ജോണിച്ചായന്റെ സൂത്രം സിസി ടിവിയിൽ...!

HIGHLIGHTS
  • ആരുടെ കാൽപ്പാടുകളാണ് ? 9 സൈസ് ആണിന്റെ കാലും 7 പെണ്ണിന്റെ കാലും ആയിരിക്കാം
  • വൃത്തികൂടിയതാണ് വലിയ വീടുകളിലെ ബാത്റൂമുകളുടെ പ്രശ്നമെന്ന് ജോണിച്ചായൻ പറഞ്ഞില്ല
penakathi-column-vinod-nair-penakthy-cctv-and-johnichayan
വര: മുരുകേശ് തുളസിറാം
SHARE

മാളികപ്പുരയ്ക്കലെ ജോണിച്ചായൻ രാത്രിയിൽ നിലാവിന്റെ തിരുമുറ്റത്തിരുന്നേ മൂത്രം ഒഴിക്കൂ. 

വീട്ടിൽ സിസി ടിവി ക്യാമറ വയ്ക്കുന്നതുവരെ ഇതൊരു വലിയ പ്രശ്നമായിരുന്നില്ല. ക്യാമറ ആ ദൃശ്യങ്ങൾ ചൂടോടെ പകർത്തി. ജോണിച്ചായന്റെ മകൻ റോബിനും ഭാര്യ മേഘ ആഞ്ചല തോമസും ലൊസാഞ്ചലസിൽ ഇരുന്ന് ക്ളോസപ്പിൽ അതു കണ്ടു. 

വീട്ടിൽ രണ്ടു നിലകളിലായി അറ്റാച്ച്ഡ് ബാത്റൂമുകൾ അഞ്ചെണ്ണമുണ്ടായിട്ടും അപ്പന്റെ ഈ വൃത്തികേട് കണ്ട മകൻ പറഞ്ഞു... എന്തു ചെയ്യാനാ, നമ്മുടെ അപ്പന് ഒന്നിനോടും അറ്റാച്ച്മെന്റില്ല. 

മുറ്റത്തരികിലെ ഒരു ചെടിച്ചട്ടി ഒരു ദിവസം അതിരാവിലെ പൊട്ടിക്കിടന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. പറമ്പിൽ മരപ്പട്ടി ധാരാളമുണ്ട്. അത് ഓടിയപ്പോൾ ചട്ടി പൊട്ടിച്ചതാവാമെന്നാണ് എല്ലാവരും കരുതിയത്. ജോലിക്കാർ മരപ്പട്ടിയെ പിടിക്കാൻ കെണി വച്ചു. വിവരമറിഞ്ഞ് മരപ്പട്ടി ഭാര്യയും കുട്ടികളുമായി ഓടിപ്പാഞ്ഞു വന്നു നിരപരാധിത്വം വെളിപ്പെടുത്തി.

മരപ്പട്ടിയുടെ ഭാര്യ മരപ്പട്ടിണിയാകട്ടെ തെളിവും ഹാജരാക്കി.. പൊട്ടിക്കിടക്കുന്ന ചെടിച്ചട്ടിയുടെ അടുത്ത് മണ്ണിൽ രണ്ടു കാൽപ്പാടുകൾ ഉണ്ട്. ഒന്ന് 9 സൈസും മറ്റൊന്ന് ഏഴും. അതു രണ്ടും മരപ്പട്ടികളുടേതല്ല. മനുഷ്യന്റേതാണ് !

ചർച്ച അതോടെ കാൽച്ചുവട്ടിലെത്തി. ആരുടെ കാൽപ്പാടുകളാണ് ? 9 സൈസ് ആണിന്റെ കാലും 7 പെണ്ണിന്റെ കാലും ആയിരിക്കാം. പക്ഷേ രണ്ടു പേരുടെയും ഓരോ കാൽ വീതമേ കാണാനുള്ളു. അപ്പോൾ മറ്റെ കാൽ എവിടെ? മനുഷ്യൻ ഒറ്റക്കാലിൽ നിൽക്കുന്നത് കടുത്ത പ്രണയം, ഭരതനാട്യം, കുഴിനഖം, കാലിൽ ആണി, ബസിനുള്ളിലെ തിരക്ക് എന്നതുപോലെയുള്ള ചില പ്രത്യേക സാഹചര്യങ്ങളിലാണ്.  അല്ലെങ്കിൽ മറ്റെയാളുടെ കാലിനു മുകളിൽ കയറി നിൽക്കുന്നതുപോലെയുള്ള അപൂർവ സാഹചര്യങ്ങൾ.

ഈ സംഭവത്തോടെയാണ് വീട്ടിൽ സിസി ടിവി വയ്ക്കണമെന്ന് മേഘ ഭർത്താവിനോടു നിർബന്ധിച്ചത്. വീടിനു ചുറ്റും ആറു ക്യാമറയും മുറ്റത്തും പറമ്പിലുമായി 14 ക്യാമറയും സ്ഥാപിച്ചതോടെ മാളികയ്ക്കൽ തറവാട്ടിലെ ഓരോ ഇഞ്ചും അമേരിക്കയിൽ ഇരുന്ന് മകനും ഭാര്യയ്ക്കും ഏതുസമയവും കാണാമെന്ന സ്ഥിതിയായി.

അങ്ങനെയാണ്  ജോണിച്ചായൻ രാത്രി ഒന്നര മണിക്ക് വാതിൽ തുറക്കുന്നതും മൂത്രമൊഴിക്കാനിറങ്ങുന്നതും മേഘ കണ്ടത്. അങ്ങേരുടെ നീക്കങ്ങൾ ഓരോ ക്യാമറയായി പകർത്തിക്കൊണ്ടിരുന്നു. മുറ്റത്തു നിൽക്കുന്നു, തെങ്ങുകളുടെ മുകളിലേക്കും മരങ്ങളുടെ ഇടയിലേക്കും ടോർച്ചടിച്ച് നോക്കുന്നു. ചെടികളുടെ ഇടയിലേക്ക് നടക്കുന്നു.  എവിടെ നിന്നോ വന്നു ഞാൻ, എവിടേക്കോ പോണു ഞാൻ എന്ന മൂളിപ്പാട്ടും പാടി ഒരിടത്ത് കുന്തിച്ചിരിക്കുന്നു. 

മൂന്നാംകണ്ണുള്ള ക്യാമറയാണ്. അസാധാരണമായ എന്തെങ്കിലും ചലനമോ ശബ്ദമോ ഉണ്ടായാൽ അങ്ങോട്ടു സൂം–ക്ഷിച്ചു നോക്കും. ക്ളോസപ്പിൽ പെരുപ്പിച്ചു കാണിക്കും. 

ആദ്യമൊന്നും മേഘ ഇതു കാര്യമാക്കിയില്ല. പ്രായം ചെന്നയാളല്ലേ, വല്ലപ്പോഴും വരുന്ന കഫവും ദേഷ്യം വരുമ്പോൾ തുപ്പുന്ന തെറി വാക്കുംപോലെ ഇതും കാര്യമാക്കേണ്ടതില്ലെന്നു കരുതി.  പക്ഷേ എല്ലാ രാത്രിയിലും കൃത്യസമയത്ത് പുള്ളിയെ മുറ്റത്തു കണ്ടതോടെ മകനും മരുമകളും ഇക്കാര്യം വലിയ സംഭവമായി അവതരിപ്പിച്ചു. രാത്രിയിൽ തനിയെ പുറത്തിറങ്ങുന്നത് അപകടമാണ്. സേഫ് അല്ല.

ജോണിച്ചായൻ ചിരിച്ചു... നിങ്ങൾക്ക് അറിയാഞ്ഞിട്ടാ, രാത്രിയിൽ കാണാനും കേൾക്കാനും എന്തെല്ലാം കാഴ്ചകളാണ്.  മാവു പൂക്കുന്ന കാലത്ത് രാത്രിക്ക് ഒരു മണം, മാങ്ങാ പഴുക്കുന്ന കാലത്ത് വേറൊന്ന്. ചെമ്പകവും ഇലഞ്ഞിയും പൂക്കുമ്പോൾ ചെടിയുടെ അടുത്തുപോയി കണ്ണടച്ചു നിൽക്കണം. ഭൂമിയിലെ ഏറ്റവും വിശുദ്ധമായ കാറ്റ് വിശുന്നത് ആ സമയത്താണ് ! ഇരുട്ടാണ് ഏറ്റവും സേഫ്. ഇരുട്ടിനെ പേടിയുള്ളത് കൈയിൽ കറ പറ്റിയവർക്കാണ്. 

ജോണിച്ചായൻ ഒരു കഥ പറഞ്ഞു.

പത്തു പതിനഞ്ചു വർഷങ്ങൾക്കു മുമ്പാണ്.  ക്രിസ്മസു കാലം. മഞ്ഞും മഴയും ചേട്ടത്തിയും അനിയത്തിയും പോലെ സന്ധ്യയ്ക്കു വന്നിട്ടു പോയതുകൊണ്ട് പുറത്തു നല്ല തണുപ്പുണ്ടായിരുന്നു. പതിവുപോലെ രാത്രിയിൽ മുറ്റത്തിറങ്ങി. വലത്തെ കാലിന്റെ അടിയിൽ എന്തോ ഒന്ന് ഉണ്ടെന്നു തോന്നി. നനഞ്ഞ ഓലക്കാലായിരിക്കാം. ചൂടുമൂത്രം വീണപ്പോൾ ഓലക്കാൽ അനങ്ങി. അതോടെ കാര്യം പിടികിട്ടി. സംഗതി മറ്റവനാ, മൂർഖൻ..

മൂർഖന്റെ പത്തിയിൽ ചവിട്ടി ഇരുന്നാണ് മൂത്രമൊഴിച്ചുകൊണ്ടിരിക്കുന്നത്. പാമ്പ് വാലിട്ടു പുളയ്ക്കുകയാണ്. 

ജോണിച്ചായൻ കണ്ണടച്ചു വിളിച്ചു, കൺമുന്നിൽ ഗീവർഗീസ് പുണ്യാളൻ.. വ്യാളിയെ കൊന്ന കുന്തവുമായിട്ട് ഇങ്ങനെ വന്നു നിൽക്കുവാണ്. 

ജോണിച്ചായൻ ചോദിച്ചു... കാലുമാറ്റിയാൽ കൊത്തും. മാറ്റിയില്ലെങ്കിൽ ഇവിടെ നിന്ന് അനങ്ങാനും പറ്റില്ല. ഞാനെന്തു ചെയ്യണം പുണ്യാളാ...

പുണ്യാളൻ പറഞ്ഞു... കാലു മാറ്റാതെ കാലു മാറ്റണം, ...

ജോണിച്ചായന് കാര്യം മനസ്സിലായി..  മാർഗംകളി,  തത്തിമൃത തിത്തിമൃത തെയ് !

മാർഗം കളിക്കാർ പാട്ടുപാടി ചാടിയുയർന്ന് കാലുകൊണ്ടു ചവിട്ടുന്ന ചവിട്ടുണ്ട്.  

കാരുണ്യം ചൊരിഞ്ഞെന്റെ നാഥൻ പരമമിശിഹ

ദൈവത്തിൻ സൂതനാം ദേവൻ പരമമിശിഹ

തത്തിമൃത തിത്തിമൃത തെയ്...

തിത്തിമൃത തത്തിമൃത തെയ്...

ജോണിച്ചായൻ ഉറക്കെ ഈ പാട്ടുംപാടി നാലഞ്ചു തവണ ചാടിയുയർന്നു പാമ്പിന്റെ പത്തിയിൽത്തന്നെ ചവിട്ടിയമർത്തി. പാമ്പ് വശംകെട്ടുപോയി. ആലയിൽ പഴുപ്പിച്ചു തല്ലി നിവർത്തിയ കമ്പിപ്പാര കിടക്കുന്നതു പോലെ അതു നീണ്ടു നിവർന്നു കിടന്നു. 

ജോണിച്ചായൻ മക്കളോടു പറഞ്ഞു... ഇത് ഒരു മാർഗം. ഇതുപോലെ നൂറു മാർഗം വേറെ...

റോബിൻ അവസാന ശ്രമമെന്ന നിലയിൽ ചോദിച്ചു... അപ്പാ, വീട്ടിലെ വാഷ്റൂം ഉപയോഗിച്ചാൽപ്പോരേ..? എന്തു വൃത്തിയുള്ള ബാത്റൂമുകളാ..

വൃത്തികൂടിയതാണ് വലിയ വീടുകളിലെ ബാത്റൂമുകളുടെ പ്രശ്നമെന്ന് ജോണിച്ചായൻ പറഞ്ഞില്ല.  ഒരുപാടു വെളുപ്പുള്ള ക്ളോസെറ്റുകൾ കണ്ടാൽ ചെറുപ്പത്തിൽ അമ്മച്ചി കഞ്ഞി തന്നിരുന്ന ചൈനാ ക്ളേയുടെ പിഞ്ഞാണം ഓർമ വരും. 

ജോണിച്ചായൻ പറഞ്ഞു... മേഘ മോളേ, മോള് ജഴ്സിപ്പശുവാണ്. എന്റെ മോൻ അമേരിക്കയിൽ പോയതോടെ സങ്കര ഇനമായി മാറി. പക്ഷേ അപ്പച്ചൻ ഇപ്പോഴും നാടൻ കാളയാ.. ഞാൻ നനഞ്ഞ മഴ നിങ്ങൾ ഉണ്ടാക്കിയ ഷവറിൽ നിന്നു പെയ്യുന്നതല്ല.. ! 

മേഘ പറഞ്ഞു.. അപ്പച്ചാ, ഐ കാൻ അണ്ടർസ്റ്റാൻഡ് യുവർ ഫീലിങ്സ്... 

പിജിക്ക് മേഘ പഠിച്ചത് സൈക്കോളജിയായിരുന്നു. ഏതു മനുഷ്യനും വൈകാരികമായി ഒരു ഏകാന്തത ആഗ്രഹിക്കുന്നുണ്ട്. അതിനുള്ളിൽ അവൻ സ്വതന്ത്രനും വ്യത്യസ്തനുമാകുന്നു എന്ന് അവൾക്കു തോന്നി.  പിന്നെ അവൾ അപ്പനെ നിർബന്ധിക്കാൻ പോയില്ല.

റോബിൻ മേഘയോടു പറഞ്ഞു.. ഈ ലോകത്ത് ഒരാൾ പറഞ്ഞാലേ അപ്പച്ചൻ കേൾക്കൂ, ഋഷിരാജ് സിങ് സാറ് ! പൊലീസിൽ ചേർന്നില്ലായിരുന്നെങ്കിൽ പുള്ളി നല്ലൊരു ബിഷപ്പായേനെ എന്നാണ് അപ്പച്ചൻ വിശ്വസിക്കുന്നത്. അപ്പച്ചനെ ഒരിക്കൽ പുള്ളി പിടിച്ചു വിരട്ടിയിട്ടുണ്ട്. 

പണ്ട് നാട്ടിൽ തെരുവുനായ്ക്കൾ പെരുകിയപ്പോൾ പഞ്ചായത്ത് ഒരു നിയമം കൊണ്ടു വന്നു. ആർക്കും പട്ടികളെ കൊല്ലാം. ഒരെണ്ണത്തിനെ കൊന്നാൽ പത്തു രൂപ പ്രതിഫലം. പട്ടിയുടെ വാൽ മുറിച്ചു കൊണ്ടുവന്ന് പഞ്ചായത്ത് ഓഫിസിൽ കാണിച്ചാൽ രൊക്കം പണം കൊടുക്കും. ‍അന്നത്തെ പത്തുരൂപ വലിയ തുകയാണ് !

ഈ തീരുമാനം അറിഞ്ഞ് ദേഷ്യം വന്ന ജോണിച്ചായൻ പഞ്ചായത്ത് ഓഫിസിനു മുന്നിൽ പട്ടികളുടെ പഞ്ചായത്ത് ചേർന്നു.  പത്തുകിലോ പോത്തിറച്ചി വാങ്ങി അതുകൊടുത്ത് പലയിടത്തു നിന്ന്  കൂട്ടിക്കൊണ്ടുവന്നതായിരുന്നു കുറെ തെരുവു നായ്ക്കളെ.  വലിയ കുര കേട്ട് പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങി വന്നപ്പോൾ ജോണിച്ചായൻ ഉറക്കെ കൂവി. അതുകേട്ട് പട്ടികളെല്ലാം ഒരുമിച്ചു കൂവി. 

സംഭവം കേസായി. അന്ന് ഋഷിരാജ് സിങ് അവിടത്തെ എസ്പിയാണ്. 

ജോണിച്ചായനെയും പഞ്ചായത്ത് പ്രസിഡന്റിനെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. 

ഋഷിരാജ് സിങ് ചോദിച്ചു... മിസ്റ്റർ ജോണി, നിങ്ങളെക്കുറിച്ച് വേറെയും കുറെ കംപ്ളെയിന്റ്സ് ഉണ്ടല്ലോ..

പരാതി കൊടുത്തത് പള്ളി കമ്മിറ്റിയുടെ സെക്രട്ടറി. 

ജോണിച്ചായൻ അതു സമ്മതിച്ചു... സാറേ, ഇവിടത്തെ ഇടവക പള്ളിയില്ലേ, അത് സത്യത്തിൽ ഇടവക പള്ളിയല്ല, ഇടവഴി പള്ളിയാണ്. പള്ളിയുടെ മുന്നിലെ റോഡിന് ഒട്ടും വീതിയില്ല. അവിടെ നൂറു കാറുകൾ ഒരുമിച്ചു പാർക്ക് ചെയ്താൽ എന്തു സംഭവിക്കും. സാറൊന്നു പറഞ്ഞേ...

ഋഷിരാജ് സിങ് ചോദിച്ചു... ആരാ ബ്ളോക്ക് ഉണ്ടാക്കിയത് ?

ചെറുക്കൻ കാലിഫോർണിയ, പെണ്ണ് വെർജീനിയ. അമ്മാച്ചൻ കുവൈത്ത്, അമ്മായി കാനഡ. ഇവരുടെ കല്യാണത്തിനു വന്നത് 100 കാറുകൾ.  വഴി മുഴുവൻ ബ്ളോക്കായി. എന്താ  സംഭവമെന്ന് അറിയാൻ ഞാൻ പള്ളിയിൽ ചെന്നപ്പോൾ പള്ളിയുടെ നടയിൽ അതിലും വലിയ ബ്ളോക്ക്. പള്ളിമുറ്റത്തും പടിയിലും നിരത്തി ഇട്ടിരിക്കുകയാണ് എല്ലാവരുടെയും ചെരുപ്പുകൾ ! 

ഞാൻ ഓരോ ചെരുപ്പും എടുത്തു പരസ്പരം ജോഡി മാറ്റിയിട്ടു. പത്തിന്റെ കൂടെ പന്ത്രണ്ട്. പന്ത്രണ്ടിന്റെ കൂടെ ഏഴ്, പെണ്ണിന്റെ കൂടെ ആണ്, വൃദ്ധന്റെ ഇടത്ത് ചെറുപ്പക്കാരി.  പക്ഷേ, കുഞ്ഞുങ്ങളുടെ ചെരുപ്പുമാത്രം തൊട്ടില്ല സാർ. 

ഋഷിരാജ് സിങ് കഥ കേൾക്കുന്ന കൗതുകത്തിൽ ചോദിച്ചു.. എന്നിട്ടോ?

അതിൽ 12 പേരുടെ കാലിൽ ആണി രോഗമുണ്ടായിരുന്നു. ആളുകൾ എന്നെ തല്ലാൻ വന്നു. ഞാൻ ഓടി വികാരിയച്ചന്റെ മുറിയിൽ കയറി. 

ഞാൻ ഓടിപ്പാഞ്ഞു ചെല്ലുമ്പോൾ ഫാ. ജയിംസ് നെല്ലിക്കാത്തളം സ്വന്തം കുപ്പായം ഇസ്തിരിയിട്ടു കൊണ്ടിരിക്കുകയായിരുന്നു.  

അച്ചൻ വളരെ ചെറുപ്പമാണ്. അദ്ദേഹം  പറഞ്ഞു... ഈ വേഷത്തിൽ താൻ പുറത്തിറങ്ങിയാൽ ആളുകൾ കൊല്ലും. അതുകൊണ്ട് ആ വേഷത്തിൽ പൊയ്ക്കോ..

ഇസ്തിരിയിട്ട ആ കുപ്പായം അച്ചൻ എനിക്കു തന്നു. ഞാൻ അതും ഇട്ട് ഞാൻ ശവക്കോട്ടയിലൂടെ ഓടി മതിലു ചാടി റോഡിലിറങ്ങി.   

അന്നേരം ദേണ്ടെ വരുന്നു, എന്നെ തല്ലാൻ ഓടിച്ചവന്റെ കാർ! അതിൽ കയറി. അയാൾക്കെന്നെ മനസ്സിലായില്ല. വേഷം കണ്ടിട്ട് അയാൾക്ക് ഭയങ്കര ബഹുമാനം. അതിൽപ്പിന്നെ ഞാൻ ആ കുപ്പായം ഉപേക്ഷിച്ചില്ല. 

ഋഷിരാജ് സാർ പറഞ്ഞു... താൻ കൊള്ളാമല്ലോടോ... ഇനി ഇമ്മാതിരി തെമ്മാടിത്തരം കാണിച്ചാൽ അടിച്ചു തന്റെ കരണക്കുറ്റി പൊട്ടിക്കും. 

ഇല്ല സാർ, ഞാൻ ഒരു തെമ്മാടിത്തരം ഒരു തവണയേ ചെയ്യൂ എന്നുപറഞ്ഞ് ഋഷിരാജ് സാറിന്റെ മുന്നിൽ നിന്ന് ഇറങ്ങിപ്പോന്നതാണ്.

അന്നു കിട്ടിയ വൈദികന്റെ കുപ്പായത്തിനോട് ജോണിച്ചായന് പ്രത്യേക ഇഷ്ടമായിരുന്നു. ചില ദിവസങ്ങളിൽ രാത്രിയിൽ അതും ഇട്ടുകൊണ്ട് നഗരത്തിലെ തെരുവുകളിലൂടെ നടക്കാനിറങ്ങും. തെരുവിൽ ഉറങ്ങുന്നവർക്ക് കൈ നിറയെ കാശു കൊടുക്കും. 

എന്തിനാണ് അച്ചന്മാരുടെ വേഷം എന്ന് ചോദിച്ചാൽ ജോണിച്ചായൻ പറയും അതാകുമ്പോൾ ചീത്ത വിചാരവുമായി ആരും അടുക്കില്ലല്ലോ...

മേഘ ഭർത്താവിനോടു ചോദിച്ചു... നിങ്ങൾ ആ കുപ്പായം ഇട്ടിട്ടുണ്ടോ എപ്പോഴെങ്കിലും ?

റോബിൻ പറ‍ഞ്ഞു...  ആ വേഷം അപ്പച്ചനേ ചേരൂ... മരിച്ചു കിടക്കുമ്പോഴും അത് ഇടണമെന്നാണ് പുള്ളിക്കാരന്റെ ആഗ്രഹം.

ക്രിസ്മസ് അവധിക്ക് റോബിനും മേഘയും മക്കളും അമേരിക്കയിൽ നിന്നു നാട്ടിലെത്തി. 

കൊച്ചുമക്കൾ റയാനും നേഹയ്ക്കും കുസൃതി അൽപം കൂടുതലായിരുന്നു. ജോണിച്ചായനു തോന്നി... എനിക്കിഷ്ടം പോത്തിറച്ചിയാണെങ്കിൽ ഇവർക്കിഷ്ടം ബീഫ്!  തലമുറകൾക്ക് വലിയ മാറ്റമൊന്നുമില്ല.

ഒരു ദിവസം രാവിലെ പതിനൊന്നു മണിയോടെ ജോണിച്ചായൻ പതിവുപോലെ തിണ്ണയിലെ ചാരുകസേരയിൽ കിടന്ന് പത്രത്തിലെ ചരമക്കോളം വായിക്കുകയായിരുന്നു.  തലക്കെട്ടുള്ള ചരമങ്ങൾ വായിച്ചു താരതമ്യം ചെയ്തു നോക്കി.  ഇതിലും വലുതായിരിക്കും എല്ലാം കൊണ്ടും തന്റെ ചരമവാർത്ത എന്ന ആലോചനയിൽ സ്വയം സന്തോഷം തോന്നി. 

അന്തരിച്ചു എന്നതിനെക്കാൾ അൽപം കൂടി ഗമയുള്ള  മറ്റൊരു പ്രയോഗം എന്തുണ്ടെന്ന് ആലോചിച്ച് ചാരുകസേരയിൽ കിടക്കവേ ജോണിച്ചായനു മയക്കം വന്നു. 

മാലാഖമാർ കൂട്ടമായി വന്ന് ചുറ്റും നിന്ന് പാട്ടുപാടുന്നത് ഉറക്കത്തിൽ അയാൾ കേട്ടു..

ജോണി, ജോണി

യേസ് പപ്പാ, 

ഈറ്റിങ് ഐസ് 

നോ പപ്പാ

ടെല്ലിങ് ലൈസ്

നോ പപ്പാ..

ഓപ്പൺ യുവർ ഐസ്..

ആദ്യമൊക്കെ നതോന്നത വൃത്തത്തിൽ പാടിക്കൊണ്ടിരുന്ന ആ പാട്ട്, പിന്നെപ്പിന്നെ താളംതെറ്റി സാറന്മാരില്ലാത്ത ക്ളാസിലെ പിള്ളേരുടെ കലപില പോലെയായി മാറി.

കൈലി മടക്കിക്കുത്തി കാലുകൾ ചാരുകസേരയുടെ കൈകളിലേക്ക് ഉയർത്തി വച്ച് വിശാലമായി മലർന്നു കിടക്കുകയാണ് ജോണിച്ചായൻ. 

നേഹയും റയാനും അടുത്തു വന്ന് വല്യപ്പന്റെ കിടപ്പ് പരിശോധിച്ചു. പുള്ളി അടിവസ്ത്രങ്ങൾ ധരിച്ചിട്ടില്ല എന്ന നഗ്നമായ കൗതുകം അവരെ അത്ഭുതപ്പെടുത്തി. 

അത്ര ഗ്രാമ്യവും നിഷ്കളങ്കവും ഗൂഢവുമായ കാഴ്ച അവർ ആദ്യമായി കാണുകയായിരുന്നു.

ചെറിയ കിളികളെയും തവളകളെയും വെടിവയ്ക്കാൻ ഉപയോഗിക്കുന്ന കളിത്തോക്കെടുത്ത് റയാൻ അതിലേക്ക് ഉന്നം വച്ച് കൗണ്ട് ഡൗൺ തുടങ്ങി.. ത്രീ.. ടു.. വൺ.. 

ജോണിച്ചായൻ പെട്ടെന്ന് ഉണർന്നു. കുട്ടികളെ അയാൾ കണ്ടു. അപകടം  മനസ്സിലായി. പിള്ളേരൽപം മുറ്റാ..!

ഉടുമുണ്ട് നേരെയാക്കി ഒന്നുമറിയാത്തതുപോലെ ജോണിച്ചായൻ ചാടിയെഴുന്നേറ്റു. 

റയാനും നേഹയും കുഞ്ഞാടുകളെപ്പോലെ തുള്ളിയകലുമ്പോൾ അയാൾ ആലോചിച്ചു.. അൽപ നേരം കൂടി ഉറങ്ങിയിരുന്നെങ്കിൽ കർത്താവിൽ നിദ്ര പ്രാപിച്ചേനെ.. !

Content Summary : Penakathy Column - Malikapurackkal Johnychayan and closed-circuit television

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS