. 

അതറിയാന്‍ ശ്വാസമടക്കിപ്പിടിച്ചു കാത്തിരിക്കുന്നത് അമേരിക്ക മാത്രമല്ല, ലോകം മുഴുവനുമാണ്. ഇത്രയും വാശിയേറിയതും ഉദ്വേഗം മുറ്റിനില്‍ക്കുന്നതും പ്രവചനാതീതവുമായ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അമേരിക്കയുടെ രണ്ടര നൂറ്റാണ്ടു കാലത്തെ ചരിത്രത്തില്‍ മുന്‍പുണ്ടായിട്ടില്ല. 

മറ്റൊരു തിരഞ്ഞെടുപ്പ്കൂടി ഇതോടൊപ്പം നടക്കുന്ന കാര്യം ഒരുപക്ഷേ ഇക്കാരണത്താല്‍തന്നെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുന്നു. കോണ്‍ഗ്രസ് എന്നറിയപ്പെടുന്ന പാര്‍ലമെന്‍റിന്‍റെ രണ്ടു സഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പാണിത്.

പ്രതിനിധി സഭയിലെ മൂഴുവന്‍ (435) സീറ്റുകളിലേക്കും സെനറ്റിലെ 100ല്‍ 33 സീറ്റുകളിലേക്കും അംഗങ്ങളെ തിരഞ്ഞെടുക്കുകയാണ്. പ്രതിനിധി സഭയുടെ മേലുള്ള നിയന്ത്രണം നിലനിര്‍ത്തുന്നതിനു പുറമെ സെനറ്റ് പിടിച്ചെടുക്കാനുമുളള ശ്രമത്തിലാണ് ഡമോക്രാറ്റുകള്‍. സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്തുന്നതോടൊപ്പം  പ്രതിനിധി സഭ പിടിച്ചെടുക്കാനും റിപ്പബ്ളിക്കന്മാര്‍ ശ്രമിക്കുന്നു.  

പ്രസിഡന്‍റാകുന്നത് ആരായാലും അദ്ദേഹത്തിന്‍റെ നയപരിപാടികള്‍ തടസ്സമില്ലാതെ നടപ്പാക്കാന്‍ ഇരു സഭകളിലും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കു ഭൂരിപക്ഷമുണ്ടായിരിക്കണം. അതിനാല്‍ ഈ തിരഞ്ഞെടുപ്പും അമേരിക്കയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. 

മുന്‍കാലങ്ങളില്‍ പുതിയ പ്രസിഡന്‍റ് ആരാണെന്ന് അറിയാന്‍ പോളിങ്ങിന്‍റെ പിറ്റേന്നു നേരം പുലരുന്നതുവരെ പോലും  കാത്തിരിക്കേണ്ടിവന്നിരുന്നില്ല. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ വിജയി ആരെന്ന സൂചന ലഭിക്കുകയും എതിര്‍ സ്ഥാനാര്‍ഥി പരാജയം സമ്മതിക്കുകയും വിജയിയെ അഭിനന്ദിക്കുകയും ചെയ്യും.  

എന്നാല്‍, 2000ല്‍ ജോര്‍ജ് ഡബ്ളിയു. ബൂഷ് (റിപ്പബ്ളിക്കന്‍) ജയിച്ച തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് അങ്ങനെയായിരുന്നില്ല. തര്‍ക്കംമൂലം വോട്ടെണ്ണല്‍ നീണ്ടുപോവുകയും കേസ് സുപ്രീം കോടിതിയില്‍ എത്തുകയും ചെയ്തു. തീര്‍പ്പുണ്ടായത് 36 ദിവസം കഴിഞ്ഞാണ്. അതിന്‍റെ ആവര്‍ത്തനമായിരിക്കും ഒരുപക്ഷേ, ഇത്തവണയും സംഭവിക്കുക. 

അതിനുള്ള സൂചന ട്രംപ്തന്നെ നല്‍കിയിട്ടുണ്ട്. ഇത്തവണ തപാല്‍ വോട്ടുകളുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ചതിനാല്‍ വ്യാപകമായ തോതില്‍ കള്ളവോട്ട് നടക്കാനിടയുണ്ടെന്ന് അദ്ദേഹം പരാതിപ്പെടുന്നു. തോല്‍ക്കുന്നപക്ഷം ഫലം താന്‍ അംഗീകരിക്കില്ലെന്നും പലതവണ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. 2000ല്‍ ഉണ്ടായതിനെ വെല്ലുന്ന അനിശ്ചിതത്വമായിരിക്കും ഇതിന്‍റെ അനന്തരഫലം.   

അഭിപ്രായ വോട്ടുകളില്‍ മിക്ക സംസ്ഥാനങ്ങളിലും മുന്നിട്ടു നില്‍ക്കുന്നതു ബൈഡനാണ്. എന്നാല്‍ പോളിങ് കഴിയുമ്പോള്‍ ജയിക്കുന്നത് അദ്ദേഹംതന്നെ ആകണമെന്നില്ല. ഭൂരിപക്ഷം വോട്ടര്‍മാരുടെ പിന്തുണയുള്ള സ്ഥാനാര്‍ഥി തന്നെ ജയിക്കണമെന്നില്ല.

കാരണം, വിജയം അന്തിമമായി നിര്‍ണയിക്കുന്നത് ഓരോരുത്തര്‍ക്കും നേരിട്ടു കിട്ടുന്ന വോട്ടിന്‍റെ (ജനകീയ വോട്ട്) അടിസ്ഥാനത്തിലല്ല, ഇലക്ടറല്‍ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ്. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ ഉദ്വേഗജനകമാക്കുന്നതിലും പലപ്പോഴും വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതിലും ഇതുമൊരു പങ്കു വഹിക്കുന്നു. 

ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ആല്‍ ഗോറിനും ഹിലരി ക്ളിന്‍റനുമാണ് യഥാക്രമം 2000ലും 2016ലും കൂടുതല്‍ പേര്‍ വോട്ടുചെയ്തിരുന്നത്. പക്ഷേ, ജയിച്ചതു ബുഷും ട്രംപുമാണ്. കാരണം, ഇലക്ടറല്‍ വോട്ടുകളില്‍ ഭൂരിപക്ഷം അവര്‍ക്കായിരുന്നു. 

എല്ലാ 50 സംസ്ഥാനങ്ങളിലും രാജ്യതലസ്ഥാനം സ്ഥിതിചെയ്യുന്ന ഡിസ്ട്രിക് ഓഫ് കൊളംബിയയിലുമായി മൊത്തം 538 ഇലക്ടറല്‍ വോട്ടുകളാണുളളത്. 270 എണ്ണം കിട്ടുന്ന ആള്‍ ജയിക്കുന്നു. സംസ്ഥാനങ്ങളില്‍ ഓരോന്നിലെയും ഇലക്ടറല്‍ വോട്ടുകളുടെ എണ്ണം വ്യത്യസ്തമാണ്. കാരണം, അവിടങ്ങളിലെ ജനസംഖ്യക്ക് ആനുപാതികമായിട്ടാണ് എണ്ണം നിശ്ചയിച്ചിട്ടുള്ളത്. 

us-election-joe-biden-politician
Joe Biden. Photo Credit : Jim Watson / AFP Photo

48 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും ഭൂരിപക്ഷം ജനകീയ വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ഥിക്ക് അവിടങ്ങളിലെ മുഴുവന്‍ ഇലക്ടറല്‍ വോട്ടുകളും കിട്ടുന്നു. ബാക്കിയുളള രണ്ടു സംസ്ഥാനങ്ങളില്‍ ഇത് അല്‍പ്പം വ്യത്യസ്തമാണ്. കൂടുതല്‍ ഇലക്ടറല്‍ വോട്ടുകളുള്ള സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം ജനകീയ വോട്ടുകളും നേടാന്‍ സ്ഥാനാര്‍ഥികള്‍ കിണഞ്ഞു ശ്രമിക്കുന്നു. 

ജനകീയ വോട്ടുകളില്‍ വന്‍ഭൂരിപക്ഷം നേടുന്നവര്‍ക്കു ഇലക്ടറല്‍ വോട്ട് പ്രശ്നമാവാനിടയില്ല. 2008ലും 2012ലും ബറാക് ഒബാമ ജയിച്ചത് അങ്ങനെയാണ്.  2008ല്‍ 53 ശതമാനം ജനകീയ വോട്ടും അതനുസരിച്ച് 365 ഇലക്ടറല്‍ വോട്ടും കിട്ടിയ അദ്ദേഹത്തിനു 2012ല്‍ 51 ശതമാനം ജനകീയ വോട്ടും 332 ഇലക്ടറല്‍ വോട്ടും കിട്ടി. ഇത്തരമൊരു വിജയം ബൈഡനു നേടാനാകുമോ?

ഈ തിരഞ്ഞെടുപ്പിലെ വീറും വാശിയുമെല്ലാം നാലു വര്‍ഷംമുന്‍പ് ട്രംപിനെ ആദ്യമായി വൈറ്റ്ഹൗസില്‍ എത്തിച്ച തിരഞ്ഞെടുപ്പിനോടെതന്നെ തുടങ്ങിയതാണ്.  സ്ഥാനം ഏറ്റെടുത്തതു മുതല്‍ക്കുളള അദ്ദേഹത്തിന്‍റെ പല നടപടികളും പരാമര്‍ശങ്ങളും അത്രയും വലിയ വിവാദങ്ങള്‍ക്കു കാരണമാവുകയായിരുന്നു.  

പ്രത്യേകിച്ച് തന്‍റെ മുന്‍ഗാമിയും വെള്ളക്കാരനല്ലാത്ത ആദ്യത്തെ യുഎസ് പ്രസിഡന്‍റുമായ ഒബാമയെ അദ്ദേഹം പലതവണ തള്ളിപ്പറഞ്ഞു. അധികാരത്തിലുള്ള പ്രസിഡന്‍റ് മുന്‍ഗാമിയെ വിമര്‍ശിക്കുന്ന പതിവു മുന്‍പുണ്ടായിരുന്നില്ല. പ്രതികരിക്കാതിരുന്ന ഒബാമ ഒടുവില്‍ ഈ തിരഞ്ഞൈടുപ്പ് വേളയില്‍ വീറോടെതിരിച്ചടിച്ചു. നിലവിലുള്ള പ്രസിഡന്‍റിനെ മുന്‍ഗാമി അപഹസിക്കുന്ന പതിവും മുന്‍പുണ്ടായിരുന്നില്ല.  

പ്രതിപക്ഷ ഡമോക്രാറ്റിക് പാര്‍ട്ടിയുമായുള്ള ട്രംപിന്‍റെ നിരന്തരമായ ഏറ്റുമുട്ടല്‍ ഒടുവില്‍ ഇംപീച്ചമെന്‍റിലും എത്തി. ഇംപീച്ച്മെന്‍റിലൂടെ അപമാനിതനാകുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്‍റായി അങ്ങനെ അദ്ദേഹം.  പക്ഷേ, സെനറ്റില്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ളതിനാല്‍ പുറത്താക്കലില്‍നിന്നു രക്ഷപ്പെട്ടു. 

രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി, പാവങ്ങള്‍ക്കു വേണ്ടിയുള്ള ആരോഗ്യ സംരക്ഷണ പദ്ധതി, വംശീയത, വിദേശങ്ങളില്‍നിന്നുള്ള കുടിയേറ്റം, തോക്കുനിരോധനം, സഖ്യരാജ്യങ്ങളുമായുളള ബന്ധം തുടങ്ങിയ പല കാര്യങ്ങളും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാണ്. എന്നാല്‍, അപ്രതീക്ഷിതമായി വന്നെത്തിയ കോവിഡ് മഹാമാരി അതിനെയെല്ലാം കടത്തിവെട്ടി.

കോവിഡിനെ നേരിടുന്നതില്‍ ട്രംപിന്‍റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ, അലംഭാവം, മഹാമാരിയെ നിസ്സാരമാക്കുന്ന വിധത്തിലുള്ള അദ്ദേഹത്തിന്‍റെ  വിവാദ പ്രസ്താവനകള്‍, ആരോഗ്യരംഗത്തെ വിദഗ്ദ്ധരുമായുള്ള പരസ്യമായ ഭിന്നതകള്‍ എന്നിവയെല്ലാംകൂടി ഒരു വലിയ ചോദ്യചിഹ്നമായി അദ്ദേഹത്തിനു മുന്നില്‍ എഴുന്നു നില്‍ക്കുന്നു. 

ട്രംപ്തന്നെ രോഗബാധിതനാവുകയും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്‍റെയും വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിന്‍റെയും ഉദ്യോഗവൃന്ദങ്ങളില്‍പ്പെട്ട ചിലരും പ്രഥമ വനിതയും മകനും രോഗികളായി. യുഎസ്  ഭരണകൂടത്തിന്‍റെ സിരാകേന്ദ്രമായ വൈറ്റ്ഹൗസ് അങ്ങനെ രണ്ടു തവണ ഫലത്തില്‍ കോവിഡ് ഹോട്സ്പോട്ടുകളായിത്തീര്‍ന്നു. 

വൈദ്യശാസ്ത്രരംഗത്തു അതുല്യ സ്ഥാനമുള്ള രാജ്യം കോവിഡ് രോഗം ബാധിച്ചവരുടെയും അതുമൂലം മരിച്ചവരുടെയും എണ്ണത്തില്‍ മാസങ്ങളായി മുന്നില്‍ നില്‍ക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ചയിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഒരു ഹിതപരിശോധനയുടെ രൂപം കൈക്കൊണ്ടിരിക്കുന്നത്.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : U.S Presidential election is a referendum on COVID-19 lockdown

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.